ഈ വർഷം തീയേറ്ററിലെത്തിയ മലയാള സിനിമകളിൽ ആദ്യ ഹിറ്റ് ആയിരുന്നു രോമാഞ്ചം. കുറെ കാലങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ ഹൊറർ കോമഡി വിഭാഗത്തില്‍ ഒരു ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബോക്സ് ഓഫീസ് വിജയമായിരുന്ന ചിത്രത്തിന് തിയറ്ററില്‍ ലഭിച്ച മികച്ച പ്രതികരണം തന്നെയാകും ഒടിടിക്ക് വേണ്ടി കുടുംബ പ്രേക്ഷകർ കാത്തിരിക്കാൻ കാരണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം എങ്ങിനെ ഇത്ര വലിയ ഹിറ്റായി എന്നാണ് ഇപ്പോൾ പലരും ചോദിക്കുന്നത്. 2023ലെ ആദ്യ ബംബർ ഹിറ്റായ ചിത്രത്തിന് പക്ഷേ ഒടിടിയിൽ അത്ര നല്ല വരവേൽപ്പല്ല ലഭിക്കുന്നത്.
മലയാളത്തിൽ പ്രിയദർശൻ, ശ്രീനിവാസൻ, സത്യൻ അന്തിക്കാട് കോമഡി ചിത്രങ്ങൾ കണ്ടു ശീലിച്ച പ്രേക്ഷകരാണ് രോമാഞ്ചത്തെ വിമർശിക്കുന്നവരിൽ അധികവും. തീരെ ബാലിശമായ ഉള്ളടക്കവും പുതുമയില്ലാത്ത അരോചകമായ മേക്കിങ് ശൈലിയുമാണ് നല്ല സിനിമകൾ കണ്ടു വളർന്ന പരമ്പരാഗത സിനിമാ പ്രേക്ഷകർക്കിടയിൽ രോമാഞ്ചം നിരാശ പടർത്തിയത്.
മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ കോമഡി ചിത്രമായ മണിച്ചിത്രത്താഴ് നൽകിയ ദൃശ്യാനുഭവം മനസ്സിലുള്ള മലയാളികൾക്ക് ഇതൊരു കൂതറ ചിത്രമായി അനുഭവപ്പെടും
പാട്ടുകളില്ലാത്ത പതിപ്പാണ് ഒടിടിയിലെത്തിയിരിക്കുന്നതെന്നതും ആസ്വാദനത്തെ ബാധിക്കുന്നതായി പ്രേക്ഷകർ പരാതി പറയുന്നു. ആദ്യ പകുതി വല്ലാതെ ലാഗ് ചെയ്യുന്ന ചിത്രം ആദ്യാവസാനം നിലനിർത്തുന്ന ജിജ്ഞാസ മാത്രമാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. അന്ധവിശ്വാസത്തെ അടിച്ചേൽപ്പിക്കുന്ന നിലവാരമില്ലാത്ത തിരക്കഥയും മോശം ഛായാഗ്രഹണവും ചിത്രത്തെ കുടുംബ പ്രേക്ഷകരിൽ നിന്ന് അകറ്റി നിർത്താൻ കാരണമായേക്കും. സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം ഹിറ്റാക്കിയ മലയാളി മനോഭാവം തന്നെയാണ് ഈ ചിത്രത്തെയും തീയേറ്ററുകളിൽ സഹായിച്ച ഘടകം എന്ന് വേണം കരുതാൻ
ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഇവരുടെ ജീവിതത്തിൽ യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ വിളിച്ചു വരുത്തലുമൊക്കെ ചേര്‍ത്ത് ഭയവും ചിരിയും നിറയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടെങ്കിലും ചിത്രം പര്യവസാനിക്കുമ്പോൾ ബാലിശമായ ദൃശ്യാനുഭവമാണ് നൽകുന്നത്.
സൗബിൻ സാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവനാണ്. സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചെമ്പൻ വിനോദ് അതിഥി വേഷത്തിലും സാന്നിധ്യമറിയിക്കുന്നുണ്ട്.
ജോൺപോൾ ജോർജ് പ്രൊഡക്ഷൻസിന്റെയും ഗപ്പി സിനിമാസിന്റെയും ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ.
- സിനിമാസ്വാദകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി കമ്പനി (Movie Review)
- മുംബൈയിലും തരംഗമായി രജനികാന്ത് ചിത്രം ജയിലർ
- ഇതെന്തു രോമാഞ്ചം !! തീയേറ്റർ ഹിറ്റിന് ഒടിടിയിൽ തണുത്ത പ്രതികരണം (Movie Review)
- വിടുതലൈ – സ്വതന്ത്ര ചിന്തകൾക്ക് ഒരു ഉണർത്ത് പാട്ട് (Movie Review)
- തനിയെ പൊഴിയുന്ന ദളങ്ങൾ (Short Film Review)