വിടുതലൈ – സ്വതന്ത്ര ചിന്തകൾക്ക് ഒരു ഉണർത്ത് പാട്ട് (Movie Review)

0

ഇന്നലെ വിടുതലയ് ഒന്നാം ഭാഗം സിനിമ കണ്ടു. യഥാർഥ ജീവിതവുമായി ബന്ധമില്ലെന്ന അവകാശവാദവുമായാണ് തുടക്കത്തിൽ തന്നെ സൂരിയുടെ ശബ്ദത്തിൽ ചിത്രത്തെ പരിചയപ്പെടുത്തുന്നത്.

വെട്രി മാരൻ സിനിമകൾ കൈകാര്യം ചെയ്തിട്ടുള്ള പോലീസിന്റെ നീതി ബോധവും ധാർമികതയും എങ്ങനെ ജനവിരുദ്ധമാവുന്നു എന്ന പ്രമേയം തന്നേയാണ് വിടുതലൈ ഒന്നും കൈകാര്യം ചെയ്യുന്നത്. പോലീസ് എങ്ങനെ ഭരണകൂട താൽപര്യങ്ങളുടേയും ഭരണകൂടം എങ്ങനെ മൂലധന താൽപര്യങ്ങളുടേയും കാവലാളാവുന്നെന്നും സിനിമ മനോഹരമായിതന്നെ ചിത്രീകരിക്കുന്നു.

സ്വതന്ത്ര ചിന്തകൾ മനസ്സിൽ കൊണ്ട് നടക്കുന്നവർ ഹൃദയം കൊണ്ട് കണ്ടെണ്ട ചിത്രമാണ് വിടുതലൈ

അനാവശ്യമായ ട്വിസ്റ്റും , മറ്റു ഗിമ്മിക്സുകളും ഇല്ലാത്ത ആഖ്യായന രീതിയാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്. ഒരു വാർത്തയിലൂടെ ട്രെയിൻ അപകടത്തിന്റെ ദൃശ്യങ്ങളിലേക്കാണ് പ്രേക്ഷകരെ ആദ്യം കൊണ്ട് പോകുന്നത്. അടുത്ത കാലത്തിറങ്ങിയ ക്രിസ്റ്റോഫർ നോലൻ സിനിമകളിൽ കാണുന്ന ഒരു റിയലിസ്റ്റിക് ഫീൽ പ്രേക്ഷകന് പകർന്നാടുന്ന രീതി ഇവിടെയും കാണാം.

തമിഴ് മക്കൾ പട എന്നൊരു സംഘടനയാണ് പാലം ബോംബ് വച്ച് പൊട്ടിച്ചതെന്നുള്ള പ്രചാരണങ്ങൾ നടക്കുന്നു. പ്രദേശത്ത് ഒരു മൈനിങ് കമ്പനി വരുന്നതിനോട് തമിഴ് മക്കൾ പടയുടെ പ്രതിഷേധവും നിലനിൽക്കുന്നുണ്ട് . കാരണം കമ്പനി തുടങ്ങിയാൽ കുറച്ചാളുകൾക്ക് ജോലി കിട്ടുമെങ്കിലും പിന്നീട് ജീവനക്കാരെ അടിമകളാക്കി മാറ്റുമോയെന്ന ഭയമാണ് സംഘടനക്കുള്ളത്. ഇവരുടെ മണ്ണും, നാടും ജീവിതവും കോർപ്പറേറ്റുകൾക്ക് അടിമപ്പെടുത്തേണ്ടി വരുമോയെന്ന ആശങ്ക ഉയർത്തിയാണ് പ്രതിഷേധം

അതേ സമയം സർക്കാർ ഈ പടയെ അടിച്ചമർത്താനായി ഈ-കമ്പനി എന്നൊരു പോലീസ് പടയെ കാട്ടിലേക്ക് അയക്കുന്നു. പോലീസ് ഇവിടെ ഒരു സെൻട്രൽ പോസ്റ്റും എട്ടോളം ചെക്ക് പോസ്റ്റുകളും സ്ഥാപിക്കുന്നു. അവിടുത്തെ പോലീസുകാരുടെ ജീവിതവും വളരെ യാതനകൾ നിറഞ്ഞതായി മാറുകയാണ്.

ഈ സ്ഥലത്തേക്കാണ് ഡ്രൈവർ പോസ്റ്റിലേക്ക് കഥാ നായകനായ കുമരേശൻ എത്തുന്നത്. തമിഴ് സിനിമ കോമഡി മന്നൻ സൂരിയാണ് ഈ വേഷം ചെയ്യുന്നത്. നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും സുപ്രധാന വേഷമായി കുമരേശൻ അറിയപ്പെടും. ചിത്രത്തിൽ സൂരി അവതരിപ്പിച്ച കഥാപാത്രം പകരം വയ്ക്കാനില്ലാത്ത മികവ് പുലർത്തി. വെട്രിമാരൻ എന്ന സംവിധായകൻ്റെ ക്രാഫ്റ്റ് കൂടിയാണ് കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നടന്മാരെ തിരഞ്ഞെടുത്തതിലൂടെ പ്രകടമാകുന്നത്. അതോടൊപ്പം സൂരിക്കു നായക വേഷം കൊടുക്കാൻ കാണിച്ച ചങ്കൂറ്റവും ശ്ലാഘനീയമാണ്.

കഥ നടക്കുന്നത് 1987 ലാണ്. ഈ കാലഘട്ടത്തിലേക്ക് ദൃശ്യങ്ങളെ കൂട്ടി കൊണ്ടുപോകാൻ ക്യാമറമാൻ വേൽരാജിനും ആർട്ട് ഡയറക്ടർക്കും സാധിച്ചു.

കുമരേശൻ കാട്ടിലെത്തുന്നതോടെ പ്രദേശത്തെ നാട്ടുകാർക്ക് വലിയ തുണയാകുകയാണ്. എന്നാൽ ഇതിൽ രോഷം പൂണ്ട ചിഫ് ഓഫീസർ ഇയാളെ പല വിധത്തിൽ ദ്രോഹിക്കാൻ തുടങ്ങുന്നു.

ഇതിനിടെ കുമരേശൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. തമിഴ് പട സംഘം തലൈവർ പെരുമാളിൻ്റെ ബന്ധുവാണ് ഈ പെണ്കുട്ടിയെന്ന് പിന്നീടാണ് അറിയുന്നത്.

തമിഴ് പട തലവൻ പെരുമാളിന്റെ വേഷത്തിൽ വിജയ് സേതുപതി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പിന്നെ ഗ്രാമീണരെ ക്രൂരമായി ചോദ്യം ചെയ്യുന്ന പോലീസ് രീതിയെല്ലാം തീവ്രത ചോരാതെ പ്രേക്ഷകരിലേക്ക് പകർന്നാടാനും വെട്രിമാരന് കഴിഞ്ഞിട്ടുണ്ട്. ഇതിന് മുൻപ് ആടുകളം, വടച്ചെന്നൈ തുടങ്ങിയ സിനിമകളിലൂടെ കഴിവ് തെളിയിച്ചിട്ടുള്ള സംവിധായകന് മറ്റൊരു പൊൻതൂവലാകും ഈ ചിത്രം

എൺപത്തി ഏഴിൽ നടന്ന കഥയ്ക്ക് യഥാർത്ഥ ജീവിതവുമായി ബന്ധമില്ലെന്ന് പറയുമ്പോഴും ചിത്രത്തിന്റെ ഒന്നാം ഭാഗം അവസാനിക്കുന്നത് സമകാലിക രാഷ്ട്രീയ നേർ ചിത്രം കോറിയിട്ടു കൊണ്ടാണ്. അടിമത്തത്തിൻ്റെ നെറുകയിലേക്ക് ജനത കടന്നു കയറുന്ന കാലഘട്ടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുമെന്ന യാഥാർഥ്യം ഈ സിനിമ തുറന്നിടുന്നു.

ഒരു സാഹചര്യത്തെ സർക്കാർ നോക്കികാണുന്നതും, ഇതിനോട് പോലീസിൻ്റെ പ്രതികരണവും , വിഷയത്തെ മീഡിയ പൊതുജനങ്ങളിൽ എത്തിക്കുന്ന രീതിയും, അനുഭവിക്കുന്ന ജനങ്ങളുടെ മാനസികാവസ്ഥയുമെല്ലാം സ്വാഭാവികതയോടെ സ്ക്രീനിൽ കൊണ്ട് വരാൻ വെട്രിമാരൻ എന്ന സംവിധായകന് കഴിഞ്ഞു.

ഈ വർഷത്തെ മികച്ച നടൻ, സിനിമ, തിരക്കഥ ,സംവിധായകൻ എന്നിങ്ങനെയുള്ള ദേശീയ പുരസ്‌കാരങ്ങൾ ഈ ചിത്രത്തെ തേടി വരുമെന്ന പ്രതീക്ഷയുണ്ട്. അതേ സമയം കാലിക പ്രസക്തിയുള്ള ഇത്തരം ചിത്രങ്ങളെ ഇവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അംഗീകരിക്കുമോയെന്ന ശങ്കയും ബാക്കി നിൽക്കുന്നു.

ഈ സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഇതിൻ്റെ രണ്ടാം ഭാഗം കൂടി കാണണം എന്ന മോഹമാണ് മനസ്സിലുദിച്ചത് . പിന്നെ വെട്രിമാരൻ എന്ന സംവിധായകനോടുള്ള മതിപ്പ് ഇരട്ടിയായി. അടുത്ത ഭാഗത്തിൽ വിജയ് സേതുപതി അഴിഞ്ഞാടുമെന്ന പ്രതീതി ഉളവാക്കിയാണ് ആദ്യ ഭാഗം അവസാനിക്കുന്നത് . മലയാളത്തിൽ ഇങ്ങനെയുള്ള തിരക്കഥകൾ ഉണ്ടാകാത്തതും സിനിമ പിറക്കാത്തതും എന്ത് കൊണ്ടാണെന്ന നിരാശ പങ്ക് വെച്ചു കൊണ്ട് ഈ സിനിമാസ്വാദന കുറിപ്പ് നിർത്തുന്നത്.

വാൽ കഷ്ണം – അവാർഡ് കിട്ടാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞത് കൊണ്ട് ഇത് ഒരു ആർട്ട് പടം ആയി വിലയിരുത്തരുത്. തുടക്കം മുതൽ ഒട്ടും ബോറടിപ്പിക്കാതെ കലയും കച്ചവടവും ഇഴചേർത്ത് ഒരുക്കിയ നല്ലൊരു സിനിമ.

  • Hrithwik Chandran | +91 96196 35437

LEAVE A REPLY

Please enter your comment!
Please enter your name here