ശാന്ത ടീച്ചർ

മുംബൈയിലെ അറിയപ്പെടുത്ത എഴുത്തുകാരനും കാർട്ടൂണിസ്റ്റുമാണ് രാജൻ കിണറ്റിങ്കര

0
ശാന്ത ടീച്ചർ മരിച്ചൂത്രേ, വല്ലാത്ത കഷ്ടായിരുന്നൂത്രേ ടീച്ചറുടെഅവസാന നാളുകൾ . നഗരത്തിലെ പതിവ് ട്രെയിൻ യാത്രയിൽ ആരോ പറഞ്ഞാണ് അയാൾ ആ വാർത്ത അറിഞ്ഞത് . വഴിമുടക്കിയ സിഗ്നലുകളും ഒരു പകലിന്റെ നെട്ടോട്ടവും താളം തെറ്റിച്ച അയാളുടെ മനസ്സിൽ ആ വാർത്ത അത്ര വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല , അല്ലെങ്കിലും മുംബൈ വാസികൾക്ക് ജനനവും മരണവും ഒക്കെ ഒരു പോലെയല്ലേ , ഒരുദിവസം റെയിൽ വേ ട്രാക്കിൽ എത്രജീവൻ പൊലിഞ്ഞു പോകുന്നു . കണ്ടും കേട്ടും മനസ്സ്മരവിച്ചിരിക്കുന്നു . അതിനാൽ ഒരു മരണവാർത്തയൊന്നും അയാളിൽ ഒരു വികാരവും ജനിപ്പിക്കാറില്ല .എല്ലാറ്റിനും ഒരു നിസ്സംഗത മാത്രം . അതെ സ്വന്തം വികാരങ്ങൾക്കും ചിന്തകൾക്കും ഒന്നും നഗരത്തിൽ പ്രസക്തിയില്ല , മനസാക്ഷിയുംമനസ്സും തീറെഴുതി ആർക്കൊക്കെയോ വേണ്ടി കഷ്ടപ്പെടുന്നു, ആർക്കൊക്കെയോ വേണ്ടി ജീവിക്കുന്നു . ആർക്കും ആരെയും തൃപ്തിപ്പെടുത്താൻ കഴിയാത്ത ജീവിതം . ശമ്പള ദിവസം മൊബൈലിൽ വരുന്ന ബാങ്കിന്റെ മെസ്സേജിനെ കാത്തിരിക്കുന്നവരാണ് എല്ലാവരും . ആ ഒരു സന്ദേശത്തിനു വേണ്ടിയാണ് യാത്രകൾ, ഓരോ നിമിഷവും മരിച്ചു ജീവിക്കുന്നവർ . ഒരു നോട്ടപ്പെശക് , അല്ലെങ്കിൽ മനസ്സിന്റെ ഒരു നിമിഷ നേരത്തെ ചാഞ്ചാട്ടം , എല്ലാം അവിടെ തീരും .

യാത്രക്കാരിൽ ആരോ തന്റെ സഹയാത്രികനോട് ചൂടാവുകയാണ്, ഇത് മുംബൈ ട്രെയിനിലെ സ്ഥിരംകാഴ്ചയാണ് .  മനസ്സിന്റെ പ്രക്ഷുബ്ധതകൾ അവൻ അഴിച്ചുവിടുന്നത് ലോക്കൽ ട്രെയിനിലെ കമ്പാർട്ടുമെന്റുകളിൽ ആണ്

വിശ്വാസം അതല്ലേ എല്ലാം ,ആഭരണക്കടയുടെ പരസ്യ വാചകം അന്വർത്ഥമാകുന്നത് മുംബൈ വാസികൾക്കാണ് , അയാളോർത്തു. ട്രെയിൻ അടുത്തെത്തും മുന്നേ ട്രാക്ക് ക്രോസ്സ് ചെയ്യാം എന്ന വിശ്വാസം, ബോണസ് കിട്ടിയാൽ ലോൺ repayment ചെയ്യാം എന്ന വിശ്വാസം. ഒരു ലീവ് കിട്ടിയാൽ കുടുംബവുമായി ഒരു സിനിമക്ക് പോകാം എന്ന വിശ്വാസം, ഒരൽപം നേരത്തെ ഓഫീസിൽ നിന്നിറങ്ങിയാൽ ട്രാഫിക്കിൽ പെടാതെ വീടെത്താം എന്ന വിശ്വാസം . പക്ഷെ ഇവിടെ വിശ്വാസങ്ങൾക്ക് പ്രസക്തിയില്ല, വിചാരിക്കുന്നതിനു നേരെ വിപരീതമായിരിക്കും സംഭവിക്കുക .
അരെ ഭായി , ദിഖ്‌താ നഹി ക്യാ ,എന്ന ഉച്ചത്തിലുള്ള ബഹളം കെട്ടാണ് അയാൾ ചിന്തയിൽ നിന്നുണർന്നത് . യാത്രക്കാരിൽ ആരോ തന്റെ സഹയാത്രികനോട് ചൂടാവുകയാണ്, ഇത് മുംബൈ ട്രെയിനിലെ സ്ഥിരംകാഴ്ചയാണ് . കാര്യത്തിനും അല്ലാതെയും അവർ ദ്വേഷ്യപ്പെട്ടു കൊണ്ടിരിക്കും . മനസ്സിന്റെ പ്രക്ഷുബ്ധതകൾ അവൻ അഴിച്ചുവിടുന്നത് ലോക്കൽ ട്രെയിനിലെ കമ്പാർട്ടുമെന്റുകളിൽ ആണ് . അവിടെ അവൻ അതീവ സ്വതന്ത്രനാണ് , ബന്ധങ്ങളോ കടപ്പാടോ മേലുദ്യോഗസ്ഥനോ ഒന്നും അയാളെ കടിഞ്ഞാണിടുന്നില്ല ,ആവോളം പൊട്ടിത്തെറിക്കാം ,കാര്യമൊന്നും വേണ്ട , വെറുതെ ദേഹത്തൊന്നു മുട്ടിയാൽ മതി . ഒരു നിമിഷ നേരത്തേക്ക് ബോഗിക്കുള്ളിൽ ഒരു യുദ്ധ പ്രതീതി സൃഷിടിക്കാൻ .
പിന്നെ ശാന്ത ടീച്ചറിനെ കുറിച്ച് അയാൾ കേൾക്കുന്നത് ഈയിടെ നാട്ടിൽ ചെന്നപ്പോഴാണ് . വാർദ്ധക്യത്തിന്റെ നിസ്സഹായത തീർത്ത ഒറ്റപ്പെടലിൽ മരണം കാത്ത്കിടന്ന ദിനങ്ങൾ. ഒരുവിളിപ്പാടകലെ എന്തിനും പോന്ന മൂന്ന് ആൺ മക്കൾ. എന്നിട്ടും ടീച്ചർ അനാഥയായിരുന്നു . ആളുകൾ പറയുമായിരുന്നു, വയസ്സായാൽ ആൺമക്കളെ കൊണ്ടേ ഉപകരിക്കൂ..പെങ്കുട്ട്യോൾ കെട്ട്യോന്റെ വീട്ടിലായിരിക്കും. പെണ്മക്കൾ ഇല്ലാത്ത ശാന്ത ടീച്ചർ അത് കേട്ട് സന്തോഷിച്ചിരിക്കണം. ശാന്ത ടീച്ചർ എന്നും ഒരു പ്രചോദനമായിരുന്നു ,ഒരു വഴികാട്ടി ആയിരുന്നു . കണക്കു ക്ലാസിൽ ലോകത്തിന്റെ സ്പന്ദനം ബ്ലാക്ക് ബോർഡിലൂടെ വരച്ചു കാട്ടുന്ന ടീച്ചർ ഇംഗ്ലീഷ് ക്ലാസിൽ ആംഗലേയ ഭാഷയുടെ പദശുദ്ധിയും അർത്ഥ വ്യാപ്തിയുംപകർന്നു തന്നു .

അന്യന്റെ പല്ലിനേക്കാൾ നല്ലത് അവനവന്റെ മോണയാണെന്ന് ടീച്ചർ ക്‌ളാസിൽ പറഞ്ഞപ്പോൾ അത്  തന്നെ മാത്രം ഉദ്ദേശിച്ചാണെന്ന്  അയാൾക്കും ടീച്ചർക്കും മാത്രം അറിയാവുന്ന രഹസ്യമായി അവശേഷിച്ചു.

ഒരു ക്ലാസിനെ മുഴുവൻ കയ്യിലെ ചൂരൽ വടിയിൽ ഒതുക്കി നിർത്തി ടീച്ചർ ഭംഗിയുള്ള ഭാഷയിൽ അച്ചടക്കത്തിന്റെ ബാലപാഠങ്ങൾ പകർന്നു തന്നു . എല്ലാം ക്ഷമിച്ചാലും ടീച്ചർ ക്ലാസിലെ ഡിസിപ്ലിൻറെ കാര്യത്തിൽ കർക്കശക്കാരിയായിരുന്നു. അടിക്കുമ്പോൾ ടീച്ചർ വടി ഒരിക്കലും അഞ്ചു വിരലുകൾ കൊണ്ട്പിടിക്കാറില്ല , പെരു വിരലിനും ചൂണ്ടു വിരലിനും ഇടയിൽ കിടന്നു തിരിയുന്ന വടി പക്ഷെ കുട്ടികളുടെ മർമ്മ ഭാഗങ്ങളിൽ ഒരിക്കലും പതിക്കാറില്ല , തുടയ്ക്കു കീഴെ മാത്രമേ ടീച്ചർ അടിക്കാറുള്ളൂ .അല്ലെങ്കിൽ കൈ പടത്തിൽ.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചറുടെ വിരലിൽ തൂങ്ങി റോഡിന്റെ അരികുപറ്റി സ്‌കൂളിൽ വന്നിരുന്ന സന്തോഷിനെ അയാൾ ഓർത്തു, അയാളുടെ തന്നെ പ്രായക്കാരനായ ടീച്ചറുടെ ഇളയ പുത്രൻ . അപ്പോൾ ശാന്ത ടീച്ചർ ശ്രദ്ധാലുവായ ഒരു അമ്മയാകുമായിരുന്നു . മുള്ളു കുത്തിക്കയറിയ മകന്റെ കാലിലെ ചോര കൈ കൊണ്ട് തുടച്ചു മാറ്റി അതിൽ വഴിയരികിലെ കമ്യൂണിസ്റ്റു പച്ചയുടെ നീര് പുരട്ടുമായിരുന്നു . ഇടച്ചുമരുകൾ ഇല്ലാത്ത ക്‌ളാസ് മുറികളിൽ അടുത്ത ക്‌ളാസിൽ പാഠങ്ങൾ എടുക്കുമ്പോഴും ഒരു കണ്ണ് ഇപ്പുറത്തെ ക്‌ളാസ്സിലെ മകന്റെ മേലായിരുന്നു . അവനു വേദനയെടുക്കുന്നോ എന്ന ഉൽക്കണ്ഠ . അതൊരു ടീച്ചറുടെ ശ്രദ്ധയായിരുന്നില്ല, മറിച്ച് മാതൃത്വത്തിന്റെ സ്നേഹപ്രവാഹമായിരുന്നു. വിശ്വസിക്കാനാവുന്നില്ല , അവൻ പോലും വാർധക്യത്തിൽ ടീച്ചറിന് തുണയായി ഉണ്ടായില്ലെന്ന് .
കുമരനെല്ലൂർ സ്‌കൂളിൽ സ്പോർട്സിനു പോയ ഒരു വർഷമാണ് എന്നും ഭയത്തോടെ മാത്രം നോക്കി കണ്ടിരുന്ന ടീച്ചറിൽ സ്നേഹത്തിന്റെ, കരുതലിന്റെ സ്ഫുരണങ്ങൾ ആദ്യമായി അയാൾ കണ്ടത് . അയാളുടെ ഇനങ്ങളായ ഹൈ ജംപും ലോങ്ങ് ജംപും കഴിഞ്ഞു ഡ്രസിങ് റൂമിന്റെ വാതിൽക്കൽ എത്തിയപ്പോൾ അതാരോ പുറത്തു നിന്നും പൂട്ടിയിരുന്നു . വിശപ്പ് കത്തി നിൽക്കുകയാണ് ഓടിയതിന്റെയും ചാടിയതിന്റെയും ക്ഷീണം വേറെയും . ഉച്ചക്ക് ഊണിനുള്ള കൂപ്പണും മാറാനുള്ള ഡ്രെസ്സും ഒക്കെ റൂമിലാണ് . . പിന്നെ മറ്റൊന്നും ആലോചിച്ചില്ല . ഡ്രസിങ് റൂമിന്റെ ഒരാൾ പൊക്കമുള്ള ചുമർ ചാടിക്കടന്നു അയാൾ തന്റെ കായികമിടുക്ക് ഒന്ന് കൂടി തെളിയിച്ചു . പക്ഷെ , ഈ സാഹസം അവിടുത്തെ സ്‌കൂൾ അധികൃതർ ആരോ കണ്ടു പിടിച്ചു . സംഗതി പൊല്ലാപ്പായി പരാതിയായി ടീച്ചറുടെ മുന്നിലെത്തി . ടീച്ചർ മറ്റൊന്നും ആലോചിക്കാതെ അയാളുടെ സാഹസിക മതിൽ ചാട്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. വാതിൽ പൂട്ടിയിരുന്നു , അതിനാൽ ഞാൻ പറഞ്ഞിട്ടാണ് അവൻ മതിൽ ചാടിയതെന്നു ടീച്ചർ പറഞ്ഞപ്പോൾ ആ സംഭവം അവിടെ കെട്ടടങ്ങി.

ആരോഗ്യവും പണവും ഇല്ലാത്തവന്റെ വാർദ്ധക്യം നരക തുല്യം തന്നെയാണ്. ജീവിതം സ്വയം ഒരു ഭാരമായി അനുഭവപ്പെടുമ്പോൾ അതിലും ഭാരമായി അനുഭവപ്പെടുന്ന മക്കൾ.

ആ സംഭവത്തിന് ശേഷമാണ് ഒരു ഗുരുവിനപ്പുറം ഒരു രക്ഷകന്റെ വേഷത്തിലും അയാൾ ടീച്ചറെ നോക്കി കാണാൻ തുടങ്ങിയത് . ക്‌ളാസിൽ കണക്കിന് എന്നും മോശമായ അയാൾ ഹോംവർക് ചെയ്തു വരുന്നതെല്ലാം വളരെ ശരിയായിരുന്നു . പക്ഷെ ടീച്ചറുടെ അന്വേഷണ ബുദ്ധി അതയാൾ വീട്ടിലെ മുതിർന്ന ക്‌ളാസിൽ പഠിക്കുന്ന ചേട്ടന്മാരെക്കൊണ്ട് ചെയ്യിക്കുന്നതാണെന്നു കണ്ടു പിടിച്ചു . എപ്പോഴും അന്യന്റെ പല്ലിനേക്കാൾ നല്ലത് അവനവന്റെ മോണയാണെന്ന് ടീച്ചർ ക്‌ളാസിൽ എല്ലാവരോടുമായി പറഞ്ഞപ്പോൾ അത് തന്നെ ഉദ്ദേശിച്ചാണ് തന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് അയാൾക്കും ടീച്ചർക്കും മാത്രം അറിയാവുന്ന രഹസ്യമായി അവശേഷിച്ചു.
ടീച്ചർ നല്ല ഭംഗിയായി സാരി ഉടുക്കുമായിരുന്നു . മെലിഞ്ഞ് കുറച്ചു പിന്നോക്കം വളഞ്ഞുള്ള ആ ശരീരത്തിൽ ഞൊറിവുള്ള സാരി അങ്ങിനെ പറ്റി കിടക്കുന്നത് കാണാൻ തന്നെ ഒരു കൗതുകമായിരുന്നു . താഴത്ത് ഒഴുകി നടക്കുന്ന തന്റെ സാരിത്തലപ്പ് അൽപം മുകളിലേക്കുയർത്തി ടീച്ചർ സ്‌കൂളിന്റെ പടികൾ ചടുലമായി ചവിട്ടി കയറുന്നത് ഇന്നും അയാളുടെ മുന്നിൽ ഒരു ക്യാൻവാസിലെന്ന പോലെ വ്യക്തം . ടീച്ചർ നടക്കുന്നത് വളരെ അപൂർവമായേ അയാൾ കണ്ടിട്ടുള്ളൂ . ടീച്ചറുടെ നടത്തിനും ഒരു സാമാന്യ ഓട്ടത്തിന്റെ വേഗത കാണുമായിരുന്നു.

ഞാൻ നോക്കാം, അമ്മയെ ഞാൻ നോക്കാം എന്ന മക്കളുടെ പരസ്പരമുള്ള പിടിവാശി കേൾക്കാൻ കൊതിച്ച ടീച്ചറുടെ കർണ്ണങ്ങളിൽ പതിഞ്ഞത് വേണമെങ്കിൽ അമ്മയെ നീ നോക്കിക്കോ നീ നോക്കിക്കോ എന്ന പരസ്പര മത്സരമായിരുന്നു.

കുട്ടികൾക്ക് വഴിവിളക്കായ ടീച്ചറുടെ ജീവിതം കരിന്തിരി കത്തി എന്നത് ഒരു പക്ഷെ കാലത്തിന്റെ നിയോഗമാകാം. ഒരു പരസഹായമില്ലാതെ ഒരാൾ തിരിഞ്ഞു നോക്കാനില്ലാതെ വലിയൊരു വീട്ടിൽ ടീച്ചർ തനിച്ചായിരുന്നു. വ്രണം വീണ കാലുകളിൽ സ്നേഹത്തിന്റെ ലേപനം പുരട്ടാൻ ആ കവിളിലൊന്ന് തലോടി ആശ്വസിപ്പിക്കാൻ ടീച്ചർ കൈപിടിച്ച് നടത്തിയ മക്കളാരും ഉണ്ടായിരുന്നില്ല. ഞാൻ നോക്കാം, അമ്മയെ ഞാൻ നോക്കാം എന്ന മക്കളുടെ പരസ്പരമുള്ള പിടിവാശി കേൾക്കാൻ കൊതിച്ച ടീച്ചറുടെ കർണ്ണങ്ങളിൽ പതിഞ്ഞത് വേണമെങ്കിൽ അമ്മയെ നീ നോക്കിക്കോ നീ നോക്കിക്കോ എന്ന പരസ്പര മത്സരമായിരുന്നു. നിസ്സഹായതയുടെ നെടുവീർപ്പിന്റെ കണ്ണീരു വീണ ഇരുണ്ട മുറിയിൽ ജീവിതം തള്ളി നീക്കുമ്പോൾ ഗതകാലങ്ങളിലേക്ക് ആ മനസ്സ് പിച്ച വച്ചിരിക്കുമോ.
വാർദ്ധക്യം സുഖകരമായ ഒരു അവസ്ഥയാണ്. ആരോഗ്യവും പണവും ഉള്ളവർക്ക്. പണമുള്ളവനെ കാത്ത് പുഴവക്കിലെ ആൽമരത്തിൽ ഇരിക്കുന്ന ശവം തീനി കഴുകന്മാരെപ്പോലെ ആളുകൾ ചുറ്റിലും ഉണ്ടാകും. അപ്പോഴും അതൊരു ആശ്വാസമാണ്, ഏകാന്തത അനുഭവിക്കേണ്ടല്ലോ. പക്ഷെ ആരോഗ്യവും പണവും ഇല്ലാത്തവന്റെ വാർദ്ധക്യം നരക തുല്യം തന്നെയാണ്. ജീവിതം സ്വയം ഒരു ഭാരമായി അനുഭവപ്പെടുമ്പോൾ അതിലും ഭാരമായി അനുഭവപ്പെടുന്ന മക്കൾ.
അതൊരു വല്ലാത്ത അവസ്ഥയാണ്, ടീച്ചറും ആ അവസ്ഥയിലൂടെ കടന്നു പോയിരിക്കാം. അന്യന്റെ പല്ലിനേക്കാൾ അവനവന്റെ മോണയെന്നു വിശ്വസിച്ച ടീച്ചർക്ക് തെറ്റിയിരിക്കുന്നു. ടീച്ചർ Self എന്ന വാക്കിന്റെ അർഥം പഠിക്കാൻ പറഞ്ഞപ്പോൾ ടീച്ചറുടെ ശിഷ്യർ അത് പഠിക്കും മുന്നേ ടീച്ചറുടെ മക്കൾ selfish എന്ന വാക്ക് മനഃപാഠമാക്കിയിരുന്നു .
അന്നൊരു ഞായറാഴ്ചയായിരുന്നു, ടീച്ചറുടെ ഓർമ്മകൾ ഒരു വിങ്ങലായി ഒരു നീറ്റലായി നെഞ്ചിൽ കനൽ വീഴ്ത്തിയപ്പോൾ അയാൾ നടന്നു, ചെമ്മണ്ണ് പുതഞ്ഞ റോഡിലൂടെ ചരൽ പാകിയ മുറ്റത്തിലൂടെ ഓട് പാകിയ തന്റെ പഴയ സ്‌കൂളിലേക്ക്. അവിടെ അയാൾ ടീച്ചറുടെ ഇനിയും മായാത്ത കാൽപാടുകൾ കണ്ടു. ചുമരുകളിൽ ചെവിയമർത്തി അയാൾ ടീച്ചറുടെ പഴയ സ്വരം കേട്ടു . അഞ്ചാം ക്‌ളാസ്സിലെ കാലിളകിയ ആ പഴയ ബെഞ്ചിൽ അയാൾ ഒരിക്കൽ കൂടി ഇരുന്നു.
സ്‌കൂളും പരിസരവും വിജനം.. തനിക്കു മുന്നിലെ ശൂന്യമായ ബെഞ്ചുകൾക്കിടയിലൂടെ അയാൾ അപ്പോൾ ശാന്ത ടീച്ചറെ കണ്ടു. കണക്കും ഇംഗ്ളീഷും പഠിപ്പിച്ച ടീച്ചർ കയ്യിൽ ആജ്ഞയുടെ ദണ്ഡില്ലാതെ ആദ്യമായി അയാൾക്ക് ജീവിതത്തിന്റെ തത്വശാസ്ത്രം പറഞ്ഞു കൊടുത്തു:.
“ In youth, the days are short and the years are long. In old age, the years are short and days long.”
അതെ , ടീച്ചർ എന്നും അനുഭവങ്ങളുടെ കാവൽക്കാരിയായിരുന്നുവല്ലോ.

:::::::::::::::::::::::


രാജൻ കിണറ്റിങ്കര

പ്രളയം പടിയിറങ്ങുമ്പോൾ
സോഷ്യൽ മീഡിയകളിലെ വേട്ടക്കാർ
അഭയാർത്ഥി

 

LEAVE A REPLY

Please enter your comment!
Please enter your name here