താനെ നായർ വെൽഫെയർ അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തിളക്കമേകാൻ യുവ ചലച്ചിത്ര താരം സുദേവ് നായരും വിശിഷ്ടാതിഥിയായി പങ്കെടുക്കും. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ചെറിയ കാലയളവിൽ തന്നെ സുദേവ് സ്വന്തമായി ഇടം നേടിയത്. മലയാളത്തിലെ തന്റെ അരങ്ങേറ്റ ചിത്രമായ മൈ ലൈഫ് പാർട്ണർ എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടനാണ് സുദേവ് നായർ.
മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ മുഖ്യാതിഥിയായിരിക്കും.
താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ വെൽഫെയർ അസ്സോസിയേഷന്റെ സിൽവർ ജൂബിലീ ആഘോഷങ്ങൾക്ക് മിഴിവേകാൻ സിനിമ ടെലിവിഷൻ താരങ്ങളും അണിനിരക്കും.
അളിയൻസ്, മറിമായം തുടങ്ങിയ ആക്ഷേപ ഹാസ്യ പരിപാടികളിലൂടെ പ്രശസ്തരായ അനീഷ് രവി, സൗമ്യ, റിയാസ് നർമ്മകല, മഞ്ജു പത്രോസ്, തുടങ്ങിയ താരങ്ങൾ അവതരിപ്പിക്കുന്ന ജസ്റ്റ് ഫോർ ജോക്ക് എന്ന സംഗീത ഹാസ്യ പരിപാടിയും അരങ്ങേറും. സ്വാഭാവികമായ ഹാസ്യാഭിനത്തിലൂടെ ജനപ്രീതി നേടിയ താരങ്ങൾ ഇതാദ്യമായാണ് മുംബൈയിൽ സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുന്നത്.
ജനുവരി 22 ഞായറാഴ്ച രാവിലെ 9 മണിക്ക് താനെ കാശിനാഥ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാജത്തിന്റെ ഇരുപത്തഞ്ചാമത് വാർഷികാഘോഷങ്ങൾക്ക് ആചാര്യപീഠത്തിൽ ചൈതന്യദീപം തെളിയിച്ച് അസോസിയേഷൻ പ്രസിഡന്റ് ജയന്ത് കെ നായർ ഉത്ഘാടനം നിർവഹിക്കും. തുടർന്ന് വനിതാ വേദിയും യുവവേദിയും ചേർന്ന് അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. കുട്ടികളുടെ മന്നം സ്മാരക പ്രസംഗ മത്സരത്തിന് ശേഷം സാംസ്കാരിക സമ്മേളനം ആരംഭിക്കുമെന്ന് സെക്രട്ടറി കെ ആർ ഹരികുമാർ അറിയിച്ചു.
പ്രത്യേക ജൂബിലീ പുരസ്‌കാരങ്ങളായ മന്നത്ത് ആചാര്യ പുരസ്‌കാരം വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പ്രതാപ് നായർ, “ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് ” പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ എം കുമാരൻ നായർ, ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള “ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്” ഡോക്ടർ ബിജോയ് കുട്ടി (പ്ലാറ്റിനം ഹോസ്പിറ്റൽ, മുളുണ്ട് ), വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള “എഡ്യൂക്കേഷണൽ എക്സലൻസ് & മെന്റർഷിപ് അവാർഡ് “വിദ്യാധിരാജ സ്കൂളിലെ കെ എൻ ശശിധരൻ നായർ, ബാങ്കിംഗ് ആൻഡ് ഫൈനാൻസ് മേഖലയ്ക്കുള്ള “കോർപ്പറേറ്റ് എക്സലൻസ് അവാർഡ്” എസ് ബി ഐ ഡെപ്യൂട്ടി ഡയറക്ടർ സാലി സുകുമാരൻ നായർ, സ്ത്രീ ശാക്‌തീകരണത്തിനുള്ള “വുമൺ ഓഫ് ഇൻസ്പിരേഷൻഅവാർഡ് ” മുംബൈ ജഹാംഗീർ ആർട്ട് ഗാലറി മാനേജർ പദവിയിൽ ദീർഘകാലം സേവനമനുഷ്ടിച്ച കാർത്ത്യായനി മേനോൻ, കലാരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള “കലാപ്രതിഭ അവാർഡ് ” പ്രശസ്ത കഥകളി കലാകാരി താരാവർമ്മ എന്നിവർക്കും സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ശ്രീകാന്ത് നായർ (കൺവീനർ) രാമകൃഷ്ണൻ നമ്പ്യാർ (കൺവീനർ) 829165565 / 9322836036
NWA Thane Silver Jubilee celebrations
Date: 22nd January 2023 Time 9 am to 4 pm