ഡോമ്പിവലിയിൽ മുങ്ങി മരിച്ച സഹോദരങ്ങളുടെ ഭൗതിക ശരീരം ജന്മ നാട്ടിലേക്ക് അയച്ചു

0

ഇന്ന് രാവിലെ 12 മണിക്കായിരുന്നു സഹോദരങ്ങളായ രഞ്ജിത്തും കീർത്തിയും വളർത്തു നായയെ കുളിപ്പിക്കുന്നതിനിടയിൽ ഡോമ്പിവിലിയിലെ ദവ്ഡി ഗാവിലെ തടാകത്തിൽ  വീണു മുങ്ങി മരിച്ചത്. നായയെ കരയിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു രഞ്ജിത്ത് കാൽ വഴുതി വെള്ളത്തിലേക്ക്  വീണത്. കണ്ട്തു നിന്ന സഹോദരി കീർത്തി ചേട്ടനെ രക്ഷിക്കാനായി  പരിഭ്രാന്തിയിൽ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.  നീന്തൽ വശമില്ലാതിരുന്ന സഹോദരങ്ങൾ ആഴക്കയത്തിലേക്ക് മുങ്ങി പോകുകയായിരുന്നു . വിവരമറിഞ്ഞു സമീപ വാസികളും പോലീസും രക്ഷക്കായി എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

അകാലത്തിൽ വിട പറഞ്ഞ രഞ്ജിത്ത് ഹൌസ് സർജനായി സീവുഡ് ആശുപത്രിയിൽ പ്രാക്റ്റീസ് ചെയ്യുകയാണ്. പഠിക്കാൻ മിടുക്കിയായ കീർത്തി പത്താം ക്ലാസ്സ്‌ പരീക്ഷയിൽ 91% മാർക്ക് വാങ്ങിയാണ് പാസ്സായത്.

ഹരിപ്പാട് സ്വദേശികളായ രവീന്ദ്രൻ ദീപാ ദമ്പതികളുടെ മക്കളാണ് ഡോ.രഞ്ജിത്തും കീർത്തിയും . ജന്മനാട്ടിൽ പണി പൂർത്തിയാക്കിയ പുതിയ വീടിന്റെ ഗൃഹ പ്രവേശന ചടങ്ങിൽ പങ്കെടുത്ത് പോയ വാരമാണ് രണ്ടു പേരും മുംബൈയിൽ മടങ്ങിയെത്തിയത്. മാതാപിതാക്കൾ നാട്ടിലാണ്.

മൃതശരീരങ്ങൾ പോസ്റ്റ്‌ മോർട്ടത്തിന് ശേഷം വിമാന മാർഗ്ഗം ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തും. വിമാനത്താവളത്തിൽ നിന്ന്   ആംബുലൻസ്  വഴി ജന്മനാടായ ഹരിപ്പാടിലേക്ക് കൊണ്ട് പോകാനുള്ള സൗകര്യങ്ങൾ  മുംബൈയിലെ നോർക്ക ഓഫിസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധുവായ സാമൂഹിക പ്രവർത്തകൻ പി കെ ലാലി അറിയിച്ചു.   ഡോമ്പിവലി സമാജം ചെയർമാൻ വർഗീസ് ഡാനിയൽ, ബാല കുറുപ്പ് തുടങ്ങി നിരവധി സാമൂഹിക പ്രവർത്തകരുടെയും പ്രദേശവാസികളുടെയും സഹായങ്ങൾ  പോലിസ് നടപടികൾ അടക്കമുള്ള കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചെന്നും ലാലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here