ചൈനയില്‍ മെറ്റാന്യൂമോവൈറസ് പൊട്ടിപ്പുറപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിക്കാൻ തുടങ്ങിയതോടെ അതീവ ജാഗ്രതയിലാണ് ലോക രാഷ്ട്രങ്ങൾ. രോഗവ്യാപനത്തിന്റെ വേഗതയാണ് വലിയ ആശങ്ക പടർത്തിയിരിക്കുന്നത്.
എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് വിദഗ്ധ സംഘം പറയുന്നത്. ആശങ്കയുടെ ആവശ്യമില്ലെന്നും ഇന്ത്യയില്‍ ഇതുവരെ ഡിജിഎച്ച്എസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോക്ടര്‍ അതുല്‍ ഗോയല്‍ പറയുന്നു.
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകലാണ് ആവശ്യമെന്നും ഡോ. ഗോയല്‍ നിര്‍ദേശിച്ചു.
എച്ച്.എം.പി.വി. വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം.