രാജ്യത്തിൻറെ സാംസ്‌കാരിക ഭൂപടത്തിൽ ഇടം നേടി ‘മഹാരാഷ്ട്ര കേരളാ മഹോത്സവം’

മലയാളത്തെ ആസ്വദിക്കുന്ന മറാത്തി ജനതയും മറാത്തി സംസ്കാരത്തെ ഔൽസുക്യത്തോടെ വീക്ഷിക്കുന്ന മലയാളി പ്രേക്ഷകകരും ഉത്സവ നഗരിക്ക് പുത്തൻ പ്രതീക്ഷകളായി.

0

രാജ്യം കണ്ട ഏറ്റവും വലിയ സാംസ്കാരിക മാമാങ്കമായി മഹാരാഷ്ട്ര കേരള മഹോത്സവം ഇടം നേടുമ്പോൾ, സാംസ്കാരിക നഗരമായ ഡോംബിവിലി സാക്ഷ്യം വഹിച്ചത് ദേശീയോദ്ഗ്രഥനത്തിന്റെ കേളി കൊട്ടിനാണ് . ഡോംബിവ്‌ലി കെ ഡി എം സി ഗ്രൗണ്ടിൽ 2017 ഡിസംബർ 9 മുതൽ 17 വരെ നീണ്ടുനിന്ന ഒമ്പതു ദിവസത്തെ കലാ സാംസ്കാരിക മേളയിൽ ആശയത്തിന്റെയും ആവിഷ്കാരത്തിന്റെയും കൂട്ടായ്മയുടെയും കയ്യൊപ്പു പതിഞ്ഞിരുന്നു. ഏകദേശം 11 ലക്ഷത്തോളം പേർ കാണികളായി എത്തിയ ഈ സാംസ്കാരിക മാമാങ്കം കലാ കായിക രാഷ്ട്രീയ സാഹിത്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും രണ്ടു ദേശങ്ങളുടെ വൈവിധ്യമായ കലകളുടെ സമന്വയത്താലും സമ്പന്നമായിരുന്നു.

രണ്ടു ദേശങ്ങളുടെ സാംസ്കാരിക ചിന്തകരുടെ മനസ്സിൽ രൂപം കൊണ്ട ആശയത്തിന്റെ സാക്ഷാൽക്കാരം ആയിരുന്നു മഹാരാഷ്ട്ര കേരള കൾച്ചറൽ ഓർഗനൈസേഷന്റെ പിറവിയും അവരുടെ നേതൃത്വത്തിൽ നടന്ന ഈ സംയുക്ത സംരംഭവും .

ഒമ്പതാം തീയതി പുലർച്ചെ വിഘ്നേശ്വര പൂജയ്ക്കായി ഹോമകുണ്ഡത്തിൽ ശബരിമല മേൽശാന്തിയായിരുന്ന സുകുമാരൻ നമ്പൂതിരി അഗ്നി പകർന്നതോടെയായിരുന്നു ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

ഉദ്ഘാടന സന്ധ്യയിൽ വെള്ളിത്തിരയുടെ നാട്യങ്ങളില്ലാതെ അടൂർ ഗോപാലകൃഷ്ണൻ, മധു , ഷീല , സൂര്യകൃഷ്ണമൂർത്തി, എം.ജി . ശ്രീകുമാർ , സ്വാമി കൃഷ്ണാനന്ദ സരസ്വതി തുടങ്ങിയവരെ കൂടാതെ മലയാളത്തിലെയും മഹാരാഷ്ട്രയിലെയും സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

രണ്ടാം ദിവസം മഹാനഗരം കാത്തിരുന്ന സംഗീത യാമത്തിന് തിരശീല ഉയർന്നു. എം.ജി. ശ്രീകുമാറും സംഘവും നയിച്ച സംഗീത സന്ധ്യ രണ്ടര മണിക്കൂർ നീണ്ട വാദ്യ സംഗീത വിസ്മയയമായി. ഉത്സവനഗരിയിലെ പുൽനാമ്പുകൾ പോലും നൃത്തം ചെയ്ത സംഗീത രാവ്. ചിത്രം എന്ന സിനിമയിലെ സ്വാമിനാഥ എന്ന് തുടങ്ങുന്ന ഗാനത്തിൽ ആരംഭിച്ച ജുഗൽബന്ദി പിന്നീട് ഹിന്ദിയിലെയും മലയാളത്തിലെയും തമിഴിലെയും എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൂടെ രാവിനെ അക്ഷരാർത്ഥത്തിൽ സംഗീത സാന്ദ്രമാക്കിയത് നൂതനാനുഭവമായി. ഭാഷയ്ക്കും അതിർത്തികൾക്കുമപ്പുറം സംഗീതത്തിന്റെ അനിർവചനീയ ധ്വനികൾ വേദിയിൽ പാലാഴി തീർത്തപ്പോൾ ജനം എല്ലാം മറന്നാടി. എം.ജി ക്കൊപ്പം ബേബി ശ്രേയയും ടിനു ടാലൻസും സദസ്സിന്റെ കയ്യടികൾ ഏറ്റുവാങ്ങിയപ്പോൾ ഈ രാവ് അവസാനിക്കാതിരുന്നെങ്കിലെന്ന് സംഗീത പ്രേമികൾ കൊതിച്ചു പോയി. ഒരു അവധി ദിവസത്തിന്റെ ലഹരി നുണയാൻ ഉത്സവ നഗരിയിൽ എത്തിയവർക്ക് ആവോളം മധുരം സമ്മാനിച്ചാണ്. ശ്രീകുമാർ തന്റെ സംഗീത സന്ധ്യക്ക് വിരാമമിട്ടത് .

എം.ജി ക്കു പുറമെ ഗൂഡ്‌വിൻ ഗോൾഡൻ വോയ്‌സ് ഫൈനലിസ്റ്റുകളായ രാജലക്ഷ്മിയും അഞ്ജലിയും നിറഞ്ഞ സദസ്സിനു മുന്നിൽ ഗാനങ്ങൾ ആലപിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ ക്രിക്കറ്റർ വിനോദ് കാംബ്ലി, ബോളിവുഡ് താരങ്ങളായ അഫ്താബ് ശിവദാസാനി, ഗുൽഷൻ ഗ്രോവർ, മിലിന്ദ് ഗുനാജി തുടങ്ങിയ പ്രശസ്തരും രണ്ടു സംസ്കാരങ്ങൾ കൈകോർത്ത മഹോത്സവത്തിൽ വിശിഷ്ടാതിഥികൾ ആയെത്തി. കേരളീയ ശൈലിയിൽ മുണ്ടുടുത്ത് എത്തിയ കാംബ്ലിയും മഹാരാഷ്ട്രയുടെ പരമ്പരാഗത വേഷത്തിലെത്തിയ സംഘാടകരും പൂരനഗരിയിൽ കൗതുക കാഴ്ചകളായി .

മറാത്തി നൃത്ത രൂപമായ കോലി ഡാൻസും മലയാളത്തിന്റെ മണം പേറുന്ന ഭരതനാട്യവും മറാത്തി കേരള സംസ്കാരങ്ങളുടെ ഇഴുകി ചേരലായി വേദിയിൽ അരങ്ങേറുമ്പോൾ മന്ത്രി ശ്രീ രവീന്ദ്ര ചവാൻ ഉത്സവ മൈതാനിയിലെത്തിയത് അലങ്കാരങ്ങളില്ലാതെ കൊടിവച്ച കാറില്ലാതെ രണ്ടു ദേശങ്ങളുടെ ഗന്ധവും പേറി നടന്നു വന്നത് സന്ധ്യക്ക്‌ പുലരിയുടെ ഉണർവ് നൽകി

മലയാളത്തെ ആസ്വദിക്കുന്ന മറാത്തി ജനതയും മറാത്തി സംസ്കാരത്തെ ഔൽസുക്യത്തോടെ വീക്ഷിക്കുന്ന മലയാളി പ്രേക്ഷകകരും ഉത്സവ നഗരിക്ക് പുത്തൻ പ്രതീക്ഷകളായി.

ഒമ്പതു ദിവസത്തെ സാംസ്കാരിക മാമാങ്കത്തിൽ കേരളീയ സമാജം, ഡോംബിവലി, , നായർ സമാജം, ഡോംബിവലി, കാർഘർ മലയാളി സമാജം, കണ്ണൂർ ഫ്രെണ്ട്സ് അസോസിയേഷൻ, കല്യാൺ മലയാളി സമാജം, ഹോളി ഏഞ്ചൽസ് സ്‌കൂൾ തുടങ്ങി നിരവധി സംഘടനകളുടെയും വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തിൽ വൈവിധ്യങ്ങളായ കലാപരിപാടികൾ അരങ്ങേറി. ആഗ്രി മഹോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ലാവണി, കോലി നൃത്തം തുടങ്ങി മാറാത്ത സംസ്കാരത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങൾക്കും മഹോത്സവം വേദിയായി

പതിനേഴാം തീയതി രാവോടു കൂടി ഒമ്പതു ദിവസം നീണ്ടു നിന്ന മഹാരാഷ്ട്ര -കേരള മഹോത്സവത്തിന് കൊടിയിറങ്ങി . മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ പാണ്ടിമേളത്തോടെ തുടങ്ങിയ പകൽപ്പൂരം ഡോംബിവലി MIDC മൈതാനിക്ക് തേക്കിൻ കാടിന്റെ ഉത്സവ ഛായ പകർന്നു. മേളം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോഴേക്കും പൂരനഗരി ജനസമുദ്രമായി മാറി കഴിഞ്ഞിരുന്നു. നെറ്റിപ്പട്ടം കെട്ടി ആലവട്ടവും വെഞ്ചാമരവും ആയി തിടമ്പേറ്റിയ ആനകൾ യഥാർത്ഥ തൃശൂർ പൂരത്തിന്റെ തനിയാവർത്തനം പോലെ അനുഭവപ്പെട്ടു.. കുറ്റമാറ്റത്തിനൊപ്പം പാണ്ടിമേളം കൊട്ടിക്കയറിയപ്പോൾ ജനം ആഹ്ലാദത്താൽ മതിമറന്നു..

കലാപരിപാടികളുടെ തുടക്കം കുറിച്ചത് കളരിപ്പയറ്റോടെ ആയിരുന്നു. കടത്തനാടിന്റെ ആയോധന കല ദേശ ഭാഷാന്തരങ്ങളില്ലാതെ ആസ്വദിക്കുന്ന ജനങ്ങളെയാണ് ഉത്സവമൈതാനത്ത് കണ്ടത് . തുടർന്ന് താരാ വർമ്മയുടെ നേതൃത്വത്തിൽ കലാകാരികൾ അവതരിപ്പിച്ച ഫ്യുഷ്യൻ ഡാൻസും നടന്നു. കഥകളി മോഹിനിയാട്ടം ഭരതനാട്യം കുച്ചിപ്പുടി കഥക് മണിപ്പുരി , ഒഡീസി എന്നീ ഏഴു നൃത്തരൂപങ്ങൾ ഒരേ വേദിയിൽ ഒരേ സമയം അവതരിപ്പിച്ചത് സദസ്സിനു ഒരു പുത്തൻ അനുഭവ ആയിരുന്നു.

നഗരത്തിൽ ഇതാദ്യമായി മധ്യകേരളത്തിന്റെ പൂരപ്പെരുമ കാളവേല ഉത്സവ മൈതാനിയിൽ അരങ്ങേറിയത് പ്രവാസ ലോകത്തിനു വേറിട്ട അനുഭവം ആയി. പിന്നീടായിരുന്നു പുലിയിറങ്ങൽ. പത്തോളം മനുഷ്യപുലികൾ പൂരമൈതാനിയിൽ സ്വച്ഛന്ദം വിഹരിച്ചപ്പോൾ പ്രവാസ ജീവിതത്തിന്റെ ഗൃഹാതുരത്വങ്ങൾ വീണ്ടും ഉത്സവ പ്രേമികളിൽ മുളപൊട്ടി. തുടർന്ന് തെയ്യങ്ങളുടെ വരവായി. ജനം തൊഴുതു വണങ്ങി അനുഗ്രഹം വാങ്ങി പിരിഞ്ഞതും ഘോഷയാത്രക്ക്‌ തുടക്കമായി. അകമ്പടിയായി ലാവണി നൃത്തക്കാർ ചുവടുവച്ചു . മഹാരാഷ്ട്രയുടെ മറ്റു പരമ്പരാഗത നുത്തരൂപങ്ങളും ദൃശ്യാ ചാരുത പകർന്നു. ജനം ഏറെ ആസ്വദിച്ച സ്ത്രീകളുടെ ശിങ്കാരി മേളം ഉത്സവ നഗരിയിൽ ലിംഗ സമത്വത്തിന്റെ സന്ദേശം വിളിച്ചോതി. കൈകൾ വായുവിൽ ഉയർത്തിയും ആടിയും പാടിയും കാണികൾ ശിങ്കാരി മേളത്തിനൊപ്പം അടിവച്ചു

നാദസ്വരത്തോടൊപ്പം കാവടിയാട്ടം കാവ് കയറിയപ്പോൾ ജനം ആർത്തു വിളിച്ചു. രാത്രി കനക്കുംതോറും ജനപ്രവാഹം കൂടിക്കൊണ്ടിരുന്നു. രണ്ടു സംസ്കാരങ്ങളുടെ സമന്വയം ഭാഷയുടെയും ദേശങ്ങളുടെയും മതിലുകൾ തകർത്ത് ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന സ്വപ്ന സാഫല്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായി മാറി മഹാരാഷ്ട്ര- കേരള മഹോത്സവം.

രണ്ടു ദേശങ്ങളുടെ രുചിക്കൂട്ടുകൾ തീർത്ത ഭക്ഷണ ശാലകൾ ഭക്ഷണ പ്രിയരാൽ സമ്പന്നമായിരുന്നു. വൈവിധ്യമാർന്ന ഭക്ഷണ ശേഖരം പൂരനഗരിയിൽ രുചിവിസ്മയങ്ങളുടെ മറ്റൊരു വിപ്ലവം രചിച്ചു.സമാപന ചടങ്ങുകൾ രണ്ടു ദേശങ്ങളുടെയും സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി .

അവസാനം കൊട്ടിക്കലാശത്തിന്റെ ആഹ്ലാദ തിമിർപ്പുകൾക്ക് ആവേശം പകർന്ന് മട്ടന്നൂരിന്റെ പഞ്ചാരിമേളം, തുടർന്ന് ആകാശത്ത് വർണ്ണങ്ങൾ തീർത്ത് വെടിക്കെട്ട്. പിന്നെ രണ്ടു ദേശങ്ങൾ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഒരു ചരിത്ര സംഭവത്തിന് തിരശീല വീണത്. പക്ഷെ, അതൊരു ഉത്സവത്തിന്റെ പരിസമാപ്തി ആയിരുന്നില്ല. വരാൻ പോകുന്ന വർഷങ്ങളിലെ സാംസ്കാരിക കൂട്ടായ്മയുടെ നാന്ദി കുറിച്ചുകൊണ്ടുള്ള ശംഖ് നാദമായിരുന്നു.

  • രാജൻ കിണറ്റിങ്കര

ഖലീഫയായി വിസ്മയിപ്പിക്കുന്ന പകർന്നാട്ടവുമായി നെടുമുടി വേണു
കേരളാ ഹൌസ് വാടക – അനുകൂല നിലപാടുമായി സർക്കാർ
കാൽപന്തുകളിയുടെ മാസ്മരികത പകർന്നാടിയ മറഡോണ നഗരത്തിൽ നൂതനാനുഭവമായി

LEAVE A REPLY

Please enter your comment!
Please enter your name here