കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ

0

ജനകീയ പങ്കാളിത്തത്തോടെയുള്ള സാന്ത്വന പരിചരണത്തിലൂടെയാണ് കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ മാതൃകയാകുന്നതെന്നും മുംബൈ പോലുള്ള തിരക്ക് പിടിച്ച ജീവിതശൈലി നയിക്കുന്ന നഗരത്തിൽ ഇത്തരം സേവനങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്നും നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

കെയർ ഫോർ മുംബൈയുടെ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ കേരള നിയമസഭ സ്‌പീക്കർ .

സന്നദ്ധ–-സാമൂഹ്യ സംഘടനകളുടെ സാന്ത്വനം ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന നഗരമാണ് മുംബൈ. ഒരു ചെറിയ കൂട്ടായ്മയായി കോവിഡ് കാലത്ത് ആരംഭിച്ച കെയർ ഫോർ മുംബൈ നിസ്വാർഥമായ കർമ്മ പരിപാടികളിലൂടെ ഒരു പ്രസ്ഥാനമായി വളരുകയാണെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിനാണ് കെയർ ഫോർ മുംബൈ പദ്ധതിയിട്ടിരിക്കുന്നതും നഗരത്തിലെ മലയാളി സംഘടനകളുമായി കൈകോർത്ത് അപ്പോളോ ആശുപത്രിയുടെ സഹകരണത്തോടെയാണ് കൂടുതൽ പേർക്ക് സേവനം പ്രയോജനപ്പെടുത്താൻ അവസരങ്ങൾ ഒരുക്കുന്നതെന്നും ജനറൽ സെക്രട്ടറി പ്രിയ വർഗീസ് പറഞ്ഞു.

ന്യൂ ബോംബെ കൾച്ചറൽ സെൻ്റർ കോപ്പർ ഖൈർണയുടെ സഹകരണത്തോടെ സമാജത്തിൽ വച്ച് നടന്ന ആദ്യത്തെ മെഡിക്കൽ ക്യാമ്പിൽ നിരവധി പേരാണ് പങ്കെടുത്ത് സേവനം പ്രയോജനപ്പെടുത്തിയത്.

കെയർ ഫോർ മുംബൈ ചെയർമാൻ കെ ആർ ഗോപി, പ്രസിഡന്റ് എം കെ നവാസ്, ട്രഷറർ പ്രേംലാൽ, എൻബിസിസി പ്രസിഡന്റ് ബാബു എ പി, സെക്രട്ടറി പ്രസന്നൻ ട്രഷറർ മോഹനൻ എന്നിവർ സംസാരിച്ചു. സാമൂഹിക പ്രവർത്തകരായ അനിൽ പ്രകാശ്, കെ കുറുപ്പ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മനോജ് മാളവിക ചടങ്ങുകൾ നിയന്ത്രിച്ചു.

രക്തപരിശോധനകൾ, ഇസിജി, തുടങ്ങിയ മെഡിക്കൽ പരിശോധനകൾ കൂടാതെ ഡോക്ടർ കൺസൾട്ടേഷൻ അടക്കമുള്ള സൗകര്യങ്ങളാണ് അപ്പോളോ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യമായി പ്രാപ്തമാക്കുന്നത് . ഇതിനാവശ്യമായ ചിലവുകളും മെഡിക്കൽ സംഘവുമായുള്ള ഏകോപനവും കെയർ ഫോർ മുംബൈ നിർവ്വഹിക്കും. അതെ സമയം സ്ഥലവും പരിശോധന ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കുന്ന ഉത്തരവാദിത്തമാണ് ബന്ധപ്പെട്ട മലയാളി കൂട്ടായ്മകൾ / സമാജങ്ങൾ നിർവഹിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here