മുബൈയിൽ നിന്നും ഒരു വനിത നാടക അവതരണം

0

ദൃശ്യ കലാ ഫൗണ്ടേഷൻ്റെ സംഘാടനത്തിൽ, തിരുവനന്തപുരം നിരീക്ഷ സ്ത്രീ നാടക വേദി മുബൈയിൽ നയിച്ച വനിത നാടകശില്പശാലയുടെ തുടർച്ചയായാണ് തുടർ ശില്പശാലും നാടകാവതരണവും ഒരുങ്ങുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ്, സ്ത്രീകൾ തന്നെ രചനയും സംവിധാനവും അഭിനയവും നിർവ്വഹിക്കുന്ന നാടകം പ്രഖ്യാപിച്ചത്.

മുംബൈയിലെ മുഖ്യധാരാ നാടക വേദിയിൽ തുടർന്നു വരുന്ന സമീപനത്തിൽ നിന്നും വ്യത്യസ്ഥമായി; സ്ത്രീകളുടെ അനുഭവങ്ങളും, അവസ്ഥകളും, സ്വപ്നങ്ങളും, അഭിലാഷങ്ങളും അവരുടെ കണ്ണിലൂടെ കാണുന്ന അവരുടെ ഭാഷയിലൂടെ അവതരിപ്പിക്കുന്ന ഒരു സ്ത്രീ നാടക വേദി രൂപപ്പെടുത്തുവാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായാണ് സ്ത്രീകൾ സ്വയം രചനയും, അഭിനയ സമ്പ്രദായവും രംഗഭാഷയും രൂപീകരിക്കുന്ന ഒരു പുതുനാടക സമീപനം ലക്ഷ്യമിടുന്നത്.

നിലവിലുള്ള രംഗഭാഷയും രംഗപാഠവും സ്ത്രീനാടക സങ്കല്പത്തിന് അനുയോജ്യമല്ലെന്ന തിരിച്ചറിവാണ് ഈ ശ്രമത്തിന്റെ പിന്നിലുള്ളത്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന “നിരീക്ഷ” എന്ന നാടകവേദിയിലെ ഡോ. രാജരാജേശ്വരിയെയും സുധി ദേവയാനിയും അടങ്ങുന്ന മൂന്നംഗ സംഘമാണ് ഈ നാടകപരിശീലനം നയിക്കുന്നത്. വനിതാ നാടകവേദിക്ക് പുതിയ അർഥതലങ്ങൾ തേടുവാനും പുതിയ രംഗഭാഷ കണ്ടെത്തുവാനും നിരവധി നാടകാവതരണങ്ങളിലൂടെ നിരീക്ഷയ്ക്ക് മുൻ കാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. നിരീക്ഷ, ഇത്തരത്തിലുള്ള കേരളത്തിലെ ഏക വനിതാ തിയേറ്റർ ആണ്. സമീപമാസങ്ങളിൽ നിരീക്ഷ സംഘടിപ്പിച്ച ദേശീയ വനിതാ നാടകോത്സവം, മലയാള നാടക ചരിത്രത്തിലെ നാഴികക്കല്ലാണ്.

സ്ത്രീകളുടെ തിയറ്റർ സംരംഭങ്ങളിലൂടെ ഒരു ബദൽ സാംസ്കാരിക പ്രക്രിയയെ ലക്ഷ്യമാക്കിയുള്ള നിരീക്ഷ; നാടക പ്രൊഡക്ഷനുകൾ, ശിൽപശാലകൾ, നൈപുണ്യ വികസനം, സെമിനാറുകൾ, തെരുവ് നാടകങ്ങൾ എന്നിവയിലൂടെ പരിശ്രമിക്കുന്നു. നിരീക്ഷയോടൊപ്പം ചേർന്നാണ് ദൃശ്യകലാ ഫൗണ്ടേഷൻ ഈ സംരംഭം ആവിഷ്ക്കരിക്കുന്നത്.

മുംബൈ മലയാള നാടകവേദിയിലെ പരിചയ സമ്പന്നരായ നടികളും പുതിയ തലമുറയിലെ ഊർജ്ജസ്വലരായ പെൺകുട്ടികളുമടങ്ങിയ മുപ്പതിലധികം വനിതകളാണ് മൂന്നു ദിവസം നീണ്ടു നിന്ന നാടകക്കളരിയിൽ മാസങ്ങൾക്കു മുമ്പ് പങ്കെടുത്തിരുന്നത്. പ്രസ്തുത നാടകക്കളരിയിൽ പങ്കെടുക്കുവാൻ സാധിക്കാതിരുന്ന, എന്നാൽ തുടർന്നുള്ള പരിശീലനക്കളരികളിലും നാടകത്തിലും പങ്കെടുക്കുവാൻ താല്പര്യപ്പെടുന്ന വനിതാ നാടകപ്രവർത്തകർക്കും ഈ ശ്രമത്തിന്റെ ഭാഗമാവാം.

കൂടുതൽ വിവരങ്ങൾക്ക് 9820724613/ 9320295095/ 9820063617 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here