ശ്രീലങ്കാ ഒളിവിളക്ക് കൂട്ടു സ്ഥാപനം ഏഷ്യാ സേവെയില്‍ നിന്നും ദിവസേന, മലയാളം ഗാനങ്ങള്‍ അര മണിക്കൂറോളം പ്രക്ഷേപണം ചെയ്തിരുന്ന ഒരു കാലം. പിന്നീട് കറുപ്പും വെളുപ്പും ഉള്ള ടെലിവിഷന്‍ ചിത്രങ്ങളില്‍ വല്ലപ്പോഴും ഒരു മലയാള സിനിമ വന്നിരുന്ന സമയം. അന്ന് മുംബയിലോ , ദല്‍ഹിയിലോ, കല്‍ക്കത്തയിലോ ഒക്കെ ജീവിച്ചിരുന്ന പ്രവാസി മലയാളിക്ക് മാതൃഭാഷ, നിഷേധിക്കപ്പെട്ട ആത്മാംശം ആയിരുന്നു. മൂന്നു ദിവസംയാത്രചെയ്തു ജയന്തി ജനതയില്‍ എത്തുന്ന പുതിയ കുടിയേറ്റക്കാരനെ കാത്തു ദാദറിലും കല്യാണിലും താനെയിലും വി.ടിയിലും റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന കൂട്ടുകാരും ബന്ധുക്കളും. അത്രയും തന്നെ വൈകി എത്തുന്ന വര്‍ത്തമാന പത്രങ്ങള്‍, മലയാളി കൂട്ടായ്മ്മകളുടെ വായനശാലകളില്‍ കാത്തിരുന്നു വായിച്ച മുംബൈ മലയാളികള്‍. മാതൃഭാഷയും നാട്ടു വര്‍ത്തമാനങ്ങളും ഗൃഹാതുരതയും ഒക്കെ പ്രവാസിയുടെ ചിന്തകളെ വേട്ടയാടിയിരുന്ന കാലം.
മൊബയില്‍ ഫോണും, ടെലിവിഷനും, മുംബയില്‍ നിന്നു തന്നെ അച്ചടിക്കുന്ന മലയാള പത്രങ്ങളും, ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന മലയാളം പ്രസിദ്ധീകരണങ്ങളും മുംബൈ മലയാളിക്ക് മാതൃഭാഷ അന്യമാവുന്നു എന്ന തോന്നലില്‍ വലിയ മാറ്റം ഉണ്ടാക്കി
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ പതിനെട്ടു വര്‍ഷങ്ങളിലുമായി ലോകത്ത് ഉണ്ടായ ഏറ്റവും വലിയ വിപ്ലവകാരി ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു. സാങ്കേതിക വിദ്യ. വിവിധ മേഘലകളില്‍ വന്നുകൊണ്ടിരിക്കുന്ന പുതിയ ഉപകരണങ്ങള്‍ മനുഷ്യന്‍റെ ജീവിതത്തെയും ചിന്തകളെയും നിത്യേന മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. മൊബയില്‍ ഫോണും, ടെലിവിഷനും, മുംബയില്‍ നിന്നു തന്നെ അച്ചടിക്കുന്ന മലയാള പത്രങ്ങളും, ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന മലയാളം പ്രസിദ്ധീകരണങ്ങളും മുംബൈ മലയാളിക്ക് മാതൃഭാഷ അന്യമാവുന്നു എന്ന തോന്നലില്‍ വലിയ മാറ്റം ഉണ്ടാക്കി. രണ്ടു മണിക്കൂറില്‍ സ്വന്തം നാട്ടിലേക്ക് വിമാനത്തിലും , ഒരു രാത്രി പുലരുമ്പോഴേക്കും, ട്രെയിനില്‍ വടക്കന്‍ കേരളത്തിലേക്കും എത്താന്‍ ആവുമ്പോള്‍ ദൂരം അകലം തുടങ്ങിയ വാക്കുകള്‍ സ്വയം പുതിയ അര്‍ത്ഥം സ്വന്തമാക്കുന്നു. എങ്കിലും പ്രവാസം എന്നത് കേവല വാസത്തില്‍ നിന്നും വ്യത്യസ്തം തന്നെ.
മലയാളത്തിലെ ദൃശ്യമാധ്യമ രംഗത്തുണ്ടായ കുതിച്ചു ചാട്ടം പ്രവാസിയുടെ സ്വീകരണ മുറിയിലും കിടപ്പ് മുറികളിലും ഉള്ള ടെലിവിഷനില്‍ സിനിമയും, വാര്‍ത്തയും, സീരിയലുകളും, സംഗീതവും, സാഹിത്യവും, പാചകവും തുടങ്ങി എല്ലാം മലയാളത്തില്‍ കാണുകയും കേള്‍ക്കുകയും ചെയ്യാന്‍ ആവുന്ന അവസരം ഉണ്ടാക്കി. മുംബയിലെ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴും, മൊബയില്‍ ഫോണിന്‍റെ സ്ക്രീനില്‍ കേരളവും സ്പീക്കറില്‍ മലയാളവുമുള്ള പ്രവാസിയും ശ്രീലങ്കന്‍ ഒളിവിളക്ക് കൂട്ടു സ്ഥാപനത്തിലെ മലയാളം പ്രക്ഷേപണം കേള്‍ക്കാന്‍ കൊതിച്ച പ്രവാസിയും വളരെ വ്യത്യസ്തരാണ്.
ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്ക് അതീതമായ ഇത്തരം സാംസ്കാരിക ഒരുമയ്ക്ക് ആക്കം കൂട്ടുവാന്‍, സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ വലിയ പങ്കു വഹിക്കുന്നു.
ആംചി മുംബൈ പോലെയുള്ള പരിപാടികളുടെ പ്രസക്തി എത്ര ഏറെ എന്ന് ഈ പശ്ചാത്തലത്തില്‍ വിലയിരുത്തണം. കേരളത്തിനു പുറത്ത് ജനിച്ചു വളര്‍ന്ന നമ്മുടെ ഇളം തലമുറക്കാര്‍ക്ക് ഭാഷയും സംസ്കാരവും അന്യം അല്ലാതാക്കാന്‍ ഈ സംരംഭത്തിന് ആവുന്നു. വാര്‍ത്തകേട്ടും, സിനിമയിലെയും സീരിയലിലെയും സംഭാഷണങ്ങള്‍ കേട്ടും മലയാളം സംസാരിക്കാന്‍ വേണ്ടത്ര ഭാഷാ സ്വാധീനം ഉള്ള രണ്ടാം തലമുറ പ്രവാസികള്‍ ഉണ്ട്. ടെലിവിഷനിലെ പരസ്യങ്ങളില്‍ എഴുതിവരുന്ന മലയാളം കണ്ടു ചില അക്ഷരങ്ങളും വാക്കുകളും വായിക്കാന്‍ പഠിച്ചവര്‍ ഉണ്ട്. ഇതിന്‍റെ ഒക്കെ തുടര്‍ച്ചയായി മലയാളം പത്രമോ ആനുകാലികമോ വായിക്കാന്‍ ആവുന്നു എന്ന് പറയുന്ന ചെറുപ്പക്കാരായ മലയാളി വംശജരെ ഇന്ന് മുംബയില്‍ കാണാന്‍ ആയെന്നു വരും.
മലയാള സംസ്കാരം എന്നത് കേരളത്തിനു പുറത്ത് ജീവിക്കുന്നവരും, മലയാളം സംസാരിക്കുന്നവരുമായ വലിയൊരു സമൂഹത്തിന്‍റെ കൂടി സംസ്കാരം ഉള്‍ക്കൊള്ളുന്നതാണ്. ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്ക് അതീതമായ ഇത്തരം സാംസ്കാരിക ഒരുമയ്ക്ക് ആക്കം കൂട്ടുവാന്‍, സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ വലിയ പങ്കു വഹിക്കുന്നു. വാട്ട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ്, യുട്യുബ് തുടങ്ങിയവ , ഓണ്‍ലയിന്‍ പ്രസിദ്ധീകരണങ്ങള്‍, എവിടെയും ലഭ്യമാവുന്ന മലയാളം ടെലിവിഷന്‍ ചാനലുകള്‍, അങ്ങനെ ഭാഷയും സംസ്കാരവും അതിരുകള്‍ക്കും ദൂരങ്ങള്‍ക്കും അതീതമായി സംഗമിക്കുന്ന നവലോകത്തിലെ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഒരു നല്ല ഉദാഹരണമാണ് ആംചി മുംബൈ.
മലയാള മിഷന്‍ പോലെ, പ്രവാസികളെ ഭാഷ പഠിപ്പിക്കാന്‍ പല ഔപചാരിക ശ്രമങ്ങളും നടക്കുമ്പോള്‍, അനൌപചാരിക രീതിയില്‍ ഭാഷയും സംസ്കാരവും വരും തലമുറയുടെ സ്വത്വത്തിന്‍റെ ഭാഗം ആക്കുന്ന വലിയ ചുമതലയാണ് കേരളത്തിനു പുറത്ത് പ്രവാസികള്‍ക്കായി മലയാളത്തിലുള്ള പരിപാടികള്‍ നടത്തുന്ന ദൃശ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
സി പി കൃഷ്ണകുമാർ
പുരസ്‌കാര നിറവിൽ ഏദൻ
ഞാനും ‘ആമി’ കണ്ടു.
മയിൽപീലി – മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ