കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

0
ജോലി ദിവസമായിരുന്നിട്ടും, തോരാത്ത മഴയെ പോലും അവഗണിച്ചാണ് അവരെല്ലാം എത്തിയത്; മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി സംഘടനാ പ്രതിനിധികളും, വ്യവസായികളും, സാമൂഹിക പ്രവർത്തകരും വാഷി കേരളാ ഹൌസിൽ വിളിച്ചു കൂട്ടിയ അടിയന്ത യോഗത്തിൽ സംബന്ധിച്ചു. യോഗത്തിൽ നടന്ന സംവാദത്തിലും ആശയവിനിമയത്തിലും പ്രകടമായത് മലയാളിയെന്ന വികാരവും പിറന്ന നാടിനോടുള്ള പ്രതിബദ്ധയുമായിരുന്നു. ജന്മനാടിനോടൊപ്പം നിന്ന് ദുരിതത്തിലും ദുഖത്തിലും പങ്കു ചേർന്ന് നാടിനെ ദുരിതക്കയത്തിൽ നിന്നും കര കയറ്റാനുള്ള വ്യഗ്രത ഏവരും പങ്കു വച്ചു.
അതി രൂക്ഷമായ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട പതിനായിരങ്ങളുടെ വിലാപങ്ങൾക്ക് ആശ്വാസം തേടുകയായിരുന്നു ലോക കേരള സഭാ മെമ്പർമാർ വിളിച്ചു കൂട്ടിയ യോഗം.
ലയൺ കുമാരൻ നായർ അദ്ധ്യക്ഷനായ ചടങ്ങിൽ എൻ കെ ഭൂപേഷ്‌ബാബു, മാത്യു തോമസ്, പി ഡി ജയപ്രകാശ്, ബിന്ദു ജയൻ, പി കെ ലാലി, ലതിക എന്നിവർ വേദി പങ്കിട്ടു.

കേരളം നേരിട്ട പ്രകൃതി ദുരന്തത്തിന്റെ തീവ്രതയും നിലക്കാത്ത മഴയെ കുറിച്ചുള്ള ആശങ്കയുമായിരുന്നു ഒത്തു കൂടിയവരുടെ വാക്കുകളിലും മൗനത്തിലും നിറഞ്ഞു നിന്നത്.

കേരളം നേരിട്ട പ്രകൃതി ദുരന്തത്തിന്റെ തീവ്രതയും നിലക്കാത്ത മഴയെ കുറിച്ചുള്ള ആശങ്കയുമായിരുന്നു ഒത്തു കൂടിയവരുടെ വാക്കുകളിലും മൗനത്തിലും നിറഞ്ഞു നിന്നത്. പ്രളയക്കെടുതിയിൽ വലയുന്ന പിറന്ന നാടിനെ പുനരുദ്ധരിക്കാനുള്ള പദ്ധതിയിൽ മുംബൈ മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപികരിക്കുവാൻ യോഗം തീരുമാനിച്ചു. ലോക കേരള സഭംഗങ്ങളോടൊപ്പം നിന്ന് പരമാവുധി സഹായങ്ങൾ വ്യക്തികളിൽ നിന്നും, സംഘടനകൾ, കോർപ്പറേറ്റ് കമ്പനികൾ തുടങ്ങിയവരിൽ നിന്നും സമാഹരിക്കുന്നതിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ആവശ്യകതയും ചർച്ചയിൽ ഉരുത്തിരിഞ്ഞു.
ഇതുവരെ ഏകദേശം 8000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴ തുടർന്നാൽ നഷ്ട കണക്കുകളുടെ അനുപാതം ഇനിയും ഉയരാനാണ് സാധ്യത. പുനർനിർമ്മാണത്തിനും വലിയൊരു ബാധ്യതയാണ് കേരളം നേരിടുവാൻ പോകുന്നത്.
വൈകിട്ട് 7 മണിക്ക് ചേർന്ന യോഗത്തിൽ ടി എൻ ഹരിഹരൻ, എം കെ നവാസ്, എൻ എസ് സലിംകുമാർ, സിബി സത്യൻ, ശ്രീകാന്ത് നായർ, പ്രിയാ വർഗീസ്, കെ ടി നായർ, കേളി രാമചന്ദ്രൻ, സിബി സത്യൻ, പി പി അശോകൻ,  ഗിരീഷ് നായർ, പവിത്രൻ, ദീപക് പച്ച, എസ് കുമാർ, അനിൽ പ്രകാശ് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. വസായ് വിരാർ മേഖലയിലുണ്ടായ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മലയാളി കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതികളും യോഗം ചർച്ച ചെയ്തു.
മഹാരാഷ്ട്രയുടെ വിവിധ മേഖലകളിൽ സമാനമായ യോഗങ്ങൾ കൂടി ഇത്തരം പ്രവർത്തനങ്ങളെ ഏകോപിക്കാനുള്ള ശ്രമങ്ങൾ തുടരണമെന്ന് യോഗം വിലയിരുത്തി. ഇതിനായി പ്രത്യേക കമ്മിറ്റിയുടെ മേൽനോട്ടത്തിൽ മുംബൈയിലെ സുമനസുകളുടെ സഹകരണത്തോടെ വലിയൊരു തുക സമാഹരിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് യോഗം പിരിഞ്ഞത്.
മുംബൈയിലെ മലയാളി സമൂഹം ഒറ്റകെട്ടായി പ്രവർത്തിച്ചാൽ ചുരുങ്ങിയത് 500 കോടി രൂപയെങ്കിലും ഒരു മാസത്തിനകം സമാഹരിക്കാനാകും. നഗരത്തിലെ മലയാളി സംഘടനകൾ ഓണാഘോഷത്തിലൂടെ മാത്രം ചിലവിട്ടിരുന്നത് ഏകദേശം 10 കോടിയോളം രൂപയാണ്. ജ്യോതി ലബോറട്ടറീസ്, ടാറ്റ ട്രസ്റ്റ് തുടങ്ങിയ കോർപ്പറേറ്റ് കമ്പനികൾ ഇതിനകം സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി കഴിഞ്ഞു. ടാറ്റ ട്രസ്റ് 10 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. സമാനമായ 17 പ്രധാന കോർപറേറ്റുകളുമായി ഇതിനകം സംസാരിച്ചു കഴിഞ്ഞുവെന്നാണ് ലോക കേരള സഭാ മെമ്പർ കൂടിയായ പ്രിൻസ് വൈദ്യൻ അറിയിച്ചത്. ഏകദേശം 100 കോടി രൂപയോളം സമാഹരിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പ്രിൻസ്.
ലോക കേരള സഭ മെമ്പർമാർ അടങ്ങുന്ന പ്രത്യേക കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വിവിധ സമാജങ്ങൾ വഴി കൂടുതൽ പേരെ ഈ ഉദ്യമത്തിൽ പങ്കാളികളാക്കുകയും സഹായങ്ങൾ നൽകുന്നതിന് ഒരു കാലവുധി തീരുമാനിക്കുകയും ചെയ്യണം. 500 കോടി രൂപയെങ്കിലും കേരളത്തിന് ചുരുങ്ങിയ കാലവുധിക്കുള്ളിൽ നാടിന്റെ പുനരുദ്ധാരണത്തിനായി നൽകുവാൻ കഴിയുമെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സഹായ വാഗ്ദാനങ്ങൾ പരിഗണിച്ചാൽ മനസിലാക്കാൻ കഴിയുക.
ഒരു പൊതു ചടങ്ങിൽ വച്ച് ഈ സഹായം കൈമാറുവാൻ കേരളത്തിലെ ജനപ്രതിനിധികളെ മുംബൈയിലേക്ക് ക്ഷണിക്കുവാൻ കഴിയുമെങ്കിൽ കൂടുതൽ ജനപങ്കാളിത്തം ഇക്കാര്യത്തിൽ ഉറപ്പാക്കാനും സംഭാവനകളെ ഏകോപിക്കുവാനും കഴിയും. കേരളം ഒറ്റക്കെട്ടായി കക്ഷിരാഷ്ട്രീയമില്ലാതെയാണ് പ്രളയ ദുരന്തത്തെ നേരിടുന്നത്. അത് കൊണ്ടുതന്നെ മുംബൈ മലയാളി സമൂഹവും ഒരു മനസ്സോടെ കൈകോർത്തു നിൽക്കേണ്ട സമയമാണിത് .

കേരളത്തിന് കൈത്താങ്ങ്; സഹായവാഗ്ദാനവുമായി നിരവധി സുമനസുകൾ രംഗത്ത്
മഴക്കെടുതി; ഒരു കോടി ധനസഹായവുമായി ജ്യോതി ലാബോറട്ടറീസ്

LEAVE A REPLY

Please enter your comment!
Please enter your name here