ലോക നാടകദിനമായിരുന്ന മാർച്ച് 27 മുതൽ ആരംഭിച്ച ഒറ്റയാൾ നാടകം ‘ഏകത’ എന്ന പരീക്ഷണ നാടകത്തിന് മുംബൈയിൽ നാലാമത് വേദിയൊരുക്കി ഇപ്റ്റ കേരളയുടെ മുംബൈ ഘടകം.
തിരുവനന്തപുരം ജില്ലയിലെ വിതുര സുധാകരൻ എന്ന നാടക കലാകാരൻ ഭാരതത്തിൻ്റെ തെക്കേയറ്റം തിരുവനന്തപുരം മുതൽ വടക്കേയറ്റം കാശ്മീർ വരെ തൻ്റെ നാടക പരീക്ഷണവുമായി മോട്ടോർ സൈക്കിളിൽ തുടരുന്ന നാടക യാത്രയുടെ ഭാഗമായാണ് മുംബൈയിൽ പ്രദർശനമൊരുക്കിയത്.
നാടക രംഗത്തെ പുതു പരീക്ഷണവും വ്യത്യസ്തമായ 12 ഭാഷകളിലുള്ള പ്രശസ്തങ്ങളായ നാടകങ്ങളെ ആസ്പദമാക്കി 12 ഭാഷകളിൽ ഏകദേശം 28 മിനിറ്റിനുള്ളിൽ അവതരിപ്പിച്ചു തീരുന്ന ഈ നാടകം അരങ്ങേറിയത് ഖാർഘർ മലയാളി സമാജത്തിൻ്റെ സഹായത്തോടെ ഖാർഘറിലുള്ള സെക്ടർ 12 ലെ സിഡ്കോ കമ്മ്യൂണിറ്റി സെൻ്ററിലാണ്.
മലയാളത്തിന് പുറമെ കൊങ്കിണി, തമിഴ്, കന്നഡ, തെലുങ്ക്, ഗുജറാത്തി, മറാഠി, പഞ്ചാബി, കശ്മീരി, ബംഗാളി, അസ്സാമീസ്, ഹിന്ദി ഭാഷകളിലുള്ള പ്രശസ്തങ്ങളായ നാടകങ്ങളിലെ ചില ഭാഗങ്ങൾ സുധാകരൻ ‘ഏകത’യിൽ പകർന്നാടുന്നു.
ഇപ്റ്റ കേരളയുടെ മുംബൈ ഘടകത്തിന് വേണ്ടി ചിലവ് ചുരുക്കിയുള്ള ഈ നാടകത്തിൻ്റെ ഏകോപനം നടത്തിയത് ലിറ്റിൽ തിയ്യറ്ററിൻ്റെ എം വി രാമകൃഷ്ണനും ന്യൂ ബോംബെ കേരളീയ സമാജം നെരൂളിൻ്റെ സെക്രട്ടറി ജയപ്രകാശ് പി ഡി യുമാണ്.
വിശാലമായ സ്റ്റേജ് സൗകര്യമൊന്നും ആവശ്യമില്ലാത്ത ഈ പരീക്ഷണ നാടകം, നാടക കലയോടുള്ള അഭിനിവേശം തുറന്നു കാട്ടുകയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആചരണത്തിന്റെ ഭാഗമായി നടക്കുന്ന ആസാദി കി അമൃത് മഹോത്സവിൻ്റെ സന്ദേശം വിളിച്ചോതുകയും ചെയ്യുന്നു.
നാടകത്തിന് ശേഷം ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും ഉയർന്ന വന്ന ചർച്ചയും അരങ്ങേറി. നർത്തകിയായ വിദ്യ സുരേഷ് വിതുര സുധാകരനുമായി നൃത്തചുവടുകൾ ചർച്ചയുടെ ഭാഗമായി കൈമാറിയത് ശ്രദ്ധേയമായി.
ഇപ്റ്റ കേരള- മുംബൈ ഘടകം വൈസ് പ്രസിഡണ്ട് മുരളി മാട്ടുമ്മൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ബിജു കോമത്ത് നന്ദിയും എം വി രാമകൃഷ്ണൻ ആമുഖ വർത്തമാനവും നടത്തിയപ്പോൾ ഇപ്റ്റയുടെ സന്നദ്ധ പ്രവർത്തകൻ ശ്യാംലാൽ മണിയറ വിതുര സുധാകരന് ഉപഹാരവും കൈമാറി.
ഇതിന് മുമ്പ് ഖാർഘർ മലയാളി സമാജവും കേരള സമാജം ഉൽവെ നോഡും ന്യൂ ബോംബെ കേരളീയ സമാജം നെരൂളും ഏകതക്ക് വേദിയൊരുക്കിയിരുന്നു.
- മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി
- വോട്ടർപട്ടികയിൽ പേരില്ലേ ? പേര് ചേർക്കാനുള്ള അവസാന ദിവസം ഡിസംബർ 9
- ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം മണ്ഡല പുജ ആഘോഷിച്ചു
- നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി
- കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവലിക്ക് പുതിയ നേതൃത്വം