ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ വസതിയിൽ നിന്ന് ശേഖരിച്ച 19 വിരലടയാളങ്ങൾ അറസ്റ്റിലായ പ്രതി ഷരീഫുൾ ഇസ്ലാമിൻ്റെ വിരലടയാളവുമായി പൊരുത്തപ്പെടുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നേരത്തെ ആശുപത്രി രേഖകളും പോലീസ് മൊഴികളും തമ്മിൽ വൈരുദ്ധ്യമുണ്ടായതും വലിയ വിവാദമായിരുന്നു. ഇതോടെ കേസിലെ അടിമുടി ദുരൂഹത പോലീസിനെ വെട്ടിലാക്കിയിരിക്കയാണ്.
നടന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ മുംബൈ പോലീസ് സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ (സിഐഡി) വിരലടയാള ബ്യൂറോയിലേക്ക് അയച്ചിരുന്നു. എന്നാൽ ഇതെല്ലം അറസ്റ്റിലായ പ്രതിയുടെ വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് സിസ്റ്റം ജനറേറ്റഡ് റിപ്പോർട്ട് കണ്ടെത്തി. പരിശോധനാ ഫലം നെഗറ്റീവാണെന്ന് മുംബൈ പോലീസിനെ അറിയിച്ചതായി സിഐഡി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ സാമ്പിളുകൾ തുടർ പരിശോധനയ്ക്കായി മുംബൈ പൊലീസ് അയച്ചിരിക്കയാണ്.
ജനുവരി 16 നായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം. നടന്റെ ബാന്ദ്രയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് ജീവനക്കാരി ശബ്ദമുണ്ടാക്കിയതോടെ പ്രതിരോധിച്ച നടനിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പലവട്ടം കുത്തി പരിക്കേൽപ്പിച്ചത്. ഇതിൽ നട്ടെല്ലിൽ അടക്കം രണ്ടെണ്ണം ഗുരുതരമായിരുന്നു. തുടർന്ന് ലീലാവതിയിൽ ആശുപത്രിയിൽ എത്തിച്ചാണ് അടിയന്തിര ചികിത്സ തേടിയത്. ആറാം ദിവസം ആശുപത്രി വിട്ടെങ്കിലും ഒഴിയാതെ വിവാദങ്ങൾ കൂടെയുണ്ടായിരുന്നു.
അനധികൃതമായി ഇന്ത്യയിൽ കടന്ന ബംഗ്ലാദേശ് പൗരനാണ് കുറ്റാരോപിതനായി അറസ്റിലായിരുന്നത്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് പോലീസ് രേഖകളിൽ പറയുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിലെ രൂപവുമായി തന്റെ മകന് സാദൃശ്യമില്ലെന്ന വാദവുമായി അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റെ പിതാവും രംഗത്തെത്തിയിരുന്നു. വ്യാജ ആരോപണം ചുമത്തിയാണ് തന്റെ മകനെ കേസിൽ കുടുക്കിയതെന്നാണ് പിതാവ് പരാതിപ്പെടുന്നത്.
നടൻ താമസിക്കുന്ന 12 നില കെട്ടിടത്തിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ പ്രതിയെ തിരിച്ചറിയാൻ സഹായിക്കാൻ മുംബൈ പോലീസ് റെയിൽവേ സഹായം തേടിയിരുന്നു. നുഴഞ്ഞുകയറ്റക്കാരൻ്റെ രൂപവുമായി പൊരുത്തപ്പെടുന്ന ചില പ്രതികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യാൻ റെയിൽവേ ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനം ഉപയോഗിച്ചതായും വിവരമുണ്ട്. നുഴഞ്ഞുകയറ്റക്കാരൻ കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാലായിരുന്നു ഈ നീക്കം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഷരീഫിനെ അറസ്റ്റ് ചെയ്തതെങ്കിലും ഇയാൾക്കെതിരെ കേസെടുക്കാൻ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.