മുംബൈയില്‍ അന്തരീക്ഷ താപനില 13 .4 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ഇന്നലെ രാത്രിയില്‍ തണുപ്പ് കൂടിയതോടെ ജനുവരിയിലെ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ട ദിവസമായി മാറി. പോയ വർഷത്തേക്കാൾ കുറവ് താപനിലയാണ് ഈ വർഷം അനുഭവപ്പെട്ടത്. കഴിഞ്ഞ ജനുവരിയിൽ സാധരണയായി അനുഭവപ്പെട്ട നഗരത്തിലെ താപനില 13.8 ഡിഗ്രി സെഷ്യസ് ആയിരുന്നു. എന്നാല്‍ സാധാരണ താപനിലയില്‍ നിന്ന് 3.5 ഡിഗ്രി കുറഞ്ഞതോടുകൂടി മുംബൈ തണുത്തു വിറക്കുകയാണ്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ താപനിലയില്‍ അൽപ്പം വ്യതിയാനം ഉണ്ടാകുമെന്നും വാരാന്ത്യത്തിൽ കൂടുവാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കു നിന്നുള്ള കാറ്റിന്റെ ഗതിയാണ് കാലാവസ്ഥയിലെ മാറ്റത്തിന് കാരണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 1962 ജനുവരിയിൽ രേഖപ്പെടുത്തിയിരിക്കുന്ന 7.4 ഡിഗ്രി സെഷ്യസ് ആണ്. കഴിഞ്ഞ ഒരാഴ്ച്ചയായി നഗരത്തിലെ താപ നില കൂടിയും കുറഞ്ഞുമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. പോയ വാരാന്ത്യത്തിൽ കൂടിയ താപനില 35 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയപ്പോൾ രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുത്തനെ താഴേക്ക് വരുകയായിരുന്നു. കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം ആരോഗ്യകരമായ പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നാണ് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചത്.