കാവ്യ സദസ്സുകൾ കവിയരങ്ങുകൾ മാത്രമായി ചുരുങ്ങുന്ന കാലഘട്ടത്തിൽ ചൊല്ലരങ്ങും ചൊൽക്കാഴ്ച്ചയും ശ്രദ്ധേയമായെന്ന് പി കെ മുരളീകൃഷ്ണൻ

കാവ്യപാരമ്പര്യത്തിന്റെ കണ്ണികൾ വിളക്കിച്ചേർക്കാനുള്ള ഡോംബിവിലി കേരളീയ സമാജത്തിന്റെ മുന്നൊരുക്കം, പ്രവാസികളുടെ സാഹിത്യത്തോടും സംസ്കാരത്തോടുമുള്ള ഇഴയടുപ്പവും സാമൂഹ്യ സാംസ്കാരിക പ്രതിബദ്ധതയും വ്യക്തമാക്കി.

0
ഏഷ്യയിലെ ഏറ്റവും വലിയ മലയാളി പ്രസ്ഥാനമായ ഡോംബിവിലി കേരളീയ സമാജം സംഘടിപ്പിച്ച കാവ്യാലാപന പരിപാടി പ്രവാസി മലയാളികൾക്ക് നവ്യാനുഭവം പകർന്നാടി.
കവിയും നാടക പ്രവർത്തകനുമായ പി കെ മുരളീകൃഷ്ണന്റെ സംവിധാനത്തിലാണ് “ചൊല്ലരങ്ങും ചൊൽക്കാഴ്ചയും” സാക്ഷാൽക്കരിക്കപ്പെട്ടത്. അനിൽ പൊതുവാൾ അവതരണ കവിതകൾക്ക് പശ്ചാത്തല സംഗീതമൊരുക്കി. രഞ്ജിത് രാജൻ, ശ്രീജിത്, സിന്ധു നായർ എന്നിവർ സാങ്കേതിക സഹായികളായി. സമാജം പ്രസിഡന്റ് വി നാരായണനും ചെയർമാൻ ഒ പ്രദീപും ആശംസകൾ നേർന്ന് സംസാരിച്ചു. പി കെ മുരളീകൃഷ്ണനേയും അനിൽ പൊതുവാളിനേയും രഞ്ജിത് രാജനേയും ആദരിച്ചു.
മലയാള നാടിൻറെ പൈതൃകവും സംസ്കാരവും കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി ഭാഷാ പഠനവും, സംഗീതവുമായി പുതിയൊരു ചരിത്രം കുറിക്കുകയാണെന്നും ഇനിയുള്ള നാളുകളിൽ ഇത്തരം സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ച് യുവ തലമുറയെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കുമെന്നും ഓ പ്രദീപ് പറഞ്ഞു.
ചൊല്ലരങ്ങും ചൊൽക്കാഴ്ചയും എന്ന നഗരത്തിന് നൂതനമായ പരിപാടി സംഘടിപ്പിക്കുന്നതിന് പ്രാധാന്യത്തെ കുറിച്ച് ആംചി മുംബൈയോട് സംസാരിക്കവെയാണ് സമാജം ഭാരവാഹികളും അണിയറ പ്രവർത്തകരും അഭിപ്രായങ്ങൾ പങ്കു വച്ചത്.

സാമൂഹിക പ്രശ്നങ്ങളിൽ എങ്ങിനെ ഇടപെടാൻ പറ്റുമെന്ന അന്വേഷണത്തിൽ നിന്നാണ് ചൊൽക്കാഴ്ച ഉടലെടുത്തതെന്ന് മുരളീകൃഷ്ണൻ

മുംബൈയുടെ കലാ സാഹിത്യ സാംസ്‌കാരിക തലസ്ഥാനമായ ഡോംബിവ്‌ലിയിൽ കുട്ടികൾക്കും യുവാക്കൾക്കും സാഹിത്യവഴിയിലേക്കുള്ള ആദ്യ പടിയാണിതെന്നും കേരളത്തിൽ പോലും അന്യമായിക്കൊണ്ടിരിക്കുന്ന കലാ രൂപങ്ങൾക്ക് വേദിയൊരുക്കി നമ്മുടെ സംസ്കാരത്തെയും ഭാഷയെയും പരിപോഷിപ്പിക്കുക എന്ന ദൗത്യം കൂടിയാണ് സമാജം ഏറ്റെടുത്തിരിക്കുന്നതെന്നും ആർട്സ് വിഭാഗം സെക്രട്ടറി സി കെ രമേശ് പറഞ്ഞു.
സാഹിത്യത്തിന്റെ ആദ്യ രൂപമാണ് കവിതയെന്നും ഒരു കാലഘട്ടത്തിൽ അവതരണ കവിതകൾക്കുള്ള പ്രാധാന്യം വളരെ വലുതായിരുന്നുവെന്നും പി കെ മുരളീകൃഷ്ണൻ അഭിപ്രായപ്പെട്ടു. അച്ചടി മലയാളം നിരാകരിക്കപ്പെട്ട അഥവാ നിരസിക്കപ്പെട്ട കവിതകൾ അരങ്ങിൽ ചൊല്ലി പ്രശംസ പിടിച്ചു പറ്റുന്ന ഒരു വാശി കൂടി അവതരണ കവിതകൾ ആലപിക്കുന്നവരിൽ ഉണ്ടായിരുന്നുവെന്നുംനാടക പ്രവർത്തകൻ കൂടിയായ മുരളീകൃഷ്ണൻ പറഞ്ഞു. കാവ്യ സദസ്സുകൾ കവിയരങ്ങുകൾ മാത്രമായി മാറുന്ന കാലഘട്ടത്തിൽ കവിതക്ക് എങ്ങിനെ പ്രാധാന്യം കൊടുക്കാൻ പറ്റുമെന്നും കവിതയെ എങ്ങിനെ ജനകീയമാക്കി സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാൻ പറ്റുമെന്ന അന്വേഷണത്തിൽ നിന്നാണ് ചൊൽക്കാഴ്ച ഉടലെടുത്തതെന്നും മുരളീകൃഷ്ണൻ പറഞ്ഞു. കവിതയിലൂടെ ആശയങ്ങൾ കൈമാറി സംവദിക്കാനുള്ള വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭത്തിന് രൂപകൽപ്പന ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കവിതകൾ കവികളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ജനകീയമാക്കുവാൻ ഇത്തരം വേദികൾ വഹിക്കുന്ന പങ്കു വളരെ വലുതാണെന്ന് അനിൽ പൊതുവാൾ

പുതിയ തലമുറയുടെ ആലാപന മികവിനൊപ്പം ഇടക്കയിൽ പശ്ചാത്തലമൊരുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നാണ് മുംബൈയിലെ അറിയപ്പെടുന്ന വാദ്യകലാകാരൻ അനിൽ പൊതുവാൾ അനുഭവം പങ്കു വച്ചത്. കവിതകൾ കവികളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ജനകീയമാക്കുവാൻ ഇത്തരം വേദികൾ വലിയ പങ്കാണ് വഹിക്കുന്നതെന്നു കൈരളി ടി വി യിലെ മയിൽ‌പീലി കാവ്യാലാപന റിയാലിറ്റി ഷോയെ പ്രതിപാദിച്ചു കൊണ്ട് അനിൽ പൊതുവാൾ പറഞ്ഞു .
സമൂഹത്തോട് നിരന്തരം സംവദിക്കുകയും ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുന്നതിലും കവിതകൾ വഹിക്കുന്ന പങ്കു വളരെ വലുതാണെന്നും ഇതിനെ ജനകീയമാക്കുന്നതിനും യുവ തലമുറയിലേക്ക് ഇത്തരം സംസ്കാരങ്ങൾ പകർന്നാടുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് വി നാരായണൻ പറഞ്ഞു. കവിതയെ ജനപ്രിയമാക്കുന്നതിൽ കൈരളി ടി വി വഹിച്ച പങ്കിനെയും അദ്ദേഹം ശ്ലാഘിച്ചു.
നവമ്പർ 3ന് ശനിയാഴ്ച മോഡൽ സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ നിരവധി പ്രതിഭകൾ പങ്കെടുത്തു.
വള്ളത്തോളിന്റെ “മലയാളത്തിന്റെ തല ” അർച്ചനയും, സുഗതകുമാരിയുടെ “അഭിസാരിക ” അമൃതയും, വൈലോപ്പിള്ളിയുടെ “കാക്ക ” അക്ഷയയും, ശ്രീകുമാരൻ തമ്പിയുടെ “അച്ഛന്റെ ചുംബനം” വീണയും, ആലങ്കോട് ലീലാകൃഷ്ണന്റെ “ശ്രാവണ മാധവം” രേഷ്മയും, വിജയലക്ഷ്മിയുടെ “പ്രവാസം” ശരണ്യയും, പി പി രാമചന്ദ്രന്റെ “പട്ടാമ്പിപ്പുഴ മണലിൽ” അഭിഷേകും ആലപിച്ചു.
കെ. അയ്യപ്പപ്പണിക്കരുടെ “പൂക്കാതിരിക്കാനെനിയ്ക്കാവതില്ലേ ” എന്ന കവിതയുടെയും, മനോജ് പാമ്പക്കുടയുടെ ”പെരുമഴ” എന്ന കവിതയുടെയും ചൊൽക്കാഴ്ചകൾ കേരളീയ സമാജം കലാവിഭാഗത്തിലെ കുട്ടികൾ അവതരിപ്പിച്ചു. കലാവിഭാഗം സെക്രട്ടറി സി കെ രമേഷ്, കവികളെയും കവിതകളേയും അവതരിപ്പിക്കുന്നവരേയും പരിചയപ്പെടുത്തി അരങ്ങിനെ നിയന്ത്രിച്ചു.
അവതരണ കവിതയെന്ന കാവ്യപാരമ്പര്യത്തിന്റെ കണ്ണികൾ വിളക്കിച്ചേർക്കാനുള്ള ഡോംബിവിലി കേരളീയ സമാജത്തിന്റെ മുന്നൊരുക്കം, പ്രവാസികളുടെ മലയാള ഭാഷയോടും കലയോടും സാഹിത്യത്തോടും സംസ്കാരത്തോടുമുള്ള ഇഴയടുപ്പവും സാമൂഹ്യ സാംസ്കാരിക പ്രതിബദ്ധതയും വ്യക്തമാക്കി.

Watch AMCHI MUMBAI for the highlights of the event::::::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv

LEAVE A REPLY

Please enter your comment!
Please enter your name here