ബീയാർ പ്രസാദിന് മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബറിന്റെ അനുസ്മരണം

0

തിരുവനന്തപുരം: ജനവരി 4 ന് അന്തരിച്ച ബഹുമുഖ പ്രതിഭയായ ബീയാർ പ്രസാദിന് തിരുവനന്തപുരത്തെ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് 10 ദിവസം നീണ്ടു നിന്ന അനുസ്മരണം സംഘടിപ്പിച്ചു. ജനുവരി 25 ന് തുടങ്ങി ഫെബ്രുവരി 3 ന് സമാപിച്ച അനന്യമായ ഈ ഓൺലൈൻ അനുസ്മരണത്തിനു നിരവധി സവിശേഷതകളുണ്ട്.

മറ്റൊരു സംഘടനയോ പ്രസ്ഥാനമോ 10 ദിവസം നീണ്ടു നിന്ന ബീയാർ പ്രസാദ് അനുസ്മരണം ലോകത്തെങ്ങും സംഘടിപ്പിച്ചിട്ടില്ല. രണ്ടാമത്തെ പ്രത്യേകത അദ്ദേഹത്തോട് ഇടപഴകിയിട്ടുള്ളവരും കലാപരമായും സാഹിത്യസംബന്ധമായും ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരും മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്.

മൂന്നാമത് നാടകശിഷ്യർ, അക്കാഡമിക് തലത്തിലെ ശിഷ്യർ, സഹപ്രവർത്തകരായ ശിഷ്യർ, സാന്ദർഭികമായി ശിഷ്യരായവർ-അതിൽ വയസ്സിനു വളരെ മൂത്തവരുമുണ്ട്, ബാല്യകാല സുഹൃത്തുക്കളും സമപ്രായക്കാരായവരും ചേർന്ന ശിഷ്യർ, കൊച്ചുകുട്ടികളായ ശിഷ്യർ തുടങ്ങി പല തരത്തിലും ഗണത്തിലും പെടുത്താവുന്നവർ ഇതിൽ പങ്കെടുത്തു.

നാലാമത്തെ പ്രത്യേകത അദ്ദേഹത്തിന്റെ പ്രിയപത്നി വിധു പ്രസാദ്, മക്കളായ ഇള പ്രസാദ്, കവി പ്രസാദ്, ബീയാർ പ്രസാദിന്റെ താഴെയുള്ള സഹോദരിമാരായ പ്രേമലത, മായ എന്നു വിളിക്കുന്ന പ്രമീളദേവി, പ്രേമലതയുടെ ഭർത്താവ് അജിത് പ്രസാദ് എന്നിവരെ ഒരേ വേദിയിൽ പങ്കെടുപ്പിച്ചു.

അഞ്ചാമതായി ബീയാർ പ്രസാദിനെ സിനിമാലോകത്തേക്ക് പ്രവേശിക്കാൻ പിന്തുണ നൽകുകയും കാരണഭൂതനാകുകയും ചെയ്ത ശ്രീകുമാർ. എ. യെ പങ്കെടുപ്പിക്കാൻ പറ്റി. ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഡെപ്യൂട്ടി ജനറൽ മാനേജരായി വിരമിച്ചു.

ആറാമത്തെ സവിശേഷതയായി ചൂണ്ടിക്കാട്ടാൻ ബീയാറിന്റെ സുഹൃത്തും അന്തരിച്ച സംഗീതജ്ഞനുമായ മധുവിന്റെ ഭാര്യ ഹേമലതയെ പങ്കെടുപ്പിക്കാൻ പറ്റി. ബീയാർ പ്രസാദ് എഴുതി ആദ്യം മധു ഈണമിട്ട “എങ്ങനെ ഈ രാത്രി ഞാനുറങ്ങും” എന്ന ഗാനത്തിലെ നായികയാണ് ഹേമലത. അന്ന് മധു ഹേമലതയെ വിവാഹം ചെയ്തിട്ടില്ല. അവർ അപ്പോൾ പ്രേമബദ്ധരായിരുന്നു. മധു മദിരാശിയിലെ സംഗീതകോളേജിൽ പഠിക്കാനായി പോകുന്നതിന്റെ തലേന്ന് വൈകുന്നേരം ബീയാർ എഴുതി മധു ഈണമിട്ട ഗാനം ഹേമലതയെ കുറിച്ച്ചുള്ളതായിരുന്നു. പിന്നീട് ഈ ഗാനം തൃക്കൊടിത്താനം സച്ചിദാനന്ദൻ ഈണമിട്ട് പാടിയിട്ടുണ്ട്.

ഏഴാമതായി ഏഷ്യാനെറ്റിലെ സഹപ്രവർത്തകരായിരുന്ന ബിന്ദു മേനോനും സനൽ പോറ്റിയും പങ്കെടുത്തു എന്നതാണ്. അവതാരകയും ഗായികയും എഴുത്തുകാരിയുമായ ബിന്ദു മേനോൻ ഇപ്പോൾ ഡൽഹിയിലാണ് കുടുംബത്തോടൊപ്പം താമസം. ഏഷ്യാനെറ്റ്‌ വിട്ട് ദീർഘകാലം ഗൾഫിലായിരുന്ന സനൽപോറ്റി ഇപ്പോൾ നാട്ടിലുണ്ട്. ഏഷ്യാനെറ്റിലുണ്ടായിരുന്ന സുരേഷ്‌കുമാർ (പാട്ടുപെട്ടി, സ്പോട്) ചടങ്ങിൽ പങ്കെടുക്കാൻ പറ്റാത്തതിനാൽ ശബ്ദസന്ദേശം അയച്ചിരുന്നു.

എട്ടാമത്തെ പ്രത്യേകതയായി പറയാനുള്ളത്, രോഗാവസ്ഥയിൽ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ബീയാർ പ്രസാദിനെ ആദ്യമായി ഇന്റർവ്യൂ ചെയ്ത വ്യക്തിയെ പങ്കെടുപ്പിക്കാൻ പറ്റി. ദൂരദർശനിൽ സുദിനം പരിപാടി അവതരിപ്പിച്ചിരുന്ന സന്തോഷി റാണി സാഹയാണ് ആ വ്യക്തി.

ഒൻപതാമത്തെ സവിശേഷതയായി പ്രൊഫ. തോമസ് പനക്കളത്തിന്റെ കാര്യമാണ് പറയാനുള്ളത്. ഗുരുനാഥന്റെ ജീവിതത്തിലെ പ്രഥമ പുസ്തകപ്രകാശനച്ചടങ്ങ് ഒരു നാടിന്റെ മഹോത്സവമാക്കി മാറ്റിയ അപൂർവശിഷ്യനാണ് ഇദ്ദേഹം. ഇവിടെ പരാമർശിച്ച ഗുരുനാഥൻ ബീയാർ പ്രസാദും ശിഷ്യൻ പ്രൊഫ. തോമസ് പനക്കളവുമാണ്. പ്രകാശിതമായ ഗ്രന്ഥം ചന്ദ്രോത്സവമാണ്. മങ്കൊമ്പിലെ വെള്ളത്തിലും ചെളിയിലും കിടന്ന് ജീവിച്ച് ഒന്നുമാകാതെ പോകുമായിരുന്ന തന്നെ ജീവിതത്തിന്റെ വെളിച്ചം നൽകി കുട്ടനാടിന് വെളിയിലേക്ക് നയിച്ചത്‌ തന്റെ ഗുരുനാഥൻ ബീയാർ പ്രസാദാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്നത്തെ നിലയിൽ താനൊരു കോളേജ് അദ്ധ്യാപകനായതിന് മാർഗദർശിയായ തന്റെ ഗുരുനാഥനോടുള്ള കടപ്പാടും സ്നേഹവും ഗുരുഭക്തിയും എന്നുമെന്നുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. തോമസ് പനക്കളം ഇപ്പോൾ തൃപ്പൂണിത്തുറയിലെ ദേവമാത കോളേജിലെ ഡീൻ ഓഫ് ആർട്സാണ്.

പത്താമത്തെ പ്രത്യേകത പ്രൊഫ. (ഡോക്ടർ) സി. ജി. രാജേന്ദ്രബാബു ചന്ദ്രോത്സവം എന്ന ബീയാർ പ്രസാദിന്റെ നോവലിനെപ്പറ്റി നടത്തിയ പ്രൗഡോജ്ജ്വലമായ അവലോകനം ശ്രദ്ധേയമായിരുന്നു. പിന്നീട് പ്രൊഫ. (ഡോക്ടർ) പ്രിയൻ പുളിപ്പറമ്പിലും അവിസ്മരണീയമായ രീതിയിൽ ചന്ദ്രോത്സവത്തെപ്പറ്റി സംസാരിച്ചു.

പതിനൊന്നാമത് ബീയാർ പ്രസാദിന്റെ അയൽവാസിയായ മായ ശ്രീകുമാർ രചിച്ച് ആലപിച്ച ബീയാർ പ്രസാദ് എന്ന കവിതയായിരുന്നു. കുട്ടനാട്ടുകാരനായ ബീയാർ പ്രസാദ് എന്ന ഗ്രാമീണനെ വരച്ചു കാട്ടുന്നതായിരുന്നു മനോഹരമായ ആ കവിത.

സവിശേഷതകൾ എടുത്തെടുത്തു പറയുവാൻ ഇനിയും പലതുമുണ്ട്. എന്തുകൊണ്ടും വേറിട്ടു നിന്ന അനുസ്മരണച്ചടങ്ങായിരുന്നു ഇത്‌.

ബീയാർ പ്രസാദ് രചിച്ച “നേരിനാൽ ഒരു നെയ്ത്തിരി….” എന്ന പ്രാർത്ഥന കുമാരി പൂജ നായർ ആലപിച്ചതോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. അനുസ്മരണപ്രഭാഷണം ജസ്റ്റിസ്‌ (റിട്ടയേർഡ്) എം. ആർ. ഹരിഹരൻനായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംവിധായകൻ വിജി തമ്പിയും പ്രൊഫ. (ഡോക്ടർ) സി.ജി. രാജേന്ദ്രബാബുവും അനുസ്മരണപ്രഭാഷണങ്ങൾ നടത്തി. ബീയാർ പ്രസാദിന്റെ പത്നി വിധു പ്രസാദ് ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ഹൃദയസ്പർശിയായി സംസാരിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ ശ്രീകുമാർ പി.എൻ., അനിൽകുമാർ, അഡ്വക്കേറ്റ് പി.ആർ. രാജ്കുമാർ, ബീയാറിന്റെ മക്കളായ ഇള, കവി, പ്രൊഫ. ലക്ഷ്മി പദ്മനാഭൻ, ശ്രീകുമാർ.എ., ഹേമലത, സിന്ധു ഗാഥ, അമ്പിളി കൃഷ്ണകുമാർ, ദീപു ആർ.എസ്. ചടയമംഗലം, മായ ശ്രീകുമാർ, പ്രിൻസി, അനിൽ റഹ്മ, ഡോക്ടർ പി. ജയദേവൻനായർ, അമൽ രാജാശേഖരൻ പാണാവള്ളി, രാജേന്ദ്ര പണിക്കർ യു.കെ., രമേശ്‌ കെ. എൻ. മങ്കൊമ്പ്, മാർട്ടിൻ ജോസഫ് ചങ്ങനാശ്ശേരി, അഡ്വക്കേറ്റ് ജേക്കബ് തോമസ് (ജോമോൻ), നരിപ്പറ്റ രാജു, പി.എൻ. ശ്രീകുമാരൻനമ്പൂതിരി, ഏഷ്യാനെറ്റിലുണ്ടായിരുന്ന ബിന്ദു മേനോൻ, ബീയാർ പ്രസാദിന്റെ സഹോദരിമാരായ പ്രേമലത, മായ എന്നു വിളിക്കുന്ന പ്രമീളദേവി, സുരേഷ് വർമ, നിലക്കലേത്ത് രവീന്ദ്രൻനായർ, പ്രൊഫ. തോമസ് പനക്കളം, ഒ.എസ്.എ. റഷീദ്, അജിത് പ്രസാദ് മങ്കൊമ്പ്, സനൽ പോറ്റി, കവി കാവാലം ബാലചന്ദ്രൻ, സന്തോഷി റാണി സാഹ, ബി. ജോസ്കുട്ടി, ശാന്ത എസ്. നായർ, അനീഷ് പത്തനംതിട്ട, മിനി വേണുഗോപാൽ, മലയാളഭൂമി ശശിധരൻനായർ എന്നിവർ സംസാരിച്ചു.

  • മലയാളഭൂമി ശശിധരൻനായർ

LEAVE A REPLY

Please enter your comment!
Please enter your name here