കാലം വരച്ചിട്ട റെയിൽപാളത്തിൻ്റെ രണ്ടു വരിപ്പാതയിലൂടെ ട്രെയിൻ നിന്നും കിതച്ചും ഓടിക്കൊണ്ടിരുന്നു. മഞ്ഞുവീണ ഈറൻ കണ്ടൽ മരങ്ങളിൽ പകൽക്കിളികൾ ചിറകു കുടഞ്ഞു. താഴെ പുഴയോ കായലോ എന്നറിയാത്ത വെള്ളപ്പാടിൽ പൊട്ടു പോലെ ഒരു തോണി മെല്ലെ കരയടുക്കുന്നു. ഏതോ മീൻ പിടുത്തക്കാരുടെ തോണിയാണ് . പ്ലാറ്റ്ഫോം ഏത് സൈഡിൽ വരും എന്ന പതിവ് അറിയിപ്പുകൾ ട്രെയിനിൽ ഇടവിട്ട് കേൾക്കുന്നുണ്ട്, പക്ഷെ ശീലം കൊണ്ട് അറിവ് നേടിയ യാത്രക്കാർ അത്തരം അനൗൺസ്മെൻ്റുകൾ അവഗണിച്ച് മൊബൈലിൽ മുഖം പൂഴ്ത്തി ലക്ഷ്യ സ്ഥാനത്തിലെത്തും വരെ നഗര ജീവിതത്തിൻ്റെ യാന്ത്രികമായ അസ്വസ്ഥതകൾ മറക്കാൻ ശ്രമിക്കുന്നു.
പാളത്തിനരികിൽ തഴച്ചു വളരുന്ന ചീരയും ഉലുവച്ചെടികളും പറിച്ചെടുത്ത് കെട്ടുകളാക്കുന്ന കർഷകർ. നഗരം ഒരിഞ്ച് സ്ഥലവും വെറുതെ പാഴാക്കുന്നില്ല, അധ്വാനത്തിൻ്റെ വിയർപ്പു കണങ്ങളിൽ പൊക്കിയെടുത്ത മഹാനഗരത്തിൻ്റെ പ്രൗഢിക്ക് കാലത്തിൻ്റെ മങ്ങലേറ്റിട്ടില്ല. മുംബൈയുടെ വളർച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകം ഓരോ മൂന്ന് മിനിറ്റിലും എത്തുന്ന നിശ്ചലമാകാത്ത ലോക്കൽ ട്രെയിനുകൾ തന്നെ. മുംബൈയുടെ ഏത് കോണിലേക്കും എവിടെ നിന്നും ഒരു മണിക്കൂർ യാത്ര കൊണ്ട് എത്തിച്ചേരാമെന്നത് നഗരത്തിൻ്റെ വികസന വഴിയിലെ നിർണ്ണായക സ്വാധീനമാണ്. നടന്നാൽ 20 മിനിട്ട് കൊണ്ട് എത്തേണ്ട ദൂരത്തിന് അര മണിക്കൂർ ബസ് കാത്ത് നിൽക്കേണ്ട നിസ്സഹായതയാണ് ഇന്ത്യയിലെ പല സ്ഥലങ്ങളിലുമുള്ളത്.

അധ്വാനമോ പണമോ ഒന്നും വേണ്ട, നിശ്ചയദാർഢ്യവും മനസ്സും മാത്രം മതി
ഇവിടെ ഓടുന്ന ബെസ്റ്റ് ബസുകളുടെ മാതൃക കേരളത്തിലെ കെ.എസ്.ആർ.ടി.സി അവലംബിച്ചാൽ നഷ്ടങ്ങളില്ലാതെ സൗഹൃദ യാത്രയുടെ ഉത്തമ മാതൃകയായി മാറ്റാൻ പ്രയാസമുണ്ടാവില്ല. എസി ബസിൽ പോലും മിനിമം ചാർജ് 5 രൂപ മാത്രമാണ് ബെസ്റ്റ് ബസുകൾ ഈടാക്കുന്നത്. തിരക്കുള്ള ബസ് സ്റ്റോപ്പുകളിൽ ക്യൂ സിസ്റ്റം. ആദ്യം വന്നവർക്ക് ആദ്യം കയറാം. ഓട്ടോമാറ്റിക് ഡോറുകൾ. സ്ഥിരം യാത്രക്കാർക്ക് സ്മാർട്ട് കാർഡിലൂടെ ബസ് ചാർജ് നൽകാനുള്ള സൗകര്യം. ഡ്രൈവറുടെ പുറകിൽ സ്റ്റോപ്പുകൾ ഡിസ്പ്ലേ ചെയ്യുന്ന ഇൻഡികേറ്റർ , വൃദ്ധർക്കും വികലാംഗർക്കും പ്രത്യേക സീറ്റുകൾ. വൃത്തിയുള്ള അകവും പുറവും. കുണ്ടും കുഴിയുമില്ലാത്ത റോഡുകൾ, ഇതൊക്കെ നടപ്പിലാക്കാൻ വലിയ അധ്വാനമോ പണമോ ഒന്നും വേണ്ട, നിശ്ചയദാർഢ്യവും മനസ്സും മാത്രം മതി.

വിരൽ തുമ്പിലെ എഴുത്തിൻ്റെ നിർഘള ധാരയിൽ ട്രെയിൻ ദാദർ സ്റ്റേഷൻ പിന്നിട്ടു. മാമ്പൂ കാലം കഴിഞ്ഞ തേൻമാവിൻ ചുവട് പോലെ കംപാർട്ട്മെൻ്റിൽ അവിടേയും ഇവിടേയും ചില ആളുകൾ മാത്രം . വണ്ടി അതിൻ്റെ അവസാന ലക്ഷ്യത്തിലേക്ക് എത്താൻ ഏതാനും മിനിറ്റുകൾ മാത്രം .
പ്ലാറ്റ് ഫോമിലെ ടിസ്റ്റാളിന് ചുറ്റും 15 രൂപ കൊണ്ട് ഒരു ദിവസത്തെ വിശപ്പകറ്റുന്ന ചില യാത്രികർ. സവാളക്കും ഉരുളക്കിഴങ്ങിനും എത്ര വില കൂടിയാലും മുംബൈയുടെ ദേശീയ ഭക്ഷണമായ വടാപാവിന് മാത്രം കച്ചവടക്കാർ വില കൂട്ടാറില്ല. മുംബൈയുടെ അതിജീവനത്തിൻ്റെ കാപട്യമില്ലാത്ത മറ്റൊരു നേർക്കാഴ്ച.

തിരക്കൊഴിഞ്ഞ ട്രെയിനിൽ തല തൊട്ട് അനുഗ്രഹിച്ച് കൈ നീട്ടുന്ന വഴിയിൽ നിന്ന് എപ്പോഴോ കയറിയ രണ്ട് ട്രാൻസ്ജൻ്ററുകൾ . ചില്ലറയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ ഒരാൾക്ക് സാരിക്കുത്തിനുള്ളിൽ നിന്നും ക്യുആർ കോഡ് ഫലകം എടുത്ത് കാണിച്ചപ്പോൾ ചിരി പടരുന്ന മുഖങ്ങൾ ചുറ്റിലും .
മുംബൈ ഒഴുകുകയാണ്, വേദനയും വിങ്ങലും സങ്കിർണ്ണതകളും ചിരിയും കണ്ണീരും പടർത്തി അനിശ്ചിതത്വത്തിൻ്റെ നഗരയാത്രകൾ, അടുത്തത് എൻ്റെ സ്റ്റേഷനും, ആൾക്കൂട്ടത്തിൽ ഐഡൻ്റിറ്റി ഇല്ലാതെ അവരിലൊരാളായി അലിയാൻ ഞാനും പുറത്തിറങ്ങട്ടെ.
രാജൻ കിണറ്റിങ്കര
Mob. 7304970326