നവി മുംബൈ കലംബൊലി അയ്യപ്പ ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന തിരുവാതിര വനിതാ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഭക്തിയും മലയാളിത്തനിമയും നിറച്ച് ധനുമാസത്തിലെ തിരുവാതിരയെ കേരള തനിമയോടെയാണ് കലംബൊലിയിലെ മലയാളി വനിതകൾ അയ്യപ്പ ക്ഷേത്രാങ്കണത്തിൽ പുനഃസൃഷ്ടിച്ചത്.
ആദ്യകാലങ്ങളിൽ ഗ്രാമത്തിലെ സ്ത്രീകളെല്ലാം ഏതെങ്കിലും തറവാട്ട് വീട്ടിൽ ഒത്തുകൂടിയാണ് തിരുവാതിര ആഘോഷിക്കുക. കസവുമുണ്ടുടുത്ത്, പാതിരാപ്പൂ ചൂടി, വാലിട്ട് കണ്ണെഴുതി, തിരുവാതിരപ്പാട്ട് പാടി ചുവടുകൾ വച്ചാണ് ധനുമാസത്തിലെ തിരുവാതിര ആഘോഷം. തിരുവാതിര വ്രതമെടുക്കുന്നവർ ദീർഘ സുമംഗലികളാകുമെന്നാണ് ഹൈന്ദവ വിശ്വാസം. സ്ത്രീകളുടെ ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും തിരുവാതിര നോയമ്പ് അത്യുത്തമമാണെന്നും വിശ്വാസമുണ്ട്.
ധനുമാസത്തിലെ തിരുവാതിര മലയാളികൾ നെഞ്ചേറ്റിയ ഉത്സവമാണ്. ഭഗവാൻ പരമശിവന്റെ പിറന്നാളാണെന്നും പാർവതീദേവി നോമ്പു നോൽക്കുന്ന ദിവസമാണെന്നുമൊക്കെയാണു തിരുവാതിരപ്പാട്ടുകൾ. ഇത് കണക്കിലെടുത്താണ് സ്ത്രീ പ്രാധാന്യമായ തിരുവാതിര ആഘോഷിക്കുന്നത്.
മുംബൈ നഗര വാർത്തകളും മലയാളി വിശേഷങ്ങളും വിരൽത്തുമ്പിൽ .. For regular update like and follow www.facebook.com/amchimumbailive