പ്രബുദ്ധരായ മലയാളികൾ കേരളത്തിന് പുറത്തെന്ന് പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ

0

മുംബൈ മലയാളികളിൽ ദർശിക്കാനായത് മാനവികതയാണെന്നും എല്ലാവരും മനുഷ്യരാണെന്ന ആർദ്രത നഗരത്തിൽ അനുഭവിക്കാനായെന്നും പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ പറഞ്ഞു. കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് പ്രബുദ്ധതയുണ്ട്. അതിന്റെ കാരണം അവരിൽ ഇമോഷണൽ പൊലൂഷൻ ഇല്ലാത്തതാണെന്നും രാജീവ് ചൂണ്ടിക്കാട്ടി. മുംബൈ പോലെ അന്തരീക്ഷ മലിനീകരണമുള്ള നഗരത്തിൽ ജീവിക്കുമ്പോഴും വൈകാരികമായ മലിനീകരണം തൊട്ടു തീണ്ടിയിട്ടില്ലാത്തവരാണ് മഹാനഗരത്തിലെ മലയാളികളെന്ന് പ്രകീർത്തിച്ച രാജീവ് കേരളത്തിലെ സ്ഥിതി മറിച്ചാണെന്നും കൂട്ടിച്ചേർത്തു.

കേന്ദ്രീയ നായർ സാംസ്‌കാരിക സംഘ് മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ നടന്ന നായർ മഹാസമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ.

മുളുണ്ട് കാളിദാസ് നാട്യ മന്ദിറിൽ നടന്ന സാംസ്‌കാരിക സമ്മേളനം ബദലാപൂർ ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി ഉത്ഘാടനം ചെയ്തു.

കുടുംബത്തിന്റെ മഹിമയും മേന്മയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഛിദ്രതയുടെ ശബ്ദകോലാഹലങ്ങളാണ് കുടുംബങ്ങളുടെ അകത്തളങ്ങളിൽ നിന്നു മുഴങ്ങുന്നതെന്നും സ്വാമി കൃഷ്ണാനന്ദ സരസ്വതി ആശങ്ക പങ്ക് വച്ചു. കുടുംബം ശിഥിലമാകാതിരിക്കാൻ നമ്മുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കപ്പെടണമെന്നും മാതാപിതാക്കളുടെ കാൽ തൊട്ട് വന്ദിക്കുന്ന തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയണമെന്നും സ്വാമി ഓർമ്മപ്പെടുത്തി.

കെ എൻ എസ് എസ് പ്രസിഡന്റ് ഹരികുമാർ മേനോൻ അധ്യക്ഷത വഹിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ കാഴ്ച വച്ച വൈവിധ്യങ്ങളായ കലാപരിപാടികളെ പ്രകീത്തിച്ചു കൊണ്ടാണ് ഹരികുമാർ മേനോൻ അധ്യക്ഷ പ്രസംഗം തുടങ്ങിയത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഒത്തുകൂടലിന്റെ ഊഷ്മളതയും ആവേശവും പ്രതിഫലിക്കുന്ന കലാ പരിപാടികളായിരുന്നു വേദിയിൽ നിറഞ്ഞാടിയതെന്നും ഹരികുമാർ പറഞ്ഞു.

സംഘടനയുടെ മുന്നോട്ടുള്ള വളർച്ചക്ക് ആവശ്യമായ നടപടികളുടെ ഭാഗമായി മഹാരാഷ്ട്രയുടെ ഇതര ഭാഗങ്ങളിലുള്ള സംഘടനകളുടെ ശ്രുംഖല പ്രയോജനപ്പെടുത്തി പ്രവർത്തന മേഖല വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്നും കെ എൻ എസ് എസ പ്രസിഡന്റ് ഹരികുമാർ മേനോൻ സൂചിപ്പിച്ചു. കൂടാതെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള എൻ എസ് എസ് യൂണിറ്റുകളുമായി ചേർന്ന് ബന്ധം വ്യാപിപ്പിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇന്ത്യക്ക് പുറത്തുള്ള എൻ എസ് എസ് സംഘടനകളുമായി കൈകോർത്ത് ഒരു ഗ്ലോബൽ പ്ലാറ്റ്‌ഫോം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഹരികുമാർ മേനോൻ ആശയം പങ്ക് വച്ചു.

സമുദായ അംഗങ്ങൾക്ക് ബിസിനസ്സ്, തൊഴിൽ, ടെക്നോളജി, എന്നിവ പരസ്പരം ഷെയർ ചെയ്യുന്നതിനും വിനിമയം ചെയ്യുന്നതിനും പ്രയോജനകരമായ രീതിയിൽ നായർ ബിസിനസ്സ് ഫോറം രൂപീകരിക്കുമെന്നും സമുദായ അംഗങ്ങളുടെ സ്വപ്ന പദ്ധതിയായ മന്നം സ്മാരക സാംസ്‌കാരിക കേന്ദ്രം മുംബൈയിൽ യാഥാർഥ്യമാക്കുമെന്നും ഭാവി പരിപാടികൾ പങ്ക് വച്ച് കൊണ്ട് ഹരികുമാർ മേനോൻ പറഞ്ഞു.

പുതിയ തലമുറയെ സംഘടനയുടെ മുഖ്യധാരയിലേക്ക് കൊണ്ട് വന്ന് യുവശാക്തീകരണവും കെ എൻ എസ് എസ് ലക്ഷ്യമിടുന്നുവെന്ന് ഹരികുമാർ മേനോൻ ഊന്നി പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി സംഘടനയുടെ സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുമെന്നും മേനോൻ കൂട്ടിച്ചേർത്തു.

ഒരുമിച്ച് നിന്നാൽ ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്നും സമുദായം എന്ന് പറഞ്ഞാൽ സമൂഹമാണെന്നും സമൂഹത്തിന് മൊത്തം നന്മ പകരുന്ന സംഘടനയായി നില കൊള്ളാൻ കഴിയണമെന്നും സദസ്സിന്റെ നിറഞ്ഞ ഹർഷാരവങ്ങൾക്കിടയിൽ ഹരികുമാർ മേനോൻ പ്രത്യാശ പ്രകടിപ്പിച്ചു.

ജനറൽ സെക്രട്ടറി എ ആർ ബാലകൃഷ്ണൻ നായർ സ്വാഗതം ആശംസിച്ചു. ട്രഷറർ സുനിൽകുമാർ ജി നായർ നന്ദി പ്രകാശിപ്പിച്ചു.

സംഘടനയുടെ മുൻ സാരഥികളായ ലയൺ കുമാരൻ നായർ, കെ ജി കെ കുറുപ്പ്, യു രാമചന്ദ്രൻ കൂടാതെ വൈസ് പ്രസിഡന്റ് സി പി കുസും കുമാരി ‘അമ്മ തുടങ്ങിയവർ വേദി പങ്കിട്ടു

ചടങ്ങിൽ ഡോ ബിജോയ് കുട്ടി, ഡോ സുരേഷ് നായർ, സി പി കൃഷ്ണകുമാർ, ശൈലേഷ് വി നായർ, താര വർമ്മ എന്നിവരെ പുരസ്‌കാരം നൽകി ആദരിച്ചു.

വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ അവതരിപ്പിച്ച നൃത്ത സംഗീത ഹാസ്യ വിരുന്ന് ശ്രദ്ധേയമായി

പ്രസാദ് ഷൊർണൂർ ചടങ്ങുകൾ നിയന്ത്രിച്ചു.

Click on FB logo to view event album >>>

ALSO READ | ജാതി ചിന്തകളുടെ തിമിരത്തിൽ നിന്നും കേരളത്തെ രക്ഷിക്കാനാകണമെന്ന് കെ ജയകുമാർ IAS

LEAVE A REPLY

Please enter your comment!
Please enter your name here