മഹാരാഷ്ട്രയില്‍ ക്രൈസ്തവ വിശ്വാസിള്‍ക്ക് നേരെ വ്യാപക ആക്രമണത്തിൽ പരക്കെ പ്രതിഷേധം. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥന സംഗമത്തിനിടെയാണ് വിശ്വാസികള്‍ക്ക് നേരെ വാളടക്കമുള്ള ആയുധങ്ങളുപയോഗിച്ച് ഒരു സംഘം ആക്രമണം അഴിച്ചു വിട്ടത്.
ആരാധന നടക്കുന്നതിനിടയിൽ മഹാരാഷ്ട്രയിലെ കൊലാപൂരിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണിത്. മുഖംമൂടി ധരിച്ച ഇരുപതോളം പേരാണ് വാളും ഇരുമ്പു ദണ്ഡുകളുമായി വിശ്വാസികളെ അക്രമിച്ചത്. ഭീംസെന്‍ ചൗഹാന്‍ എന്ന ആളുടെ വീട്ടിലാണ് ഞായറാഴ്ച ആരാധന നടന്നുവന്നത്. ബൈക്കിലെത്തിയ അക്രമി സംഘം ഈ വീട്ടിലേക്ക് ഇരച്ചുകയറി വിശ്വാസികളെ മർദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. നാലോളം പേരുടെ നില ഗുരുതരമാണ്. മോട്ടോര്‍ സൈക്കിളുകളിലെത്തിയ സംഘം ഒരു പ്രകോപനവുമില്ലാതെയാണ് പ്രാര്‍ത്ഥന നടത്തുകയായിരുന്ന വിശ്വാസികള്‍ക്കിടയിലേക്ക് പാഞ്ഞു വന്ന് അക്രമം അഴിച്ചു വിട്ടത്. പ്രാര്‍ത്ഥനയ്ക്കെത്തിയ കുറച്ച് സ്ത്രീകള്‍ അക്രമികള്‍ക്കെതിരെ മുളക് പൊടി എറിഞ്ഞതോടെയാണ് സംഘം പിന്മാറിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്ന് വരികയാണെന്നും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015 ലും മുംബൈയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘം പള്ളിക്ക് നേരെ കല്ലെറിയുകയായിരുന്നു.