മുംബൈയിലെ ടോറസ് ബ്രാൻഡിന്റെ കീഴിലുള്ള പ്ലാറ്റിനം ഹോൺ എന്ന സ്ഥാപനമാണ് നിക്ഷേപകരെ കബളിപ്പിച്ച് 14 കോടിയോളം രൂപ തട്ടിയെടുത്തത്.
വൻ പ്രതിഫലം വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ഡിസംബർ 21 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ കമ്പനി നിക്ഷേപകരിൽനിന്ന് പണം സ്വീകരിച്ചത്. രത്നങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് മൊത്തം 14 കോടിയോളം രൂപയാണ് കമ്പനി നിക്ഷേപകരെ കബളിപ്പിച്ചത്. കമ്പനി പിന്നീട് പാപ്പരായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെയാണ് നിക്ഷേപ തട്ടിപ്പിൽ ഇരയായവർ തെരുവിലിറങ്ങി അക്രമാസക്തരായത്. കമ്പനിയുടെ ഓഫീസിനുനേരേ കല്ലേറു നടത്തിയ ജനക്കൂട്ടത്തെ പോലീസ് ഇടപെട്ടാണ് പിരിച്ചുവിട്ടത്.
ആഴ്ചതോറും പത്ത് ശതമാനം കമ്മിഷൻ വാഗ്ദാനംചെയ്ത് നൂറുകണക്കിനാളുകളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ടോറസ് എന്ന കമ്പനിയുടെ ഓഫീസിനു നേരെയാണ് നിക്ഷേപകർ കല്ലേറു നടത്തിയത്.
കമ്പനി പാപ്പരായി എന്ന വാർത്ത പരന്നതോടെ നിക്ഷേപകർ കമ്പനിയുടെ ദാദർ, മീരഭയന്തർ, തുർഭെ എന്നിവിടങ്ങളിലെ ഓഫീസുകൾക്കു മുന്നിൽ തടിച്ചുകൂടി.
നിക്ഷേപകരുടെ പരാതിയിലാണ് ശിവാജിനഗർ പോലീസ് കേസെടുത്തിരിക്കുന്നത്. കമ്പനിയുടെ ഡയറക്ടർമാരായ സർവ്വേഷ് അശോക് സുർവെ, വിക്ടോറിയ കോവൻകെ, സി.ഇ.ഒ. തൗഫീഖ് റിയാസ്, ജനറൽ മാനേജർ തനിയ കസ്‌തോവ, സ്റ്റോർ മാനേജർ വാലന്റീന കുമാർ എന്നിവർക്കെതിരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും കേസിൽ അന്വേഷണം ആരംഭിച്ചു.