മുംബൈ മലയാളികൾ തിരുത്തൽ ശക്തിയാകണം – സുരേഷ് വർമ്മ

സമകാലിക വിഷയങ്ങളോട് പ്രതിബദ്ധതയോടെ പ്രതികരിക്കാറുള്ള സുരേഷ് വർമ്മ അറിയപ്പെടുന്ന എഴുത്തുകാരനും, പത്രപ്രവർത്തകനും നാടക പ്രവർത്തകനുമാണ് .

0

സ്വാമി അയ്യപ്പൻ വിഘടവാദിയല്ല. മത തീവ്രവാദിയല്ല. ക്ഷത്രിയരെയും ബ്രാഹ്മണരെയും മാത്രമേ അയോധന വിദ്യ പഠിപ്പിക്കൂ എന്ന് ശഠിച്ചിരുന്ന ഗുരുവിന്റെ മുന്നിൽ വെളുത്തച്ചൻ എന്ന റോമൻ പാതിരിയെ പൂണൂലണിയിച്ച് പ്രസന്റ് ചെയ്തയാളാണ്. വാവരെ കൂടപ്പിറപ്പായി ഒപ്പം കൂട്ടി നടന്നവനാണ്. സ്ത്രീ വിദ്വേഷിയല്ല. പോറ്റമ്മക്ക് വേണ്ടി പുലിപ്പാൽ തേടിപ്പോയവനാണ്. പ്രണയാഭ്യർഥന നടത്തിയ ചീരപ്പൻ ചിറ മൂപ്പന്റെ മകളെ മാളികപ്പുറമാക്കി ആദരപൂർവ്വം തൊട്ടരികിൽ ഇരിപ്പിടം നൽകിയവനാണ്. ജാതി മതങ്ങൾക്കതീതമായി ഭക്തകോടികൾക്കധിപനാണ്.

പ്രവാസലോകമടക്കം മലയാളി സമൂഹത്തിൽ ഇത്രയേറെ ധ്രുവീകരണം സൃഷ്ടിക്കപ്പെട്ട മറ്റൊരു കാലയളവുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്

പക്ഷേ, ഇന്ന് ലോകത്ത് മറ്റൊരു ദൈവത്തിനും അവകാശപ്പെടാൻ കഴിയാത്ത വിധം വിശ്വമാനവികതയുടെ നിദർശനമായി നിലകൊള്ളുന്ന മണികണ്ഠൻ മനസ്സറിയാതെ മലയാളിയുടെ ഉപദേശീയത ഛിന്നം ഭിന്നമാകാൻ കാരണഭൂതനാകുന്നു! എന്തൊരു ഐറണി !

പ്രവാസലോകമടക്കം മലയാളി സമൂഹത്തിൽ ഇത്രയേറെ ധ്രുവീകരണം സൃഷ്ടിക്കപ്പെട്ട മറ്റൊരു കാലയളവുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. വെറും 5 മാസം മുമ്പ് പ്രളയദുരന്തം കോർത്തിണക്കി ഒറ്റക്കെട്ടാക്കി മാറ്റിയ ഒരു ജനതതിയാണ് ഈ വിധം പരസ്പരവൈരികളായി പരിണമിക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം! നിരർഥകമായ ആ പകയും വിദ്വേഷവും സഹ്യശൃംഗങ്ങൾ ഭേദിച്ച് ഏഴു കടലും കടന്ന് മലയാളി ഉള്ളിടത്തെല്ലാം വ്യാപരിച്ചിരിക്കുന്നു! പ്രളയത്തെയും വെല്ലുന്ന രണ്ടാം ദുരന്തം.

അടുത്ത കാലത്തായി അയ്യപ്പനും അപ്പക്സ് കോടതിയും മുഖ്യമന്ത്രിയു മൊക്കെ തെരുവരുകിലെ ചെണ്ട പോലെയോ പിടിക്കപ്പെട്ട പോക്കറ്റടിക്കാരനെ പോലെയോ ആണ്. വിഷയമറിയാതെ വരുന്നവനും പോകുന്നവനുമൊക്കെ കൈ വെയ്ക്കാം. സാമൂഹ്യ മാധ്യമങ്ങൾ എല്ലാ സീമകളും ലംഘിക്കുന്നു ‘. എല്ലാം ഹിസ് മാസ്റ്റേഷ്സ് വോയ്സ്. അനുരഞ്ജനത്തിന്റെയോ സമരസപ്പെടലിന്റെയോ സ്വരം എവിടെയും മുഴങ്ങിയില്ല. ആ വിഷവൃക്ഷം വളർന്ന് വളർന്ന് അയ്യപ്പൻ ട്രാൻസ്ജൻഡറിന്റെ സന്തതിയാണെന്ന പ്രസ്താവനയിലും മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് അവഹേളിക്കുന്ന അവസ്ഥയിലും വരെ എത്തി. മുതിർന്ന സന്ന്യാസിമാരും ഗാന്ധിയന്മാരും സാംസ്കാരിക നായകന്മാരും പോലും ഏതെങ്കിലും ഒരു പക്ഷത്ത് തൂങ്ങി നിന്നു. ഒരു സമവായം ആർക്കും വേണ്ടാത്ത വിധം ഹർത്താലുകളുടെ നൈരന്തര്യവും ഹിംസയും കൊണ്ട് ഒരു നാട് കുരുതിക്കളമായി. ഏറ്റവുമൊടുവിൽ പ്രിയനന്ദനെ പോലെയുള്ള ഒരു വലിയ കലാകാരൻ ആക്രമിക്കപ്പെടുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ.

എന്തിനും ഏതിനും മാതൃകയായിരുന്ന കേരളത്തെ ഒരു സുഹൃത്ത് ജീർണതയുടെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചത് ഇപ്പോഴും കഫക്കെട്ട് പൊലെ ഉള്ളിൽ കെട്ടിക്കിടക്കുന്നു.

നന്ദനും സാന്ദീപുമാണ് ഇപ്പോൾ ഇങ്ങനെ ഒരു കുറിപ്പിന് പ്രേരണ ആയത്.

നന്ദൻ സുഹൃത്താണ്. ഇരുപത്തി ഏഴാം വയസ്സിൽ കേന്ദ്ര ഗവ. ഉദ്യോഗം വലിച്ചെറിഞ്ഞ് സ്വന്തം ബിസിനസ് സ്ഥാപനം കെട്ടി ഉയർത്തിയവൻ. കഠിനാധ്വാനി. ഞങ്ങൾ തമ്മിൽ നിരന്തര ബന്ധമുണ്ടെങ്കിലും അപൂർവ്വമായേ കാണാറുള്ളു.
കഴിഞ്ഞ ഓണക്കാലത്ത് അവൻ അന്ധേരിയിൽ ഒരു ഫ്ലാറ്റ് വാങ്ങി. വീടുമാറ്റത്തിന് ക്ഷണം ലഭിച്ചിരുന്നു. പോകാൻ കഴിഞ്ഞില്ല.

മറ്റൊരു ദിവസം എയർപോർട്ടിലേക്ക് പോകും വഴി അവനെ സന്ദർശിച്ചു. മൂന്നാം നിലയിൽ രണ്ടു ഫ്ലാറ്റുകൾക്ക് കോമൺ ആയി ഒരു ഗ്രില്ലിട്ട ഗേറ്റ്. അതിനുള്ളിൽ അവരുടെ വീട്ടുവാതിൽ രണ്ടും തുറന്നു കിടന്നിരുന്നു. നന്ദന്റെ അടുത്ത വീട്ടിൽ അയാളുടെ സുഹൃത്ത് മഹേഷും കുടുംബവും.

പത്തിനും പതിനേഴിനുമിടയിൽ പ്രായമുള്ള 5 കുട്ടികൾ (മൂന്ന് പെൺകുട്ടികളടക്കം) രണ്ടു ഫ്ലാറ്റുകളിലുമായി കളിച്ചു തിമിർക്കുന്നു. ഇതിൽ ഏതാണ് നന്ദുവിന്റെ കുട്ടികൾ? അപ്പോൾ കടന്നു വന്ന മഹേഷിന്റെ തോളിൽ കൈയിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് നന്ദൻ പറഞ്ഞു. ഇവരെല്ലാം ഞങ്ങളുടെ കുട്ടികൾ. സ്വന്തം ചോദ്യമോർത്ത് ജാള്യത തോന്നി. അന്ന് അവന്റെ സല്ക്കാരം സ്വീകരിക്കാനൊന്നും സമയം കിട്ടിയില്ല. പിന്നെ വരാമെന്ന് പറഞ്ഞു പിരിഞ്ഞു. ആ രണ്ടു കുടുംബങ്ങളുടെ മനോമേളനം മനസിൽ നിറഞ്ഞു നിന്നു.

ഇക്കഴിഞ്ഞ മാസം വീണ്ടും നന്ദുവിനെ സന്ദർശിക്കാനിടയായി. എത്തുമ്പോൾ പുറം വാതിലും ഉള്ളിലെ രണ്ടു ഫ്ലാറ്റിന്റെ വാതിലുകളും അടഞ്ഞു കിടക്കുന്നു. നന്ദുവും കുടുംബവും ഞങ്ങളെ സ്വീകരിച്ചു. അവന്റെ മകനും മകളും മൗനം ധരിച്ച് പ0നത്തിലാണ്.

അല്പം കഴിഞ്ഞപ്പോൾ മഹേഷിന്റെ കുടുംബം എന്നെ കണ്ടതായി പോലും നടിക്കാതെ റോബോട്ടുകളെ പോലെ പുറത്തേക്ക് നടന്നു.

 • ഞങ്ങളിപ്പോൾ നല്ല ടേംസിലല്ല
  നന്ദു പറഞ്ഞു.
 • അതെന്താ?
 • അവളാള് ശരിയല്ല!
  അവളെന്നാൽ മിസ്സിസ് മഹേഷ്. ഞാനൊന്ന് ഞെട്ടി. അവൻ വിശദീകരിച്ചു. കുട്ടികളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കാതെ അവൾ ഞാൻ വിശുദ്ധയല്ല എന്ന് പറഞ്ഞു നടക്കുന്നു.
  ഒന്നും മനസ്സിലായില്ല. അവൻ തുറന്നടിച്ചു. അവളിപ്പോൾ നാമജപക്കാരുടെ പിന്നാലെ നടക്കുന്നു!
  (മഹേഷിന്റെ ഭാര്യ മുംബൈയിൽ ജനിച്ചു വളർന്നതാണ്. കേരള വാർത്തകളൊന്നും അവൾ ശ്രദ്ധിക്കാറില്ല. അയ്യപ്പന്റെ നാമജപമുണ്ട്, ഒരു നിലവിളക്കുമായി വരണം എന്ന് ഒരു അടുത്ത കൂട്ടുകാരി ക്ഷണിച്ചപ്പോൾ അവൾ പങ്കെടുത്തതാണ് എന്ന് മഹേഷിന്റെ ഭാഷ്യം )
 • ഇത് നിന്നെ ബാധിക്കുന്ന പ്രശ്നമേയല്ലല്ലോ.
  നന്ദു തീർത്തു പറഞ്ഞു. അതെന്തായാലും ആ അധ്യായം അടഞ്ഞു കഴിഞ്ഞു.

രംഗം – 2 . ഇന്നലെ എന്റെ അകന്ന ബന്ധുവായ സാന്ദീപ് എന്നെ കാണാൻ ബാംഗ്ലൂരിൽ മകളുടെ വീട്ടിൽ വന്നു. നാലഞ്ചു മാസം മുമ്പ് അവൻ ഇതേ ഫ്ലാറ്റിൽ എന്നെ സന്ദർശിച്ചപ്പോൾ ഒപ്പം അനുജൻ അനീഷും ഉണ്ടായിരുന്നു. ഞാനാരാഞ്ഞു.

 • അനീഷ് എവിടെ?
 • ഓ… അവനിപ്പൊ ചേട്ടനേം അയ്യപ്പനേം ഒന്നും വേണ്ട. പിണറായി ആണ് അവന്റെ ചേട്ടനും അയ്യപ്പനുമൊക്കെ. പെണ്ണുങ്ങളെ മതില് ചാടിച്ച് സന്നിധാനത്തിലെത്തിക്കുന്ന ദുരാചാരക്കാരുടെ കൂടെയാണിപ്പോൾ അവൻ. ഇന്ന് അവനെന്റെ അനിയനല്ല.

ഒരേ ഉദരത്തിൽ പിറന്നവനെ കുറിച്ചാണ് ഈ ആക്രോശം !

ഇനി ഫ്ലാഷ് ബാക്കുകൾക്ക് പ്രസക്തിയില്ല. പടയോട്ടങ്ങൾക്ക് വിത്തുപാകിയതാരെന്നോ അത് വളർത്തി വലുതാക്കിയതാരെന്നോ ഉള്ള വിശകലനത്തിന് പ്രസക്തിയില്ല. പകരം സമവായത്തിന്റെ ശബ്ദമുയരണം. നടവരവിന്റെയും തീർഥാടകരുടെയും കാര്യത്തിൽ ഉണ്ടായ വലിയ കുറവ് ആത്യന്തികമായി സംസ്ഥാനത്തിന്റെ നഷ്ടം തന്നെ. എന്തായാലും കോടതിവിധിയെ മറികടക്കാൻ കുറുക്കു വഴികളില്ല. എന്നാൽ അഭിപ്രായ സമന്വയം ഉണ്ടായേ തീരൂ.

വിയോജിക്കാനുള്ള ഒരായിരം കാരണങ്ങൾ മറന്ന് യോജിക്കാനുള്ള മിനിമം കാരണങ്ങൾ കണ്ടെത്തണം. എന്തെന്നാൽ നമ്മൾ അമ്മ മലയാളത്തിന്റെ മക്കളാണ്.

എന്തെന്നാൽ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രബുദ്ധതയുടെ അടയാളങ്ങളെ എത്രയും വേഗം വീണ്ടെടുക്കണം (വിശേഷിച്ചും പ്രവാസി മലയാളി ലോകത്ത്‌. അന്യസംസ്ഥാനക്കാർ നമ്മളെ നോക്കിയാണല്ലോ പുച്ഛച്ചിരി പ്രസരിപ്പിക്കുന്നത് ) നമുക്ക് മുംബൈ മഹാനഗരി അടക്കം ലോകമെമ്പാടുമുള്ള മലായാളിയുടെ സാംസ്കാരിക സ്വത്വം വീണ്ടെടുക്കണം. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർഥം മുതൽ കരുത്തുറ്റ സംഘടനാ പ്രവർത്തനങ്ങളിലൂടെ സാംസ്കാരിക മുന്നേറ്റത്തിന് പന്തം തെളിയിച്ച മുംബൈ മലയാളികൾ തന്നെ ഈ അനിവാര്യ പ്രക്രിയയ്ക്ക് മുന്നണിയിൽ ഉണ്ടാകണം. സാഹോദര്യത്തിന്റെ കരുത്തും തിരിച്ചുപിടിക്കേണ്ടതുണ്ട്.

വിയോജിക്കാനുള്ള ഒരായിരം കാരണങ്ങൾ മറന്ന് യോജിക്കാനുള്ള മിനിമം കാരണങ്ങൾ കണ്ടെത്തണം. എന്തെന്നാൽ നമ്മൾ അമ്മ മലയാളത്തിന്റെ മക്കളാണ്. ഒരേ സംസ്കൃതിയുടെ പിൻമുറക്കാരാണ്. ഒരേ ദേശത്തിന്റെ മിത്തുകളെ നെഞ്ചേറ്റുന്നവരാണ്. അതെ, ആത്യന്തികമായി നമ്മൾ മലയാളികളാണ്.

രാഷ്ട്രീയ വിയോജിപ്പുകളും തർക്കങ്ങളും സംവാദതലത്തിൽ തുടർന്നു കൊണ്ടു തന്നെ അക്ഷരങ്ങളുടെയും സംഗീതത്തിന്റെയും നാടകത്തിന്റെയുമൊക്കെ സർഗ്ഗാത്മക പരിസരങ്ങളിൽ വിശ്വാസങ്ങൾക്കും കക്ഷി രാഷട്രീയങ്ങൾക്കും അതീതരായി നമുക്ക് കൈകോർക്കാം.

കേരള പുനർനിർമ്മാണത്തിന് മറുനാട്ടിൽ നിന്ന് പണം പിരിച്ച് മുഖ്യമന്ത്രിമൊടൊപ്പം സെൽഫിയെടുക്കുന്ന പാവം കോടീശ്വരന്മാരുടെ കുത്തൊഴുക്കും ഏതാണ്ട് പൂർണ്ണമായും നിലച്ചുകഴിഞ്ഞു.

പുതിയൊരു ഐക്യപ്പെടലിന്റെ സമയം സമാഗതമായിരിക്കുന്നു. പേക്കോലതെയ്യങ്ങളെ നോക്കി കാലം നേർത്ത പുഞ്ചിരിയോടെ നിശ്ചലനായി പദ്മാസനത്തിലിരിക്കുന്ന അയ്യപ്പനെ പോലെ നമ്മെ നോക്കി സഹതപിക്കുന്നുണ്ട്.

വരൂ… നമുക്ക് ഗുരുദർശനങ്ങളിൽ ചെന്ന് രാപ്പാർക്കാം…! നമുക്ക് മനുഷ്യരാകാം.. നമുക്ക് അയ്യപ്പനെ വിവാദങ്ങളിൽ നിന്ന് മോചിതനാക്കാം. നമുക്ക് ഉലകിന്നുയരാനുതകുന്ന ആ ഒറ്റ മതത്തിന്റെ – സ്നേഹത്തിന്റെ – മാത്രം പ്രവാചകരാകാം.

സർവ്വലോക മലയാളി ഐക്യം നീണാൾ വാഴട്ടെ!

LEAVE A REPLY

Please enter your comment!
Please enter your name here