ജനപങ്കാളിത്തത്തോടെ ഉണർവ് ; പ്രത്യാശയോടെ മുംബൈ നാടകവേദി

ഉണർവിന്റെ ആഭിമുഖ്യത്തിൽ നടന്ന യുവ ജന ഏകാങ്ക നാടക മത്സരത്തിലെ സജീവ പങ്കാളിത്തം മുംബൈ നാടക വേദിക്ക് പുത്തനുണർവ് സമ്മാനിച്ചു

0

ഉണർവ്” യുവജന ഏകാങ്ക നാടക മത്സരം

എല്ലാ കലകളും സാക്ഷാത്ക്കരിക്കപ്പെടുന്നത് അതിനെക്കുറിച്ചുള്ള അന്വേഷണവും അപഗ്രഥനവും മൂലമാണ്. ലോകത്തിലെ വികസിതമായ ആദ്യകാലരൂപം നാടകമാണെന്നു പറയാം. ഭാരതീയ – ഗ്രീക്ക് നാടകസങ്കല്പങ്ങൾ മനുഷ്യമനസ്സിനെ ദേശകാലാതീതമായി സ്വാധീനിച്ചിരുന്നു. ക്രമാനുഗതമായ വളർച്ചയാണ് നാടകരൂപത്തിനുള്ളത്.
എന്നാൽ മലയാള നാടക രംഗത്താവട്ടെ ഒരു കാലത്തു പുഷ്കലവും സജീവവുമായിരുന്ന നാടകവേദി മറ്റു സാഹിത്യരൂപങ്ങളുടെ കടന്നുവരവോടെ നിഷ്ക്രിയമായി. എഴുപതു – എൺപതുകളിൽ സജീവമായിരുന്ന നാടകപ്രവർത്തനങ്ങൾ മന്ദഗതിയിലായി. കേരളത്തിലെ നാടകവേദിയെ സജീവമായി പിന്തുടർന്നിരുന്ന മുംബൈ നാടകവേദിക്കും സ്വാഭാവികമായി ഈ നിഷ്‌ക്രിയത്വം ബാധകമായി. കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന നാടകവേദിയുടെ ചുവട് പിടിച്ചു നടത്തുന്ന നാടകപ്രവർത്തനങ്ങളോടൊപ്പം മുംബൈ നാടകവേദിയുടെ തനതായ ഒരു പ്രവാസ നാടകവേദി സൃഷ്ടിക്കേണ്ട ഒരു ബാധ്യത മുംബൈയിലെ മുതിർന്ന നാടകപ്രവർത്തകർക്കുണ്ട്.
പുതിയ ഒരു നാടകാവബോധം സൃഷ്ടിക്കുവാൻ യുവജനങ്ങളെ നാടകവുമായി ബന്ധപ്പെടുത്തുകയും നാടകപഠനത്തിലൂടെ മലയാള ഭാഷയും സംസ്കാരവും അവർക്കു പകർന്നുനല്കുവാനുമുള്ള ഒരു പ്രവർത്തനത്തിനാണ് ഉണർവ് എന്ന യുവജന സംഘടന ഊന്നൽ നൽകുന്നത്,
കേരളീയ കേന്ദ്ര സംഘടനയുടെ യുവജനവിഭാഗമായ “ഉണർവി”ന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ  28 നു മാട്ടുങ്ക മൈസൂർ അസോസിയേഷൻ ഹാളിൽ വച്ച് നടത്തിയ യുവജന നാടക മത്സരത്തിന് ലഭിച്ച ജനപങ്കാളിത്തവും യുവജനങ്ങൾ അവതരിപ്പിച്ച നാടകങ്ങളുടെ സ്വീകാര്യതയും മുംബൈ നാടകവേദിക്ക് ഒരു പുതിയ ഉണർവ് നൽകും എന്ന കാര്യത്തിൽ ഒട്ടും ആശങ്ക വേണ്ട. മുപ്പത്തഞ്ചു വയസ്സിനു താഴെയുള്ള യുവജനങ്ങളുടെ അഭിനയശേഷി മാറ്റുരക്കുന്ന ഒരു മത്സരമായിരുന്നു ഇത്. മത്സരത്തിൽ ആറു നാടകങ്ങൾ പങ്കെടുത്തു.

ദൈവത്തിന്റെ സ്വന്തം സന്തതി

ബാന്ദ്ര മലയാളി സമാജത്തിലെ യുവജനങ്ങളുടെ ആദ്യ സംരംഭമായ “ദൈവത്തിന്റെ സ്വന്തം സന്തതി” എന്ന നാടകമായിരുന്നു മത്സരത്തിലെ ആദ്യ നാടകം. തികച്ചും പുതുമയുള്ള ഒരു പ്രമേയമായിരുന്നു ഈ നാടകത്തിന്റെ ഇതിവൃത്തം.  വരുൺ പൊതുവാളിന്റെ കഥാബീജം വികസിപ്പിച്ചു നാടകരൂപത്തിലാക്കിയത് സാഹിത്യകാരിയായ ഇന്ദിരാ വർമയാണ്. ജനിതക വൈകല്യത്താൽ transgender ആയി ജനിച്ച ഒരു കുട്ടി കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന സങ്കീർണതകൾ ആയിരുന്നു ഈ നാടകത്തിലെ പ്രമേയം. പുതുമ നിറഞ്ഞ പ്രമേയമായിരുന്നെങ്കിലും അവധാനതയോടെ അതിനെ സമീപിക്കുവാനും അതിനിണങ്ങുന്ന ഒരു രംഗഭാഷയിലൂടെ ആ നാടകത്തെ കാണികളിലേക്കു സംക്രമിപ്പിക്കുവാനും ബാന്ദ്ര മലയാളി സമാജത്തിനു കഴിഞ്ഞില്ല. പരിചയ സമ്പന്നരായ നടീനടന്മാരോ നല്ല ഒരു സംവിധായകനോ പരിശ്രമിച്ചാൽ ഒരു പക്ഷെ നല്ല ഒരു അവതരണമാക്കാൻ കഴിയുന്ന ഒരു നാടകമായിരുന്നു “ദൈവത്തിന്റെ സ്വന്തം സന്തതി”. ആദ്യ സംരംഭം എന്ന നിലയിൽ ബാന്ദ്ര മലയാളി സമാജം അഭിനന്ദനം അർഹിക്കുന്നതിനോടൊപ്പം നാടകം എന്ന മാധ്യമത്തെ കുറച്ചുകൂടി ഗൗരവത്തോടെ സമീപിക്കുവാൻ അവരെ പ്രേരിപ്പിക്കുന്ന ഒരു നാടകമായിരുന്നു ഇത്.
മുപ്പതു മിനിറ്റ് അവതരണ സമയമെടുത്ത ഈ ഏകാങ്കം സംവിധാനം ചെയ്യുകയും പ്രധാന കഥാപാത്രമായ മൂപ്പനെ അവതരിപ്പിക്കുകയും ചെയ്തത് സുവീഷ് പരൂർ ആയിരുന്നു. മറ്റു അഭിനേതാക്കൾ വരുൺ പൊതുവാൾ, ജിസ്ന ജിജി, ജീന ജിജി, ശരണ്യ പൊതുവാൾ, അശ്വതി അനിൽകുമാർ മുതലായവരായിരുന്നു. ഇനിയും പുതിയ നാടകസംരംഭങ്ങളിൽ വ്യാപ്തരാകുവാൻ ഈ പുതിയ നാടകം അവരെ പ്രാപ്തരാക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.

ഗാന്ധി പാർക്കിലെ വ്യാകുലതകൾ

മത്സരത്തിലെ രണ്ടാമത്തെ നാടകം “ഗാന്ധി പാർക്കിലെ വ്യാകുലതകൾ” അവതരിപ്പിച്ചത് അണുശക്തി നഗർ ട്രോംബെ ടൗൺഷിപ് ഫൈൻ ആർട്സ് ക്ളബ് ആയിരുന്നു. (TTFAC Anushakthinagar ). മുംബൈ നാടക രംഗത്ത് അമ്പതു വർഷത്തെ പ്രവർത്തന പാരമ്പര്യവും നിരവധി നാടകങ്ങൾ വിജയകരമായി അവതരിപ്പിക്കുകയും ചെയ്ത ഒരു സംഘടനയാണ് TTFAC .1970 – 80 കളിൽ Dr Harikumar , Dr Venugopalan , Dr K N Susheelan Saagaran എന്നീ നാടകപ്രവർത്തകർ നേതൃത്വം നൽകുകയും നിരവധി നല്ല നാടകങ്ങൾ രംഗത്തവതരിപ്പിക്കുകയും 2015 ലെ KKS സംഘടിപ്പിച്ച ഏകാങ്ക നാടകമത്സരത്തിൽ ബാദൽ സർക്കാരിന്റെ “ഹട്ടാമലക്കപ്പുറം” എന്ന നാടകം അവതരിപ്പിച്ചു ഒന്നാം സമ്മാനം നേടുകയും ചെയ്ത പാരമ്പര്യം TTFAC എന്ന സംഘടനക്കുണ്ട്. ഈ നാടകത്തിന്റെ രചന നിർവഹിച്ചത് പ്രസിദ്ധ നോവലിസ്റ്റും ചെറുകഥാകൃത്തുമായ  സുരേഷ് കണക്കൂറാണ്. വളരെ വർഷങ്ങളായി നഗരത്തിലെ ഒരു പച്ചത്തുരുത്തായി നഗരത്തിൽ പടർന്നു പന്തലിച്ചു തണലേകി നിൽക്കുന്ന ഗാന്ധി പാർക്കിനു പകരം നഗരത്തിലെ മാലിന്യ സംസ്കരണത്തിനുതകുന്ന ഒരു മാലിന്യ സംസ്കരണ കേന്ദ്രം നിർമിക്കുവാൻ നഗരസഭ തീരുമാനിക്കുന്നു. ഇതിനെതിരെ ഉപരോധം തീർക്കുന്നത് ഒരു പരിസ്ഥിതിവാദിയും പാർക്കിലെ തൂപ്പുകാരിയുമാണ്. സമകാലിക പ്രാധാന്യമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ആഗോള മുതലാളിത്ത ഭീമന്മാരുമായുള്ള ഈ സംഘട്ടനത്തിൽ പരിസ്ഥിതി സംരക്ഷകനായി രംഗത്തുവന്ന അരവിന്ദും തൂപ്പുകാരിയായി അഭിനയിച്ച വിനീതയും കുറ്റമറ്റ അഭിനയശേഷി പ്രകടിപ്പിച്ചു. പുതിയ നാടകസംകേതങ്ങളിലൂടെ കറയറ്റ ദീപവിതാന മിഴിവോടെ സദസ്യരുമായി സംവദിക്കുവാൻ ഈ നാടകത്തിനു കഴിഞ്ഞു. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സജീവ്, ഉണ്ണികൃഷ്ണൻ എസ് ആചാരി, ശ്രീപ്രിയ എസ് കുമാർ, അഭിജിത് ശ്രീധരൻ, ലിജിൻ ചെമ്മാശ്ശേരി,അനുഷ്ക, അശോക്‌കുമാർ എന്നിവരായായിരുന്നു. സംവിധാനം നിർവഹിച്ചത് മായന്നൂർ കൃഷ്ണനുണ്ണിയും ദീപവിതാനം നിർവഹിച്ചത് എൻ ആർ രമേശുമായിരുന്നു.

പട്ടുപാവാട

മൂന്നാമത്തെ നാടകമായ പട്ടുപാവാട മുംബയിലെ ഒരു ചെറിയ ഫ്‌ളാറ്റിൽ ജീവിക്കുന്ന ഒരു പട്ടാളക്കാരന്റെ കുടുംബത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും ആശങ്കകളും നിറഞ്ഞ രണ്ട് ദിവസങ്ങളെ അനാവരണം ചെയ്യുന്ന ഒരു നാടകമാണ്. പ്രവാസി നാടക സാംസ്കാരിക വേദിയുടെ ബാനറിൽ പ്രശസ്ത കഥാകൃത്തും സാമൂഹ്യപ്രവർത്തകനുമായ സുരേഷ് വർമ്മ രചനയും സംവിധാനവും നിർവഹിച്ച ഈ നാടകം ആദ്യമായി രംഗത്തുവരുന്ന ഒരു കൂട്ടം യുവനാടക പ്രതിഭകളുടെ കൂട്ടായ്മയിലൂടെ ശ്രദ്ധേയമായി. ആദ്യമായി രംഗത്തു വരുമ്പോൾ പ്രകടമാകുന്ന സഭാകമ്പമോ സംഭാഷണങ്ങൾ ഉരുവിടുമ്പോൾ ഉണ്ടാവുന്ന ആത്‌മവിശ്വാസക്കുറവോ ഒന്നും ഈ യുവ നടീനടന്മാരെ സ്പർശിച്ചിരുന്നില്ല, നല്ല ഭാഷാശുദ്ധിയോടെ ചുറുചുറുക്കോടെ ഈ കുട്ടികൾ സദസ്സിനെ പിടിച്ചിരുത്തുന്നതു കണ്ടപ്പോൾ ഇനി വരുന്ന നാളുകളിൽ മലയാള നാടകവേദിക്ക് അഭിമാനിക്കാവുന്ന ദിനങ്ങൾ സമ്മാനിക്കാൻ കഴിയുന്ന ഒരു നാടക കൂട്ടായ്മയാണ് ഇവർ എന്നതിന് ഒരു സംശയവുമില്ല. പ്രധാന നടീനടന്മാർ ദിവ്യ സന്തോഷ്, ഗൗരി അജിത്, അനാമിക അശോക് കുമാർ, സതീഷ്, സ്നേഹ പ്രകാശൻ അഖിൽ എന്നിവരായിരുന്നു.

ഷെഹരിയാറിന്റെ ആദ്യ രാത്രി

നാലാമത്തെ നാടകം “ഷെഹരിയാറിന്റെ ആദ്യ രാത്രി” അവതരിപ്പിച്ചത് ഇപ്റ്റ കേരളയുടെ മുംബൈ ഘടകം ആയിരുന്നു. വളരെ വ്യത്യസ്തവും കാലികപ്രസക്തവുമായ ഈ നാടകത്തിന്റെ രചന നിർവഹിച്ചത് ഇപ്റ്റയുടെ സെക്രട്ടറിയായ  പി ആർ സഞ്ജയ് ആയിരുന്നു. തികച്ചും ദൃശ്യപ്രധാനമായ ചുരുങ്ങിയ സംഭാഷണങ്ങളിലൂടെ വർത്തമാനകാലത്തു സംഭവിച്ച നിര്ഭയയുടേയും, ഉണ്ണാവിന്റെ മകളുടെയും കത്തുവ ദുരന്തങ്ങളുടെയും അനുരണനങ്ങൾ നമ്മളിൽ ഉണർത്തി പ്രതികാരദാഹിയായ സ്ത്രീ സ്വരൂപത്തെ അനാവരണം ചെയ്യുന്ന ഈ നാടകം പ്രേക്ഷക മനസ്സിനെ വല്ലാതെ മഥിച്ചു. നാടകത്തിന്റെ മര്മമറിയുവാനും കുറച്ചുകൂടി സഹിഷ്ണതയോടെ നാടകഗാത്രത്തെ വളരുവാൻ അനുവദിക്കുകയും ചെയ്തിരുന്നെങ്കിൽ വളരെ വ്യത്യസ്തമായ ഒരു നാടകാനുഭവമാക്കി മാറ്റാൻ കഴിയുന്ന ഒരു നാടകമായിരുന്നേനെ “ഷെഹരിയാറിന്റെ ആദ്യ രാത്രി”. ഇപ്റ്റ മുംബൈയുടെ പ്രഥമ സംരംഭമെന്ന നിലയിൽ മുംബൈ മലയാള നാടകവേദിയിൽ പുതിയ വഴി വെട്ടിയൊരുക്കുവാൻ ഇപ്റ്റക്ക് കഴിയും എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്ന നാടകമായിരുന്നു “ഷെഹരിയാറിന്റെ ആദ്യരാത്രി”. രണ്ട് കഥാപാത്രങ്ങൾ മാത്രമടങ്ങിയ ഈ നാടകം സംഭാഷണബാഹുല്യമില്ലാതെ നേരിയ സംഗീതവും നിറഞ്ഞ നിശബ്ദതയും കൊണ്ട് നാടക നിമിഷങ്ങൾ സൃഷ്ടിച്ചെടുക്കുന്നത് ഒരു പുതിയ അനുഭവമായിരുന്നു. ആകാശ് ഉണ്ണികൃഷ്ണനും പാർവതി മേനോനും മുംബൈ മലയാള നാടകവേദിക്കുള്ള പുതിയ വാഗ്ദാനങ്ങളാണ്.

രാധിക

അഞ്ചാമത്തെ നാടകമായ “രാധിക” പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ” എന്ന ചെറുകഥയുടെ ഒരു സ്വതന്ത്ര നാടക ആവിഷ്കാരമാണ്. ചുറ്റുമുള്ള വലിയ മാറ്റങ്ങളുടെ കാരണങ്ങൾ എന്നും കൗതുകമുണർത്തുന്ന കൊച്ചു കൊച്ചു വിപ്ലവങ്ങൾ ആണെന്ന് രാധിക നമുക്ക് പറഞ്ഞു തരുന്നു. രാധിക ഒരേ സമയം ഒരു പ്രതീകവും മാറ്റത്തിന്റെ പ്രചോദനവുമായി മാറുന്നു. അലസനായ ഭർത്താവിനെ തന്റെ അധ്വാനത്തിന്റെ ഫലപ്രാപ്തിയിലൂടെ അവൾ മാറ്റി മറിക്കുന്നു. മുംബയിലെ യുവനാടകപ്രതിഭകളുടെ കുറ്റമറ്റ അഭിനയത്തിലൂടെ പുതിയ ഒരു രംഗഭാഷയിലൂടെ ഓര്മയിലൂറിനിൽകുന്ന സംഗീതത്തിലൂടെ ചടുലമായ ചലനങ്ങളിലൂടെ പ്രേക്ഷകരിലേക്ക് സംക്രമിക്കുവാൻ ഈ നാടകത്തിനു കഴിഞ്ഞു.കേന്ദ്ര കഥാപാത്രമായ രാധികയെ അവതരിപ്പിച്ച ശ്രുതി മോഹനും സജീവനെ അവതരിപ്പിച്ച രാഹുൽ നായരും മറ്റു കഥാപാത്രങ്ങളായി രംഗത്തു വന്ന സുകേഷ് പൂക്കുളങ്ങര, സ്നേഹ നായർ, മാളവിക ജയകുമാർ, ശരത് പ്രേമരാജൻ, ശരത് ശിവാനന്ദൻ, യദു കൃഷ്ണൻ, ശ്രീജിത്ത് മോഹൻ, നിഖിൽ നായർ, രെഞ്ജിൻ മാത്യു, സുകന്യ പ്രേംരാജ് മുതലായവർ രംഗം സജീവമാക്കി. രചനയും സംവിധാനവും നിർവഹിച്ചത് സുജിൽ മാങ്ങാട് ആയിരുന്നു. യുവ നാടകപ്രവർത്തകരുടെ കൂട്ടായ്മയായ ബോംബെ ബ്ളാക്ക് ബോക്സ് തീയേറ്റർ ആണ് രാധിക രംഗത്തവതരിപ്പിച്ചത്.

മൗനത്തിന്റെ നിലവിളി

ആറാമത്തെ നാടകം അവതരിപ്പിച്ചത് മുംബൈ മലയാള നാടകവേദിക്ക് ഒരു പിടി നല്ല നാടകങ്ങൾ കാഴ്ച വെച്ച, മുംബൈ മലയാള നാടകവേദിക്ക് സംഗീതനാടക അക്കാദമി നാടകമത്സരത്തിൽ രണ്ടാം സമ്മാനം നേടി തന്ന ഖാർഘർ കേരളം സമാജം ആയിരുന്നു. പ്രശസ്ത നാടകകൃത്തായ സതീഷ് കെ സതീഷ് രചിച്ചു മുംബൈ നാടകവേദിയുടെ നാളത്തെ പ്രതീക്ഷയായ  എം വി രാമകൃഷ്ണൻ സംവിധാനം ചെയ്ത മൗനത്തിന്റെ നിലവിളി എന്ന നാടകമായിരുന്നു.
ജീർണിച്ച ഒരു കെട്ടിടത്തിന്റെ രണ്ട് മുറികളിൽ നടക്കുന്ന സംഭവങ്ങൾ ചെറിയ രംഗസൂചകങ്ങളിലൂടെ അദൃശ്യമായ ഒരു മതിൽ സാക്ഷി നിർത്തി കലാപവും മഴയും തിമിർക്കുന്ന ഒരു പകലിലും രാത്രിയിലും പ്രേക്ഷകന് അനാവരണം ചെയ്യുന്ന സംകീർണമായ ഒരു നാടകമാണ് മൗനത്തിന്റെ നിലവിളി. കലാപത്തിൽ വലിച്ചു കീറപ്പെട്ട അനാഥമാക്കപ്പെട്ട ഒരു പാവം പെണ്ണ്, ചോര പുരളുന്ന അരുതാത്ത വഴികളിലൂടെ യാത്രചെയ്യുന്നവനാണെങ്കിലും മനസ്സിൽ നന്മയും ആർദ്രതയും വറ്റാത്ത ഒരു പുരുഷന്റെയും ഒരു രാത്രിയിലെയും പകലിന്റെയും സംഭവങ്ങളാണ് പ്രമേയം. തിന്മയുടെ മൂർത്തരൂപമായി മാറിയ രണ്ട് പേർ ഈ കേട്ട കാലത്തിന്റെ എല്ലാ ജീർണതകളും പേറി ഇവരോടോപ്പമുണ്ട്. ഈ നാടകത്തിന്റെ സംകീര്ണതയെ മറികടന്നു ദുർഗ്രഹമായ പ്രതീകങ്ങളെ കാണികൾക്കു അനുഭവവേദ്യമാക്കാൻ സംവിധായകൻ കിണഞ്ഞു പരിശ്രമിക്കുന്നത് നമുക്ക് കാണാം. അദൃശ്യമായ മതിൽ അഭിനേതാക്കളുടെ അസാമാന്യമായ അഭിനയശേഷിയിലൂടെയാണ് വെളിവാക്കപ്പെടേണ്ടിയിരുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് രാകേന്ദ് നാഥും പൂർണിമ നായരും ആയിരുന്നു.

Click here to view and download photos of Unarv Drama competition

സമ്മാനപ്പെരുമഴയുമായി രാധിക ഒന്നാം സ്ഥാനത്ത്
മുംബയിലെ ബ്ളാക് ബോക്സ് തീയേറ്റർ അവതരിപ്പിച്ച രാധികയാണ് മികച്ച നാടകം. രാധികയിലെ അഭിനയത്തിന് മികച്ച നടനും നടിയുമായി രാഹുൽ നായരും ശ്രുതി മോഹനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി രാധിക അണിയിച്ചൊരുക്കിയ സുജിൽ മാങ്ങാട് നേടി. മുംബയിലെ നാടകപ്രവർത്തകനായിരുന്ന വിളപ്പിൽ മധുവിന്റെ സ്മരണാർദ്ധം കേരളീയ കേന്ദ്ര സംഘടന ഏർപെടുത്തിയ ട്രോഫിയും അൻപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം രാധിക അവതരിപ്പിച്ച സംഘത്തിന് മധുവിന്റെ ഭാര്യ ഉഷയും കേരള സംഗീത നാടക അക്കാദമി പശ്ചിമ മേഖല ട്രഷറർ ടി എൻ ഹരിഹരനും ചേർന്നു സമ്മാനിച്ചു. മികച്ച സംവിധായകന് 25000 രൂപയും ട്രോഫിയും പ്രസ്‌ഥാപത്രവും മികച്ച അഭിനേതാക്കൾക്ക് 10000 രൂപയും ട്രോഫിയും പ്രസ്തിപത്രവുമാണ് സമ്മാനം.
രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കു വച്ച് ഗാന്ധി പാർക്കിലെ ആകുലതകളും പട്ടുപാവാടയും
അണുശക്തി നഗറിലെ ട്രോംബെ ടൗൺഷിപ് ഫൈൻ ആർട്സ് ക്ളബ് അവതരിപ്പിച്ച ഗാന്ധി പാർക്കിലെ ആകുലതകൾ എന്ന നാടകത്തിനാണ് രണ്ടാം സമ്മാനം. മുപ്പതിനായിരം രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് സമ്മാനം. പ്രവാസി നാടക സാംസ്കാരിക വേദി അവതരിപ്പിച്ച “പട്ടു പാവാട” എന്ന നാടകത്തിനാണ് മൂന്നാം സമ്മാനം. ഇരുപതിനായിരം രൂപയും ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്നാം സമ്മാനം. മികച്ച മൗലിക രചനക്കുള്ള സമ്മാനം ഇപ്റ്റ മുംബൈ ഘടകം അവതരിപ്പിച്ച ഷെഹരിയാറിന്റെ ആദ്യരാത്രി എന്ന നാടകം രചിച്ച പി ആർ സഞ്ജയിനാണ്. ഷെഹരിയാറിന്റെ ആദ്യ രാത്രി എന്ന നാടകത്തിൽ അഭിനയിച്ച ആകാശ് ഉണ്ണികൃഷ്ണനും പട്ടു പാവാട എന്ന നാടകത്തിൽ അഭിനയിച്ച സ്നേഹ പ്രകാശിനും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
കേരളത്തിലെ പ്രശസ്ത നാടക പ്രവർത്തകരും നാടക പരിശീലകരുമായ മധു ശങ്കരമംഗലം, ശ്രീജിത്ത് രമണൻ, എം ജി ജ്യോതിഷ് എന്നിവരായിരുന്നു വിധികർത്താക്കൾ. കേളി രാമചന്ദ്രൻ, പി ഡി ജയപ്രകാശ്, Dr വേണുഗോപാൽ, സി കെ കെ പൊതുവാൾ, ബാലാജി, പദ്മാ ദിവാകരൻ, പ്രേംലാൽ എന്നിവർ മറ്റു സമ്മാനങ്ങൾ വിതരണം ചെയ്തു.
  • സുരേന്ദ്രബാബു

Click here  for glimpses of Unarv drama competition >>>>

 

:::::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitvരാധിക, വന്നു കണ്ടു കയ്യടക്കി
ഉണർവ് നാടക മത്സരം – മുംബൈയിലെ യുവ പ്രതിഭകൾ അതിശയിപ്പിച്ചുവെന്ന് വിധികർത്താക്കൾ
നാടകത്തെ മാറ്റി നിർത്തി മഹാ നഗരത്തിലൊരു ജീവിതമില്ലെന്ന് യുവ നാടക പ്രവർത്തകൻ

LEAVE A REPLY

Please enter your comment!
Please enter your name here