മഹാ നഗരത്തിലെ ഗ്രാമ രത്നം

കെ ബി സെയ്ത് മുഹമ്മദ് എന്ന മുംബൈ മലയാളികളുടെ പ്രിയപ്പെട്ട ഇക്കയുമായി ലേഖകൻ നടത്തിയ അഭിമുഖത്തിൽ നിന്നും

0

വലുതാകുമ്പോൾ ആരാകണമെന്ന ക്ലാസ് ടീച്ചറുടെ ചോദ്യത്തിന് കെ ബി സെയ്തു മുഹമ്മദ് എന്ന ആറാം ക്‌ളാസ്സുകാരൻ നൽകിയ ശങ്കയില്ലാത്ത മറുപടി ഗ്രാമസേവകൻ ആകണമെന്നായിരുന്നു. പക്ഷെ തൃശൂർ ഇടമുട്ടം സ്വദേശിയായ സെയ്തുവിനായി കാലം കാത്തു വച്ചത് ഗ്രാമരത്നം മാസികയുടെ ജീവനാഡിയായി ജീവിക്കാനായിരുന്നു. മഹാ നഗരത്തിൽ ഗ്രാമത്തിന്റെ ഉൾത്തുടിപ്പും പേറി വീണിടം വിഷ്ണുലോകമായി ജീവിച്ച സെയ്തു മുഹമ്മദ് എന്ന ഇക്കയെ നഗരത്തിന് പെട്ടെന്നു മറക്കാനാകില്ല. ആരോടും പരിഭവമില്ലാതെ നഗരത്തിലെ മലയാളികളുടെ പ്രിയപ്പെട്ട ഇക്കയായി ജീവിതം ജീവിച്ചു തീർക്കുകയായിരുന്നു ഈ അക്ഷരസ്നേഹി. മുംബൈ മലയാളികളുടെ സാംസ്‌കാരിക മണ്ഡലങ്ങളിൽ വിഹരിച്ചു പലരുടെയും സാഹിത്യവാസനകൾക്കൊരു ഇടത്താവളമായി, നഗരതുടിപ്പുകളുടെ ഭാഗമായി മാറുകയായിന്നു ഗ്രാമരത്നവും ഇക്കയും

വിശാലമായ നഗരമായിരുന്നു ഇക്കയുടെ ഓഫീസ്. രാവിലെ തോൾബാഗുമായി ഇറങ്ങിയാൽ രാത്രി ഏറെ വൈകിയാകും തിരിച്ചെത്തുക. ഇതിനിടയിലാണ് മാസികയുടെ ജോലികളെല്ലാം തീർക്കുക. റെയിൽവേ സ്റ്റേഷനിലും, പൊതു ഉദ്യാനങ്ങളിലും സ്വസ്ഥമായിരുന്നായിരിക്കും കുത്തിക്കുറിക്കുന്നതും ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതും. പ്രൂഫ് റീഡിങ് വരെ ഇത്തരം ഇടവേളകളിലും ട്രെയിൻ യാത്രകളിലുമായിരിക്കുമെന്നാണ് സെയ്ത് മുഹമ്മദ് പറഞ്ഞിരുന്നത്. ആരും സഹായിക്കാനില്ലാതെ അക്ഷരലോകത്തെ ഒറ്റയാൾ പട്ടാളമായി ഇക്ക മുംബൈ നഗരത്തിലൂടെ സഞ്ചരിച്ചു കൊണ്ടായിരുന്നു മാസിക തയ്യാറാക്കിയിരുന്നത്.

എവിടെയും ഏതു സമയത്തും കടന്നു ചെല്ലാവുന്ന ഒരു പാട് സൗഹൃദങ്ങൾ മാത്രമായിരുന്നു നഗരം നൽകിയ സമ്പാദ്യം.

അഭ്യുതയകാംക്ഷികളുടെ ഔദാര്യം മാത്രമായിരുന്നു മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം നൽകിയിരുന്നത്. നിരന്തരം സഹായിച്ചു കൊണ്ടിരുന്ന സുമനസുസകളെ കുറിച്ച് പ്രതിപാദിക്കുമ്പോൾ എവിടെയോ ഇക്കയുടെ തൊണ്ടയിടറി. ഇങ്ങിനെയൊരു ജീവിതമല്ല മനസ്സിൽ കൊണ്ട് നടന്നിരുന്നതെന്ന് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.

ഒൻപതാം ക്ലാസ് മുതലേ പത്ര പ്രവർത്തനത്തോട് ഇഷ്ടം തോന്നിയിരുന്ന സെയ്ത് മുഹമ്മദ് ഒരു കയ്യെഴുത്തു മാസികയിലൂടെയാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് വരുന്നത്. ജോലിക്കു വേണ്ടി ഇന്ത്യയിലെ പല നഗരങ്ങളും ചുറ്റി കറങ്ങി ഒടുവിലെത്തിയത് ദുബായിൽ. കുറച്ചു കാലം അവിടെ ജോലി ചെയ്‌തെങ്കിലും തിരികെ പോരുകയായിരുന്നു.

1971 ൽ എറണാംകുളത്തെ രണ്ടു പത്രങ്ങളിൽ ജോലി ചെയ്തു. സമദ പത്രത്തിലെയും പ്രിയംവദ പത്രജീവിതത്തിലെയും അനുഭവവും അറിവും പുതിയ സംരംഭത്തിന് വഴിയൊരുക്കുകയായിരുന്നു. ഇക്കയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അടിയന്തിരാവസ്ഥ കാലത്തെ പത്രപ്രവർത്തനം. അലാറം എന്ന പത്രത്തിലെ ജോലി കുറെ ജീവിതാനുഭവങ്ങൾ നൽകി. പിന്നീടാണ് സ്വന്തമായി ഗ്രാമരത്നം മാസികക്ക് തുടക്കമിടുന്നത്.

വായനാ ശീലം കുറഞ്ഞ പ്രവാസികൾക്കിടയിലേക്ക് ഇടിച്ചു കയറിയും, സ്വന്തം സൃഷ്ടികൾ മാത്രം വായിക്കാൻ താല്പര്യമുള്ള എഴുത്തുകാർക്കിടയിലെ ഒറ്റയാനായും ഇക്ക നഗരത്തിലൂടെ ഓടി നടന്നു

1987 ആഗസ്റ്റിൽ പാലക്കാടു ചിറ്റൂരിൽ നിന്നാണ് ഗ്രാമരത്നത്തിന് തുടക്കമിടുന്നത്. ഗ്രാമത്തിന്റെ വികസനത്തിനായി ശബ്ദമുയർത്താൻ വേണ്ടി ആരംഭിച്ച മാസിക ഇക്കയോടൊപ്പം സഞ്ചരിച്ചു. തൊണ്ണൂറുകളിൽ മുംബൈയിൽ എത്തിയതോടെ ഗ്രാമരത്നം നഗരത്തിന്റെ ശബ്ദമാകാൻ തുടങ്ങി.

മുംബൈ സാഹിത്യ ലോകത്തെ പലരുടെയും ആദ്യ കളരിയായിരുന്നു ഗ്രാമരത്നം . പുതിയ എഴുത്തുകാർക്ക് സാഹിത്യത്തിൽ ഹരിശ്രീ കുറിക്കാൻ അവസരമൊരുക്കിയ ഇക്ക നഗരത്തിലെ അക്ഷരലോകത്തും സ്വന്തമായി ഇടമുണ്ടാക്കി. വായനാ ശീലം കുറഞ്ഞ പ്രവാസികൾക്കിടയിലേക്ക് ഇടിച്ചു കയറിയും, സ്വന്തം സൃഷ്ടികൾ മാത്രം വായിക്കാൻ താല്പര്യമുള്ള എഴുത്തുകാർക്കിടയിലെ ഒറ്റയാനായും ഇക്ക നഗരത്തിലൂടെ ഓടി നടന്നു .. വിശ്രമമില്ലാതെ..

എവിടെയും ഏതു സമയത്തും കടന്നു ചെല്ലാവുന്ന ഒരു പാട് സൗഹൃദങ്ങൾ മാത്രമായിരുന്നു നഗരം നൽകിയ ഏക സമ്പാദ്യം. ആരോടും ആദരവോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്ന ഇക്കക്കു വലിയ സ്വപ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ജീവിതം തന്നെ അക്ഷരത്തിനു വേണ്ടി ഉഴിഞ്ഞു വെച്ച ഒറ്റയാൾ പത്രപ്രവർത്തനത്തിന്റെ വേറിട്ട മുഖം. ആധുനിക ലോകത്തിനു അപരിചിതമായ ഇക്ക ഇനി മുംബൈ മലയാളികൾക്കിടയിലേക്കു വരില്ല. എന്നേക്കുമായി യാത്രയായി .. കുറെ നല്ല ഓർമ്മകൾ ബാക്കിയാക്കി …

  • പ്രേംലാൽ

മഹാ നഗരത്തിലെ ഗ്രാമ രത്നം – Watch Amchi Mumbai this week.

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv

LEAVE A REPLY

Please enter your comment!
Please enter your name here