അമ്മേ, പൊറുക്കുക

നവമാധ്യമങ്ങളുടെ മേച്ചിൽ പുറങ്ങളിൽ യാഥാർഥ്യം അറിയാതെ മേയുന്നവർക്കിടയിൽ ബലിയാടായ നിസ്സഹായായ ഒരു സ്ത്രീയുടെ, ഭാര്യയുടെ, അമ്മയുടെ സത്യാന്വേഷണ വിജയം

0
അശുദ്ധിയുടെ സമര കാഹളങ്ങൾക്കിടയിൽ അശുദ്ധിയുടെ കണക്കെടുപ്പ് നടത്തുന്നവർക്കിടയിൽ നമ്മൾ കാണാതെ പോയ ഒരു കണ്ണീരുണ്ട്, അശുദ്ധയാവാതെ അശുദ്ധിയുടെ പട്ടം ചാർത്തപ്പെട്ട ഒരു സ്ത്രീയുടെ വർഷങ്ങൾ നീണ്ട സത്യാന്വേഷണത്തിനിടയിൽ വീണുടഞ്ഞു ബാഷ്പമായ കണ്ണുനീർ.
നമ്മുടെ നാട്ടിൽ ഒരാളെ അപരാധിയെന്നു വിധിക്കാൻ വളരെ എളുപ്പമാണ്, നിരപരാധിയെന്ന് ബോധ്യപ്പെടുത്താനാണ് പ്രയാസം. തെറ്റുകാരനെന്ന് ഒരാൾ പറഞ്ഞാൽ മതി, ലോകം അതേറ്റു പിടിക്കും. പക്ഷെ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റം ചാർത്തപ്പെട്ടവന്റെ മാത്രം ബാധ്യതയായി മാറുന്നു. ആ ബാധ്യതയോട് സന്ധിയില്ലാതെ പൊരുതി വിജയിച്ചിരിക്കയാണ് എറണാകുളം സ്വദേശിയായ ശോഭ. ഒരു പക്ഷെ നഷ്ടപ്പെട്ടതൊന്നും തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും .

ഇവിടെ ഇവർക്ക് വിജയിക്കേണ്ടത് ഭർത്താവിന്റെ മുന്നിലായിരുന്നില്ല, അവരെ സംബന്ധിച്ചിടത്തോളം അമ്മ നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് മക്കളുടെ മുന്നിലായിരുന്നു.

മോർഫിങ് ഒരു ക്രൂര വിനോദമായ കാലത്ത് ആർക്കും ആരെയും തെറ്റുകാരനാക്കാം, വിചാരണ ചെയ്യാം, കുരിശിലേറ്റാം , കല്ലെറിയാം. നവമാധ്യമങ്ങളുടെ മേച്ചിൽ പുറങ്ങളിൽ സത്യ-അസത്യങ്ങൾ ചുഴിഞ്ഞു നോക്കാതെ മേയുന്നവർ കിട്ടിയതെന്തും അപ്പാടെ വിഴുങ്ങുന്നു. വിശപ്പടക്കാനല്ല അത്, മറിച്ച് അവർ സായൂജ്യം കണ്ടെത്തുന്നത് ഉയർത്തപ്പെടുന്ന പെരുവിരലിലെ ആത്മസുഖത്തിലാണ് .
ആരോ പ്രചരിപ്പിച്ച ഒരു വ്യാജ വീഡിയോയിലാണ് ഭർത്താവിനു പോലും വിശ്വാസം, വർഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയിലല്ല, തന്റെ കുട്ടികളെ ഉദരത്തിൽ പേറിയ അമ്മയോടല്ല. പക്ഷെ ഇവിടെ ഇവർക്ക് വിജയിക്കേണ്ടത് ഭർത്താവിന്റെ മുന്നിലായിരുന്നില്ല, അവരെ സംബന്ധിച്ചിടത്തോളം അമ്മ നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് മക്കളുടെ മുന്നിലായിരുന്നു. അതവരുടെ ആവശ്യമായിരുന്നു, സ്വന്തം സ്വാർത്ഥതയ്ക്കല്ല, പിഴച്ച അമ്മയുടെ മക്കളെന്നു ലോകം അവരെ നോക്കി വിളിച്ചു പറയാതിരിക്കാൻ, യുദ്ധം മുഴുവൻ മക്കൾ തോൽക്കാതിരിക്കാനായിരുന്നു, അവർ
ആരുടെ മുന്നിലും തല കുനിക്കാതിരിക്കാൻ ആയിരുന്നു.
അഭിമാനിയായ ഒരു വ്യക്തിക്ക് വലുത് അവൻ അല്ലെങ്കിൽ അവൾ പിന്തുടരുന്ന മൂല്യങ്ങൾ തന്നെയാണ്. ആ മൂല്യങ്ങളെ വക്രീകരിച്ച് കാണിച്ച് അവരുടെ മനസ്സിനെ തളർത്തുക ചില സാഡിസ്റ്റുകളുടെ ഹോബ്ബിയാണ്. അത് ആ വ്യക്തിയോടുള്ള വൈരാഗ്യമാകാം, അവരുടെ ജീവിത ശൈലിയോടുള്ള അസഹിഷ്ണുതയാകാം, അവർക്ക് മുന്നിൽ ജയിക്കാൻ കഴിയാത്തതിന്റെ പകയാകാം .

ശോഭ എന്ന സ്ത്രീ സ്വാഭിമാനത്തിന്റെ ആൾരൂപമായി സമൂഹത്തിനു മുന്നിൽ നിറഞ്ഞു നിൽക്കുമ്പോൾ ശിരസ്സു കുനിയുന്നത്  ദുഷ്ചെയ്തികളെ ആഘോഷമാക്കി ആത്മ നിർവൃതിയടഞ്ഞവരുടെയാണ്

ഒരു കൂരയ്ക്ക് കീഴെ കഴിഞ്ഞതുകൊണ്ടുമാത്രം രണ്ടു വ്യക്തികൾ പരസ്പരം മനസ്സിലാക്കണമെന്നില്ല. അതുപോലെ രണ്ടു ദേശങ്ങളിൽ ഇരുന്ന് രണ്ടു പേർക്ക് പരസ്പരം മനസ്സിലാക്കാനും പ്രയാസമില്ല. ചില മനസ്സുകളുടെ വിഭ്രാന്തിയാണത്, താനൊഴിച്ച് മറ്റുള്ളവരെല്ലാം മോശക്കാരെന്ന് സ്വയം തോന്നൽ, ആ തോന്നൽ വരുമ്പോൾ മറ്റുള്ളവരെ തെറ്റുകാരനാക്കാനും അപമാനിതനാക്കാനും കിട്ടുന്ന അവസരങ്ങളൊന്നും ഇത്തരക്കാർ പാഴാക്കില്ല. ഞാനെന്തേ ഇങ്ങിനെ എന്ന കുറ്റബോധമാണ് ചിലരെയെങ്കിലും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ചിലരെ സംബന്ധിച്ചിടത്തോളം സ്വയം ചെയ്ത തെറ്റുകൾ മറ്റുള്ളവരിലും ആരോപിച്ച് നമ്മൾ തുല്യരാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണത്രെ ഈ ചെയ്തികൾ.
ഇവിടെ ശോഭ എന്ന സ്ത്രീ സ്വാഭിമാനത്തിന്റെ ആൾരൂപമായി സമൂഹത്തിനു മുന്നിൽ നിറഞ്ഞു നിൽക്കുമ്പോൾ ശിരസ്സു കുനിയുന്നത് ഏതോ കുൽസിത ബുദ്ധിയുടെ ദുഷ്ചെയ്തികളെ ആഘോഷമാക്കി ആത്മ നിർവൃതിയടഞ്ഞവരുടെയാണ് . തെറ്റ് ചെയ്തവൻ പുതിയ ഇരകളെ തേടി ഇറങ്ങിയിരിക്കും, പക്ഷെ ആ തെറ്റുകളെ കണ്ണുംപൂട്ടി വിശ്വസിച്ചവരോ? എന്താണിവരൊക്കെ നേടിയത്, എന്ത് വിജയമാണ് ഇവർ ആഘോഷിച്ചത്. സ്വന്തമെന്ന് അഭിമാനിച്ച ഭർത്താവും വീട്ടുകാരും മക്കളും സംശയത്തിന്റെ കണ്ണുകളോടെ നോക്കുമ്പോൾ തളർന്നു പോകുന്ന ആ സ്ത്രീയുടെ നിസ്സഹായതക്ക് പകരം നൽകാൻ എന്ത് കരുതി വച്ചിട്ടുണ്ട് ഇവർ. വർഷങ്ങൾ നീണ്ട നിയമ യുദ്ധം, അവർ വിദ്യാസമ്പന്നയും ലോക പരിചയവും ഉള്ള ഒരു വനിതയായതുകൊണ്ടു മാത്രം അവസാന നിമിഷം വരെ പൊരുതി. പക്ഷെ കാണാപ്പുറങ്ങളിൽ ഇത്തരം വേട്ടയാടലുകളിൽ പെട്ട് നിരപരാധിത്വം തെളിയിക്കാൻ കഴിയാതെ എത്ര സ്ത്രീകൾ വിങ്ങിപ്പൊട്ടുന്നുണ്ടാവും.
സ്വന്തം കുട്ടികളോട് അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് ഉപദേശിക്കുമ്പോൾ അമ്മയ്ക്ക് ഇതൊക്കെ ഞങ്ങളോട് പറയാൻ എന്തർഹത എന്ന് പറയാതെ പറയുന്ന മക്കളുടെ മുന്നിൽ ഉരുകുന്ന ഒരു മാതൃഹൃദയമുണ്ട്. നിയമത്തിന്റെ പിൻബലത്തിലോ ആൾ ബലത്താലോ തിരിച്ചു പിടിക്കാൻ കഴിയാത്ത ചില നഷ്ടപ്പെടലുകളുണ്ട്, അതിലൊന്നാണ് ആത്മാഭിമാനം.
എനിക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു നൽകാൻ നിങ്ങൾക്കാവുമോ എന്ന് നഷ്ടപ്പെടലിന്റെ ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ ആത്മാഭിമാനത്തിന്റെ വാതിൽപ്പടിയിൽ നിന്ന് അവർ ഉറക്കെ ചോദിക്കുമ്പോൾ അതിനുത്തരമായി നമ്മൾ ശിരസ്സുകുനിക്കുന്നതിനു പകരം, ഇത്തരം നവമാധ്യമ സൃഷ്ടികളിൽ ഉന്മത്തരാകാതെ നേരിന്റെ പ്രചാരകരാകും എന്ന് പ്രതിജ്ഞയെടുക്കുകയാണ് വേണ്ടത്. ഈ പ്രവർത്തികൾ ചെയ്തവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്.
ഭർത്താവായാലും മക്കളായാലും അച്ഛനമ്മമാർ ആയാലും ഭാര്യയായാലും ഇന്റർനെറ്റിന്റെ തലതിരിഞ്ഞ ലോകത്ത് ആർക്കും ആരെയും നന്നാക്കാൻ കഴിഞ്ഞില്ലെങ്കിലും ആർക്കു വേണമെങ്കിലും ആരെയും ചീത്തയാക്കാം എന്ന സത്യം മനസ്സിലാക്കുകയാണ് വേണ്ടത്. എന്നിട്ട് മതി കാള പെറ്റ കുട്ടിയെ കെട്ടിയിടാൻ കയറെടുക്കൽ. നഷ്ടം ഒരു വ്യക്തിക്കല്ല, നഷ്ടം ഒരു നിമിഷത്തെയല്ല, നഷ്ടം ഒരു കുടുംബത്തിന്റെയാണ്, നഷ്ടം ഒരായുസ്സിന്റെയാണ്. ആരും മനസ്സിലാക്കിയില്ലെങ്കിലും ഇനിയും വിശ്വസിക്കാൻ ആരുടേയും മനസ്സ് പാകപ്പെട്ടില്ലെങ്കിലും സ്വന്തം മക്കൾ ഓടിവന്നു കെട്ടിപ്പിടിച്ച് അമ്മേ എന്ന് വിളിക്കുന്നത് തന്നെയാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിജയം. അവർ തളരാതെ പൊരുതിയതും അതിനുവേണ്ടി മാത്രമായിരുന്നല്ലോ.

:::::::


രാജൻ കിണറ്റിങ്കര
[email protected]


സോഷ്യൽ മീഡിയകളിലെ വേട്ടക്കാർ
മുംബൈ – നിശാ കാഴ്ചകൾ

LEAVE A REPLY

Please enter your comment!
Please enter your name here