ലോക്കൽ ട്രെയിനും സ്മാർട്ട് ഫോണും

സൂര്യനസ്തമിക്കാത്ത നഗരത്തിലെ രസകരമായ വിശേഷങ്ങൾ പങ്കു വച്ച് എഴുത്തുകാരൻ രാജൻ കിണറ്റിങ്കര. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ദേശീയ പത്രങ്ങളിലും സാഹിത്യ രചനകളിലൂടെ അനുവാചകനുമായി സംവദിക്കാറുള്ള രാജൻ കൈരളി ടി വിയിലെ 'അല്ല പിന്നെ' എന്ന കോമഡി സീരിയലിന്റെ രചയിതാവ് കൂടിയാണ്

0

എഴുപതുകളിലും എൺപതുകളിലും മുംബൈയിലേക്ക് കുടിയേറിയ മലയാളികളിൽ അതിജീവനത്തിന്റെ സഹനയാത്രയ്ക്കൊപ്പം ഉള്ളിന്റെ  ഉള്ളിൽ ഒരു കലാ ഹൃദയവും ഉണ്ടായിരുന്നു.  അവരുടെ യാത്രകളിൽ സംഗീതവും കലയും സാഹിത്യവും ചർച്ചാ വിഷയങ്ങളായി.  അവരുടെ മനസ്സുകളിൽ നാളെയുടെ ഉൽക്കണ്ഠയോ ഇന്നലെകളുടെ നഷ്ടബോധമോ  ഉണ്ടായിരുന്നില്ല.    മുംബൈ തൊഴിൽ സംസ്കാരത്തിന്  കമ്പ്യൂട്ടർ യുഗത്തിന്റെ അധിനിവേശത്തിനു മുന്നേ ചില നിശ്ചിത സമയക്രമങ്ങൾ ഉണ്ടായിരുന്നു.  രാവിലെ പത്ത് മുതൽ വൈകീട്ട് ആറ് വരെ ഡ്യൂട്ടി.  ഉച്ചക്കു ഒരു മണിക്കൂർ ലഞ്ച് ടൈം. ഇതായിരുന്നു മുംബൈയിലെ തൊഴിൽ ശാലകളിലും ഓഫീസുകളിലും നില നിന്ന് പോന്ന പ്രവർത്തന സമയ ക്രമം. കൂട്ടമായുള്ള അന്നത്തെ ഓഫീസ് യാത്രയിൽ ആർക്കും ഒറ്റപ്പെടലിന്റെ നെരിപ്പോടുകൾ അനുഭവപ്പെട്ടാറില്ല. മനിക്കൂറുകൾ നീളുന്ന ലോക്കൽ ട്രെയിനിലെ വിയർപ്പ് കിനിയുന്ന യാത്രകളിൽ അവർ സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്കു വച്ചു.  പരസ്പരം കൂട്ടി മുട്ടാത്ത റെയിൽ പാളങ്ങളപ്പോലെ അവരുടെ ചിന്തകളും മോഹങ്ങളും പാളത്തിനൊപ്പം സമാന്തരമായൊഴുകി.

അവരുടെയെല്ലാം യാത്രകളെ സജീവമാക്കിയത് സംഗീതവും പാട്ടുകളുമായിരുന്നു. പതിവ് വണ്ടികളിൽ പതിവ് സമയങ്ങളിൽ അവർ ഒത്തുകൂടി. ആ യാത്രയിൽ പി. ഭാസ്കരന്റെയും ബാബുരാജിന്റെയും ദേവരാജൻ മാസ്റ്ററുടെയും വയലാറിന്റെയും മണ്ണിന്റെ മണമുള്ള വരികൾ അവരുടെ നാവിലൂടെ ഒഴുകി പടർന്നു. ഗൃഹാതുരത്വങ്ങൾ അവരുടെ സംഗീതത്തിൽ ആത്മാവ് പകർന്നു . ആ സംഗീതം വേദനയുടേതായിരുന്നു, വേനൽ നിലാവിന്റെതായിരുന്നു, പച്ചപ്പാടങ്ങളുടെതായിരുന്നു, കണ്ണീരൊഴുക്കുന്ന വേനൽപ്പുഴയുടേതായിരുന്നു. ഓടി തളർന്ന വണ്ടി ഓരോ സ്റ്റേഷനും പിന്നിടുമ്പോഴും അവരുടെ സൗഹൃദങ്ങൾ കൂടുതൽ സുദ്രുഢമായി. മറു ദേശക്കാരും അവരറിയാതെ ഈ മലയാള കൂട്ടായ്മക്കൊപ്പം നീന്തി. അവരുടെ ഹൃദയങ്ങൾ ഒന്നായിരുന്നു, ലക്ഷ്യങ്ങൾ ഒന്നായിരുന്നു, സ്വപ്‌നങ്ങൾ ഒന്നായിരുന്നു.

ഐ.ടി. സംസ്കാരത്തിൽ നട്ടം തിരിഞ്ഞിരുന്ന പുത്തൻ തലമുറക്ക് കൂനിന്മേൽ കുരു പോലെയായിരുന്നു നഗരം നെഞ്ചിലേറ്റിയ മൊബൈൽ സംസ്കാരം. വയറു വിശന്നായാലും അവൻ ഒരിക്കലും മൊബൈലിനെ പട്ടിണിക്കിട്ടില്ല.

മറാത്തികൾക്കിടയിൽ മലയാളിക്ക് കിട്ടിയിരുന്ന ‘മദ്രാസി’ എന്ന വിശേഷണവും വിവേചനവും ഇല്ലാതാക്കാൻ ലോക്കൽ ട്രെയിനിലെ ഈ കൂട്ടായ്മൾക്ക് കഴിഞ്ഞു എന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയാവില്ല. രണ്ടു ദേശങ്ങളുടെ, രണ്ട് ഭാഷകളുടെ സംസ്കാരവും സാഹിത്യവും ഇഴ ചേർന്നത് ഇവിടെ വച്ചായിരുന്നു. ഇരിക്കുന്നവർ നിൽക്കുന്നവർക്ക് സീറ്റൊഴിഞ്ഞു കൊടുത്തും സീറ്റ് കിട്ടാത്തവരെ മടിയിൽ ഇരുത്തിയും ഉള്ള ഈ സുഖകരമായ യാത്രയ്ക്ക് പക്ഷെ അധികം ആയുസ്സുണ്ടായിരുന്നില്ല. കാലത്തിന്റെ ഒഴുക്കിനൊപ്പം മുംബൈയിലെ തൊഴിൽ സംസ്കാരവും മാറ്റി മറയപ്പെട്ടു. . IT വ്യവസായം തൊഴിൽ മേഖലയെ കയ്യടക്കി. തൊഴിലാളികൾ 24 മണിക്കൂർ സമയവും കമ്പ്യൂട്ടറിന്നു മുന്നിൽ തളക്കപ്പെട്ടു. കമ്പ്യൂട്ടറിൽ ഒരോ പ്രോബ്ലങ്ങളും സോൾവ്‌ ചെയ്തു വരുമ്പോഴും പരിഹരിക്കപ്പെടാതെ അവന്റെ സ്വകാര്യ പ്രശ്നങ്ങൾ വളർന്നു വലുതാവുകയായിരുന്നു. . അവൻ സമൂഹത്തിൽ നിന്നും അകന്ന് സ്വയം സൃഷ്ടിച്ച സ്വന്തം ലോകത്ത് ഒതുങ്ങി കൂടാൻ വിധിക്കപ്പെട്ടു. രാത്രി ഏറെ വൈകി അവസാന വണ്ടിയും പിടിച്ചു അവൻ വീടണയുമ്പോൾ അവനു നഷ്ടപ്പെട്ടത് അവന്റെ സൌഹൃദവും മനശാന്തിയും ഹൃദയത്തിൽ ഒളിപ്പിച്ച കലാ വാസനയും ആയിരുന്നു.

ഒരോ അവധി ദിവസവും എങ്ങിനെ ആഘോഷിക്കണം എന്ന് ആലോചിച്ചിരുന്ന മലയാളി ഒരു ഒഴിവു ദിവസത്തിനായി കൊതിക്കാൻ തുടങ്ങി. അവൻ കമ്പ്യൂട്ടറിന്റെ അടിമത്വത്തിലേക്ക് സ്വയം കീഴടങ്ങി കഴിഞ്ഞിരുന്നു. ബുദ്ധിക്കു പകരം ചലിക്കുന്നത് അവന്റെ വിരലുകൾ ആയിരുന്നു. ഐ.ടി. സംസ്കാരത്തിൽ നട്ടം തിരിഞ്ഞിരുന്ന പുത്തൻ തലമുറക്ക് കൂനിന്മേൽ കുരു പോലെയായിരുന്നു നഗരം നെഞ്ചിലേറ്റിയ മൊബൈൽ സംസ്കാരം. വയറു വിശന്നായാലും അവൻ ഒരിക്കലും മൊബൈലിനെ പട്ടിണിക്കിട്ടില്ല. നഗരത്തിന്റെ ഈ ദൗർബല്യത്തെ മൊബൈൽ കമ്പനികൾ ശരിക്കും ചൂഷണം ചെയ്തു. അവർ പുതിയ പുതിയ ഓഫറുകളും വാഗ്ദാനങ്ങളുമായി ഉപഭോക്താക്കളെ പ്രലോഭനത്തിന്റെ ചുഴിയിൽ വീഴ്ത്തി.

ഒഴിവു ദിനങ്ങളിൽ ഒത്തു കൂടിയിരുന്ന സൗഹൃദ സംഭാഷണങ്ങൾ വെറും മൊബൈൽ മെസ്സേജിൽ ഒതുങ്ങി. ഇന്നലെ വരെ കളിച്ചു ചിരിച്ച് ഒരു കുടുംബം പോലെ കഴിഞ്ഞ ഹൃദയങ്ങൾ അന്യഥാ ബോധത്താൽ വിലപിക്കുമ്പോൾ അവന്റെ ലോകം വാട്സ് അപ്പിലും ഫെയ്സ് ബുക്കിലും അലയുകയായിരുന്നു . തമ്മിൽ കണ്ടാൽ അവർക്ക് സംസാരിക്കാനുള്ളതും വാട്സ് അപ്പിലോ ഫെയ്സ് ബുക്കിലോ വന്ന മെസ്സേജിനെ കുറിച്ചു മാത്രമായിരുന്നു .

നെഞ്ചു വിരിച്ച് ആരെയും കൂസാതെ നടന്നവരൊക്കെ മൂന്നിഞ്ച് മാത്രം വലുപ്പമുള്ള മൊബൈലിനു മുന്നില് സാഷ്ടാംഗം പ്രണമിച്ച് കൂനിക്കൂടിയിരുന്നു. ഫെയ്സ് ബൂക്കിലിട്ട പോസ്റ്റിനു ലൈക് കാണാഞ്ഞ് അവന്റെ ഹൃദയം നുറുങ്ങി. അത് അവനറിയാതെ തന്നെ ദ്വേഷ്യമായും വിദ്വേഷമായും പ്രതിഫലിച്ചു. താൻ ഒറ്റപ്പെടുകയാണെന്ന് അവൻ അറിഞ്ഞില്ല, പക്ഷെ സൗഹൃദങ്ങൾ അകന്നു കഴിഞ്ഞിരുന്നു.
മൊബൈലിന്റെ അടിമത്തം ട്രെയിൻ യാത്ര ഒരു ഞാണിൻമേൽ കളിപോലെയായി. മുതുകിൽ 5 കിലോ വരുന്ന ബാഗും മുന്നിൽ മൊബൈലിൽ കളിയും. ഈ കളി പലപ്പോഴും വണ്ടിയുടെ ഫുട് ബോർഡിൽ നിന്നാകും. മൊബൈലും ബാഗും കാലും ബാലൻസ് ചെയ്തുള്ള യാത്ര. വണ്ടിയുടെ ഒരു ചെറിയ ജെർകിംഗ് അല്ലെങ്കിൽ തിരക്കിൽ ഒരു ചെറിയ തള്ളൽ, അത് മാത്രം മതി ആൾ പുറത്തേക്ക് തെറിക്കാൻ. ദിനംപ്രതി കൂടിക്കൂടി വരുന്ന അപകടങ്ങളുടെ മുഖ്യ കാരണവും ഈ മൊബൈലുകൾ തന്നെ. മനസ്സ് മരവിച്ച മുംബൈയുടെ ജീവനാഡിയിലെ സഹചാരികൾ മൃത ശരീരത്തിനൊപ്പവും സെൽഫിയെടുത്ത് വാട്സ് അപ്പിലും ഫെയ്സ് ബുക്കിലും മരണം ആഘോഷിക്കുന്നു.
————————————————————————–
വാൽക്കഷണം: ഇന്നലെ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. എയർപോർട്ട് റോഡ്‌ സ്റ്റേഷനിൽ വച്ചാണെന്ന് തോന്നുന്നു ഒരു 20-22 വയസ്സ് പ്രായം വരുന്ന പെൺകുട്ടി 70 വയസ്സ് കഴിഞ്ഞ ഒരു വൃദ്ധനെ insult ചെയ്യുന്ന രീതിയിൽ സംസാരിക്കുന്നു. മുംബൈയിലെ പെൺകുട്ടികൾ പ്രതികരിക്കാൻ ആദ്യം ഉപയോഗിക്കുന്ന വാക്ക് “excuse me” എന്നാണ്. ഈ പെൺ കുട്ടിയും excuse me എന്ന് പറഞ്ഞു തന്നെയാണ്, വൃദ്ധന്റെ നേർക്ക്‌ തിരിഞ്ഞത്. തിരക്കിൽ വൃദ്ധന്റെ ദേഹം മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്ന ആ കുട്ടിയുടെ ദേഹത്തു തൊട്ടുവത്രെ. ആ പെൺകുട്ടി പറയുകയാണ്‌, എത്ര വയസ്സായാലും ആണുങ്ങൾ ചാൻസ് കിട്ടിയാൽ ഇതൊന്നും ഒഴിവാക്കില്ല. വൃദ്ധനും അത്ര മോശം അല്ലായിരുന്നു. അയാൾ തിരിച്ചടിച്ചു, കുട്ടീ, ആണുങ്ങൾ അറിയാതെ ഒന്ന് തൊടുമ്പോൾ അസഹ്യത അനുഭവപ്പെടുന്ന പോലെ തന്നെ ഞങ്ങൾ ആണുങ്ങൾക്കും നിങ്ങൾ ദേഹത്ത് തൊടുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്, പ്രതികരിക്കാത്തത് ഞങ്ങളുടെ സഹിഷ്ണുത ആയി കണ്ടാൽ മതി.

  • രാജൻ കിണറ്റിങ്കര

പുതുതലമുറയെ നേർ വഴിക്കു നയിക്കേണ്ടത് സ്ത്രീകളുടെ കടമ.
അതിരുകള്‍ ഇല്ലാത്ത മലയാണ്മ
ഒരു ബാച്ചിലർ യാത്ര

LEAVE A REPLY

Please enter your comment!
Please enter your name here