ഡിജിറ്റൽ കാലത്തെ എഴുത്തും വായനയും

മുംബൈ കേരള സഭയിൽ ഡിജിറ്റൽ കാലത്തെ എഴുത്തും വായനയും എന്ന വിഷയത്തിൽ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര അവതരിപ്പിച്ച സിമ്പോസിയത്തിൽ നിന്നും

0

ഡിജിറ്റൽ കാലത്ത് എഴുത്തുണ്ട്, വായനയുണ്ടോ എന്നതാണ് വലിയ ചോദ്യം. അതുകൊണ്ട് ആദ്യം എഴുത്തിനെ കുറിച്ച് തന്നെ പറയാം. ഒരാശയം മനസ്സിൽ കിടന്നു പിടച്ചാൽ പേനയും പേപ്പറും എടുത്ത് റെഫർ ചെയ്യേണ്ട പുസ്തകങ്ങളും ശബ്ദതാരാവലിയും അടുത്ത് വച്ച് എഴുതാനിരുന്ന ഒരുകാലത്ത് നിന്നും ഗൂഗിൾ കയ്യെഴുത്തിന്റെ മാസ്മര ലോകത്തേക്ക് എഴുത്തുകൾ പറിച്ചു നടപ്പെട്ടപ്പോൾ ആശയം മാത്രമല്ല വികലമായത്, ഭാഷയും കൂടിയാണ്. പേനയും പേപ്പറും കമ്പ്യൂട്ടറിനും അത് പിന്നീട് മൊബൈലിനും വഴിമാറിയത് സൃഷ്ടിച്ചത് സാഹിത്യ പ്രളയമായിരുന്നു. ആ പ്രളയത്തിൽ നല്ലതു പലതും കരയ്ക്കണയാതെ ഒലിച്ചു പോയി. ചവറുകൾ കരയ്ക്കണഞ്ഞു. കരപറ്റിയതിനെ എടുത്ത് വായനക്കാരൻ മാറോടണച്ചു, എന്നിട്ട് ആത്മസുഖം കണ്ടെത്തി ഇതാണ് സാഹിത്യം. ഡിജിറ്റൽ സാഹിത്യം രോഗികളാക്കിയിരിക്കുന്നത് അധികവും കവികളെയാണ്. റോഡിലെ ഓട്ടോറിക്ഷയെക്കാൾ കൂടുതൽ ചുറ്റിലും കവികളെക്കാണാം. കവികൾക്കും കവിതകൾക്കും ഡിജിറ്റൽ യുഗത്തിൽ പഞ്ഞമില്ലാതായിരിക്കുന്നു. കാറിന്റെ ബോണറ്റിൽ ചാരിയും ഓഫിസ് കെട്ടിടത്തിന്റെ ലിഫ്റ്റിലും സൈക്കിൾ വണ്ടിയിൽ പച്ചക്കറിവിൽക്കുന്നവന്റെ മുന്നിലും ഒക്കെ കവിതജനിക്കുന്നു. ആ രചനകൾ ഗ്രൂപ്പുകൾ താണ്ടിവാട്സ് ആപ്പിലും ഫെയ്‌സ്ബുക്കിലും പിന്നെസകലമാന നവമാധ്യമ സാധ്യതകളിലൂടെ എല്ലാം സഞ്ചരിച്ച് വൈകുന്നേരമാകുമ്പോഴേക്കും അന്ത്യശ്വാസം വലിക്കുന്നു. കവിക്ക് പോലും ഓർമ്മയില്ല ഒരു മണിക്കൂർ മുന്നേ താൻ എന്താണ്എഴുതിയതെന്ന് ?

ഡിജിറ്റൽ എഴുത്തുകൾ കാരണം വംശനാശം സംഭവിക്കുന്നത് പുസ്തകങ്ങൾക്കും പ്രസാധകർക്കും കൂടിയാണ്.

മുംബൈയെ സംബന്ധിച്ച് തമാശയായി പറയുന്ന ഒരു കാര്യമുണ്ട്: ഒരു സാംസ്കാരിക സംഘടന അവരുടെ സാഹിത്യ മത്സരത്തിലേക്ക് കവിതകൾ ക്ഷണിച്ചു, ഒരാഴ്ച കഴിഞ്ഞപ്പോൾ മുംബൈയിൽ എത്ര മലയാളികൾ ഉണ്ടെന്ന് സംഘാടകർക്ക് ഏകദേശം രൂപം കിട്ടിയത്രേ. അതിശയോക്തി കലർന്ന ഒരു തമാശയാണെങ്കിലും ഇതിൽ എഴുത്തിന്റെ ലോകത്തെ കുറിച്ചുള്ള ഒരുആകുലത പ്രകടമാണ്. ഡിജിറ്റൽ ലോകത്തെ എഴുത്തുകളിൽ നിന്ന് ശുദ്ധ മലയാളം പോലുംഅപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. നിസ്സാരമായ ആംഗലേയ പദങ്ങളുടെ പോലുംമലയാളം അറിയാതെ ഇംഗ്ലീഷ് പദങ്ങളെ അതെപടി രചനകളിൽ തിരുകി കയറ്റുമ്പോൾനഷ്ടപ്പെടുന്നത് ഭാഷയുടെ സൗന്ദര്യമാണ് .ലേഖനങ്ങളിൽ ഇത്തരം ആംഗലേയ പദങ്ങൾക്ക്ഒരു പരിധിവരെ അയിത്തം കൽപ്പിക്കാൻകഴിയില്ലെങ്കിലും കഥ കവിത നോവൽ എന്നീസാഹിത്യ ശാഖകളിൽ ഈ പ്രയോഗങ്ങൾവായനക്കാരന് അരോചകമായിഅനുഭവപ്പെടുന്നു. കഥയും നോവലും ഈതെറ്റിനെ ക്ഷമിച്ചാലും കവിതയിൽ ഇതൊട്ടുംഅഭികാമ്യമല്ല.

ഡിജിറ്റൽ എഴുത്തുകൾ കാരണം വംശനാശം സംഭവിക്കുന്നത് പുസ്തകങ്ങൾക്കും പ്രസാധകർക്കും കൂടിയാണ്. എഴുതിത്തുടങ്ങുന്ന ഒരെഴുത്തുകാരൻ തന്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ ഏതെങ്കിലും പ്രസാധകനെ സമീപിച്ചാൽ കിട്ടുന്ന മറുപടി, ഓ ..കഥയ്ക്കും കവിതയ്ക്കും ഒന്നും മാർക്കറ്റില്ല അതൊക്കെ ഇഷ്ടം പോലെ ഓൺലൈനിൽ ലഭ്യമാണ്, നോവൽ ഉണ്ടെങ്കിൽ കൊണ്ട് വരൂ, നമുക്ക് നോക്കാം എന്നാണ് . പ്രസാധകനു വേണ്ടത് മാർക്കറ്റാണ്, പുസ്തകത്തിന്റെ വിൽപ്പനയിലാണ് അവരുടെ കണ്ണ്. കവിതയും കഥയും എഴുതുന്നവന്റെ ഒരു പുസ്തകം മഷി പുരണ്ടു കാണണമെങ്കിൽ എഴുത്തിന്റെ തലം തന്നെ മാറ്റി നോവലിലേക്ക് മാറണം എന്ന് പറയുന്നത് വളരെവിചിത്രമായ അനുഭവമാണ്.

എന്ത് വായിക്കണം എന്നതിനേക്കാൾ ആരെ വായിക്കണം എന്നതാണ് ഡിജിറ്റൽ യുഗത്തിലെ വായന സങ്കല്പം

ഡിജിറ്റൽ യുഗത്തിൽ എഴുത്തുകാരനെ നശിപ്പിക്കുന്നത് ചങ്ങാതി കൂട്ടങ്ങളാണ് . തന്റെ സൃഷ്ടികൾ വാട്സ് ആപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്യുന്നതോടെ അവനു കിട്ടുന്ന ലൈക്കുകളിൽ ഉന്മത്തനായി താൻ എഴുത്തിന്റെ സർവ്വജ്ഞപീഠം കയറിയവനാണെന്ന് സ്വയംധരിച്ച് വശാവുന്നു. സാഹിത്യത്തിന്റെ പുറംചൊറിയൽ രോഗത്തിന് അടിമയായി പോകുന്ന എഴുത്തുകാരൻ സ്വയം നശിക്കുക മാത്രമല്ല മറ്റു എഴുത്തുകാരിലേക്കും ഈ രോഗം പടർത്തുന്നു. മരണത്തിനു പോലും ലൈക്കടിക്കുന്ന സോഷ്യൽ മീഡിയ ജീവികളുടെ പെരുവിരൽ സുഖത്തിൽ അഭിരമിക്കുമ്പോൾ നഷ്ടപ്പെടുന്നത് എഴുത്തുകാരന്റെ പ്രതിഭയും അവനിലുള്ള പ്രതീക്ഷയുമാണ്. ഡിജിറ്റൽ ലോകത്ത് കാതലായ നിരൂപണങ്ങളില്ല, അവിടെ വിമർശനങ്ങളെ ഉള്ളൂ. അതും മുഖം നോക്കിയുള്ള വിമർശനം, ഒരാളുടെ സൃഷ്ടിവായിക്കും മുന്നേ നോട്ടം പോകുന്നത് അയാളുടെ അല്ലെങ്കിൽ അവളുടെ പ്രൊഫൈൽ പിക്ച്ചറിലേക്കാണ്.

എനിക്ക് പരിചയമുള്ള ഒരു എഴുത്തുകാരനുണ്ട്. അദ്ദേഹത്തിന് വിരലിൽ ഒതുങ്ങാത്തത്ര ഗ്രൂപ്പുകളും ഉണ്ട്. കാലത്ത് പ്രാതലിനു മുന്നേ അദ്ദേഹം ഒരു ഗ്രൂപ്പിൽ ഒരു പോസ്റ്റിടും, പുനർവായനയൊന്നും ഇല്ല എഴുതി കഴിഞ്ഞാൽ. ആരോ അദ്ദേഹത്തിന്റെ എഴുത്തിനു വേണ്ടി ഉറക്കമിളച്ച് ഇരിക്കുന്ന പോലെയാണ് എഴുത്തുംപോസ്റ്റും. ആ ഗ്രൂപ്പിലെ ചില നല്ല വായനക്കാർ അതിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ അവ തിരുത്തി അയാൾ അടുത്ത ഗ്രൂപ്പിലിടും, അവിടെനിന്നു കേട്ട തിരുത്തലുമായി അടുത്ത ഗ്രൂപ്പിൽ. അങ്ങിനെ രണ്ടു ദിവസം അയാളുടെ ഒരേ രചന വെട്ടി തിരുത്തലുകളോടെ ഗ്രൂപുകളിൽനിന്ന് ഗ്രൂപ്പുകളിലേക്ക് കയറിയിറങ്ങികൊണ്ടിരിക്കുകയാണ്, ഒരൽപം ആത്മശാന്തിക്കായി. പക്ഷെ അവസാന ഗ്രൂപ്പും കഴിഞ്ഞ് രചന പുറത്ത് വരുമ്പോൾ അയാൾ ഉദ്ദേശിച്ചതോ എഴുതിയതോ ഒന്നും ആയിരിക്കില്ല, അത് മറ്റൊരു സൃഷ്ടിയായി മാറിയിരിക്കും.

എഴുത്തുകാരൻ താൻ എന്താണ് എഴുതിയത് എന്നതിൽ ഉറച്ചു നിൽക്കാൻ കഴിവുള്ളവനായിരിക്കണം. കണ്ടവർക്ക് കയറി മേയാനുള്ളതല്ല സ്വന്തം സൃഷ്ടികൾ എന്ന്രചയിതാവിനു ബോധ്യം വേണം. ഇനി ചില ദോഷൈക ദൃക്കുകൾ എന്തെങ്കിലും വികലമായ ചോദ്യങ്ങൾ ഉയർത്തിയാലും തന്റെ പക്ഷം ന്യായീകരിക്കാനുള്ള അറിവ് രചയിതാവിനുണ്ടായിരിക്കണം. ഈ ഡിജിറ്റൽ യുഗത്തിൽ എഴുത്തുകാരന് ഇല്ലാത്തതും ഈ ആത്മ വിശ്വാസം ആണ് . അതാണ് കഴിവുണ്ടായിട്ടും അവൻ സാഹിത്യ ലോകത്ത് മുരടിച്ചു തന്നെ നിൽക്കുന്നതിന്റെ ഒരു കാരണവും.

വീട്ടിൽ ഇംഗ്ലീഷും മലയാളവും ആയി നാലഞ്ചു പത്രങ്ങൾ വരുത്തുന്നവരും വായിക്കുന്നത് ഡിജിറ്റൽ മീഡിയയാണ്.

ഡിജിറ്റൽ എഴുത്തുകളെ എഴുത്തുകാരനും വായനക്കാരനും ഗൗരവമായി കാണുന്നില്ല എന്നതാണ് സത്യം. കാരണം ഒന്നര ദിവസത്തെആയുസ്സു മാത്രമേ എഴുത്തുകാരൻ അതിനുപ്രതീക്ഷിക്കുന്നുള്ളു. എഴുത്തുകാരനു പോലും പ്രതീക്ഷയില്ലാത്ത രചനയിൽ വായനക്കാരന്റെ പ്രതീക്ഷ എത്രത്തോളം കാണും എന്നത്ഊഹിക്കാവുന്നതല്ലേ ഉള്ളൂ. എഴുത്തിന്റെ മൂല്യംഡിജിറ്റൽ തലത്തിലല്ല , അത് അച്ചടി മഷിപുരളുമ്പോൾ മാത്രമാണ്. ഒരു പുസ്തകംവായിക്കുന്ന സുഖം ഒരു മൊബൈൽ സ്‌ക്രീനിലോകമ്പ്യൂട്ടർ സ്‌ക്രീനിലോ കിട്ടാൻ പോകുന്നില്ല. മഷിപുരളുന്ന സൃഷ്ടികൾക്ക് സാഹിത്യലോകത്ത് ഗൗരവപരമായ വായനയുണ്ട്, വിശകലനങ്ങൾ ഉണ്ട്, നിരൂപണങ്ങൾ ഉണ്ട്, അത് സ്വന്തം പേരു പോലും അക്ഷരത്തെറ്റില്ലാതെ എഴുതാൻ കഴിയാത്തവന്റെ പെരുവിരൽ അംഗീകാരമല്ല. വായനയുടെ പാലാഴിയിൽ മുങ്ങിപൊങ്ങിയവരുടെ അർത്ഥവത്തായ അടയാളപ്പെടുത്തലുകളാണ്. നെല്ലും പതിരും ചികഞ്ഞുള്ള കുറിപ്പുകളാണ്. അവയാണ് എഴുത്തുകാരനെ വളർത്തുന്നത്. ആ നിരൂപണങ്ങളിൽ ഒരിക്കലും എഴുത്തുകാരൻ തളരുന്നില്ല.

ഇനി വായനയുടെ ലോകത്തേക്ക് കടക്കാം. വായനയെക്കുറിച്ച് പറയുമ്പോൾ ഇല്ലാത്ത ഒന്നിനെ കുറിച്ച് പറയുന്ന ഒരു അസുഖകരമായ അനുഭവമാണ് തോന്നുന്നത്. കാരണം ഡിജിറ്റൽ ലോകത്തെ വായന വെറും ഒറ്റക്കാൽ വായനയാണ്. ആദ്യവും അവസാനവും വായിച്ചൊരു ഓട്ടപ്രദക്ഷിണം.

എന്ത് വായിക്കണം എന്നതിനേക്കാൾ ആരെ വായിക്കണം എന്നതാണ് ഡിജിറ്റൽ യുഗത്തിലെ വായന സങ്കല്പം. മുഖം നോക്കിയാണ് ഇകഴ്ത്തലും പുകഴ്ത്തലും. സൃഷ്ടി നോക്കിയല്ല. എന്റെ ചെവിയിൽ മന്ത്രിച്ചതും.

ദിനപത്രം പോലും തുറന്നു നോക്കാത്ത വായനക്കാരുടെ ലോകമാണ് ഡിജിറ്റൽ ലോകം. വീട്ടിൽ ഇംഗ്ലീഷും മലയാളവും ആയി നാലഞ്ചു പത്രങ്ങൾ വരുത്തുന്നവരും വായിക്കുന്നത് ഡിജിറ്റൽ മീഡിയയാണ്. അവിടെ അവന് തന്റെ വികാരശമനം നടത്താം, കമന്റുകളായി. പ്രിന്റ് മീഡിയയിൽ അവനു കിട്ടാത്തതും ഈ ആത്മസുഖം ആണല്ലോ.

നാട്ടിൻ പുറത്തെ ലൈബ്രറികളും വായനശാലകളും അന്യം നിന്ന് പോയത് വായനാ ലോകത്ത് വന്ന ദാരിദ്ര്യം മൂലമാണ്. നൂറും ഇരുനൂറും പേജുകളുള്ള പുസ്തകങ്ങൾ വായിക്കാൻ ആർക്കും താല്പര്യമില്ല സമയവുമില്ല. ബ്ലോഗുകളിൽ ഖണ്ഡശ്ശയായി അവന്റെ മുന്നിൽതുറന്നു വച്ച സൃഷ്ടികളാണ് അവനു പ്രിയം.

ഡിജിറ്റൽ എഴുത്തുകൾ തരുന്നത് അപൂർണ്ണമായ വായനാ അനുഭവമാണ് . അവിടം തിരുത്തലുകളുടെ ഒരു സാമ്രാജ്യമാണ്

ഡിജിറ്റൽ യുഗത്തെ എഴുത്തും അപക്വമായ വായനയും നമുക്ക് മുന്നിൽ എത്തിക്കുന്നത് ഒരേസൃഷ്ടിയുടെ പിതൃത്വം ഏറ്റെടുക്കാൻ നിൽക്കുന്ന നാലും അഞ്ചും പേരാണ് . എഴുത്തിന്റെ യഥാർത്ഥ ഉടമ ആരെന്നറിയാത്ത അവസ്ഥ. ആഅവസ്ഥയിൽ നിന്നാണ് കോപ്പിയടിയും ഒരു പകർച്ചവ്യാധിയായി സാഹിത്യലോകത്ത് പടർന്നു കൊണ്ടിരിക്കുന്നത്. അതിൽ എഴുത്തിന്റെ പുത്തൻ തലങ്ങളുമായി നിരന്തരം സംവദിച്ചു കൊണ്ടിരിക്കേണ്ടവർ പോലും പെട്ടുപോകുമ്പോൾ നമ്മുടെ വായനക്ക് വന്ന ദുര്യോഗം ഊഹിക്കാവുന്നതേ ഉള്ളൂ. ഒരാൾ അയാളുടെ മനസ്സ് പറിച്ച്‌ എഴുതിയ സൃഷ്ടി പല ഫോർവേഡുകൾ കഴിഞ്ഞ് എത്തുമ്പോൾ നാഥനില്ലാത്ത സൃഷ്ടിയായി മാറുന്നു. വഴിവക്കിൽ അലഞ്ഞു പശുവിനെ കഴുത്തിൽകയറിട്ടു സ്വന്തം തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നവരെപ്പോലെ നാഥനില്ലാത്ത അലയുന്ന ഈ സൃഷ്ടിയെയും ആരെങ്കിലും സ്വന്തമാക്കി നവമാധ്യമത്തിൽ വില്പനയ്ക്ക് വയ്ക്കുന്നു. അത് ക റങ്ങിത്തിരിഞ്ഞ് യഥാർത്ഥ സ്രഷ്ടാവിന്റെ കൈകളിൽ എത്തുമ്പോഴാണ് അയാൾ ശരിക്കും അനുഭവിക്കുന്നത്. ഇത് ആദ്യം എഴുതിയത്താനാണ് എന്നും അല്ലെങ്കിൽ ഇത് തന്റെരചനയാണ്‌ എന്നും സ്ഥാപിക്കാൻ അയാളുടെ കയ്യിൽ തെളിവുകൾ ഒന്നും ഇല്ല. കാരണം എഴുതിയ ഉടനെ കയറഴിച്ചു വിട്ട തെരുവ് നാൽക്കാലിയെപ്പോലെ അത് എവിടെയൊക്കെയോ കറങ്ങി നടക്കുകയാണ്.

ഡിജിറ്റൽ എഴുത്തുകൾ തരുന്നത് അപൂർണ്ണമായ വായനാ അനുഭവമാണ് . അവിടം തിരുത്തലുകളുടെ ഒരു സാമ്രാജ്യമാണ് . എഴുതാം മായ്ക്കാം തിരുത്താം വീണ്ടും എഴുതാം നിഷേധിക്കാം നിരസിക്കാം . അങ്ങിനെ വിശ്വാസ്യതയില്ലാത്ത ഒരു വായനാ അനുഭവം കാഴ്ചവയ്ക്കുന്ന ഡിജിറ്റൽ ലോകം . അവിടെയാണ് മഷി പുരണ്ട അച്ചടിയുടെ മഹത്വം കാണാൻ കഴിയുക . മനസ്സിൽ ആറ്റിക്കുറുക്കി എഴുതിയും വെട്ടിയും തിരുത്തിയും പല പുനർവായനയ്ക്കു ശേഷമാണ് ഒരു സൃഷ്ടി മഷിപുരളുന്നത്. ആ വായന പൂർണ്ണമാണ് , എഴുത്തുകാരന്റെ സർഗപ്രതിഭ അതിൽ നിഴലിച്ചുകാണാം. ഡിജിറ്റൽ എഴുത്തുകൾ തരുന്നത് ക്ഷണികമായ വായനാ സുഖം മാത്രമാണ്.

ഇങ്ങിനെയൊക്കെ ആണെങ്കിലും കാലുകൾനിലത്തുറപ്പിക്കാൻ സമയമില്ലാത്ത ഇന്നത്തെയാന്ത്രിക ജീവിതത്തിൽ ചിലർക്കെങ്കിലും ഡിജിറ്റൽ എഴുത്തും വായനയും ഒരു അനുഗ്രഹം തന്നെയെന്ന് പറയാതെ വയ്യ. എഴുതി തെളിയാൻ പറ്റുന്ന ഒരു മാധ്യമമാണ് ഡിജിറ്റൽ ലോകം, പ്രഗത്ഭരായ പല എഴുത്തുകാരും ഇന്ന് സോഷ്യൽ മീഡിയകളിൽ സജീവമായതിനാൽ അവരുടെ അഭിപ്രായങ്ങളും വിമർശനങ്ങളും വളർന്നുവരുന്ന എഴുത്തുകാർക്ക് ജീവവായുവാണ് . എന്നിരുന്നാലും ഡിജിറ്റൽ എഴുത്തുകളെ എത്രമാത്രം ഗൗരവത്തോടെ ഇക്കൂട്ടർ നോക്കിക്കാണുന്നു എന്നത് സന്ദേഹജനകമാണ് .

ഇത്രയൊക്കെയാണ് ഡിജിറ്റൽ ലോകത്തെഎഴുത്തും വായനയേയും കുറിച്ച് എന്റെ ചെറിയ അനുഭവങ്ങളിൽ നിന്ന് എനിക്ക് പറയുവാനുള്ളത്.

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here