മുംബൈ 26/ 11; വേട്ടയാടുന്ന സ്മരണകൾ

14 വർഷം മുൻപ് നടന്ന തീവ്രവാദ ആക്രമണത്തിന്റെ ഉണങ്ങാത്ത മുറിപ്പാടുകളെ ഓർമ്മിച്ചെടുക്കുകയാണ് ലേഖകൻ.

0
മുംബൈ ജീവിതത്തിനിടയിലെ കറുത്ത ഓർമ്മകൾക്ക് 14 വർഷം തികയുമ്പോഴും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്നു. സിനി ബ്ലിറ്റ്സ്, ഹൈ ബ്ലിറ്റ്സ്, ഓക്കേ ഇന്ത്യ തുടങ്ങിയ സെലിബ്രിറ്റി, ലൈഫ്സ്റ്റൈൽ മാഗസിനുകളുടെ ഓൺലൈൻ എഡിഷന്റെ ചുമതല വഹിച്ചു കൊണ്ടിരുന്ന കാലം. ഇന്നത്തെ പോലെ സമൂഹ മാധ്യമങ്ങൾ പ്രചാരത്തിലില്ല. എന്നാൽ ഓൺലൈൻ രംഗത്തെ വേഗതയേറിയ മാറ്റങ്ങൾക്കായി എന്തെല്ലാം തയ്യാറെടുപ്പുകളാണ് വേണ്ടതെന്ന കൂടിയാലോചനക്കായിരുന്നു അന്ന് ബന്ധപ്പെട്ട സഹപ്രവർത്തകരുമായി ഓഫീസിൽ ഒത്തു കൂടിയത്. മീറ്റിംഗ് കഴിയുമ്പോഴേക്കും ഏകദേശം രാത്രി 7 മണി കഴിഞ്ഞിരുന്നു. ഓൺലൈൻ സാങ്കേതിക സംവിധാനങ്ങൾ പ്രദാനം ചെയ്തിരുന്ന വിശാൽ ദക്കോലിയ ഡൽഹിയിൽ നിന്നും ഇതിനായി പ്രത്യേകം വന്നതായിരുന്നു.
മുംബൈ അത്ര പരിചയമില്ലായിരുന്ന വിശാലിന് ഡിന്നർ വാങ്ങി കൊടുക്കുവാനായാണ് ഞങ്ങൾ കൊളാബയിൽ കറങ്ങിയത്. കൂടെ വെബ് എഡിറ്റർ മനീഷ് ഭൂഷണും ഉണ്ടായിരുന്നു. മനീഷിന്റെ നിർദ്ദേശ പ്രകാരമാണ് അയാൾക്കിഷ്ടപ്പെട്ട ലിയോപോൾ കഫെയിൽ ചെന്നിരുന്നത്. എന്നാൽ വിശാൽ വെജിറ്റേറിയൻ ആയിരുന്നതിനാൽ അവിടെ നിന്നും കഴിക്കുവാൻ അത്ര താല്പര്യം പ്രകടിപ്പിച്ചില്ല. അങ്ങിനെ ലിയോപോളിൽ നിന്നും ഒരു സോഫ്റ്റ് ഡ്രിങ്ക് കഴിച്ച ശേഷം എല്ലാവരും കൂടി നേരെ മറൈൻ ഡ്രൈവിലേക്ക് വച്ച് പിടിച്ചു.

പെട്ടെന്നാണ് സ്റ്റേഷനിൽ നിന്നും  ആളുകൾ ചിതറി ഓടി വരുന്നത് കാണാനായത്.  ശ്രദ്ധിച്ചപ്പോൾ സ്റ്റേഷനകത്ത് നിന്നാണ് വെടിയൊച്ച കേട്ടതെന്ന് മനസിലായി.

ചൗപ്പാത്തിക്കടുത്തുള്ള ക്രിസ്റ്റൽ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിറങ്ങുമ്പോഴേക്കും സമയം 9 മണി കഴിഞ്ഞിരുന്നു. കുറച്ചു നേരം ചൗപ്പാത്തി ബീച്ചിൽ സംസാരിച്ചു നിന്നപ്പോഴാണ് ആരോ പറഞ്ഞറിഞ്ഞത് ഒബ്‌റോയ് ഹോട്ടൽ പരിസരത്ത് എവിടെയോ വെടിവയ്പ്പ് നടന്ന കാര്യം. ബീച്ചിൽ നിന്നാൽ ക്യൂൻസ് നെക്‌ളേസ്‌ എന്നറിയപ്പെടുന്ന മറൈൻ ഡ്രൈവിന്റെ അറ്റത്തായി എയർ ഇന്ത്യ ബിൽഡിംഗിനോടു ചേർന്ന് ഒബ്‌റോയ് ഹോട്ടൽ ഒരു പൊട്ടു പോലെ കാണാം. മുംബൈയിൽ സാധാരണയായി നടക്കാറുള്ള ഏതെങ്കിലും അധോലോക ഗുണ്ടകളുടെ അടിപിടിയോ, പൊലീസ് പിടികൂടി നടത്തുന്ന എന്‍കൗണ്ടര്‍ ഓപ്പറേഷനോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ കൂട്ടം കൂടി നിൽക്കാതെ പിരിഞ്ഞു പോകാൻ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഞങ്ങളോട് പറഞ്ഞപ്പോൾ ഒരു പന്തി കേട് തോന്നാതിരുന്നില്ല.
അന്ധേരിയിൽ താമസിച്ചിരുന്ന മനീഷ് അവിടുന്ന് തന്നെ ടാക്സി പിടിച്ചു യാത്ര പറഞ്ഞു. വിശാൽ താമസിച്ചിരുന്നത് ബോംബെ ഹോസ്പിറ്റലിനടുത്തുള്ള വെസ്റ്റ് എൻഡ് ഹോട്ടലിൽ ആയിരുന്നു. വിശാലിനെ അവിടെയിറക്കി സി എസ് ടിയിൽ എത്തുമ്പോഴേക്കും ഏകദേശം 9.30 കഴിഞ്ഞിരുന്നു.
മുനിസിപ്പൽ ഓഫീസിന് മുന്നിലായാണ് ടാക്സിക്കാരൻ എന്നെ ഇറക്കിയത്. മറൈൻ ഡ്രൈവിൽ നിന്നും സി എസ് ടി യിൽ എത്താൻ 60 രൂപയോളമായി. കയ്യിലുണ്ടായിരുന്ന നൂറിന്റെ നോട്ടു കൊടുത്തപ്പോൾ അയാളുടെ കൈയ്യിൽ ചില്ലറയുമില്ലായിരുന്നു. എന്തോ, അതൊരു നിമിത്തമായി ഇപ്പോൾ തോന്നുന്നു. അല്ലായിരുന്നെങ്കിൽ നേരെ സ്റ്റേഷനിലേക്ക് വച്ച് പിടിക്കേണ്ടതായിരുന്നു ഞാൻ. തൊട്ട് എതിർവശത്തുള്ള പാവ് ഭാജി കടയിലാണ് ചില്ലറക്കായി പോയിരുന്നത് . എന്നാൽ തിരക്കേറിയ നേരമായതിനാൽ ചില്ലറയുമായി വരുവാൻ അയാൾ കുറെയേറെ നേരമെടുത്തുവെന്ന് തന്നെ പറയാം.  എവിടെ നിന്നോ ദീപാവലി സമയത്തെ പോലെ പടക്കം പൊട്ടുന്ന ഒച്ചകൾ കേട്ട് കൊണ്ടിരുന്നു. പെട്ടെന്നാണ് സ്റ്റേഷനിൽ നിന്നും  ആളുകൾ ചിതറി ഓടി വരുന്നത് കാണാനായത്.  ഒന്ന് കൂടി ശ്രദ്ധിച്ചപ്പോഴാണ് റെയിൽവേ സ്റ്റേഷനകത്ത് നിന്നാണ് വെടിയൊച്ച കേട്ടതെന്ന് മനസിലായത്.
‘ഗാങ് വാർ ഹേ, ഭാഗോ ജൽദി ‘ എന്നെല്ലാം വിളിച്ചു കൂവി ആളുകൾ പരക്കം പായുകയായിരുന്നു. കാര്യമറിയാൻ മെല്ലെ ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗത്തേക്ക് ചെന്ന് നോക്കി. അവിടെ നിന്നാൽ സി എസ് ടി സ്റ്റേഷൻ ശരിക്കും കാണാം. പതിവിന് വിപരീതമായി സ്റ്റേഷനകത്തു ആരെയും പ്രത്യക്ഷത്തിൽ കാണാനായില്ല. രാജ്യത്തെ ഏറ്റവും തിരക്കേറിയ സി എസ് ടി സ്റ്റേഷൻ ഇത് പോലെ വിജനമായി കാണുന്നത് ആദ്യമായിട്ടായിരുന്നു. കുറെ നേരം കഴിഞ്ഞപ്പോഴാണ് മുതുകത്ത് തോൾബാഗുമായി രണ്ടു ചെറുപ്പക്കാർ ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗത്തേക്കുള്ള മേൽപ്പാലത്തിനരികിലേക്ക് നടന്നു നീങ്ങുന്നത് കാണാനായത്. അവരുടെ കയ്യിൽ എന്തോ ഉണ്ടായിരുന്നു. 58  പേരെ ജീവനോടെ കൊന്നൊടുക്കിയുള്ള വരവായിരുന്നു അതെന്ന് മനസിലായത് ഏറെ വൈകിയാണ്. കൂടാതെ നൂറിലധികം പേരുടെ ജീവിതമാണ് ഗുരുതരമായ പരിക്കേറ്റ് നശിച്ചത്. കയ്യിലുണ്ടായിരുന്നത് എ കെ 47 ആണെന്നും പിന്നീടാണ് അറിഞ്ഞത്.

സ്റേഷനുള്ളിൽ ബോംബ് സ്ഫോടനം നടന്നെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് പെട്ടെന്ന് രക്ഷപ്പെടുവാനും പോലീസുകാർ ഞങ്ങളോട് പറഞ്ഞു

അത് വഴി തിരക്ക് പിടിച്ചു പോയവരെല്ലാം കാര്യമറിയാതെ ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് ഓടിയടുത്തു . അവിടെ വലിയൊരു ആൾക്കൂട്ടം തന്നെയായി. എന്താ കാര്യമെന്ന് തിരക്കി വരുന്നവരോടെല്ലാം അടുത്ത് നിൽക്കുന്നവർ വിശദീകരണം നടത്തുന്നത് കേൾക്കാമായിരുന്നു. ദാവൂദിന്റെയും ചോട്ടാ രാജന്റെയും ആൾക്കാർ കുടിപ്പക തീർത്തതാണെന്നും, പോലീസ് എൻകൗണ്ടർ ആണെന്നുമൊക്കെ മനോധർമ്മമനുസരിച്ചു അവർ തട്ടി വിടുന്നുണ്ടായിരുന്നു. സൽമാൻ ഖാന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണെന്നാണ് മറ്റു ചിലരുടെ അതിശയോക്തി.  മുംബൈയുടെ ഒരു ശീലമാണത്. ഇത്തരം അവസരങ്ങളിൽ ഒന്നുമറിഞ്ഞില്ലെങ്കിലും ഊഹാപോഹങ്ങൾ വച്ച് എന്തെങ്കിലുമൊക്കെ വച്ച് കാച്ചും. പല ഭാഷക്കാർ ജീവിക്കുന്ന നഗരമായതിനാൽ ചിലർക്ക് മുഴുവൻ കാര്യങ്ങൾ മനസിലായില്ലെങ്കിലും തന്റേതായ രീതിയിൽ മനസിലായത് അടുത്ത ആൾക്കും കൈമാറും.
പെട്ടെന്നാണ് ഒരു ജീപ്പ് പാഞ്ഞെത്തിയത്. അതിലുണ്ടായിരുന്ന പോലീസുകാർ അവിടെ കൂടി നിൽക്കരുതെന്നും സ്റേഷനുള്ളിൽ ബോംബ് സ്ഫോടനം നടന്നെന്നും   സുരക്ഷിതമായ സ്ഥലത്തേക്ക് പെട്ടെന്ന് രക്ഷപ്പെടുവാനും ഞങ്ങളോട് പറഞ്ഞു. ഇത് കേട്ടതോടെ എല്ലാവരും മുനിസിപ്പൽ ഓഫീസിന്റെ ഭാഗത്തേക്ക് ഓടിയപ്പോൾ ഞാനും അവരോടൊപ്പം കൂടി. ചുറ്റും നോക്കാതെയുള്ള ഓട്ടത്തിൽ നേരെ ചെന്ന് നിന്നത് കാമ ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തിനു മുന്നിലായിരുന്നു.
കാമാ ഹോസ്പിറ്റലിന്റെ ഭാഗത്തു നിന്ന് വീട്ടിലേക്ക് ഫോൺ ചെയ്തു. സി എസ് ടി റെയിൽവേ സ്റ്റേഷനിൽ ചീഫ് റിസർവേഷൻ ഇൻസ്‌പെക്ടർ ആയി ജോലി നോക്കിയിരുന്ന അങ്കിളുമായി ബന്ധപ്പെട്ടു. മുംബൈയിൽ സി എസ് ടി അടക്കം രണ്ടു മൂന്ന് സ്ഥലങ്ങളിൽ ബോംബ് ആക്രമണം നടന്നിട്ടുണ്ടെന്ന പ്രാഥമിക വിവരം അപ്പോഴാണറിഞ്ഞത്. ഇതിനെ തുടർന്ന് പരിചയമുള്ള കേന്ദ്രങ്ങളിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിച്ചു.

പോണ പോക്കിൽ അവിടെയുണ്ടായിരുന്ന ആൾക്കൂട്ടത്തിന് നേരെ നിറയൊഴിച്ച കസബ് 10 പേരുടെ ജീവൻ കൂടി തട്ടിയെടുത്താണ് കടന്ന് പോയത്.

ഇതിനിടെ യാദൃശ്ചികമായി കേരളത്തിൽ നിന്നും സുഹൃത്ത് സത്യനും വിളിച്ചു. കുറെ വർഷം മുംബൈയിലുണ്ടായിരുന്ന സത്യനോട് തീവ്രവാദ ആക്രമണത്തിന്റെ വിവരങ്ങൾ പറഞ്ഞു . സത്യൻ ഉടനെ തന്നെ കൈരളി ടി വിയുടെ ഡെസ്കിൽ ശരത് ചന്ദ്രനെ വിളിച്ചു കണക്ട് ചെയ്തു. മുംബൈയിലെ തീവ്രവാദ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ബ്രേക്കിംഗ് ന്യൂസ് മലയാളി പ്രേക്ഷകർക്ക് ആദ്യം നൽകിയത് കൈരളി ടി വി ആയിരിക്കണം. 10 മണിയുടെ ബുള്ളറ്റിനിൽ പ്രധാന വാർത്തയായി ആയി മുംബൈ തീവ്രവാദ ആക്രമണം റിപ്പോർട്ട് ചെയ്തു.
സമയം ഏകദേശം പത്തരയോടടുത്തപ്പോൾ നേരെ മെട്രോ സിനിമയുടെ ഭാഗത്തേക്ക് നടന്നു. ഇതോടെ ഫോണുകൾ നിർത്താതെ വന്നു കൊണ്ടിരുന്നു. എവിടെയാണെന്ന് അന്വേഷിച്ചു വീട്ടിൽ നിന്നും, ഓഫീസിൽ നിന്നുമെല്ലാം ഫോണുകൾ വരുവാൻ തുടങ്ങിയതോടെ ടെൻഷൻ കൂടി. വഴിയിൽ എന്തോ പ്രശ്നം ഉള്ളത് കൊണ്ട് ട്രാഫിക് ബ്ലോക്ക് ആണെന്ന് പറഞ്ഞു മനീഷും വിളിച്ചു. കസബും കൂട്ടുകാരനും സി എസ് ടിയിൽ വന്നിറങ്ങിയ ടാക്സിയിൽ വച്ചിരുന്ന ബോംബ് വിലെപാർലെയിൽ വച്ച് പൊട്ടിത്തെറിച്ചതോടെയാണ് ആ ഭാഗത്തേക്കുള്ള ട്രാഫിക് പൂർണമായും അവതാളത്തിലായതെന്നു മനീഷും അറിഞ്ഞിരുന്നില്ല.
കല്യാണിൽ നിന്നും സുഹൃത്ത് ഗോപി മേനോന്റെ   ഫോൺ നിർണായകമായിരുന്നു. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ് ആക്രമികൾ ലക്‌ഷ്യം വച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഏതെങ്കിലും ചെറിയ ഹോട്ടലിൽ അഭയം തേടാനും മേനോൻ ഉപദേശിച്ചു. സമയോചിതമായിരുന്നു ആ സന്ദേശം. ഞാൻ അവിടെ നിന്നും കിട്ടിയ ടാക്സി പിടിച്ചു രക്ഷപ്പെടുകയായിരുന്നു. തൊട്ടു പിന്നാലെയായിരുന്നു അജ്മൽ കസബും ഇസ്മയിൽ ഖാനും കൂടി കാമ ഹോസ്പിറ്റൽ അക്രമം കഴിഞ്ഞു പോലീസ് ജീപ്പ് തട്ടിയെടുത്തു ഈ വഴി പാഞ്ഞു പോയത്. പോണ പോക്കിൽ അവിടെയുണ്ടായിരുന്ന ആൾക്കൂട്ടത്തിന് നേരെ നിറയൊഴിച്ച കസബ് 10 പേരുടെ ജീവൻ കൂടി എടുത്തിട്ടാണ്  കടന്ന് കളഞ്ഞത്.

രണ്ടു പഞ്ച നക്ഷത്ര ഹോട്ടലുകളടക്കം എട്ടിടങ്ങളിൽ നടന്ന പ്രധാന അക്രമങ്ങളിൽ കൊല്ലപ്പെട്ടത് 166 പേരാണ്. അറുനൂറിലേറെ പേർക്ക് പരിക്കേറ്റു.

സുരക്ഷിതമായ സ്ഥലത്തേക്ക് രക്ഷപ്പെടാൻ ടാക്സിയിൽ കയറി ഇരുന്നെങ്കിലും എവിടേക്ക് പോകണമെന്ന് ഒരു ധാരണയുമില്ലായിരുന്നു. ഓഫീസിലേക്ക് വിളിച്ചപ്പോൾ കൊളാബ സുരക്ഷിതമല്ലെന്നും ഇപ്പോൾ പോലീസ് നിയന്ത്രണത്തിലായതിനാൽ എത്തി ചേരുക ബുദ്ധിമുട്ടായിരിക്കുമെന്നും വൈസ് പ്രസിഡന്റ് വേണുഗോപാൽ സൂചന നൽകി. കർഫ്യു പ്രഖ്യാപിച്ചതിനാൽ അപകടം നടന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുവാനും കഴിയുമായിരുന്നില്ല. ആക്രമിക്കപ്പെട്ട ലിയോപോൾ, താജ് ഹോട്ടൽ, നരിമാൻ ഭവൻ തുടങ്ങിയ സ്ഥലങ്ങൾ അടുത്തടുത്തായിരുന്നതിനാൽ ആ പ്രദേശമാകെ റെഡ് അലേർട്ട് ആയിരുന്നു. ഞാൻ ടാക്സിക്കാരനോട് നേരെ വെസ്റ്റ് ഏൻഡ് ഹോട്ടലിൽ എത്തിക്കുവാൻ ആവശ്യപ്പെട്ടു. അങ്ങിനെ വിശാലിന്റെ റൂമിൽ ചെന്ന് അന്ന് രാത്രി അവിടെ കൂടി.
ചാനൽ വാർത്തകൾ കണ്ടു വിശാൽ ആകെ ഭയന്നിരിക്കുകയായിരുന്നു. രാത്രി മുഴുവൻ ഞങ്ങൾ ടി വി യുടെ മുന്നിൽ ഇമ വെട്ടാതെ ഇരുന്നു. സി എസ്‌ ടിയിൽ 58 പേരും കാമ ഹോസ്പിറ്റലിൽ 5 പോലീസുകാരും, മെട്രോ സിനിമാ ജംഗ്ഷനിലും ലിയോപോളിലും 10 പേർ വീതവും കൊല്ലപ്പെട്ടുവെന്ന വിവരങ്ങൾ പുറത്തു വന്നപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. അവസാനം അർദ്ധ രാത്രിയോടെ കസബിനെ പിടി കൂടിയതും ചൗപ്പാത്തിയിൽ ഞങ്ങളെല്ലാം യാത്ര പിരിഞ്ഞ സ്ഥലത്തു നിന്നും. തലനാരിഴക്കാണ് ഇവിടെ നിന്നെല്ലാം രക്ഷപ്പെട്ടതെന്ന് ഓർക്കുമ്പോൾ കരുതലോടെ കാത്ത അദൃശ്യ ശക്‌തിക്ക് മുൻപിൽ ശിരസ്സ് നമിച്ചു.
രാവിലെ തന്നെ വിശാലിനോട് യാത്ര പറഞ്ഞു ആദ്യത്തെ ട്രെയിൻ പിടിച്ചു വീട്ടിലേക്ക് തിരിച്ചു. ഇതിനകം നഗരത്തിന് നഷ്ടപ്പെട്ടത് നിരപരാധികളായ നിരവധി  ജീവിതങ്ങളായിരുന്നു. മാരകമായ പരുക്കകളോടെ ജീവൻ തിരിച്ചു കിട്ടിയവരുടെ അവസ്ഥ ദുരിതം നിറഞ്ഞതായി. പാകിസ്ഥാനിൽ നിന്നെത്തിയ പത്തംഗ സംഘമായിരുന്നു മൂന്ന് ദിവസത്തോളം നഗരത്തെ മുൾമുനയിൽ നിർത്തിയത്. രണ്ടു പഞ്ച നക്ഷത്ര ഹോട്ടലുകളടക്കം എട്ടിടങ്ങളിൽ നടന്ന പ്രധാന അക്രമങ്ങളിൽ കൊല്ലപ്പെട്ടത് 166 പേരാണ്. അറുനൂറിലേറെ പേർക്ക് പരിക്കേറ്റു.
അന്ന് പിന്നിട്ട വഴികളെ കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ലിയോപോളിൽ തുടങ്ങി ചൗപ്പാത്തിയിൽ കസബിനെ പിടി കൂടിയ സ്ഥലവും, സി എസ് ടി സ്റ്റേഷനും, കാമാ ഹോസ്പിറ്റലും, മെട്രോ ജംഗ്ഷനുമെല്ലാം മരണം താണ്ഡവമാടിയപ്പോൾ ഒരു നിമിത്തം പോലെ ഇവിടെ നിന്നെല്ലാം രക്ഷപ്പെടുവാനായത് ഭാഗ്യവും ദൈവാനുഗ്രഹവുമായി കരുതുന്നു.
മുംബൈ തീവ്രവാദ ആക്രമണം കഴിഞ്ഞു രണ്ടു മൂന്ന് ദിവസത്തിനകം ഈ വിഷയത്തെ ആസ്പദമാക്കി കൈരളി ടി വി സംഘടിപ്പിച്ച ‘ക്രോസ്സ് ഫയർ’ എന്ന ടോക്ക് ഷോ ഏറെ ജനശ്രദ്ധ നേടിയിരുന്നു. കൈരളി ടി വി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് നയിച്ച സംവാദത്തിൽ   നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ചർച്ചയിൽ പങ്കെടുത്തിരുന്ന ക്യാപ്റ്റൻ കൃഷ്ണൻ നായരും പി കെ രവീന്ദ്രനാഥും ഇന്നില്ല. അന്നത്തെ സംവാദത്തിൽ ഉയർന്ന് കേട്ട അഭിപ്രായങ്ങൾക്കും, ആശങ്കൾക്കും, ആകുലതകൾക്കുമെല്ലാം ഇന്നും പ്രസക്തിയുണ്ടെന്നതാണ് ഇനിയും ഉണങ്ങാത്ത മറ്റൊരു മുറിപ്പാട്.


കടുംകാപ്പി പ്രണയ ചിത്രത്തിന് മുംബൈയിലും ആരാധകർ (Watch Video)
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനത്തോട് പ്രതികരിച്ചു മുംബൈ

LEAVE A REPLY

Please enter your comment!
Please enter your name here