സ്നേഹച്ചരടിൽ ബന്ധങ്ങൾ തളച്ചിടപ്പെടുന്ന ചില നിമിഷങ്ങളുണ്ട്, ആ ചരടുകളിൽ ജീവിതം കോർക്കാനൊരുങ്ങുമ്പോൾ മറ്റേ തലയ്ക്കൽ കൊഴിഞ്ഞുപോകുന്ന ചില മുത്തുകളുണ്ട്. ജീവിതത്തിന്റെ നിസ്സഹായ നിമിഷങ്ങളെ ഒറ്റവരിപ്പാതയിൽ കുറിച്ചിട്ട ഹൃസ്വ ചിത്രമാണ് മുംബൈ മലയാളികൾ ചേർന്നൊരുക്കിയ തനിയെ പൊഴിയുന്ന ദളങ്ങൾ
ഒരു ഭാഗത്ത് ഭാര്യയുടെ സ്വപ്‌നങ്ങൾ, മറുഭാഗത്ത് അച്ഛൻ എന്ന സ്നേഹച്ചൂട്. ഒരു വാക്കുപോലും പറയാതെ മൗനത്തിന്റെ ഭാഷയിൽ വത്സൻ മൂർക്കോത്ത് പകർന്നാടിയ അച്ഛൻ എന്ന കഥാപാത്രം വിസ്മയിപ്പിച്ചു. തന്റെ ഒറ്റപ്പെടലും വേദനയും നരച്ച താടികൊണ്ടു മറച്ച മുഖത്തിലൂടെ പ്രേക്ഷകരിൽ നീറ്റലാകുന്നു. അച്ഛനും ഭാര്യക്കും കുടുംബ ഭാരങ്ങൾക്കും ഇടയിൽ ബന്ധങ്ങളുടെ ബാലൻസ് തെറ്റാതെ ജീവിതത്തിന്റെ മങ്ങിയ അസ്തമയങ്ങളിലും പുലരിയുടെ വെളിച്ചം സ്വപ്നം കാണുന്ന ഭർത്താവ്, മകൻ. മാധ്യമ പ്രവർത്തകൻ കൂടിയായ സഞ്ജയിന്റെ കൃത്യമായ ശരീരഭാഷയും ഭാവങ്ങളും. വിവാഹത്തിന് മുന്നേ സ്വപ്നം കണ്ട യു.കെ മോഹങ്ങൾക്ക് ഫോണിലൂടെ വരുന്ന വാഗ്ധോരണികളിൽ വീണ്ടും ചിറകുകൾ മുളയ്ക്കുന്ന ഭാര്യ, ശീതൾ ബാലകൃഷ്ണന്റെ തന്മയത്വമുള്ള അഭിനയ മുഹൂർത്തങ്ങളിലൂടെ മികവുറ്റതായി.
ഒരു അണുകുടുംബത്തിന്റെ പൊക്കിൾ കൊടിയിൽ ഏതു നിമിഷവും സ്ഫോടനം സൃഷ്ടിക്കാവുന്ന തീപ്പൊരികളെ ഹ്രസ്വമായ ഫ്രയിമിലേക്ക് പകർത്തി ജീവൻ പകർന്നു നൽകിയ നല്ലൊരു ഫിലിം ഒരുക്കിയതിൽ കഥയും തിരക്കഥയും തയ്യാറാക്കിയ വാസൻ വീരഞ്ചേരിക്കും സംവിധാനം ചെയ്ത രാകേഷ് കൃഷ്ണനും അഭിമാനിക്കാം. നല്ല പശ്ചാത്തലങ്ങൾ, മികവുറ്റ എഡിറ്റിങ്. കൂടാതെ മനോഹരമായ പശ്ചാത്തല ഗാനവും, ആലാപനവും.
കാലഘട്ടത്തിന്റെ നേർചിത്രമായ തനിയെ പൊഴിയുന്ന ദളങ്ങൾ എന്ന ഷോർട്ട് ഫിലിം നൽകുന്ന സന്ദേശം കാലിക പ്രസക്തിയുള്ളതാണ്.
- Rajan Kinattinkara
- തനിയെ പൊഴിയുന്ന ദളങ്ങൾ (Short Film Review)
- മികച്ച പ്രതികരണവുമായി മാളികപ്പുറം; മലയാള സിനിമയിൽ മറ്റൊരു താരോദയം (Movie Review)
- പക്കാ മാസ് ചിത്രമായി ബോക്സ് ഓഫീസിൽ കടുവയുടെ വിളയാട്ടം (Movie Review)
- റൺവേ 34; ബോളിവുഡിൽ അന്താരാഷ്ട്ര നിലവാരത്തിലൊരു ചിത്രം (Movie Review)
- പുഴുവിൽ മമ്മൂട്ടിയെ കാണാനായില്ലെന്ന് മോഹൻലാൽ; കാണികളെ വെറുപ്പിച്ച് മമ്മൂട്ടി (Movie Review)