മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തു നിറ സാന്നിധ്യമായിരുന്ന ടി കെ ബാബുരാജിന്റെ വിയോഗത്തിൽ മനം നൊന്തു മുംബൈ . അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം നിരവധി പേരാണ് ഘാട്കോപ്പർ സ്വപ്നലോകിലെ വസതിയിലെത്തിയത്.
ശ്രീനാരായണ മന്ദിര സമിതിയുടെ ആദ്യ കാല പ്രവർത്തകനും ശ്രീനാരായണ ബാങ്കിന്റെ സംരംഭകരിൽ പ്രധാനിയും കേരളീയ കേന്ദ്ര സംഘടനാ സ്ഥാപക മെമ്പറും മാത്രമല്ല സിനിമാ നിർമ്മാതാവായും, നാടക പ്രവർത്തകനായും, ആദർശ് വിദ്യാലയത്തിന്റെ സാരഥിയായും കൂടാതെ ശ്രീ നാരായണ ഹൌസിങ് സൊസൈറ്റി, ബോംബെ കേരള സമാജം, മലയാള ഭാഷ പ്രചാരണ സംഘം എന്നിങ്ങനെ ബാബുരാജിന്റെ പ്രവർത്തന മേഖല വിപുലമായിരുന്നു.
നിസ്വാർഥനായ സാമൂഹിക പ്രവർത്തകനെയാണ് നഗരത്തിന് നഷ്ടമായതെന്ന് തൊഴിലാളി രംഗത്തെ മുതിര്‍ന്ന നേതാവും, മഹാരാഷ്ട്ര സി.ഐ.ടി.യു മുൻ സെക്രട്ടറിയുമായ പി ആർ കൃഷ്ണൻ പറഞ്ഞു.
ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനശൈലിയാണ് ബാബുരാജിനെ സാമൂഹിക രംഗത്തു പ്രിയങ്കരനാക്കിയതെന്നാണ് നാടക പ്രവർത്തകനും മുളുണ്ട് മലയാളി സമാജം പ്രസിഡണ്ടുമായ സി കെ കെ പൊതുവാൾ പറഞ്ഞു. മുംബൈ നാടകവേദിക്ക് ബാബുരാജ് നൽകിയ സംഭാവനകൾ മറക്കാനാവില്ലെന്നും അര നൂറ്റാണ്ടു കാലത്തെ സ്നേഹ ബന്ധം പങ്കു വച്ച് പൊതുവാൾ അനുസ്മരിച്ചു.
ബാബുരാജ് സാർ തനിക്ക് ഗുരുതുല്യനാണെന്ന് ലോക കേരള സഭാംഗം ബിന്ദു ജയൻ പറഞ്ഞു. മലയാള ഭാഷ പ്രചാരണ സംഘവുമായി ബന്ധപ്പെട്ടാണ് ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ളതെന്നും ബിന്ദു കൂട്ടിച്ചേർത്തു
നിസ്വാർഥനായ സാമൂഹിക പ്രവർത്തകനെന്ന് പി ആർ കൃഷ്ണൻ, സഹപാഠിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ച് തിലകൻ
ഗുരുതുല്യനെന്ന് ബിന്ദു ജയൻ.
സംഘടനാ പ്രവർത്തന രംഗത്തു ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നപ്പോഴും വ്യക്തിബന്ധങ്ങളെ അതൊന്നും ബാധിച്ചിരുന്നില്ലെന്നാണ് സഹപാഠിയായിരുന്ന പോരാളിയെ അനുസ്മരിച്ചു ഇ ഐ എസ് തിലകൻ പറഞ്ഞത്.
ബാബുവേട്ടനെ കുറിച്ച് സംസാരിക്കുമ്പോൾ ഹരിലാൽ പൊട്ടത്തിന് സഹോദര തുല്യമായ സ്നേഹം. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും തനിക്കൊരു താങ്ങായി നിന്നിരുന്ന ജേഷ്ഠ സഹോദരനായിരുന്നു ബാബുവേട്ടനെന്ന് ഹരിലാൽ ഓർത്തെടുത്തു. കൈവച്ച മേഖലകളിലെല്ലാം വിജയം സുനിശ്ചിതമാക്കിയ വ്യക്തി പ്രഭാവമാണ് അദ്ദേഹത്തിന്റേതെന്നും ഹരിലാൽ പറഞ്ഞു.
മുംബൈ സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടമാണ് ബാബുരാജിന്റെ വിയോഗമെന്ന് സാമൂഹിക പ്രവർത്തകനായ ഇ പി വാസു പറഞ്ഞു. നഗരത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു ബാബുരാജെന്നും വാസു വ്യക്തമാക്കി.
ഘാട്കോപ്പറിലെ വസതിയിൽ 12 മണി മുതൽ പൊതു ദർശനത്തിന് വച്ചതിന് ശേഷം മൂന്നു മണിയോടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം വലിയൊരു ജനാവലി ബാബുരാജിന് യാത്രാമൊഴി നൽകി.
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം