ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലേക്ക് അതിക്രമിച്ചു കയറിയ അജ്ഞാതനാണ് നടനെ പലതവണ കുത്തി പരിക്കേൽപ്പിച്ചത്. മോഷ്ടാവ് മൂർച്ചയേറിയ ആയുധം കൊണ്ടായിരുന്നു ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. തുടര്‍ന്ന് താരത്തെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. ശരീരത്തിൽ ആറ് മുറിവുകളുണ്ടെന്നും രണ്ടെണ്ണം ഗുരുതരമെന്നാണ് പൊലീസ്. എന്നാൽ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്
സംഭവം നടക്കുമ്പോൾ നാലഞ്ച് പേർ നടന്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ നടന്റെ ആരോഗ്യനിലയിൽ ആരാധകരും സിനിമാലോകവും ആശങ്ക ഉയർത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ഭാര്യ കരീന കപൂർ വീട്ടിലില്ലായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കളായ സോനം കപൂറിനും റിയ കപൂറിനും ഒപ്പം സ്വകാര്യ പാർട്ടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സംഭവം നടക്കുന്നതിന് തൊട്ട് മുൻപ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. .
ബാന്ദ്രയിലെ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിലാണ് സെയ്ഫ് അലി ഖാൻ താമസിച്ചിരുന്നത്. ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറിയ അജ്ഞാതൻ വീട്ടിലെ ജോലിക്കാരിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു.
ഇതിനിടെയാണ് ശബ്ദം കേട്ടുണർന്ന നടൻ സംഭവത്തിൽ ഇടപെട്ടത്. അക്രമിയോട് സംസാരിക്കുന്നതിനിടെയാണ് പെട്ടെന്ന് പ്രകോപിതനായ കള്ളൻ സെയ്ഫ് അലി ഖാനെ ഒന്നിലധികം തവണ കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് മുംബൈ പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടിലുണ്ടായത് കവർച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.