പൂക്കളെ പ്രണയിക്കുന്നവർ

മുംബൈയിലെ ഫൂൽ മാർക്കറ്റിലെ പൂക്കളുടെ സുഗന്ധം പേറുന്ന കളങ്കമില്ലാത്ത മനുഷ്യരുടെ ജീവിത നിമിഷങ്ങളെ കോറിയിടുകയാണ് അറിയപ്പെടുന്ന സാഹിത്യകാരനും കാർട്ടൂണിസ്റ്റും കൂടിയായ രാജൻ കിണറ്റിങ്കര എഴുതുന്നു.

0
മുംബൈയിലെ പ്രധാന ആഘോഷങ്ങളായ  ദീപാവലി, ദസറ,  ഗണേഷ്  ചതുർതത്ഥി ..  ഈ ദിനങ്ങളെ കാത്തിരിക്കുന്ന ചില ഹതഭാഗ്യരുണ്ട്, നഗര വീഥികളിൽ.  പൂക്കൾ വിറ്റ് ഉപജീവനം നടത്തുന്നവർ.  ആഘോഷങ്ങൾക്ക് ഒരാഴ്ചമുന്നേ അവർ നഗര ത്തിലെ വഴിയോരങ്ങളെ അവരുടെ താവളമാക്കി  കഴിഞ്ഞിരിക്കും.  കൈക്കുഞ്ഞുങ്ങൾ അടക്കമുള്ള കുടുംബവുമായി അവർ വിദൂരമായ ഗ്രാമങ്ങളിൽ നിന്ന് നഗരത്തിന്റെ വർണ്ണശോഭയിലേക്ക്, സമ്പൽപെരുമയിലേക്ക്  ചേക്കേറുന്നു.   ഇഷ്ടദേവനും ദേവിക്കും ചാർത്താനുള്ള  അലങ്കാരങ്ങൾ അവരുടെ വിരലുകളുടെ കരവിരുതിൽ  രൂപപ്പെടുന്നു. ഒരു കയ്യിൽ മാലകോർക്കാനുള്ള നൂലും മറുകൈയ്യിൽ പൂവുകളും മാറിൽ പറ്റിക്കിടന്നുറങ്ങുന്ന  കൈക്കുഞ്ഞും.  നഗരത്തിന്റെ ആരും കാണാത്ത അല്ലെങ്കിൽ ആരും അറിയാനാഗ്രഹിക്കാത്ത ചില നൊമ്പര കാഴ്ചകൾ ..  അവർക്ക്  രാവില്ല , പകലില്ല , മഴയില്ല, വെയിലില്ല.  വഴിവക്കിലെ തട്ടുകടയിൽ നിന്നും വാങ്ങുന്ന ഒരു വട, ഒരു പാവ്  ഇതാണവരുടെ ഒരു ദിവസത്തെ  അന്നം.  മുന്നിൽ കുന്നുകൂട്ടിയിരിക്കുന്ന പലവർണ്ണ  പൂക്കളിൽ അവർ ജീവിതത്തിന്റെ അർഥം തേടുന്നു. വിശന്ന വയറിനു മുന്നിൽ സുഗന്ധം പരത്തി നിൽക്കുന്ന പൂക്കൾക്ക് പക്ഷെ അവരുടെ ജീവിതത്തിന്റെ ഗന്ധം തിരിച്ചറിയാനുള്ള   ബാധ്യതയില്ലല്ലോ. വെറും പത്തും ഇരുപതും രൂപയ്ക്ക് വിൽക്കപ്പെടുന്ന മാലകളും തോരണങ്ങളും  പകുതി വിലയ്ക്ക് വിലപേശി വാങ്ങാൻ മഹാനഗരത്തിന്റെ സമ്പന്നതയ്ക്ക് ഒരു ഉളുപ്പും  ഇല്ല, ഒരു മനസാക്ഷി കുത്തും ഇല്ല.

പൂക്കളാണ് … നാളെയത് ചീഞ്ഞു  വളമാകും. പിന്നെ അവയെ സ്നേഹിച്ചവർ തന്നെ അവജ്ഞയോടെ മുഖം തിരിച്ചു  നടക്കും.

പലപ്പോഴും അവരുടെ ഉൽപ്പന്നങ്ങൾക്ക്   മുടക്കു പൈസയുടെ അത്രയും വിലപോലും കിട്ടാറില്ലെങ്കിലും കിട്ടിയ പൈസക്ക് അവ വിൽക്കാൻ അവർ നിർബന്ധിതരായി പോകുന്നു.  കാരണം, പൂക്കളാണ് നാളെയത് ചീഞ്ഞു  വളമാകും. പിന്നെ അവയെ സ്നേഹിച്ചവർ തന്നെ അവജ്ഞയോടെ മുഖം തിരിച്ചു  നടക്കും. ഒരർത്ഥത്തിൽ പൂക്കൾ എന്നത് ജീവിതത്തിന്റെ മറ്റൊരു മുഖം തന്നെയല്ലേ, സമ്പത്തും ആരോഗ്യവും ഉള്ള യൗവനത്തിൽ ജീവിതം ഒരു ഉദ്യാനംപോല  മനോഹരം, തേൻ നുകരാനെത്തുന്ന വണ്ടുകളും ശലഭങ്ങളും ചുറ്റിലും പാറിനടക്കുന്ന കിളികളും  തുമ്പികളും.  ഒടുവിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട വാടിയ പൂക്കൾ പോലെ ആരാലും തിരിഞ്ഞു നോക്കാതെ വാർദ്ധക്യം എന്ന  പരമസത്യം.
ഈ കുടിയേറ്റക്കാർക്ക്‌  അവരുടേതായ ചില അലിഖിത നിയമങ്ങൾ  ഉണ്ട്, അവർ പുലർത്തിപോരുന്ന   സംസ്കാരത്തിന്റെ ചില അതിർവരമ്പുകൾ ഉണ്ട്.  അവ ലംഘിക്കപ്പെടാതിരിക്കാൻ അവർ പരസ്പരം  ശ്രദ്ധിക്കുന്നു.  വെറും മൂന്നു ചതുരശ്ര  അടിയോളം മാത്രം വരുന്ന സ്ഥലത്ത് വിരിച്ചിട്ട  റോഡുവക്കിലെ ഒരു പഴന്തുണിയാണ് ഒരാഴ്ചത്തെ ഒരു കുടുംബത്തിന്റെ  സാമ്രാജ്യം.  ഒട്ടിയ വയറിനെ പൂക്കളാൽ മറച്ച് അവർ ആവശ്യക്കാരന് മുന്നിൽ ചിരിക്കുന്ന മുഖത്തോടെ  നിൽക്കുന്നു, ആ കണ്ണുകളിൽ ദൈന്യതയുണ്ട്, ആ വാക്കുകളിൽ നിശബ്ദമായ ഒരു വിലാപമുണ്ട് . ആ നെഞ്ചിൽ ഒരു കടലിരമ്പുന്നുണ്ട്.  പക്ഷെ മുന്നിൽ നിൽക്കുന്നവന് പൂക്കളുടെ ഭംഗിയിലാണ്  കണ്ണ്, അവയുടെ വിലയിലാണ് മനസ്സ്.

റോഡരികിൽ  കൈകാലിട്ടടിച്ചു കരയുന്ന പിഞ്ചുകുഞ്ഞിനെ  വാരിയെടുക്കാനോ താരാട്ടു പാടാനോ വിധിച്ചിട്ടില്ല.  മൃദുലവികാരങ്ങളെ മനസ്സിലൊതുക്കി അവർക്കിനിയും പണിയെടുക്കണം, 

മുന്നിൽ തറച്ചു വച്ച ഒരു കുറ്റിയിൽ വലിച്ച് കെട്ടിയ നൂൽ, നോക്കി നിൽക്കെ ആ നൂൽ   മനോഹരമായ ഒരു  പൂമാലയായി  മാറുന്നു. കണ്ണെടുക്കും മുന്നേ ആ കുറ്റിയിൽ അടുത്ത മാലയ്ക്കായി മറ്റൊരുനൂൽ കോർക്കപ്പെടുന്നു . എണ്ണയിട്ട  യന്ത്രം പോലെ കണ്ണും കയ്യും മനസ്സും ജോലിയിൽ  വ്യാപൃതരാവുമ്പോഴും  ഇവർ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും. ഒരുപക്ഷെ മനസ്സിന്റെ പിരിമുറുക്കം ഇവർ തീർക്കുന്നത് ഇങ്ങിനെയൊക്കെ  ആയിരിക്കാം.
 പൂക്കളെ വഴഞ്ഞുമാറ്റി  പൂക്കച്ചവടക്കാർ താൽക്കാലികമായി കയ്യടക്കിയ പൊതുനിരത്തിലൂടെ നടക്കുമ്പോൾ  കാണാം, കയ്യിൽ തൂക്കി പിടിച്ച മാലകളും തോരണങ്ങളുമായി  കളിക്കാൻ  മറന്ന, ചിരിക്കാൻ  മറന്ന ചില  ബാല്യങ്ങൾ. ആരുടെയൊക്കെയോ വീടിന് മുന്നിൽ ഐശ്വര്യം ചാർത്താൻ പൊള്ളുന്ന വെയിലിൽ ഉരുകിയൊലിക്കുന്ന നിസ്സഹായ  ജന്മങ്ങൾ.  “ബാബാ, ഏക് ലേലോ” എന്ന അവരുടെ കെഞ്ചലുകൾക്കു  ചെവിയോർക്കാൻ  സമ്പന്നതയുടെ നഗരജന്മങ്ങൾക്ക് മനസ്സ് പാകപ്പെട്ടിട്ടിലായിരുന്നു.
ഇരമ്പുന്ന മനസ്സാൽ നെയ്തുകൂട്ടുന്ന ദേവാലങ്കാരങ്ങൾക്കിടയിൽ ഇവർക്ക് കണ്ണും കാതും  കൂർപ്പിച്ചിരിക്കണം, അകലെ നിന്നും കേൾക്കുന്ന മറ്റൊരു ഇരമ്പൽ.  ദാക്ഷിണ്യമില്ലാതെ ചീറിവരുന്ന മുനിസിപ്പാലിറ്റിയുടെ വണ്ടികൾ.  നരച്ച പെയിന്റുള്ള ആ വണ്ടികൾ ചിലപ്പോൾ അവരുടെ നിറമില്ലാത്ത സ്വപ്നങ്ങളെ പെരുവഴിയിൽ  ചവിട്ടിയരക്കും. ചിലപ്പോൾ ഉറങ്ങുന്ന കുഞ്ഞിനെ പ്പോലും  നടുറോഡിൽ ഉപേക്ഷിച്ച് കയ്യിലൊതുങ്ങിയ പൂക്കളും കൊട്ടയും വാരിയെടുത്ത് എവിടേക്കെങ്കിലും  ഓടണം.   അടുത്ത  കടയിലേക്ക്, അല്ലെങ്കിൽ അടുത്തുള്ള കെട്ടിടത്തിലേക്ക്. കയ്യിൽ കിട്ടിയതെല്ലാം വാരിയെടുത്ത് വണ്ടിയിലേക്കിട്ടു നിയമപാലകർ അകന്നുപോകുമ്പോൾ അവർ ആമകളെപ്പോലെ തല മെല്ലെ പുറത്തേക്കിട്ടു പരിസരം  വീക്ഷിക്കും. പിന്നെ ആശ്വാസത്തിന്റെ നെടുവീർപ്പുമായി പഴയ  താവളത്തിലേക്ക്.   റോഡരികിൽ കത്തുന്ന വെയിലിനു കീഴെ  കൈകാലിട്ടടിച്ചു കരയുന്ന പിഞ്ചുകുഞ്ഞിനെ  വാരിയെടുക്കാനോ താരാട്ടു പാടാനോ ഇവരിലെ മാതൃത്വത്തിനു  വിധിച്ചിട്ടില്ല.  മൃദുലവികാരങ്ങളെ മനസ്സിലൊതുക്കി അവർക്കിനിയും പണിയെടുക്കണം, വണ്ടിക്കാർ ചവിട്ടിയരച്ച അവരുടെ നഷ്ടപ്പെട്ട അന്നത്തെ തിരിച്ചുപിടിക്കാൻ ഇനിയും വിയർപ്പു ചിന്തണം
പൂക്കളുടെ സുഗന്ധം പേറുന്ന ഇവരുടെ മനസ്സിൽ കള്ളമില്ല, നാളെയുടെ ഉൽക്കണ്ഠകളിലല്ല, നഷ്ടബോധത്തിന്റെ കരിനിഴലുകളില്ല . വിതയ്ക്കാനും കൊയ്യാനും വിളനിലങ്ങളില്ലാത്ത ഇവർ ദേശാടനക്കിളികളായി പാറി  നടക്കുന്നു. കയ്യിലെ ഒരു ഭാണ്ഡത്തിൽ കെട്ടിയെടുക്കാനുള്ളതേ ഉള്ളൂ അവരുടെ നീക്കിവപ്പുകൾ. ഉത്സവങ്ങളും ആഘോഷങ്ങളും കഴിഞ്ഞ് മഹാനഗരത്തിന്റെ തെരുവീഥികൾ വിജനമാകുമ്പോൾ ശൂന്യമായ മനസ്സോടെ ഇവർ പടിയിറങ്ങുന്നു.
വിട.. മഹാനഗരത്തിന്റെ കാപട്യങ്ങളോടും ചപലതകളോടും വിട…. വിലപേശിയും വിയർപൂറ്റിയും കിട്ടിയ ധാന്യമണികൾ മാറോടക്കി ഇനി അവർ ഗ്രാമത്തിലേക്ക് തിരിച്ചുപോകും…. മാസങ്ങൾക്കപ്പുറം മറ്റൊരു ആഘോഷത്തിന്റെ മണിയൊച്ച കാതോർത്ത്.. സജീവമാകുന്ന നഗരവീഥികളിലേക്ക് വീണ്ടുമൊരു തിരിച്ചു വരവിനായി …
  • രാജൻ കിണറ്റിങ്കര

സോഷ്യൽ മീഡിയകളിലെ വേട്ടക്കാർ
മറാത്ത രാഷ്ട്രീയ ചക്രവാളത്തിൽ ഉദയം കാത്തിരിക്കുന്ന ആദിത്യ

LEAVE A REPLY

Please enter your comment!
Please enter your name here