ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം…ഗോൾഡൻ വോയ്‌സ് ഗായിക ദേവിക അഴകേശൻ ഹാപ്പിയാണ്. വെറുതെ ഒരു രസത്തിന് വേണ്ടി പാടിയ കവർ ഗാനത്തിന് കൈ നിറയെ അഭിനന്ദങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതും പാട്ടിന് സംഗീതം നൽകിയ എം ജയചന്ദ്രനും, ഗാനമാലപിച്ച സുധീപ് കുമാറും നേരിട്ട് നടത്തിയ പരാമർശങ്ങൾ ഏറെ വിലമതിക്കുന്നുവെന്നാണ് ദേവിക പറയുന്നത്.
ഒടിയൻ ഗാനത്തിന്റെ ദേവികയുടെ പതിപ്പും ഇഷ്ടമായി എന്നാണ് ആംചി മുംബൈ പ്രസിദ്ധീകരിച്ച വാർത്ത പങ്കു വച്ച് കൊണ്ട് എം ജയചന്ദ്രൻ തന്റെ ഫേസ്ബുക് ടൈംലൈനിൽ കുറിച്ചിരിക്കുന്നത്. അനുമോദനം അറിയിക്കുന്നതിനോടൊപ്പം തന്നെ ദേവികയുടെ കഴിവിനെ ശ്ലാഘിച്ചു കൊണ്ടാണ് മെലഡികളുടെ തമ്പുരാൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
സമാനമായ അഭിനന്ദന സന്ദേശമാണ് ഗായകൻ സുധീപ് കുമാറും പങ്കു വച്ചത്. ഗായകൻ എന്ന നിലയിൽ സുധീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കയാണ് ശ്രേയാ ഘോഷാലിനോടൊപ്പം പാടിയ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനം.
മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയനിലെ ഗാനത്തിന് മുംബൈയിലെ യുവ ഗായിക ദേവിക നൽകിയ പുനരാവിഷ്കാരമാണ് ആംചി മുംബൈ റിപ്പോർട്ട് ചെയ്തിരുന്നത്. കേരളം, ചെന്നൈ, ബാംഗ്ലൂർ, ഡൽഹി, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലെ സംഗീതാസ്വാദകർ ഈ വാർത്ത ഫേസ്ബുക്ക് ട്വിറ്റർ വാട്ട്സപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും വാർത്ത ഷെയർ ചെയ്ത് തരംഗമാക്കിയിരുന്നു. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ശ്രീകുമാർ കൂട്ടുകെട്ടിൽ നിന്നുള്ള ആദ്യ ചിത്രത്തിലെ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനത്തിന്റെ അക്കൗസ്റ്റിക് കവർ പതിപ്പുമായി ഇഷ്ട്ട ഗാനത്തിനോടുള്ള ആരാധന പ്രകടിപ്പിക്കുകയായിരുന്നു മുംബൈയിലെ അറിയപ്പെടുന്ന ഗായികയായ ദേവിക അഴകേശൻ. ആംചി മുംബൈ സംഘടിപ്പിച്ച ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോയിലെ വിജയി കൂടിയായ ദേവികയുടെ ഗാനങ്ങൾ യൂട്യൂബിൽ ഇതിനകം വൈറൽ ആണ്.
റഫീഖിന്റെ രചനയിൽ എം ജയചന്ദ്രൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ഈണത്തിന്റെ മാധുര്യവും വരികളിലെ ലാളിത്യം കൊണ്ട് സംഗീതാസ്വാദകരുടെ മനം കവർന്നിരിക്കയാണ്.സുധീപ് കുമാറും, ശ്രേയാ ഘോഷാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുംബൈയിലെ പ്രശസ്ത ഗായകൻ പ്രേംകുമാറിന്റെ കീഴിലാണ് ദേവിക സംഗീതം അഭ്യസിച്ചിട്ടുള്ളത്.
മലയാള നാടക ഗാനങ്ങൾ കോർത്തിണക്കി ഗോൾഡൻ വോയ്‌സ് മത്സരവേദി ഒരുങ്ങുന്നു
സംഗീതത്തെ ആഘോഷമാക്കാൻ വീണ്ടും ഗോൾഡൻ വോയ്‌സ് ഒരുങ്ങുന്നു
സംഗീതത്തിൽ സാങ്കേതികതയുടെ സ്വാധീനം സമൂഹത്തിന് സംഭവിച്ച മാറ്റങ്ങളുടെ ഭാഗമാണെന്ന് പ്രശസ്ത ഗായകൻ ഹരിഹരൻ