ഭാരതപ്പുഴയുടെ തീരത്ത്, തൃത്താലയ്ക്കടുത്തുള്ള മലമൽക്കാവ് അയ്യപ്പക്ഷേത്രം പ്രശസ്തമാണ് . കേരളത്തിലെ 108 അയ്യപ്പക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ഇവിടെ എത്തിയാൽ വള്ളുവനാടിന്റെ കാഴ്ചകളും, ചരിത്രങ്ങളും കാണാനും അറിയുവാനും ഏറെയുണ്ട്. ക്ഷേത്രക്കുളത്തിൽ വിരിയുന്ന ചെങ്ങഴിനീർ പൂവ് എന്ന അദ്ഭുതം അതിൽ ഒന്നു മാത്രമാണ്.
ഇവിടുത്തെ ക്ഷേത്രത്തിലെ വിശ്വാസങ്ങളനുസരിച്ച് ക്ഷേത്രത്തിലേക്കുള്ള തൃപ്പടിയിൽ പണംവെച്ച് മനസ്സറിഞ്ഞ് ഭഗവാനെ വിളിച്ചു പ്രാർഥിച്ചാൽ പിറ്റേ ദിവസം രാവിലെ ക്ഷേത്രക്കുളത്തിൽ ഒരു പൂവ് വിരിയുമത്രെ. ചെങ്ങഴനീർ പൂവ് എന്നു വിശ്വാസികൾ വിളിക്കുന്ന ഈ പൂവിനെ മലയാളികൾക്ക് നീലത്താമര എന്ന പേരിലാണ് എംടി വാസുദേവൻ നായർ പരിചയപ്പെടുത്തിയത്.
ഇപ്പോഴിതാ മലമൽക്കാവ് അയ്യപ്പക്ഷേത്ര സ്തുതിഗീതവുമായി മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനായ രാജൻ കിണറ്റിങ്കര പുറത്തിറക്കിയ മ്യൂസിക് ആൽബം ശ്രദ്ധ നേടുന്നു. രാജന്റെ രചനയിൽ സംഗീതജ്ഞനും ഗായകനുമായ മുരളീകൃഷ്ണനാണ് ഈണവും ആലാപനവും. മകര വിളക്ക് ദിവസം റിലീസ് ചെയ്ത ഭക്തിഗാനം ഇതിനകം ഓൺലൈനിൽ ട്രെൻഡിങ്ങാണ്.