മുംബൈയിലെ നാടക പ്രവർത്തകർക്ക് ഇതര ഭാഷയിലെ മഹത്തരമായ നാടകങ്ങൾ കാണുവാനുള്ള അവസരങ്ങലുണ്ടെന്നും ഇവയിൽ നിന്നെല്ലാം പ്രചോദനമുൾക്കൊണ്ട് നൂതന ആശയങ്ങളുമായി മലയാള നാടകങ്ങൾ നവീകരിക്കേണ്ട സമയമായെന്നാണ് പ്രമുഖ നാടക പ്രവർത്തകൻ സുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടത്. ലോക നാടക ദിനാഘോഷത്തിന്റെ ഭാഗമായി ലിറ്റൽ തീയറ്റേഴ്‌സ് മുംബൈ, ഖാർഘർ കേരള സമാജം, നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം എന്നീ സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച നാടകോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും ഉണ്ടാകണം. മുംബൈയിൽ ജീവിക്കുന്ന മലയാളികൾക്ക് സംവദിക്കാൻ പറ്റുന്ന നാടകങ്ങൾക്കായി വേദികൾ ഉണ്ടാകുമെന്നും സുരേന്ദ്രബാബു പ്രത്യാശ പ്രകടിപ്പിച്ചു. പരമ്പരാഗത ശൈലികളിൽ നിന്നും മുംബൈ മലയാള നാടകങ്ങൾ മാറി സഞ്ചരിക്കേണ്ട കാലമായെന്നും സുരേന്ദ്രബാബു ഓർമിപ്പിച്ചു.
കേരളത്തിൽ നാടകങ്ങൾ വഴിമുട്ടി നിൽക്കുമ്പോഴാണ് മുംബൈയിലെ നാടകരംഗം പുതിയ തലമുറയുടെ സജീവ പങ്കാളിത്തം കൊണ്ട് സമ്പന്നമാകുന്നതെന്നും സുരേന്ദ്രബാബു സൂചിപ്പിച്ചു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏഴോളം നാടകങ്ങളാണ് വേദിയിൽ അവതരിപ്പിച്ചത്.
ലോക നാടക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആദ്യ ഉദ്യമത്തിന് ആവേശകരമായ സ്വീകരണമാണ് മുംബൈയിലെ നാടക പ്രേമികൾ നൽകിയത്. 30 മിനിറ്റ് വീതമാണ് നാടകങ്ങൾ.
ജെയിംസ് മണലൊടി അവതരിപ്പിച്ച ശശി നമ്പ്യാർ സംവിധാനം ചെയ്ത എ ടി എം, ടിടിഎഫ്സിയുടെ ബാനറിൽ രമേശ് രാമകൃഷ്ണൻ സംവിധാനം ചെയ്ത എൻ എൻ പിള്ളയുടെ കുടുംബയോഗം, സീവുഡ്‌സ് മലയാളി സമാജം കാഴ്ച വച്ച പി ആർ സഞ്ജയ് രചനയും സംവിധാനവും നിർവഹിച്ച ദേജാവു, ഡോംബിവ്‌ലി കേരളിയ സമാജം അവതരിപ്പിച്ച കളത്തൂർ വിനയൻ സംവിധാനം ചെയ്ത ജയപ്രകാശ് രചിച്ച സോപ്പ്, ചീപ്പ് , കണ്ണാടി, നെരൂൾ ലിറ്റിൽ ഫ്ലവർ ചർച്ച് അവതരിപ്പിച്ച പി ആർ സഞ്ജയ് രചിച്ച കാറ്റ് വിതക്കുന്നവർ, രാജ് തോമസിന്റെ രചനയിൽ രഘു ബാലകൃഷ്ണൻ സംവിധാനം ചെയ്ത ഖാർഘർ മലയാളി സമാജം കാഴ്ച വച്ച നാട്ട് പൊറാട്ട് അഥവാ കോമാളിക്കൂത്ത്, ലിറ്റൽ തീയേറ്റേഴ്‌സിന്റെ ബാനറിൽ കെ വി ഗണേഷ് സംവിധാനം ചെയ്ത് എം വി രാമകൃഷ്ണൻ ഒരുക്കിയ സുജാത ഒരു പെൺപിറവി തുടങ്ങിയ നാടകങ്ങളാണ് അരങ്ങിലെത്തിയത്.

നാടകാവതരണങ്ങൾക്ക് ശേഷം നടന്ന അവലോകന യോഗത്തിൽ കെ കെ എസ് ജനറൽ സെക്രട്ടറി മാത്യു തോമസ്, ന്യൂ ബോംബൈ കേരളീയ സമാജം പ്രതിനിധികളായ രുഗ്മിണി സാഗർ, പി ഡി ജയപ്രകാശ്, ഖാർഘർ മലയാളി സമാജം പ്രതിനിധികളായ സുമ, വത്സൻ മൂർക്കോത്ത്, ലിറ്റിൽ തീയേറ്റേഴ്‌സിനെ പ്രതിനിധീകരിച്ച് എം വി രാമകൃഷ്ണൻ, പി ആർ സഞ്ജയ് എന്നിവർ വേദി പങ്കിട്ടു.
അടുത്ത വർഷം അവതരിപ്പിക്കുവാനുള്ള നാടകങ്ങളുടെ തയ്യാറെടുകൾ ഇപ്പോൾ തന്നെ തുടങ്ങണമെന്നാണ് നാടക പ്രവർത്തകനായ രാമകൃഷ്ണൻ ആവശ്യപ്പെട്ടത്.
നാടകാവതരണത്തിൽ നൂതന ആശയങ്ങൾ രൂപപ്പെടേണ്ടതുണ്ടെന്നും ചില പ്രകടനങ്ങൾ സ്കൂൾ നാടക നിലവാരത്തിൽ നിന്ന് ഉയരാതെ പോയെന്നും മാധ്യമ പ്രവർത്തകനായ എം ജി അരുൺ ചൂണ്ടിക്കാട്ടി.
രാവിലെ പത്ത് മണി മുതൽ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ അരങ്ങേറിയ നാടകങ്ങൾക്ക് നാല് മണിയോടെ തിരശീല വീഴുമ്പോൾ മികച്ച പ്രതികരണങ്ങളും നിർദ്ദേശങ്ങളുമാണ് ഉയർന്നു കേട്ടത്. ചെറിയ ഇടവേളകളിലെ നാടക ഗാനങ്ങളും ഹൃദ്യമായി
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം