അഖിലേന്ത്യാ കിസാൻ സഭ നയിച്ച ലോങ്ങ് മാർച്ച് മഹാനഗരത്തിൽ പോരാട്ട സമരത്തിന് പുതിയ അധ്യായമാണ് എഴുതി ചേർത്തത്. ഐതിഹാസിക വിജയം നേടിയ ലോങ്ങ് മാർച്ചിൽ പങ്കെടുത്ത ഒരു വലിയ വിഭാഗം നാസിക്കിലെ ഉൾനാടൻ ഗ്രാമങ്ങളിലെ കർഷകരും ആദിവാസികളുമായിരുന്നു.
കലപ്പ പിടിച്ച കൈകൾ ചെങ്കൊടിയേന്തിയപ്പോഴെല്ലാം ചരിത്രം വഴിമാറിയിട്ടുണ്ട്. അതിജീവനത്തിനായുള്ള പോരാട്ടത്തിന് ജാതിയോ മതമോ വർണ്ണ ഭേദങ്ങളോ ഇല്ല , അവരുടെ സ്വരം ഒന്നാണ് , ചിന്തകൾ ഒന്നാണ് , സ്വപ്‌നങ്ങൾ ഒന്നാണ് , നഷ്ടപ്പെടുവാൻ ഒന്നും ഇല്ലാത്തവന്റെ സമരഗാഥകൾക്കു മുന്നിൽ ഭരണകൂടം മുട്ടുമടക്കിയിട്ടേ ഉള്ളൂ . അത്തരം ഒരു സമരത്തിനാണ് മഹാനഗരം സാക്ഷ്യം വഹിച്ചത്.
അര ലക്ഷത്തോളം വരുന്ന കർഷകരിൽ ഭൂരിഭാഗവും ജീവിത സായാഹ്നത്തിലെത്തിയവർ. അറുപതും എഴുപതും എൺപതും വയസ്സ് പ്രായമായ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അധ്വാന വർഗം രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തേക്ക് നടന്നു കയറിയത് അതിജീവനത്തിനായുള്ള നിശബ്ദ പോരാട്ടത്തിൽ പങ്കാളികളായി . തോൽപ്പിക്കപ്പെട്ടവരുടെ , വഞ്ചിക്കപ്പെട്ടവരുടെ മനസ്സിൽ ആളിക്കത്തിയ പ്രതിഷധത്തിന്റെ കൊടുങ്കാറ്റായി
വിളവുകൾ മൊത്തമായി കർഷകരിൽ നിന്നും വാങ്ങി ശീതികരിച്ച ഭീമൻ സ്റ്റോറേജുകളിൽ നിറവും സ്വാദും പോകാതെ മരവിപ്പിച്ചു സൂക്ഷിക്കുന്നവരാണ് ലാഭം കൊയ്യുന്നത്. ഓഫ് സീസണുകളിൾ മോഹ വിലക്ക് വിൽക്കാനാകുമെന്ന കുത്തക തന്ത്രവുമായി ഇവർ കമ്പോളങ്ങളിൽ വിലപേശി കൊള്ള ലാഭമുണ്ടാക്കുമ്പോൾ വിളവിനായി വിയർപ്പൊഴുക്കിയവർ വഞ്ചിക്കപ്പെടുന്നു.
നിവൃത്തികേടുകൾ കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ ശീലിച്ച നിർദ്ദന ജന്മങ്ങളാണ് ജീവിക്കാനുള്ള മോഹവുമായി നഗരത്തിലെത്തിയത്. മഹാ നഗരം ഇവരെ രണ്ടു കൈകളും നൽകി സ്വീകരിച്ചു. പൻവേൽ മലയാളി സമാജം അടക്കം നിരവധി സംഘടനകൾ, വിവിധ ദളിത്, മുസ്ലിം, സിഖ് സംഘടനകൾ കൂടാതെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, ഐഐടി, എന്നീ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാർഥികളും അധ്യാപകരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു അണിചേർന്നു.
മഹാരാഷ്ട്രയുടെ കൊടും വെയിലിൽ ഉറച്ച കാൽവെപ്പുകളോടെ നടന്ന അവർ നെഞ്ചോട് ചേർത്തു പിടിക്കുന്ന ചെങ്കൊടിയുടെ തണലിൽ ചേർന്നു നിന്ന്, അതിജീവനത്തിനായുള്ള പോരാട്ട സമരത്തിന്റെ ലക്‌ഷ്യം കണ്ടു.
ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ഗ്രാമത്തിൽ തിരിച്ചെത്തിയ ഇവർ നയിക്കുന്ന ജീവിതം കഷ്ടതകൾ നിറഞ്ഞതാണ്. ഇവരുടെയെല്ലാം അദ്ധ്വാനം ചൂഷണം ചെയ്യുന്നിടത്തോളം കാലം എത്ര കടങ്ങൾ എഴുതി തള്ളിയാലും ദുരിതങ്ങൾക്കു അവസാനമുണ്ടാകില്ല.
അദ്ധ്വാനത്തിന്റെ കൂലി കിട്ടാത്തതാണ് ഈ പാവങ്ങളുടെ മൗലികമായ പ്രശനം. വിളവുകൾ ചുളു വിലയിൽ ഇടനിലക്കാരും കോർപ്പറേറ്റ് കച്ചവടക്കാരും തട്ടിയെടുക്കുമ്പോൾ രാപകൽ അദ്ധ്വാനിച്ചുണ്ടാക്കിയതിന്റെ നേട്ടങ്ങൾ അർഹിക്കുന്നവർക്ക് കിട്ടാതെ പോകുന്നു.
വിളവുകൾ മൊത്തമായി കർഷകരിൽ നിന്നും വാങ്ങി ശീതികരിച്ച ഭീമൻ സ്റ്റോറേജുകളിൽ പച്ചക്കറിയും പഴവർഗങ്ങളും നിറവും സ്വാദും പോകാതെ മരവിപ്പിച്ചു സൂക്ഷിക്കുന്നവർ ലാഭം കൊയ്യുന്നു. ഓഫ് സീസണുകളിൾ മോഹ വിലക്ക് വിൽക്കാനാകുമെന്ന കുത്തക തന്ത്രവുമായി ഇവർ കമ്പോളങ്ങളിൽ വിലപേശി കൊള്ള ലാഭമുണ്ടാക്കുമ്പോൾ വിളവിനായി വിയർപ്പൊഴുക്കിയവർ വഞ്ചിക്കപ്പെടുന്നു.
വിളവുകൾക്ക് വിലയില്ലാതാകുമ്പോൾ കന്നുകാലികൾക്ക് തീറ്റയായി നൽകേണ്ടി വരുന്ന ഗതികേടിലും മണ്ണിനെ ഉപേക്ഷിക്കാൻ മനസ്സില്ലാത്ത കർഷകരെ നാസിക്കിൽ കാണാം. ഭക്ഷ്യ വിളകൾക്കും പച്ചക്കറികൾക്കും അധ്വാനത്തിന്റെ വിലയെങ്കിലും കിട്ടണമെന്നാണ് ഇവരെല്ലാം കേഴുന്നത് .
കർഷക സഹകരണ സംഘങ്ങൾ വഴി മാർക്കെറ്റിൽ നേരിട്ട് ഉത്പന്നങ്ങൾ എത്തിക്കുവാനുള്ള സംവിധാനങ്ങൾ എല്ലാ കൃഷിയിടങ്ങളിലും നടപ്പാക്കണം. കാർഷിക കടങ്ങൾ എഴുതി തള്ളുന്നത് താത്കാലിക പരിഹാരം മാത്രമാണ്
ഇന്ത്യയിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്ന വിഭാഗമാണ് മഹാരാഷ്ട്രയിലെ കർഷകർ . സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾ കാരണമാണ് ഇത്രയധികം കർഷക ആത്മത്യകൾ മഹാരാഷ്ട്രയിൽ നടക്കുന്നതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കൃഷിയാവശ്യത്തിനായുള്ള പ്രാഥമിക ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ടതോടെയാണ് പലരുടെയും ജീവിതം തകിടം മറിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രതിവർഷം മൂവായിരത്തിലേറെ കർഷകരാണ് നിസ്സഹായാവസ്ഥയിൽ ജീവനൊടുക്കിയതെന്നു പറഞ്ഞാൽ ഈ അവകാശ പോരാട്ടത്തിന്റെ ഗൗരവം മനസിലാകും . സർക്കാർ പക്ഷത്തു നിന്നും യാതൊരു വിധ കരുതലുകളും ലഭിക്കാതായതോടെയാണ് കർഷകർ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സമരം ചെയ്യുന്നത് .
ഇതൊരു മുന്നറിയിപ്പാണ് , കോർപ്പറേറ്റുകൾക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്ന് അവർക്കു വേണ്ടി നിയമങ്ങൾ എഴുതുകയും മാറ്റിയെഴുതുകയും ചെയ്യുന്ന മാറിമാറി വരുന്ന സർക്കാരുകൾക്ക് കാലം കൽപ്പിച്ചു നൽകിയ അദ്ധ്വാനവർഗ്ഗത്തിന്റെ നിശബ്ദമായ താക്കീത് .
- പ്രേംലാൽ / രാജൻ കിണറ്റിങ്കര