ഹിരാനന്ദാനി കേരളൈറ്റ്സ് അസ്സോസിയേഷന്റെ പുതുവത്സരാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.
അസ്സോസിയേഷനുമായി വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നതെന്നും സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും എം പി മനോജ് കൊട്ടക് പറഞ്ഞു. പവായ് ഹിരാനന്ദാനി കേരളൈറ്റ്സ് അസ്സോസിയേഷന്റെ പുതുവത്സരാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക പ്രവർത്തനങ്ങളിൽ മുന്നണിയിൽ നിൽക്കുന്ന സംഘടനക്ക് എല്ലാ വിധ പിന്തുണയും വാഗ്‌ദാനം ചെയ്താണ് പ്രദേശത്തെ ജനപ്രതിനിധി വേദി വിട്ടത്.
രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമുള്ള ഒത്തുകൂടലിന്റെ ഊഷ്മളത പങ്ക് വച്ചാണ് ജനറൽ സെക്രട്ടറി ഏ എൻ ഷാജി സദസ്സിനെ അഭിസംബോധന ചെയ്തത്. വൈവിധ്യമാർന്ന കലാപരിപാടികൾക്ക് വേദിയൊരുക്കിയാണ് ഇക്കുറി പുതുവത്സരം ആഘോഷിക്കുന്നതെന്നും ഷാജി കൂട്ടിച്ചേർത്തു.
മഹാമാരിയിൽ അടച്ചിരുന്ന കാലത്ത് ഹിരാനന്ദനി കേരളൈറ്റ്സ് അസ്സോസിയേഷൻ പോലുള്ള സംഘടനകളുടെ പ്രസക്തി വളരെ വലുതായിരുന്നുവെന്ന് പ്രസിഡന്റ് തോമസ് ഓലിക്കൽ പറഞ്ഞു. പരസ്പരം സഹായിക്കാനും ഏത് പ്രതിസന്ധി ഘട്ടത്തെയും മനഃസാന്നിധ്യത്തോടെ നേരിടാനും അസോസിയേഷന്റെ പ്രവർത്തനങ്ങൾ വളരെയേറെ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും തോമസ് ഓലിക്കൽ പറഞ്ഞു. കോറോണക്കാലത്ത് പണം കൊടുത്താൽ പോലും കിട്ടാതിരുന്ന ഓക്സിജൻ, ജീവൻരക്ഷാ മരുന്നുകൾ, എന്നിവക്കായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ അവർക്കെല്ലാം താങ്ങായി നിൽക്കാൻ കഴിഞ്ഞത് ഈ കൂട്ടായ്മയുടെ കരുത്താണെന്നും തോമസ് ഓലിക്കൽ ഓർമിപ്പിച്ചു.
ജീവിത വിജയം നേടിയ സംരംഭകരെ ആദരിക്കുന്നതിന്റെ ഭാഗമായി ഈ വർഷം തിരഞ്ഞെടുത്തത് ഗാർമെൻറ്സ് മേഖലയിലെ പ്രമുഖനായ ജോൻസിയെയാണ്. ചാലക്കുടി സ്വദേശിയായ ജോൻസി നാല് പതിറ്റാണ്ടുകൾക്ക് മുൻപാണ് വലിയ സ്വപ്നങ്ങളുമായി മുംബൈ നഗരത്തിലെത്തുന്നത്. ദീർഘവീക്ഷണവും ഇച്ഛാശക്തിയും കൊണ്ട് കെട്ടിപ്പടുത്ത സാമ്രാജ്യത്തിൽ ഇന്ന് എണ്ണൂറിലേറെ ജീവനക്കാരാണ് ജോലിയെടുക്കുന്നത്.
മുഖ്യാതിഥി എം പി മനോജ് കൊട്ടക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജോൻസിക്ക് സമ്മാനിച്ചു .

സോവനീർ പ്രകാശനം മുഖ്യാതിഥി നിർവഹിച്ചു.
അസോസിയേഷൻ അംഗമായ എഴുത്തുകാരി ഓ ബി ശ്രീദേവി എഡിറ്റ് ചെയ്ത മലയാള കവിത സമകാലികത്തിന്റെ പ്രകാശനവും നടന്നു. കേരളത്തിന് പുറത്ത് നിന്നുള്ള കവിതകളിൽ കൂടുതൽ രചനകളും മുംബൈ മഹാനഗരത്തിൽ നിന്നാണെന്നതും പ്രത്യേകതയാണ്.

ട്രഷറർ മാത്യു മാമൻ നന്ദി പ്രകാശിപ്പിച്ചു. സ്വപ്ന രാജ്‌മോഹൻ ചടങ്ങുകൾ നിയന്ത്രിച്ചു
സാംസ്‌കാരിക സമ്മേളനത്തെ തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങൾ ചേർന്നവതരിപ്പിച്ച വൈവിധ്യമാർന്ന കലാ പരിപാടികൾ അരങ്ങേറി. ശ്രുതി ഓർക്കസ്ട്ര നയിച്ച സംഗീത പരിപാടിയും ആഘോഷ രാവിന് തിളക്കമേകി.
- മഹാനഗരിയുടെ ഹൃദയത്തുടിപ്പുകളുമായി ലാൽ താംബെ
- കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി നാരായണീയ പാരായണ മത്സരം സംഘടിപ്പിച്ചു.
- എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സഹായങ്ങൾ എത്തിച്ച് കെയർ ഫോർ മുംബൈ
- സിവിൽ 20 പ്രാരംഭ സമ്മേളനം സമാപിച്ചു; ഭാവിയിലെ ലോകം കൂട്ടായ്മയുടേതായിരിക്കുമെന്ന് മാതാ അമൃതാനന്ദമയി
- മുംബൈ-പൂനെ യാത്രക്കാർക്ക് ഇനി പറന്നിറങ്ങാം