മുംബൈയിലെ റഫി സ്മാരക ട്രസ്റ്റ് സ്ഥാപകനായ വെങ്കിടാചലമാണ് മലയാളത്തിന്റെ ഭാവഗായകനെ അഞ്ചെട്ട് വർഷം മുൻപ് മുംബൈ സന്ദർശന വേളയിൽ പരിചയപ്പെടുത്തുന്നത്. പിന്നീട് രണ്ടു വർഷം മുൻപായിരുന്നു തൃശൂരിൽ ഉണ്ടായിരുന്നപ്പോൾ പ്രിയ ഗായകനുമായി സംസാരിക്കുന്നത്.
പ്രശസ്ത ഗായകൻ മുഹമ്മദ് റഫിയുടെ ഒരു ‘ടൈ’ ജയചന്ദ്രനു സമ്മാനമായി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു അഭിമുഖം ആവശ്യപ്പെട്ടായിരുന്നു ബന്ധപ്പെടുന്നത്. അന്ന് വല്ലാതെ ക്ഷീണിതനായിരുന്നു. അത് കൊണ്ട് തന്നെ കുറച്ച് വാക്കുകളിൽ പ്രതികരണം ഒതുക്കി. “ഇത് ദൈവം കൊടുത്തയച്ചതാണ്. അവസാനശ്വാസം വരെ ഇതു നെഞ്ചോടു ചേർത്തു വയ്ക്കും. ഇനി എനിക്കൊരു ബഹുമതിയും വേണ്ട’
റഫിയുടെ കുടുംബം ജയചന്ദ്രനു നൽകിയതാണ് ഈ സ്നേഹോപഹാരം. കുടുംബ സുഹൃത്തായ എൻ.ആർ. വെങ്കിടാചലമാണ് തൃശൂർ പൂങ്കുന്നത്തെത്തി റാഫിയുടെ ടൈ സമ്മാനിച്ചത്. അന്നത് ചേർത്തു പിടിച്ചു സന്തോഷം പ്രകടിപ്പിച്ച ജയചന്ദ്രൻ വികാരാധീനനായ കാര്യങ്ങൾ വെങ്കിടാചലം പറഞ്ഞിരുന്നു.
റഫിയുടെ കുടുംബവുമായി ഏറെ അടുത്ത ബന്ധമുള്ള വെങ്കിടാചലമാണു ജയചന്ദ്രനെക്കുറിച്ചു റഫിയുടെ കുടുംബത്തോടു പറയുന്നത്. അനശ്വര ഗായകൻ റഫിക്ക് സമാനമായൊരു ഗായകനില്ലെന്നു പലപ്പോഴും ജയചന്ദ്രൻ പറയുന്നതു തൃശൂർക്കാരനായ വെങ്കിടാചലം കേട്ടിട്ടുണ്ട്. അങ്ങനെയാണു റഫിയുടെ ആരാധകനായ ഗായകനൊരു സമ്മാനം നൽകാൻ വെങ്കിടാചലം കുടുംബത്തോട് ആവശ്യപ്പെടുന്നത്. മുഹമ്മദ് റഫി പത്മശ്രീ ഏറ്റുവാങ്ങിയപ്പോൾ അണിഞ്ഞിരുന്ന റഫിയുടെ ഏറ്റവും പ്രിയപ്പെട്ട ടൈ ആണ് കുടുംബം ഭാവഗായകന് സമ്മാനിച്ചത്. അതൊരു നിധി പോലെ ഭാവഗായകൻ സൂക്ഷിച്ചു….
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ…….
പ്രേംലാൽ