മുംബൈ, നവി മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ഒന്നര ലക്ഷത്തോളം നിക്ഷേപകരിൽ നിന്ന് 1,000 കോടി രൂപയാണ് വഞ്ചിക്കപ്പെട്ടത്. അതെ സമയം നിക്ഷേപം സ്വീകരിക്കാൻ ആർബിഐയിൽ നിന്നോ മറ്റേതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്നോ കമ്പനിക്ക് അനുമതിയില്ലെന്നാണ് പോലീസ് പറയുന്നത്. ആസൂത്രിതവും സംഘടിതവുമായ സാമ്പത്തിക കുറ്റകൃത്യമാണ് പ്രതികളിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്.
ടോറസ് ജ്വല്ലറി സ്റ്റോർ ശൃംഖലയുടെ ബ്രാൻഡ് പേരിലാണ് പോൺസി സ്കീം നടത്തിയിരുന്നത്. 1,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സാമ്പത്തിക കമ്പനിയായ പ്ലാറ്റിനം ഹെർൺ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഉക്രേനിയൻ പൗരന്മാരെന്ന് സംശയിക്കുന്ന കമ്പനികളുടെ സ്ഥാപകർ രാജ്യം വിട്ടതായി ആരോപിക്കപ്പെടുന്നു. ഇവർക്കെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.
സമഗ്രമായ അന്വേഷണത്തിനായി കേസ് മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (EOW) കൈമാറിയിരിക്കയാണ്.
പ്രതികളായ കമ്പനിക്ക് നിക്ഷേപം സ്വീകരിക്കാൻ ആർബിഐയിൽ നിന്നോ മറ്റേതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്നോ അനുമതിയില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. നന്നായി ആസൂത്രിതവും സംഘടിതവുമായ രീതിയിലാണ് അവർ സാമ്പത്തിക കുറ്റകൃത്യം ചെയ്തതെന്ന് ഇൻസ്പെക്ടർ യുവരാജ് സർനോബത്ത് കോടതിയെ അറിയിച്ചു.
ഇതുവരെ 13.48 കോടി രൂപ നഷ്ടപ്പെട്ടതായി 61 നിക്ഷേപകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും നടപടിയും.
ശിവാജി പാർക്ക് പോലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കഴിഞ്ഞ ഫെബ്രുവരിയിൽ ദാദർ, ഗ്രാൻ്റ് റോഡ്, കാന്തിവാലി, മീരാ റോഡ്, കല്യാൺ, സാൻപാഡ തുടങ്ങിയ മേഖലകളിലായി ആറ് ഷോറൂമുകളിലൂടെയാണ് പദ്ധതി പ്രചരിപ്പിച്ചത്.
ഇരകൾ പറയുന്നതനുസരിച്ച്, കുറ്റാരോപിതരായ കമ്പനി നഗരത്തിലുടനീളം വലിയ സെമിനാറുകൾ നടത്തുകയും അവിശ്വസനീയമായ വരുമാനം വാഗ്ദാനം ചെയ്താണ് നിക്ഷേപ പദ്ധതികളിലൂടെ നിക്ഷേപകരെ ആകർഷിച്ചത്.
കമ്പനി പ്രധാനമായും നാല് സ്കീമുകൾ അവതരിപ്പിച്ചു; പ്രതിവാര പലിശയ്ക്ക് 2% സ്വർണത്തിലും 3% പലിശയ്ക്ക് വെള്ളിയിലും 4% പലിശയ്ക്ക് മൊയ്‌സാനൈറ്റ് കല്ലുകൾ വെള്ളിയിലും 5-6% പലിശയ്ക്ക് മൊയ്‌സാനൈറ്റ് കല്ലുകളിലും നിക്ഷേപിക്കുന്ന പദ്ധതികളിലൂടെയാണ് പണം സമാഹരിച്ചത്.
നിക്ഷേപകരിൽ നിന്ന് കൂടുതൽ പണം കണ്ടെത്തുന്നതിനായി സ്‌കീം ഓപ്പറേറ്റർമാർ വർഷാവസാനത്തോടെ പലിശ നിരക്ക് ക്രമേണ വർദ്ധിപ്പിച്ചു. പ്രതിവാര പലിശ 11.5% ലഭിക്കുന്നതിന് പണമായി നിക്ഷേപിക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ഏതെങ്കിലും നിക്ഷേപകർ പുതിയ നിക്ഷേപകരെ കൊണ്ടുവരുകയാണെങ്കിൽ, റഫറലിനുള്ള നിക്ഷേപത്തിന്റെ 20% ലഭിക്കും.
ക്യാഷ് നിക്ഷേപങ്ങളിലെ ബോണസ് പലിശ കാരണം, പലരും പണമായി നിക്ഷേപിക്കാൻ താല്പര്യപെടുകയായിരുന്നു.