ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം

0

മഹാരാഷ്ട്രയിലെ പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് സംഘടിപ്പിച്ച പ്രവാസി സംഗമം മലയാളി സമാജം പ്രതിനിധികൾ , ലോക കേരള സഭ അംഗങ്ങൾ, മറ്റ് ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നോർക്ക റൂട്ട്സിനെ പ്രതിനിധീകരിച്ച് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ,ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി ,ജനറൽ മാനേജർ അജിത് കോളശ്ശേരി , എൻ ആർ കെ ഡവലപ്പ്മെൻറ് ഓഫീസർ ഷെമീം ഖാൻ എസ്.എച്ച് എന്നിവർ പങ്കെടുത്തു.

ഷെമീം ഖാൻ സ്വാഗതം ആശംസിച്ചു

പ്രവാസികൾക്കിടയിൽ കണ്ടു വരുന്ന സാംസ്കാരിക മറവി രോഗത്തെ നേരിടാനുള്ള ആരോഗ്യ പ്രവർത്തന കേന്ദ്രങ്ങളായി പ്രവാസി സംഘടനകൾ മാറണമെന്ന് മുഖ്യാതിഥിയായി സംസാരിച്ച വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു.

സഹകരണത്തിലൂടെയും ആശയ സ്വരൂപണത്തിലൂടെയും നോർക്കയുടെ പ്രവർത്തനങ്ങൾക്ക് പുത്തൻ സാദ്ധ്യതകൾ തിരയുകയാണ് ഇത്തരം കൂടിക്കാഴ്ചകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.

സമാനതകളില്ലാത്ത കുടിയേറ്റ സംസ്കാരം പേറുന്ന സംസ്ഥാനമാണ് കേരളമെന്നും സംസ്ഥാനത്തിന്റെ അതിരുകൾ ഭേദിച്ച് ലോക കേരളമായി മാറി കൊണ്ടിരിക്കയാണെന്നും നോർക്കയുടെ പ്രസക്തി ചൂണ്ടിക്കാണിച്ചു കൊണ്ട് ജനറൽ മാനേജർ അജിത് കോളശ്ശേരി പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമുള്ള മലയാളികൾക്ക് ഒരു പോലെ ഗുണകരമാകുന്ന പതിനെട്ടോളം പദ്ധതികളാണ് നോർക്ക നടപ്പിലാക്കി വരുന്നതെന്നും അജിത് വ്യക്തമാക്കി.

നോർക്ക റൂട്ട്സിന്‍റെ സേവനങ്ങൾ എല്ലാ പ്രവാസികളിലേക്കും എത്തിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ഇന്ത്യക്കകത്തുള്ള പ്രവാസികളെ നേരിട്ട് കണ്ട് അതാത് പ്രദേശത്തെ പ്രശ്നങ്ങൾ മനസ്സിലാക്കി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുംബൈയിലും പ്രവാസി സംഗമം സംഘടിപ്പിച്ചതെന്നും അജിത് കോളശ്ശേരി പറഞ്ഞു

നോർക്ക റൂട്ട്സിന്‍റെ വിദേശത്തേക്കുള്ള പുതിയ റിക്രൂട്ട്മെന്‍റുകൾ ,ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിട്യൂട്ടിന്റെ പ്രവർത്തനം തുടങ്ങിയ സേവനങ്ങളുടെ വിശദാംശങ്ങൾ യോഗം സംവദിച്ചു. നോർക്ക റൂട്ട്സ് ആരംഭിക്കുവാൻ പോകുന്ന പുതിയ പദ്ധതികളെ കുറിച്ചും നോർക്ക റൂട്ട്സ് പ്രതിനിധികൾ വിശദീകരിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ പ്രവാസി സംഗമത്തിൽ പങ്കെടുത്ത വിവിധ സംഘടനാ ഭാരവാഹികളുമായി നോർക്ക റൂട്ട്സ് പ്രതിനിധികൾ സംവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here