കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് മഹാരാഷ്ട്ര സർക്കാർ; നടപ്പാക്കുന്നത് വരെ പിന്നോട്ടില്ലെന്ന് കിസാൻ സഭ

0

മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള കിസാൻ ലോങ്ങ് മാർച്ച് അഞ്ചാം ദിവസത്തിലേക്ക് കടക്കാനിരിക്കുമ്പോൾ കർഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കർഷക പ്രതിനിധി സംഘവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. എം എൽ എ വിനോദ് നിക്കോൾ, സിപിഎം നേതാവ് ജെ പി ഗാവിത്, കിസാൻ സഭ ദേശീയ അധ്യക്ഷൻ അശോക് ധാവളെ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

മന്ത്രിമാരായ ദാദാ ഭൂസെ, അതുൽ സേവ് എന്നിവർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കർഷക നേതാക്കളെ കണ്ടത്

മഹാരാഷ്ട്ര സർക്കാരിന് മുന്നിൽ കർഷകർ 14 ആവശ്യങ്ങളാണ് ഉന്നയിച്ചത്.

എന്നാൽ സർക്കാർ നൽകിയ വാഗ്ദാനം പാലിക്കാൻ രണ്ട് ദിവസത്തെ അന്ത്യശാസനമാണ് പ്രതിനിധി സംഘം നൽകിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കുവാൻ കളക്ടർമാർ, തഹസിൽദാർ തുടങ്ങി ബന്ധപ്പെട്ട അധികൃതർക്ക് ഉടനെ നിർദ്ദേശം നൽകണമെന്നാണ് പ്രതിനിധി സംഘം ആവശ്യപ്പെട്ടിരിക്കുന്നത്

2018 ലെ വാഗ്ദാനങ്ങൾ പാലിക്കാതിരുന്ന സാഹചര്യത്തിലാണ് ഇക്കുറി കർഷകരുടെ ആവശ്യങ്ങൾ നടപ്പാക്കുന്നത് വരെ സമരം തുടരുമെന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് ജെപി ഗാവിത്ത് വ്യക്തമാക്കി

അതേ സമയം, കർഷകർ താനെ ജില്ലയിലെ ഷാപൂരിലാണ് കഴിഞ്ഞ ദിവസം തമ്പടിച്ചത്. നിനച്ചിരിക്കാതെ പെയ്ത കനത്ത മഴ സ്ത്രീകളും മുതിർന്നവരും അടങ്ങുന്ന പതിനായിരങ്ങളെ ദുരിതത്തിലാക്കി. എന്നിരുന്നാലും അതിജീവനത്തിനായുള്ള പോരാട്ട സമരം വിജയം കണ്ടതിലുള്ള ആശ്വാസത്തിലാണ് ഇവരെല്ലാം

LEAVE A REPLY

Please enter your comment!
Please enter your name here