മാതൃഭാഷയെ ആഘോഷമാക്കി പഠനോത്സവം; പരിഷ്കരിച്ച പരീക്ഷ രീതിയെ പ്രകീർത്തിച്ച് രക്ഷിതാക്കളും കുട്ടികളും

മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലുള്ള എഴു മേഖലകളിലെ കണിക്കൊന്ന, സൂര്യകാന്തി എന്നീ കോഴ്സുകളിലെ പഠനോത്സവം സെപ്റ്റംബര്‍ 23ന് വിവിധ കേന്ദ്രങ്ങളിലായി മുംബൈയിൽ നടന്നു .

0
മനോഹരമായി അലങ്കരിച്ചിരുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ പട്ടുകുപ്പായങ്ങളണിഞ്ഞ കുഞ്ഞുങ്ങള്‍ പൂമ്പാറ്റകളെപ്പോലെ പാറിനടന്നു. അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും അമിതമായ ആവേശത്തോടെയാണ് എത്തിച്ചേര്‍ന്നത്. ബലൂണുകളും തോരണങ്ങളും ഇക്കിളിയുണ്ടാക്കിപ്പറത്തിയ തെന്നലിനോട് കുരുത്തോലത്തലപ്പുകള്‍ സ്വകാര്യം പറഞ്ഞു: “ഇന്നിവിടെ പരീക്ഷയാ വികൃതി കാട്ടാതെ” കുസൃതിത്തെന്നലിന് വിശ്വാസം വന്നില്ല, “ഇങ്ങനെയും ഒരു പരീക്ഷയോ?”
ശരിയാണ് ഇത്തരത്തിലുള്ള ഒരു പരീക്ഷ ആദ്യമായാണ്‌ നഗരത്തിൽ നടന്നത്. സാമ്പ്രദായികമായ പരീക്ഷകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് മലയാളം മിഷന്റെ പരിഷ്ക്കരിച്ച പരീക്ഷ രീതി – പഠനോത്സവങ്ങള്‍. പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പഠിതാക്കള്‍ക്ക് ആസ്വാദ്യകരമായ അനുബന്ധ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പഠനോത്സവങ്ങളാണ് മലയാളം മിഷന്‍ ഈ വര്‍ഷം മുതല്‍ സ്വീകരിച്ചിരിക്കുന്ന പൊതുപരീക്ഷകള്‍.

പഠനം പാല്‍പ്പായസമായിത്തീരുന്ന ദിനങ്ങള്‍ വിദൂരമല്ല.  അറിവില്ലാത്തവനെ സൃഷ്ടിക്കാനല്ല അറിവുള്ളവന്റെ പ്രത്യേക മേഖല കണ്ടെത്താനുള്ള പ്രയാണത്തിലാണ് മലയാളം മിഷൻ – എം സേതുമാധവൻ

പരീക്ഷകളെ ഭയപ്പെടുന്ന കുഞ്ഞുങ്ങളുടെ താല്‍പര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് പാട്ടുകളിലൂടെയും കളികളിലൂടെയും ഉള്ള അഭ്യാസമുറകളും പരീക്ഷയുടെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും പഠിതാക്കളെ തികച്ചും സ്വതന്ത്രരാക്കി അവരില്‍ അന്തര്‍ലീനമായിക്കിടക്കുന്ന യഥാര്‍ത്ഥ അറിവുകളെ വെളിപ്പെടുത്തുന്ന മൂല്യനിര്‍ണയ വുമാണ് ഈ പരീക്ഷകളുടെ പ്രത്യേകതകള്‍. പഠിതാവിന് രസകരമായി അനുഭവപ്പെടുന്ന, അയാളുടെ താല്പര്യത്തെ പരിഗണിക്കുന്നതും വെല്ലുവിളി ഉണര്‍ത്തുന്നതുമായ പഠനപ്രവര്‍ത്തനങ്ങളിലൂടെയായിരിക്കണം മൂല്യനിര്‍ണയം ചെയ്യേണ്ടത് എന്ന മലയാള മിഷന്‍റെ അടിസ്ഥാന സങ്കല്പമാണ് ഇപ്പോള്‍ പ്രാവര്‍ത്തിമാക്കുന്നത്. യാന്ത്രിക വും വിരസവും അമിത ഗൌരവമുള്ളതുമായ പരീക്ഷകളില്‍ നിന്ന് പഠിതാക്കള്‍ക്ക് മോചനമേകാന്‍ ഉതകുന്ന വിധത്തില്‍ മലയാളം മിഷന്‍ ഈ വര്‍ഷം മുതല്‍ വാര്‍ഷിക പരീക്ഷകളില്‍ സാര്‍ഥകമായ മാറ്റങ്ങള്‍ വരുത്തിയിരിക്കയാണ്. പൊതു പരീക്ഷയുടെ ഭാഗമായി നടക്കുന്ന പഠനപ്രവര്‍ത്തങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്ക് രസകരമായി അനുഭവപ്പെടുന്ന അനുബന്ധ പ്രവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ത്താണ് പഠനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. രസകരങ്ങളായ പല പ്രവര്‍ത്തനങ്ങ ള്‍ക്കിടയില്‍ ചിലത് മാത്രം മൂല്യനിര്‍ണയത്തിന് ഉപയോഗിക്കുകയും അവയിലെ പഠിതാവിന്‍റെ നിലവാരം രേഖപ്പെടുത്തുകയും ചെയ്യും. മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങ ള്‍ക്കൊപ്പം അനുബന്ധ പ്രവര്‍ത്തനങ്ങളായി പാട്ടുകള്‍, നാടകീകരണം, ചര്‍ച്ചകള്‍, സംവാദങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കും.
മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലുള്ള എഴു മേഖലകളിലെ കണിക്കൊന്ന, സൂര്യകാന്തി എന്നീ കോഴ്സുകളിലെ പഠനോത്സവം സെപ്റ്റംബര്‍ 23ന് നടന്നു. ഹാര്‍ബര്‍, മദ്ധ്യ റെയില്‍വേ പ്രദേശങ്ങളിലെ 36 പഠനകേന്ദ്രങ്ങളിലെ പഠിതാക്കള്‍ ചെമ്പൂര്‍ ആദര്‍ശ് വിദ്യാലയത്തിലും താരാപ്പൂര്‍ മുതല്‍ മാട്ടുംഗ വരെയുള്ള 15 പഠനകേന്ദ്രങ്ങളിലെ പഠിതാക്കള്‍ ഗോരേഗാവിലെ വിവേക് വിദ്യാലയത്തിലും പഠനോത്സവത്തില്‍ പങ്കെടുത്തു.

നാല് കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളുമാണ് പഠനോത്സവത്തില്‍ പങ്കെടുത്തു മലയാളം മിഷന്റെ ഉദ്യമത്തെ അന്വർഥമാക്കിയത്.

രണ്ടു കേന്ദ്രങ്ങളും നിറപ്പകിട്ടോടെ അലങ്കരിച്ചിരുന്നതിനാല്‍ ഉത്സവത്തിന്‍റെ പ്രതീതിയും നിറഞ്ഞ ആഹ്ലാദവുമാണ് എങ്ങും കാണാന്‍ കഴിഞ്ഞത്. അടുത്തും അകലങ്ങളില്‍ നിന്നുമുള്ള പഠിതാക്കളും, രക്ഷകര്‍ത്താക്കളും അദ്ധ്യാപ കരും വളരെ നേരത്തേതന്നെ അതാതു കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. കുഞ്ഞുങ്ങളുടെ മുഖങ്ങളില്‍ പഠനോത്സവത്തില്‍ പങ്കെടുക്കാനുള്ള ആവേശം പ്രത്യക്ഷ മായിരുന്നു.കുഞ്ഞുങ്ങളെപ്പോലെ തന്നെ രക്ഷകര്‍ത്താക്കളും ഈ പുതിയ പരീക്ഷാക്രമങ്ങളെ ഏറെ താല്പര്യത്തോടെ യാണ് പ്രതീക്ഷിച്ചിരുന്നത്. പഠനോത്സവത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ പ്രൈമറി വിദ്യാര്‍ഥികള്‍ മുതല്‍ മദ്ധ്യവയസ്കര്‍ വരെയുണ്ടായിരുന്നു. മലാഡ് വെസ്റ്റിലെ സെന്റ്‌ തോമാസ് ചര്‍ച്ച് മലയാളം ക്ലാസിലെ 51 വയസ്സായ എല്‍സി അനിലും ഇത്തവണ പഠനോത്സവത്തില്‍ (കണിക്കൊന്ന) പങ്കെടുത്തവരില്‍പ്പെടുന്നു. ഇതേ പഠന കേന്ദ്രത്തില്‍ നിന്ന് തന്നെ നാല് കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളുമാണ് പഠനോത്സവത്തില്‍ പങ്കെടുത്തത്. ജോര്‍ജ് അലക്സും പത്നിയും മകനും, ജാസ്ലി ജോയിയും പത്നിയും മകനും, ഫിലിപ്പ് ബേബിയും പത്നിയും മകനും മകളും, മാത്യുവും പത്നിയും കണിക്കൊന്നയിൽ പങ്കെടുത്തു കൊണ്ടാണ് മലയാളം മിഷന്റെ ഉദ്യമത്തെ അന്വർഥമാക്കിയത്.

വിവേക് വിദ്യാലയ കേന്ദ്രത്തില്‍ മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ അദ്ധ്യക്ഷന്‍ നോവലിസ്റ്റ് ബാലകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്തിന്‍റെ മുഖവുരയോടെ പരിപാടികള്‍ ആരംഭിച്ചു. ആര്‍.ഡി.ഹരികുമാര്‍ അതിഥികള്‍ക്കും സദസ്സിനും സ്വാഗതമാശംസിച്ചു. മലയാളം മിഷന്‍ റജിസ്ട്രാർ  എം. സേതുമാധവന്‍ പഠനോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുഞ്ഞുങ്ങളോടൊത്ത് പാട്ടു പാടി അവരിലൊരാളായി മാറിയ സേതുമാധവന്‍ പഠനരീതികളില്‍ മാറ്റം വരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും നടക്കാനിരിക്കുന്ന ഈ പഠനോത്സവത്തിന്‍റെ സവിശേഷതകളെക്കുറിച്ചും ലളിതമായി വിവരിച്ചു. പഠനം പാല്‍പ്പായസമായിത്തീരുന്ന ദിനങ്ങള്‍ വിദൂരതയിലല്ലെന്നും അറിവില്ലാത്തവനെ സൃഷ്ടിക്കാനല്ല വിദ്യാഭ്യാസമെന്നും അറിവുള്ളവന്‍റെ പ്രത്യേകമേഖല ഏതാണെന്ന് കണ്ടെത്താനും ആ മേഖലയില്‍ അവനെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രയാണത്തില്‍ മലയാളം മിഷന്‍ എന്നും കുഞ്ഞുങ്ങളോടൊ പ്പമുണ്ടാകും എന്നും അദ്ദേഹം എടുത്തു പറഞ്ഞു.

പഠനോത്സവം സമാപിച്ചപ്പോള്‍ വര്‍ണശബളമായ ഉത്സവസ്മരണകളും പേറിയാണ് പഠിതാക്കളും രക്ഷകര്‍ത്താക്കളും മടങ്ങിയത്. പല കുഞ്ഞുങ്ങളും മനസ്സില്‍ ചോദിച്ചു –  ഞങ്ങള്‍ പഠിക്കുന്ന സ്കൂളിലും പരീക്ഷ ഇങ്ങനെയായിരുന്നെങ്കില്‍?

വിവേക് വിദ്യാലയ പ്രിന്‍സിപാള്‍ ഡോ. സുരേഷ് നായര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. കണിക്കൊന്നയില്‍ വിജയിച്ചു കഴിഞ്ഞാല്‍ പഠിതാക്കള്‍ മലയാള പഠനം അവസാനിപ്പിക്കരുതെന്നും മുന്നോട്ടുള്ള പരീക്ഷകള്‍ക്ക് വേണ്ടി പഠിക്കണമെന്നും അദ്ദേഹം കുഞ്ഞുങ്ങളോട് അഭ്യര്‍ഥിച്ചു. ബിന്ദു ജയന്‍, റീന സന്തോഷ്‌, എന്നിവരും മറ്റ് അദ്ധ്യാപകരും കുഞ്ഞുങ്ങളും ഒത്തു ചേര്‍ന്ന് നാടന്‍പാട്ടുകള്‍ ആലപിച്ചുകൊണ്ട് പഠനോത്സവത്തിന് ആരംഭം കുറിച്ചു. അതിനുശേഷം ഔപചാരികമായ മൂല്യനിര്‍ണയത്തിലേക്ക് കടക്കാനായി പഠിതാക്കളെ ക്ലാസ്സുമുറികളിലേക്ക് ആനയിച്ചു. ഈ കേന്ദ്രത്തില്‍ 125 പഠിതാക്കള്‍ പഠനോത്സവത്തില്‍ പങ്കുകൊണ്ടു. മലയാളം മിഷന്‍റെ നിര്‍ദ്ദേശാനുസരണം ഓരോ ക്ലാസ്സ് മുറികളിലും പരമാവധി ഇരുപതു പഠിതാക്കളും നിരീക്ഷകരായി രണ്ട് അദ്ധ്യാപകരുമുണ്ടായിരുന്നു. വിവേക് വിദ്യാലയയിലെ പഠനോത്സവത്തിന്‍റെ ഏകോപന ചുമതല ബിന്ദു ജയന്‍, ഷീല പ്രതാപന്‍ എന്നിവര്‍ക്കായിരുന്നു. മലയാളം മിഷന്‍ പ്രസിഡണ്ടും, റജിസ്ട്രാറും എല്ലാ പരീക്ഷാ ഹാളുകളും സന്ദര്‍ശിച്ചു. മലയാളം മിഷന്‍ പശ്ചിമ മേഖല കമ്മിറ്റിയാണ് ഈ കേന്ദ്രത്തിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നത്.

മറ്റൊരു കേന്ദ്രമായ ചെമ്പൂർ ആദർശ വിദ്യാലയയിൽ നടന്ന പഠനോത്സവത്തില്‍ 237 പഠിതാക്കള്‍ പങ്കെടുത്തു. റജിസ്ട്രേഷന് ശേഷം ഈ കേന്ദ്രത്തിലെ കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിന്‍റെ നടുമുറ്റത്ത് ഒത്തു ചേർന്നു. മാൻഖുർദ്ദ് – കൊളാബ മേഖല ഭരണസമിതി അംഗങ്ങളും കേന്ദ്രക്കമ്മിറ്റി അംഗങ്ങളും പഠനോത്സവ ത്തിനായി എത്തിച്ചേർന്നവർക്ക് വേണ്ട നിർദ്ദേശങ്ങള്‍ നൽകി.
പഠനോത്സവത്തിന്‍റെ സമാരംഭം കുറിക്കാനായി രാജലക്ഷ്മി ഹരിദാസ്, സി.എന്‍.ബാലകൃഷ്ണന്‍, എം.പി.ശശി (കേരളത്തില്‍ നിന്ന് വന്ന മലയാളം മിഷന്‍ അദ്ധ്യാപകന്‍) എന്നിവരും മറ്റ് അദ്ധ്യാപകരും പഠിതാക്കളും രക്ഷകര്‍ത്താക്കളും ഒത്തുചേര്‍ന്ന് സംഘഗാനങ്ങള്‍ ആലപിച്ചു. അങ്ങിനെ ആട്ടും പാട്ടുമായി 45 മിനിറ്റോളം ഉല്ലാസത്തിമിര്‍പ്പില്‍ ആറാടിയതിനു ശേഷമാണ് പഠിതാക്കളെ ക്ലാസുമുറികളിലേക്ക് നയിച്ചത്. പുറത്തുണ്ടായിരുന്ന ഉത്സവാന്തരീക്ഷം നിലനിര്‍ത്താന്‍ ക്ലാസ്സുകളിലും സംഘഗാനങ്ങളും മറ്റും ആലപിക്കുക യുണ്ടായി. ഈ കേന്ദ്രത്തിലെ പഠനോത്സവത്തിന്‍റെ ഏകോപന ചുമതല സി.എന്‍.ബാലകൃഷ്ണനും രാജലക്ഷ്മി ഹരിദാസിനുമായിരുന്നു. മലയാളം മിഷന്‍ റജിസ്ട്രാര്‍ എം. സേതുമാധവനും കേരളത്തില്‍ നിന്നുള്ള മലയാള ഭാഷാ അദ്ധ്യാപകൻ  എം.ടി. ശശിയും ആദര്‍ശ് വിദ്യാലയയിലെയും എല്ലാ പരീക്ഷാ ഹാളുകളും സന്ദര്‍ശിച്ചു.
ക്ലാസുമുറികളില്‍ പരീക്ഷ നടക്കുന്ന സമയത്ത് സ്ക്കൂളില്‍ ഉണ്ടായിരുന്ന രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വേണ്ടി രണ്ടു കേന്ദ്രങ്ങളിലും കലാപരിപാടികളും വിനോദപരി പാടികളും അവതരിപ്പിച്ചു. നൃത്തവും പാട്ടും കവിതകളും കുസൃതി ചോദ്യങ്ങളും പ്രശ്നോത്തരികളും ഒക്കെയായി ആഘോഷങ്ങള്‍ അരങ്ങേറി. ഉച്ചഭക്ഷണ സമയത്ത് പരീക്ഷക്ക്‌ ഇടവേള നല്‍കി, ഭക്ഷണത്തിനു ശേഷം വീണ്ടും പഠിതാക്കള്‍ ക്ലാസ് മുറികളിലേക്ക് കയറി.
വിവേക് വിദ്യാലയയിലെ പഠനോത്സവം പഠിതാക്കളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളോടെ യാണ് സമാപിച്ചത്. ആദര്‍ശ് വിദ്യാലയയിലെ സമാപന സമ്മേളനത്തില്‍ മലയാളം മിഷൻ രജിസ്ട്രാർ എം.സേതുമാധവൻ, മുംബൈ ചാപ്റ്റർ അദ്ധ്യക്ഷൻ നോവലിസ്റ്റ്‌ ബാലകൃഷ്ണൻ, എം.ടി. ശശി എന്നിവർ സംബന്ധിച്ചു. രാജലക്ഷ്മി ഹരിദാസ് ടീച്ചര്‍ അതിഥികള്‍ക്കും സദസ്സിനും സ്വാഗതമാശംസിച്ചു. പഠനോത്സവം വന്‍വിജയമാക്കിത്തീര്‍ക്കാന്‍ സഹകരിച്ച എല്ലാവരോടും നോവലിസ്റ്റ്‌ ബാലകൃഷ്ണന്‍ കൃതജ്ഞത രേഖപ്പെടുത്തി. എം.സേതുമാധവൻ തന്‍റെ പ്രസംഗത്തില്‍, പഠനോത്സവങ്ങള്‍ എങ്ങിനെയാണോ നടക്കുന്നത് അതിന്‍റെ നേര്‍ പ്രതിഫലനമായിരിക്കണം മലയാളം മിഷന്‍ ക്ലാസുകള്‍ എന്നും എല്ലാ കുട്ടികള്‍ക്കും എന്തെങ്കിലും തരത്തിലുള്ള കഴിവുകളുണ്ട് എന്ന വിശ്വാസത്തോടെ യായിരിക്കണം കുഞ്ഞുങ്ങളെ സമീപിക്കേണ്ടത് എന്നും അദ്ധ്യാപകരോട് ഉപദേശിച്ചു. കെ. പി. സേവ്യർ നന്ദി പറഞ്ഞു.
പഠനോത്സവം സമാപിച്ചപ്പോള്‍ വര്‍ണശബളമായ ഒരു ഉത്സവത്തിന്‍റെ മധുരസ്മരണകളും പേറിയാണ് പഠിതാക്കളും രക്ഷകര്‍ത്താക്കളും പിരിഞ്ഞുപോയത്. സേതുമാധവന്‍ സാര്‍ പറഞ്ഞത്‌ പോലെ തന്നെ, പല കുഞ്ഞുങ്ങളും മനസ്സില്‍ ചോദിച്ചു: ഞങ്ങള്‍ പഠിക്കുന്ന സ്കൂളിലും പരീക്ഷ ഇങ്ങനെയായിരുന്നെങ്കില്‍?
ഉത്സവം കഴിഞ്ഞ് ആളുകളെല്ലാം പോയോഴിഞ്ഞപ്പോള്‍ വീണ്ടും ആ തെന്നല്‍ കുരുത്തോലത്തലപ്പുകളെ ലോല വിരലുകളാല്‍ തലോടിയുണര്‍ത്തി. എന്നിട്ട് മെല്ലെ കാതില്‍ ചോദിച്ചു:  ഇനിയെന്നാണ് ഇങ്ങനെയൊരു പഠനോത്സവം കാണാന്‍ കഴിയുക?
  • ഗിരിജാവല്ലഭൻ

ഏഴാം മലയാളോത്സവത്തിനായി ആളൊരുങ്ങി
മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ നാടക കളരിയിൽ സജീവ പങ്കാളിത്തം

LEAVE A REPLY

Please enter your comment!
Please enter your name here