പതിനൊന്നാം മലയാളോത്സവത്തിന് പരിസമാപ്തി; കല്യാണ്‍-ഡോംബിവലി മേഖലക്ക് ചാമ്പ്യന്‍ഷിപ്പ് ട്രോഫി

0

മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച പതിനൊന്നാം മലയാളോത്സവത്തിന്‍റെ കലാശക്കൊട്ടായ കേന്ദ്രതല സമാപനം ഏപ്രില്‍ 9 ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ നടന്നു.

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനൊന്നാം മലയാളോത്സവത്തിന്‍റെ കലാശക്കൊട്ടായ കേന്ദ്രതല സമാപന സമ്മേളനം ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രൊഫസറും കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവുമായ ഡോ. ആര്‍.രാംകുമാര്‍ ഉത്ഘാടനം ചെയ്തു.

കേരളത്തിലെ പൌരസങ്കല്പം മലയാള ഭാഷ സംസാരിക്കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലെന്നും മറിച്ചു് ആ ഭാഷയുടെ ചരിത്രത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്നിട്ടുള്ള സാംസ്കാരിക സങ്കല്പം, രാഷ്ട്രീയ പരിപ്രേക്ഷ്യം. തുടങ്ങിയവയൊക്കെ നമ്മുടെ ചിന്തയുടെയും വിജ്ഞാന മണ്ഡലത്തിന്റെയും ഭാഗമായിത്തീരണമെന്നും ഡോ. ആര്‍.രാംകുമാര്‍ പറഞ്ഞു.

“ഏതൊരു ഭാഷയുടെയും വളര്‍ച്ചക്ക്‌ പ്രേരകമായിട്ടുള്ളത് ആ ഭാഷയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വിജ്ഞാനമാണ്‌. വിജ്ഞാനം ഉല്‍പാദിപ്പിക്കപ്പെടാത്ത ഒരു ഭാഷ ഭാവിയില്ലാത്ത ഭാഷയാണ്‌”. അദ്ദേഹം തുടര്‍ന്നു. “സാഹിത്യശാഖകളില്‍ മാത്രമല്ല, സയന്‍സ്, ഹുമാനിറ്റീസ് തുടങ്ങിയ വിവിധ മേഖലകളിലൊക്കെ ഭാഷയില്‍ വിജ്ഞാനം ഉല്‍പാദിപ്പിക്കപ്പെടണമെന്നത് നമ്മുടെ ഭാഷയുടെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്”; ഡോ. രാംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ്‌ റീന സന്തോഷ്‌ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി രാജന്‍ നായര്‍ സ്വാഗതമാശംസിച്ചു. കോവിഡ് കാലത്തെത്തുടര്‍ന്നുണ്ടായ മന്ദത ഈ വര്‍ഷത്തെ മലയാളോത്സവത്തില്‍ പ്രകടമായിരുന്നുവെന്നും വരും വര്‍ഷങ്ങളില്‍ പഴയ ഗാംഭീര്യം വീണ്ടെടുത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കാന്‍ സാധിക്കുമെന്നും രാജൻ നായർ സൂചിപ്പിച്ചു .

സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനായ ഡോ.ആര്‍. രാംകുമാറിനെയും പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരന്‍ പത്മശ്രീ കെ.കെ. രാമചന്ദ്ര പുലവരെയും വേദിയില്‍ ആദരിച്ചു.

തോല്‍പ്പാവക്കൂത്ത് എന്ന കലാരൂപത്തിന്റെ ഉല്‍പ്പത്തി, വര്‍ത്തമാനകാലത്തെ പ്രവര്‍ത്തനങ്ങള്‍, തോല്‍പ്പാവക്കൂത്തിന്‍റെ സാദ്ധ്യതകള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് പത്മശ്രീ കെ.കെ. രാമചന്ദ്ര പുലവര്‍ സദസിനെ അഭിസംബോധന ചെയ്തു.

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രം “കേരളം വളരുന്നു” വിശേഷാല്‍ പതിപ്പിന്‍റെ പ്രകാശനം പ്രൊഫ. രാംകുമാര്‍ ആദ്യപ്രതി രാമചന്ദ്ര പുലവര്‍ക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. കെ.പവിത്രന്‍ (ജോയിന്റ് സെക്രട്ടറി, കേരള പീപ്പ്ള്‍സ് എജുകേഷന്‍ സൊസൈറ്റി), രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, സെക്രട്ടറി, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ എന്നിവരും വേദി പങ്കിട്ടു.

ജനുവരി 15 ന് നടന്ന കേന്ദ്ര മലയാളോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണവും നടന്നു. 178 പോയിന്റ്‌ നേടിയ കല്യാണ്‍-ഡോംബിവലി മേഖല പ്രതിനിധികളും ടീം അംഗങ്ങളും ചേര്‍ന്ന് മുഖ്യാതിഥിയില്‍ നിന്ന് ചാമ്പ്യന്‍ ഷിപ്‌ ട്രോഫി ഏറ്റുവാങ്ങി. 153 പോയിന്റ്‌ നേടിയ നവി മുംബൈ മേഖല ടീം അംഗങ്ങള്‍ റണ്ണര്‍ അപ്പ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഏറ്റുവാങ്ങി.

സമ്മേളനത്തിന് മുമ്പ്, വിവിധ മേഖലകളിലെ കലാകാരന്മാരും കലാകാരികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. മലയാളോത്സവം കണ്‍വീനര്‍ അനില്‍പ്രകാശ് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here