ഒരു ദിവസം ലോകത്തെ മൊബൈൽ മുഴുവൻ നിശ്ചലമായി. രാവിലെ എണീറ്റ് വന്ന ഭാര്യ ഉമ്മറത്തെ അപരിചിതനെ കണ്ട് പരിഭ്രാന്തിയോടെ ചോദിച്ചു, നിങ്ങളാരാണ് ? എന്താണിവിടെ ?
ഞാൻ ഈ വീട്ടിലെ ഗൃഹനാഥനാണ് , ആട്ടെ നിങ്ങളാരാ? അയാൾ തിരിച്ചു ചോദിച്ചു.
ഞാൻ ഗൃഹനാഥ , അവൾ മറുപടി പറഞ്ഞു.
അങ്ങനെ അവർ ആദ്യമായി പരസ്പരം കണ്ടു , പരിചയപ്പെട്ടു.
എന്നാണ് നമ്മുടെ വിവാഹം കഴിഞ്ഞത് ? ഓർമ്മയുണ്ടോ ? അയാൾ ഭാര്യയോട് ചോദിച്ചു.
ഓർമ്മയില്ല , ഗ്യാലറി ക്ലിയർ ചെയ്തതു കൊണ്ട് കല്യാണ ഫോട്ടോയും കൈയിലില്ല. അവൾ പറഞ്ഞു.
പുറത്ത് ഗെയിറ്റിൽ ഒരു ബസ് വന്ന് ഹോണടിക്കുന്നു. എന്താത്? ഭർത്താവ് ചോദിച്ചു.
അത് മോന്റെ സ്കൂൾ ബസാണ് . അവൻ അതിലാണ് സ്കൂളിൽ പോകുക.
ഓഹോ, നമുക്ക് മക്കളുമുണ്ടോ ? ഭർത്താവ് ആശ്ചര്യപ്പെട്ടു.
മക്കളില്ല. ഒരു മോൻ മാത്രം. ഭാര്യ പറഞ്ഞു.
നമ്മുടെ മോൻ ഇപ്പോൾ എത്രാം ക്ലാസിലാ ? ഭർത്താവ് ചോദിച്ചു.
ഏഴിലോ എട്ടിലോ ആണെന്ന് തോന്നുന്നു. ഞാനവന്റെ ബുക്ക് എടുത്ത് നോക്കട്ടെ. ഭാര്യ അലമാര തപ്പാൻ തുടങ്ങി.
അല്ലാ, നിന്റെ മുഖത്തെ ഈ കറുത്ത പുള്ളി എന്താ ? ഭാര്യ പുസ്തകം തിരയുന്നതിനിടയിൽ ഭർത്താവ് ചോദിച്ചു.
അത് കാക്കാ പുള്ളിയാണ്.. കല്യാണം കഴിക്കുമ്പോഴേ ഉണ്ട് . ഭാര്യ പറഞ്ഞു. നിങ്ങളുടെ നെറ്റിയിലെ ഈ പാടെന്താ ?
അത് കല്യാണം കഴിഞ്ഞ് ആദ്യത്തെ ലീവിന് നാട്ടിൽ പോയപ്പോൾ സ്കൂട്ടറിൽ നിന്ന് വിണതല്ലേ.
ബുക്ക് കിട്ടിട്ടോ . അവൻ ഒമ്പതിലെത്തിയിരിക്കുന്നു. ഭാര്യ സന്തോഷത്തോടെ പറഞ്ഞു.
നിങ്ങക്കിന്ന് ഓഫീസിൽ പോകണ്ടേ , ഞാൻ ബ്രേക് ഫാസ്റ്റ് എടുക്കാം. ഭാര്യ പറഞ്ഞു.
നീയാ കലണ്ടറിൽ നോക്കിയേ ഇന്നെന്താ ആഴ്ചയെന്ന് ?
ഇന്ന് ചൊവ്വാഴ്ചയാണ് , നിങ്ങൾ ഭക്ഷണം കഴിക്ക് , അപ്പോഴേക്കും ഞാൻ കുളിക്കട്ടെ.
ഇഡ്ഡലിയും സാമ്പാറും നല്ല ടേസ്റ്റുണ്ടല്ലോ. പ്രാതൽ കഴിക്കുന്നതിനിടയിൽ അയാൾ ഭാര്യയെ പുകഴ്ത്തി.
പഴകിയത് കൊണ്ടാവും. ഇന്നലെ രാവിലെ വായിൽ വക്കാൻ കൊള്ളില്ല എന്ന് പറഞ്ഞ് നിങ്ങൾ മാറ്റി വച്ച സാധനം തന്നെയാണത്.
നമ്മുടെ വീട് നീ പെയിന്റ് ചെയ്തോ ഈയിടെ ? വെള്ളച്ചുമരുകളായിരുന്നല്ലോ ആദ്യം എന്നൊരോർമ്മ. ഭർത്താവ് ചോദിച്ചു.
അത് വെള്ള തന്നെ. പൊടി പിടിച്ച് നിറം മാറിയതാണ്.. മോബൈൽ നിന്നപ്പോഴല്ലേ തല ഉയർത്തിയത്. അതാ ഇതുവരെ കാണാത്തത് . ഭാര്യ സമാധാനിപ്പിച്ചു.
നമ്മുടെ അയൽ പക്കത്തെ ആ പാട്ട് പാടുന്ന വ്യദ്ധൻ അവിടെയുണ്ടോ ? ഭർത്താവ് ചോദിച്ചു.
ഇപ്പോൾ പാട്ട് കേൾക്കാറില്ല . മരിച്ചൂന്ന് സംശയമുണ്ട്. ഭാര്യ പറഞ്ഞു.
എത്രയെത്ര മാറ്റങ്ങളാ അല്ലേ വന്നത് ? ഭർത്താവ് ആത്മഗതം ചെയ്തു.
ഒന്നും മാറിയില്ല , മൊബൈൽ മാത്രം ആറ് മാസം കൂടുമ്പോൾ മാറ്റിക്കൊണ്ടിരുന്നു. ഭാര്യ മറുപടി പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.
ഏട്ടാ, ഓടി വായോ , അകത്ത് നിന്നും ഭാര്യ നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടി വന്നു.
എന്താ . എന്ത് പറ്റി ? ഭർത്താവ് പരിഭ്രമത്തോടെ ചോദിച്ചു.
കുളിക്കാൻ തോർത്ത് തപ്പിയപ്പോൾ അഞ്ചാം ക്ലാസുകാരുടെ പുസ്തകം ഇരിക്കുന്നു. നമുക്ക് ഒരു മോനും കൂടി ഉണ്ടെന്ന് തോന്നുന്നു.
എങ്കിൽ അവനെവിടെ ? ഭർത്താവ് ചോദിച്ചു.
നിങ്ങൾ രണ്ട് പേരും ഒന്ന് ബഹളം വക്കാതിരിക്കോ . ഞാനൊന്ന് ഉറങ്ങട്ടെ. എനിക്ക് സ്കൂൾ ഉച്ചക്കുള്ള ഷിഫ്റ്റാന്ന് അറിയില്ലേ.. അഞ്ചാം ക്ലാസുകാരൻ കട്ടിലിൽ ചുരുണ്ടു കൂടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.
- രാജൻ കിണറ്റിങ്കര