മുംബൈയിൽ ഇത്രയേറെ മലയാളികളെ ഒരുമിച്ചു കാണാൻ കഴിഞ്ഞ സന്തോഷം പങ്ക് വച്ചാണ് ചലച്ചിത്ര നടി ഷീല പ്രസംഗം തുടങ്ങിയത്.
മുംബൈയിൽ നടന്ന കേരള ക്രിസ്ത്യൻ കൗൺസിൽ (കെസിസി) 67-ാമത് വാർഷിക ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടിയും സംവിധായകയും നിർമ്മാതാവുമായ ഷീല.
സ്വന്തം കുടുംബത്തിലുള്ള ആരൊക്കെയോ ഇവിടെയുണ്ടെന്ന തോന്നലാണ് മുംബൈ മലയാളികളുടെ സ്നേഹം ഏറ്റു വാങ്ങുമ്പോൾ അനുഭവപ്പെട്ടതെന്നും ഷീല പറഞ്ഞു
സദസ്സിലിരുന്ന അച്ചന്മാരെ കണ്ടപ്പോൾ ആദ്യ കാല സിനിമാനുഭവമാണ് ഓർമ്മ വന്നതെന്ന് ഷീല പറഞ്ഞു. സിനിമ കാണുകയെന്നത് പാപമായി സമൂഹം കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. വീട്ടിൽ അച്ഛനും സിനിമയോട് തീരെ താല്പര്യമില്ലായിരുന്നു. സ്ത്രീകൾക്ക് സിനിമ കാണാൻ തന്നെ വിലക്കാണ്. അങ്ങിനെ ഒരു ദിവസം അച്ഛൻ വീട്ടിലില്ലാത്ത സമയം സിനിമക്ക് പോയ അനുഭവം പങ്ക് വയ്ക്കുകയായിരുന്നു ഷീല.

അമ്മയും സഹോദരിമാരും ഒരുമിച്ചാണ് പോയത്. തൊട്ടടുത്ത തീയേറ്ററിൽ പോയി അക്കാലത്ത് റീലീസായ കണ്ടം ബെച്ച കോട്ട് എന്ന സിനിമയാണ് കണ്ടത്. എന്നാൽ വീട്ടിൽ തിരിച്ചെത്തുമ്പോൾ കലി തുള്ളി നിൽക്കുന്ന അച്ഛനെയാണ് കണ്ടത്. അന്ന് കുറെ വഴക്കും അടിയും കിട്ടി. വലിയ പാപമാണ് ചെയ്തതെന്ന് പറഞ്ഞു ഞങ്ങളെയെല്ലാം കുമ്പസരിക്കാൻ പള്ളിയിലേക്കയച്ചു. അങ്ങിനെ സിനിമ കണ്ടതിന്റെ പേരിൽ പാപികളായ ഞങ്ങളെല്ലാം പള്ളിയിൽ പോയി കുമ്പസരിച്ചു. കുമ്പസരിക്കുമ്പോൾ പള്ളിയിലെ അച്ഛനും ആശ്ചര്യപ്പെട്ടു.
ഇത്ര വലിയ പാപം ചെയ്തതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് അച്ഛനും ആവശ്യപ്പെട്ടു.
സിനിമ കണ്ടതിന്റെ പേരിൽ കുമ്പസാരിച്ച ഷീലയെയാണ് ഇന്ന് സിനിമയിൽ ആറ് പതിറ്റാണ്ട് പൂത്തിയാക്കിയതിന് നിങ്ങൾ ആദരിക്കുന്നതെന്നും, കാലമെല്ലാം മാറി … ഇന്ന് അച്ചന്മാർ പോലും സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും നിറഞ്ഞ കൈയ്യടികൾക്കിടയിൽ ഷീല പറഞ്ഞു നിർത്തി.
ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭവനക്ക് ആജീവനാന്ത പുരസ്‌കാരം നൽകി ഷീലയെ ആദരിച്ചു. കാനോസ കോൺവെന്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ മുഖ്യാതിഥി ആയിരുന്നു.
കൗൺസിൽ ചെയർമാൻ പി.എം. എബ്രഹാം, പരിപാടി കൺവീനർ ഷിബു മാത്യു, സുവനീർ കൺവീനർ സൈമൺ വർക്കി, ജനറൽ സെക്രട്ടറി ജെമു തോമസ് എന്നിവർ പ്രസംഗിച്ചു. For more photos of the event, click here