എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സഹായങ്ങൾ എത്തിച്ച് കെയർ ഫോർ മുംബൈ

0

മലാഡ് ഈസ്റ്റിലെ അപ്പ പാഡയിലെ ആനന്ദ് നഗർ ചേരിയിലുണ്ടായ തീപിടിത്തത്തിൽ ആയിരത്തോളം വീടുകൾ കത്തിയെരിഞ്ഞതോടെ നാലായിരത്തോളം പേരാണ് ഭവനരഹിതരായത്. പൂർണ്ണമായും കത്തി നശിച്ച ചേരികളിൽ , അവശേഷിക്കുന്നത് കുറച്ച് കരിഞ്ഞ കല്ലുകളും തേങ്ങലുകളും മാത്രം. സംഭവം നടന്ന് പത്ത് ദിവസത്തോളമായെങ്കിലും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച താൽക്കാലിക കൂടാരങ്ങളിലാണ് ഇവരെല്ലാം കഴിയുന്നത്.

പകൽ നേരത്തെ കൊടും ചൂടും രാത്രിയിൽ കാലം തെറ്റി പെയ്യുന്ന മഴയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിന് നിർധന കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കയാണ്. മാറിയുടുക്കാൻ വസ്ത്രങ്ങളോ ഭക്ഷണം പാകം ചെയ്യാൻ പാത്രങ്ങളോയില്ലാതെ എട്ടു മാസം പ്രായമായ കുഞ്ഞിനെ മാറോട് ചേർത്ത് വിധിയെ പഴിച്ച് കഴിയുകയാണ് വന്ദനയും കുടുംബവും

പ്രദേശത്തെ സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെ ഇവർക്ക് ഭക്ഷണ കിറ്റുകളും പാത്രങ്ങളും എത്തിച്ച് നൽകിയാണ് കെയർ ഫോർ മുംബൈ ചേരി നിവാസികളെ ചേർത്ത് പിടിച്ചത്.

പറഞ്ഞറിയിക്കാൻ കഴിയാത്ത നാശനഷ്ടങ്ങളാണ് ഇവിടെ വന്നപ്പോൾ കാണാനായതെന്ന് കെയർ ഫോർ മുംബൈ സെക്രട്ടറി പ്രിയ വർഗീസ് പറഞ്ഞു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു വിഭാഗം ദുരന്തം വരുത്തിയ ആഘാതത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ലെന്നും പ്രിയ കൂട്ടിച്ചേർത്തു.

ജീവിക്കുന്ന നാടിനെ സ്വന്തം നാടായി കാണുന്ന സംസ്കാരമാണ് നമുക്കുള്ളതെന്നും ദുരിതബാധിത മേഖല സന്ദർശിച്ച പ്രദേശത്തെ സാമൂഹിക പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമാണ് കെയർ ഫോർ മുംബൈ സഹായങ്ങൾ എത്തിച്ച് നൽകിയതെന്നും പ്രസിഡന്റ് എം കെ നവാസ് പറഞ്ഞു.

ഇനിയും അടിയന്തിര സഹായങ്ങളെത്തിക്കാനുള്ള സന്നദ്ധതയും കെയർ ഫോർ മുംബൈ അറിയിച്ചു.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തം അതി വേഗത്തിൽ പടർന്ന് പിടിച്ചതോടെഎല്ലാവരും ജീവൻ രക്ഷിക്കാനായി ഇറങ്ങി ഓടുകയായിരുന്നുവെന്ന് സർവ്വതും നഷ്ടപ്പെട്ട മാധുരി പറയുന്നു.

കുട്ടികളുടെ പഠന സമഗ്രഹികൾ അടക്കം നിർണായക രേഖകളും സാമഗ്രഹികളും നിമിഷ നേരം കൊണ്ട് ചാരമായി അവശേഷിച്ചതോടെ കൈക്കുഞ്ഞുമായി എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് വൈഷ്ണവി ബൊറാഡെ. ഇനി കിടപ്പാടം എങ്ങിനെയുണ്ടാക്കുമെന്ന ആവലാതിയാണ് പലരും പങ്ക് വച്ചത്. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണങ്ങളാണ് ജീവൻ നിലനിർത്തുന്നത്.

തീപിടിത്തത്തിൽ കത്തിനശിച്ച വീടുകളിൽ ഭൂരിഭാഗവും വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണെന്നും പല കുടിലുകളും വനഭൂമിയിലാണെന്നും മലാഡിലെ സാമൂഹിക പ്രവർത്തക ഉഷ ജോൺ പറഞ്ഞു. ഇവരെ പുനരധിവസിപ്പിക്കുവാനുള്ള ഉത്തരവാദിത്തം ബിഎംസി ഏറ്റെടുക്കണമെന്നും ഇതിനായി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ഉഷ പറഞ്ഞു.

ഇരുപതോളം സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സമായ ഇടുങ്ങിയ റോഡുമാണ് നാശനഷ്ടങ്ങൾ ഇരട്ടിപ്പിച്ചതെന്ന് ശശീന്ദ്ര കുറുപ്പ് പറഞ്ഞു.

മുതിർന്ന പൗരന്മാരെയും കുട്ടികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെങ്കിലും വലിയൊരു വിഭാഗം കരിഞ്ഞമർന്ന ചേരി പ്രദേശത്ത് താൽക്കാലിക സൗകര്യങ്ങളിൽ കഴിയുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here