കല്യാൺ പഴയ കല്യാണല്ല!

പരിഭ്രമങ്ങളോ നെട്ടോട്ടമോ ചാർട്ടുകൾക്ക് മുന്നിലെ തിക്കും തിരക്കോ ഇല്ലാത്ത ഹൈടെക് യാത്ര .. കൊച്ചി മാത്രമല്ല… കല്യാണും പഴയ കല്യാൺ സ്റ്റേഷനല്ല... രാജൻ കിണറ്റിങ്കര എഴുതുന്നു

0

വർഷങ്ങൾക്ക് ശേഷമാണ് കല്യാൺ സ്റ്റേഷനിൽ നിന്നും നാട്ടിലേക്കുളള ട്രെയിൻ പിടിക്കുന്നത്. കല്യാൺ സ്റ്റേഷനെക്കുറിച്ച് പണ്ടത്തെ യാത്രകളിൽ കുറിച്ചിട്ട ഒരു ചിത്രമുണ്ടായിരുന്നു. വൃത്തിഹീനമായ സ്റ്റേഷനും പരിസരവും. പിടിച്ചു പറിക്കാരും പൂവാലൻമാരും കറങ്ങി നടക്കുന്ന പ്ലാറ്റ്ഫോം. നിന്ന് തിരിയാൻ ഇടമില്ലാത്ത പ്ലാറ്റ്ഫോമിൽ മെയിൽ വണ്ടികളും ലോക്കൽ ട്രെയിനുകളും വന്നും പോയുമിരിക്കും. അതിനിടയിൽ ടിക്കറ്റ് കൺഫേമായോ എന്നും കോച്ച് പൊസിഷൻ അറിയാനും ചുമരിൽ പതിച്ച ചാർട്ടിന് മുന്നിൽ ഉന്തും തള്ളും കൂടുന്നവർ. കൺഫേം ടിക്കറ്റ് കൈയിലുണ്ടെങ്കിലും ചാർട്ടിൽ പേർ കണ്ടാൽ മാത്രം തൃപ്തിയടയുന്നവർ..

മംഗളയുടെ കല്യാൺ സമയം പുലർച്ചെ 5. 30 നാക്കിയതിനാൽ ഒരു ഓല ടാക്സി പിടിച്ച് 4.30 ന് തന്നെ സ്റ്റേഷനിൽ എത്തി. സ്റ്റേഷന് പുറത്ത് പകൽ പോലെ ജനസമുദ്രം . ചായയും ഓംലറ്റും ബ്രെഡും പാവുമൊക്കെ തകൃതിയായി വിൽപന നടക്കുന്നു. അല്ലെങ്കിലും സൂര്യനുദിക്കും മുന്നെ നമ്മളെ ആരും തിരിച്ചറിയാത്ത സ്ഥലത്ത് നിന്ന് പുലരിയുടെ ഇളംകുളിരിൽ ആകാശത്തെ നക്ഷത്രക്കാഴ്ചകളിലേക്ക് കണ്ണുകൾ പായിച്ച് ഓരോ സിപ്പും നുണഞ്ഞിറക്കുന്ന ആ ചായയുടെ സുഖം എവിടെ കിട്ടും ? ആ സുഖം തന്നെയാണ് സൈക്കിൾ വണ്ടിയിലെ ചായ വിൽപ്പനക്കാരന് ചുറ്റും നിന്ന് പലരും ആസ്വദിക്കുന്നതും അനുഭവിക്കുന്നതും.

സ്റ്റേഷനിലേക്ക് കയറുമ്പോൾ തന്നെ മുന്നിലെ നിയോൺ ഇന്റിഗേറ്ററിൽ ഓരോ വണ്ടികളുടേയും സമയവും വണ്ടി വരുന്ന പ്ലാറ്റ്ഫോം നമ്പറും തെളിഞ്ഞു കാണാം. പ്ലാറ്റ്‌ഫോമിലെത്തിയാൽ :പടികൾ ചവിട്ടിക്കയറി വിഷമിക്കണ്ട, എസ്കലേറ്ററുകളുണ്ട്. പ്ലാറ്റ്ഫോമിൽ രാത്രി വണ്ടികൾ ലേറ്റായതിനാലും പുലർച്ചെ വണ്ടികൾ പിടിക്കാൻ രാത്രിയിലെ അവസാന ലോക്കൽ ട്രെയിൻ പിടിച്ച് വന്നവരും മൂടിപ്പുതച്ച് കിടക്കുന്നു. ആ കാഴ്ചക്ക് മാത്രം അന്നും ഇന്നും ഒരു മാറ്റവുമില്ല.

പെട്ടികളും ബാഗുകളുമായി ഒരു അവധി കാലത്തിന്റെ രസം നുണയാൻ , നഷ്ടപ്പെടുന്ന ബന്ധങ്ങളിലേക്ക് നഗര ജീവിതത്തിന്റെ നൊമ്പരങ്ങളെ കളി ചിരിയാൽ മറക്കാൻ , സ്വന്തം ഗ്രാമത്തിന്റെ നാട്ടുവഴികളിൽ എന്നോ കൊഴിഞ്ഞു പോയൊരു ബാല്യം തിരയാൻ .. അവർ അക്ഷമരായി ട്രെയിനിന്റെ ചൂളംവിളി കാതോർത്ത് നിൽക്കുന്നു.

പഴയ ജയന്തി ജനതയുടെ ഓർമ്മകളിലേക്ക് മനസ്സ് തിരിച്ച് നടക്കുമ്പോൾ മുംബൈയിലേക്കുള്ള ലോക്കൽ ട്രെയിനിന്റെ അറിയിപ്പുകൾ മുഴങ്ങി.. വണ്ടി വരുന്ന പ്ലാറ്റ്‌ഫോമിലേക്ക് തിരക്കിട്ടോടുന്ന പുലർച്ച വണ്ടികളിലെ യാത്രക്കാരായ കച്ചവടക്കാരും മറ്റ് യാത്രികരും. ഉരുക്കു ചക്രങ്ങൾ നിശ്ചലമാകാത്ത നഗര പ്രയാണങ്ങൾ .. മഹാനഗരത്തിന്റെ ഉറക്കമില്ലാത്ത ശ്വാസമിടിപ്പുകൾ .

ട്രെയിൻ വരാൻ പത്ത് മിനുട്ടുള്ളപ്പോൾ ഇൻഡികേറ്ററിൽ കോച്ച് പൊസിഷൻ തെളിയും… പരിഭ്രമങ്ങളോ നെട്ടോട്ടമോ ചാർട്ടുകൾക്ക് മുന്നിലെ തിക്കും തിരക്കോ ഇല്ലാത്ത ഹൈടെക് യാത്ര .. കൊച്ചി മാത്രമല്ല… കല്യാണും പഴയ കല്യാൺ സ്റ്റേഷനല്ല.

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here