സിവിൽ 20 പ്രാരംഭ സമ്മേളനം സമാപിച്ചു; ഭാവിയിലെ ലോകം കൂട്ടായ്മയുടേതായിരിക്കുമെന്ന് മാതാ അമൃതാനന്ദമയി

0

നാഗ്‌പൂർ : ഭാവിയിലെ ലോകം കൂട്ടായ്മയുടേതായിരിക്കുമെന്നും മിംഗിൾ ആകാതെ സിംഗിൾ ആകാൻ ശ്രമിക്കുന്ന രാജ്യങ്ങൾ താഴേക്ക് പോകുമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതിയായ സിവിൽ 20 യുടെ പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി 20 അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി ദേവി. മാനവരാശി ഇന്ന് പല വിധത്തിലുള്ള വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

നമ്മൾ കാണുകയും അറിയുകയും ചെയ്യുന്നതിനെക്കാൾ ഏറെ പ്രശ്നങ്ങൾ സൂക്ഷ്മതലങ്ങളിൽ ഉണ്ടായേക്കാം. ഈ അവസരത്തിൽ മനുഷ്യന് രണ്ടു കാര്യങ്ങളാണു പ്രധാനമായി ഉണ്ടാകേണ്ടതെന്നും തിരിച്ചറിവും തിരുത്താനുള്ള മനസ്സുമാണ് അവയെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ‘വസുധൈവ കുടുംബകം’ എന്നത് ഭാരതത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന മന്ത്രമാണെന്നും അത് പ്രയോഗികമാക്കുന്നതിനാണ് ജി20 ഊന്നൽ നൽകേണ്ടതെന്നും മാതാ അമൃതാനന്ദമയി ദേവി കൂട്ടിച്ചേർത്തു. സമാധാനത്തിനുള്ള നോബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആദ്ധ്യാത്മികതയുടെ മൂല്യം അതിന്റെ പൂർണ്ണതയിക്കെത്തുന്ന അത്ഭുതകരമായ കാഴ്ചയാണ് സിവിൽ 20 കൂട്ടായ്മയിൽ കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ദ്വിദിന സമ്മേളനത്തിൽ വിവിധ രാഷ്ട്രങ്ങളിൽ നിന്നായി 200 ഓളം പ്രതിനിധികളാണ് പങ്കെടുത്തത്.

സി 20 സെക്രട്ടേറിയറ്റായ രാംഭൗ മൽഗി പ്രബോധിനി നടത്തിയ സർവേയുടെ റിപ്പോർട്ട് ചടങ്ങിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാതാ അമൃതാനന്ദമയി ദേവിക്ക് കൈമാറി. ജി 20 ഷെർപ്പ വിജയ് കെ നമ്പ്യാർ, ഇന്തോനേഷ്യയിൽ നിന്നുള്ള ട്രോയ്ക്ക അംഗവും സി20 ഇന്തോനേഷ്യ ഷെർപ്പയുമായ അഹ് മഫ്തുചാൻ, രാംഭൗ മൽഗി പ്രബോധിനിയുടെ വൈസ് ചെയർമാനും ഐസിസിആർ അധ്യക്ഷനുമായ ഡോ. വിനയ് പി സഹസ്രബുദ്ധെ, വിവേകാനന്ദ കേന്ദ്ര അഖിലേന്ത്യാ വൈസ് പ്രസിഡന്റും സി20 കോർ ഗ്രൂപ്പ് അംഗവുമായ നിവേദിത ആർ.ഭിദേ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. സത്സംഗ് ഫൗണ്ടേഷൻ സ്ഥാപകനും സി20 സമിതി അംഗവുമായ ശ്രീ എം വീഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുഖ്യാതിഥിയായിരുന്നു. ജി 20 ഉച്ചകോടിയിൽ സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള ആളുകളുടെയും ശബ്ദം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജി-20 യിൽ അംഗമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള സംഘടനകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 800-ലധികം സിവിൽ സൊസൈറ്റികളും ഇവയുടെ പ്രതിനിധികളും ചേർന്നുള്ള കൂട്ടായ്മയാണ് സി20. കഴിഞ്ഞ ജനുവരി മുതൽ സി20 യുടെ നേതൃത്വത്തിൽ 14 പ്രവർത്തക സംഘങ്ങൾ ആശയരൂപീകരണത്തിനായി യോഗങ്ങളും വെബിനാറുകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. 14 പ്രവർത്തക സംഘങ്ങളുടെയും ഉച്ചകോടികൾക്കു ശേഷം സി 20യുടെ പ്രധാന ഉച്ചകോടി ജൂലായ് അവസാന വാരം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here