എൺപതുകളിലാണ് മറുനാട്ടിലേക്ക് മലയാളികളുടെ കുടിയേറ്റം ഏറ്റവും കൂടുതൽ നടന്നിരുന്നത്.അന്ന് കേരളവും തമിഴ്‌നാടും ആന്ധ്രയും ചുറ്റി ഡൽഹി ബാംഗ്ലൂർ മുംബൈ തുടങ്ങിയ സ്റ്റേഷനുകളിൽ വണ്ടി വന്നു നിൽക്കുമ്പോൾ അതിൽ നിന്നും പുറം തള്ളിയിരുന്നത് ജീവിതം തേടി നഗരത്തിലെത്തിയ ഒരായിരം ചെറുപ്പക്കാരെ ആയിരുന്നു. അവർ നഗരത്തിന്റെ നാനാ ദിക്കിലേക്കും ചിന്നി ചിതറി. ചിലർ ബന്ധുക്കളുടെ കൂടാരങ്ങളിൽ ചേക്കേറി, ചിലർ സുഹൃത്തുക്കളുടെ ആലയങ്ങളിൽ അന്തിയുറങ്ങി. ആശ്രയമില്ലാത്ത ചിലർ ജോലി തേടി നഗര വീഥികളിൽ അലഞ്ഞു.റെയിൽ വേ സ്റ്റേഷനുകളിലും ഫുട്പാത്തിലും അന്തിയുറങ്ങി അവർ ജീവിതത്തിന്റെ ഭാഗ്യം തേടിയലഞ്ഞു. നഗരം പക്ഷെ, ആരെയും നിരാശരാക്കിയില്ല, ആരെയും ഉൾക്കൊള്ളാനുള്ള മനസ്സും അവർക്കൊക്കെ ഒരു ജീവിതം നൽകാനുള്ള കരുത്തും മഹാനഗരങ്ങൾക്കുണ്ടായിരുന്നു . അവരിൽ ഹിന്ദുവുണ്ടായിരുന്നു, മുസ്ലീമുണ്ടായിരുന്നു, ക്രിസ്ത്യാനിയുണ്ടായിരുന്നു പക്ഷെ ആത്യന്തികമായി അവരെല്ലാം മലയാളികളായിരുന്നു. ജാതിയും മതവും ഒന്നും അവന്റെ സൗഹൃദങ്ങളെ സ്പർശിച്ചില്ല. ഒരു കൂരയ്ക്ക് കീഴിൽ അവനവന്റെ വിശ്വാസങ്ങളെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതെ അവർ മനസ്സിലേറ്റി. ഓണവും പെരുന്നാളും ക്രിസ്തുമസും അവർ ഒന്നിച്ചാഘോഷിച്ചു.
സംസ്കാരവും ആഘോഷങ്ങളും ജീവിതചര്യകളുമാണ് ഒരാളെ മലയാളി ആക്കുന്നത്. മലയാളിയുടെ സംസ്കാരം ഇന്ന് പുനർജനിക്കുന്നത് മറുനാടുകളിലാണ്.
നാല് മലയാളികൾ കൂടുന്നിടത്ത് ഒരു മലയാളി സംഘടന ഉണ്ടാകും എന്ന പഴമൊഴി അന്വർത്ഥം ആക്കികൊണ്ട് മലയാളികൾ സംഘടനകളിലൂടെ അവരുടെ അംഗബലം സമൂഹത്തിനു കാണിച്ചുകൊടുക്കുവാനും അതിലൂടെ പ്രവാസലോകത്ത് അവന്റെ നിലനിൽപ്പിന്റെ അടയാളങ്ങൾ രേഖപ്പെടുത്തുവാനും ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ അത് പരസ്പരം കലഹിക്കപ്പെട്ട ഒരു ജനതയുടെ അധികാരമോഹങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയമായിരുന്നില്ല. മറിച്ച് മലയാളിയുടെ
സംസ്കാരവും സാമൂഹ്യ ജീവിതവും അന്യദേശകാരിൽ പകർന്നു നൽകാനുള്ള അവന്റെ ഉത്സുകതയുടെ ആവിഷ്കാരങ്ങളായിരുന്നു.
പണ്ട് ഗാന്ധിജി പറഞ്ഞു, ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ കുടി കൊള്ളുന്നു എന്ന്.ഇന്ന് നമുക്ക് അതിനെ തിരുത്തി വേറൊരു രൂപത്തിൽ പറയാം, മലയാളിയുടെ ആത്മാവ് മറുനാടുകളിൽ കുടികൊള്ളുന്നു എന്ന്.കേരളത്തിൽ മലയാളി അന്യം നിന്ന് പോവുകയാണ് ദിനം തോറും. ജന്മം കൊണ്ട് ആരും മലയാളി ആകുന്നില്ല, സംസ്കാരവും ആഘോഷങ്ങളും ജീവിതചര്യകളുമാണ് ഒരാളെ മലയാളി ആക്കുന്നത്. മലയാളിയുടെ സംസ്കാരം ഇന്ന് പുനർജനിക്കുന്നത് മറുനാടുകളിലാണ്.
ആഘോഷങ്ങൾ മാത്രമല്ല, സാംസ്കാരികമായും കലാപരമായും സാഹിത്യ പരമായും മറുനാടൻ മലയാളി കേരളത്തെക്കാൾ ഒരു പടി ഉയർന്നു നിൽക്കുന്നുണ്ട്. പക്ഷെ, അത് അംഗീകരിച്ചു തരാൻ കേരളത്തിലുള്ളവർ തയ്യാറാവില്ല എന്നത് മറ്റൊരു സത്യം. കേരളത്തിൽ വളർന്നു വരുന്ന പുത്തൻ തലമുറയെക്കാൾ നല്ല മലയാളം പറയുന്നവരാണ് മറുനാടൻ മലയാളികൾ. മലയാളം മിഷനും മലയാള ഭാഷാ പ്രചാരണ സംഘവും അതുപോലെയുള്ള മറ്റു സംഘടനകളും പുത്തൻ കുരുന്നുകളെ കേരളത്തിന്റെ സംസ്കാരവും ഭാഷയും പഠിപ്പിക്കുന്നത് ജീവിതവ്രതമായി എടുത്തതിന്റെ ഫലങ്ങൾ മറുനാടൻ മലയാളികളിൽ കാണാൻ കഴിയുന്നുണ്ട്.
രാഷ്ട്രീയമായും സാംസ്കാരികമായും ഉയർന്നു ചിന്തിച്ചിരുന്ന ഇന്ത്യൻ ജനത ഇപ്പോൾ മതപരമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു
ജാതിയും മതവും അടിസ്ഥാനമാക്കി ജീവിക്കാത്ത ഒരു വർഗ്ഗമായിരുന്നു പ്രവാസി. അധികാരത്തിന്റെ ദുർമേദസ്സുകൾ രാഷ്ട്രീയ സാംസ്കാരിക ലോകത്തെ വിഴുങ്ങാൻ തുടങ്ങിയപ്പോൾ അത് പ്രവാസി മലയാളിയുടെ മനസ്സുകളിലും ചലനങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഒരു പായയിൽ ഉണ്ടും ഉറങ്ങിയും ഇരുന്ന മലയാളി ഒരു സുപ്രഭാതത്തിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ആയി . തോളുരുമ്മി നടന്ന സൗഹൃദങ്ങൾക്കിടയിൽ ജാതിയുടെയും മതത്തിന്റെയും മതിലുകൾ തീർക്കപ്പെട്ടു.ഒരു പരിഷ്കൃത സമൂഹ നിർമാണത്തിനെ പിന്നോട്ടു വലിക്കുന്ന സംഭവങ്ങൾ ആണ് ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞു ഇന്ന് തകർത്താടുന്നത്.
എണ്പതുകളിലും തൊണ്ണൂറുകളിലും മലയാളി സമാജങ്ങൾക്കുണ്ടായിരുന്ന പ്രധാന്യം ഇന്നത്തെ പ്രവാസി സമൂഹത്തിൽ ജാതി മത സംഘടനകൾ കയ്യടക്കി കൊണ്ടിരിക്കുന്നു.ഏറ്റവും അധികം വൈകാരികമായി ആളുകളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് മതചിന്തകൾ. ഇന്ന് ഇന്ത്യയിൽ ഏറ്റവും വലിയ ഭീഷണി നേരിടുന്നതും മതനിരപേക്ഷതക്ക് തന്നെയാണ്. രാഷ്ട്രീയമായും
സാംസ്കാരികമായും ഉയർന്നു ചിന്തിച്ചിരുന്ന ഇന്ത്യൻ ജനത ഇപ്പോൾ മതപരമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ചിലർ ഭൂരിപക്ഷത്തിന്റെ വോട്ടിനു വേണ്ടി മത പ്രീണനം നടത്തുന്നു. ചിലർ ന്യൂനപക്ഷത്തെ കൂടെ നിർത്താൻ മതപ്രീണനം നടത്തുന്നു.ജാതികൾക്കും മതങ്ങൾക്കും മേധാവികൾ ഉണ്ടായി കൊണ്ടിരിക്കുന്നു.അവരുടെ തിട്ടൂരങ്ങൾ അനുസരിക്കേണ്ടി വരുന്ന പാവകൾ ആയി മാറിക്കൊണ്ടിരിക്കുകയാണ് പ്രവാസി സമൂഹം ഇന്ന്.ജയശ്രീയും ഗ്രേസിയും സാജിതമുഹമ്മദും ബിന്ദുവും കൈകോർത്ത് ഒരു മനസ്സായി നടന്നിടത്ത് ഇന്ന് കരയോഗങ്ങളും ശാഖകളും ജമാഅത്തുകളും അവരുടെ നിയന്ത്രണം ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു.ജാതി മത വകഭേദങ്ങൾ ഇല്ലാതെ മുൻകാലങ്ങളിൽ നടന്നിരുന്ന സമാജ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് മനസികഐക്യം പ്രധാനം ചെയ്തിരുന്നു.
ലോകത്ത് ഉണ്ടായിട്ടുള്ള കലാപങ്ങൾ മിക്കതും അവകാശങ്ങൾക്കു വേണ്ടിയുള്ളതായിരുന്നില്ല. അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന തോന്നലിൽ നിന്നുണ്ടായതാണ്. ആ തോന്നലാണ് മതത്തിന്റെ പേരിൽ ഭരണകൂടം ഇന്ന് പൗരന്മാരിൽ ഇൻജെക്ട് ചെയ്യുന്നത്. വേദന തോന്നാത്ത ഈ സിറിഞ്ചിൽ നിന്നും കുത്തികയറ്റുന്നത് കൊടിയ വിഷമാണ്. അത് സിരകളിൽ പടർന്നു കഴിഞ്ഞാൽ പിന്നെ ഒരു മറുമരുന്നിനും രക്ഷിക്കാൻ ആകാത്ത വണ്ണം മനുഷ്യൻ മതവിദ്വേഷത്തിനു കീഴടങ്ങി കഴിഞ്ഞിരിക്കും. ഇത്തരം പ്രചാരങ്ങൾക്കു സാമൂഹ്യ മാധ്യമങ്ങളെ ഇവർ കൂട്ട് പിടിക്കുന്നു. എത്രയും പെട്ടെന്ന് അസത്യങ്ങൾ പ്രചരിപ്പിക്കാൻ പറ്റിയ മാധ്യമങ്ങളാണല്ലോ വാട്സ് ആപ്പും ഫെയ്‌സ്ബുക്കും. അതിലൂടെ അവർ ജാതിയുടെയും മതത്തിന്റെയും വിഷം ചീറ്റികൊണ്ടിരുന്നു .
പക്ഷെ ഇന്നും അത്തരം വിഷമയമാക്കലുകൾ ഏൽക്കാതെ പ്രവാസി മലയാളികൾ എന്നും അവർ നെഞ്ചിലേറ്റിയ മതനിരപേക്ഷതയുടെ സാംസ്കാരിക ബോധം ഉയർത്തിപിടിച്ചിട്ടുണ്ട്. പ്രവാസി മലയാളിക്ക് ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള ഉച്ചനീചത്വങ്ങൾ ഇല്ല. ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങൾ എന്ന വിവേചനം ഇല്ല. തൊഴിലിടങ്ങളിൽ അവന്റെ മേൽ ചാർത്തിക്കെട്ടിയ ജാതിയുടെ മേലാപ്പല്ല അവന്റെ കഴിവുകളാണ് ഭാവി ഭാഗധേയം നിർണ്ണയിക്കുന്നത് . ആ ബോധംതന്നെയാണ് മലയാളിയെ പ്രവാസിലോകത്ത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നതും
ഹജ്ജിനു പോകാൻ സബ്സിഡിയുണ്ട്, അമ്പലത്തിൽ പോകാൻ സർക്കാർ ആനുകൂല്യം ഇല്ല. പ്രകോപനങ്ങളുടെ വഴിത്താരകളിൽ ഇത്തരം പല കുൽസിത മന്ത്രങ്ങളും നമുക്ക് കേൾക്കാം.
ഇന്ത്യയെ മതേതര രാഷ്ട്രം എന്ന് വിളിക്കാൻ കാരണം, ഇതര മതങ്ങളോട് കാണിക്കുന്ന സഹിഷ്ണുതയും സാഹോദര്യ ഭാവവും ആണ്. ഇന്ത്യ എന്നത് ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമാണ് എന്നതിൽ ആർക്കും സംശയമില്ല. അപ്പോൾ ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങളോടും ക്രിസ്ത്യാനികളോടും നമ്മൾ സഹിഷ്ണുത കാണിക്കുമ്പോഴാണ് ശരിയായ മതേതരത്വം പിറക്കുന്നത്. അവർ അവരുടെ ആചാരങ്ങളിൽ ജീവിക്കട്ടെ, നമുക്ക് നമ്മുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും ജീവിക്കാം, അല്ലാതെ എന്റെ വിശ്വാസങ്ങൾ ആണ് നീ പിന്തുടരേണ്ടത് എന്ന് ശഠിക്കുന്നത് വികസിത മാർഗത്തിൽ ചരിക്കുന്ന ഒരു രാഷ്ട്രത്തിനു ഭൂഷണമല്ല, അത് കാടത്തത്തിന്റെ ലക്ഷണമാണ്. ആ കാടത്തത്തെ യുക്തികൊണ്ട് മനസ്സിലാക്കുന്നതിലും ആ വിഷവിത്തിനെ മുളയിലേ നുള്ളുന്നതിലും പ്രവാസിമലയാളി ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് എന്നതിൽ നമുക്കഭിമാനിക്കാം.
കപട സദാചാരം വാളയാർ ചെക്ക് പോസ്റ്റിലോ അല്ലെങ്കിൽ ഇങ്ങു കാസർക്കോട് അതിർത്തിയിലോ ഉപേക്ഷിച്ചാണ് മലയാളി പ്രവാസ ലോകത്തേക്കുള്ള അവന്റെ അതിജീവനത്തിന്റെ യാത്ര തുടരുന്നത്.
ഈ അടുത്ത കാലത്ത് വാട്സ് ആപ്പിൽ കണ്ടൊരു സന്ദേശമാണ്, ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ആണത്രേ. അതിന്റെ മലയാള രൂപം ഇതാണ്. “മുസ്ലീങ്ങൾ ഹിന്ദുക്കളെ ബഹുമാനിക്കുന്ന അത്ര തന്നെ ഞാൻ മുസ്ലീമിനെയും ബഹുമാനിക്കും, അവർ ഭഗവാൻ ശ്രീരാമനെ ബഹുമാനിക്കുന്ന അത്രയും ഞാൻ അല്ലാഹുവിനെയും ബഹുമാനിക്കും, അവർ ഭഗവദ് ഗീതയെ ബഹുമാനിക്കുന്ന അത്ര ഞാൻ ഖുറാനെയും ബഹുമാനിക്കും,..” ഇങ്ങനെ പോകുന്നു ആ പോസ്റ്റ്. പോയി പോയി ബഹുമാനത്തിനും അളവുകോൽ വച്ചിരിക്കുന്നു അവർ. അച്ഛൻ എന്നെ. ബഹുമാനിച്ചാൽ ഞാൻ അച്ഛനെയും ബഹുമാനിക്കാം എന്ന് പറയുന്ന മക്കളെപ്പോലെ അല്ലെങ്കിൽ ടീച്ചർ, അവൻ എന്നെ പിച്ചിയതുകൊണ്ടാണ് ഞാൻ അവനെ പിച്ചിയത് എന്ന് പരാതി പറയുന്ന ഒരു സ്കൂൾ കുട്ടിയെപ്പോലെ ഒക്കെയേ എനിക്ക് ആ പോസ്റ്റ് വായിച്ചപ്പോൾ തോന്നിയുള്ളൂ. ഒരു പക്ഷെ മതനിരപേക്ഷത മനസ്സിൽ പേറുന്ന ഒരു ശരാശരി പ്രവാസിമലയാളി ആയതുകൊണ്ടാവും എനിക്കങ്ങനെ തോന്നുവാൻ കാരണം.
പ്രവാസലോകത്ത് മലയാളികൾ നിരന്തരം നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് . അടുത്തിരിക്കുന്നവന്റെ ചോറ്റുപാത്രത്തിലെ ഭക്ഷണം അവനെ അലസോരപ്പെടുത്തുന്നില്ല, അവൻ വായിക്കുന്ന പുസ്തകം അവനിൽ മതഭ്രാന്തിളക്കുന്നില്ല. അവന്റെ പ്രാർത്ഥനകളിൽ അവൻ കൈ കടത്തുന്നില്ല. ഹിന്ദുവിന് മുസ്ലീമിനേയോ ക്രിസ്ത്യാനിയെയോ അല്ലെങ്കിൽ തിരിച്ചോ വിവാഹം കഴിക്കുന്നതിൽ ആചാരങ്ങളെ മുറുകെപ്പിടിക്കുന്ന പ്രവാസി മലയാളികൾക്കിടയിൽ പോലും വൈമനസ്യം കാണുന്നില്ല. കപട സദാചാരം വാളയാർ ചെക്ക് പോസ്റ്റിലോ അല്ലെങ്കിൽ ഇങ്ങു കാസർക്കോട് അതിർത്തിയിലോ ഉപേക്ഷിച്ചാണ് മലയാളി പ്രവാസ ലോകത്തേക്കുള്ള അവന്റെ അതിജീവനത്തിന്റെ യാത്ര തുടരുന്നത്.
പ്രവാസലോകത്ത് മലയാളിയുടെ മതനിരപേക്ഷയുടെ പ്രത്യക്ഷ ഉദാഹരണമായിരുന്നു പ്രളയം വിഴുങ്ങിയ ജന്മനാടിനു കൈത്താങ്ങുമായി അവർ മുന്നിട്ടിറങ്ങിയത്. മഹാനഗരങ്ങളിലെ തെരുവീഥികളിലൂടെ kerala flood relief എന്ന ബോർഡ് വച്ച വാഹനങ്ങൾ അവശേഷിപ്പിച്ചത് മലയാളിയുടെ ഒത്തൊരുമയുടെ കൈയ്യൊപ്പുകളായിരുന്നു. അവരുടെ കൂട്ടായ പ്രവർത്തനങ്ങളിൽ വേർതിരിച്ചെടുക്കാൻ കഴിയാത്തതായി അവന്റെ രാഷ്ട്രീയവും മതവും. അവിടെ പ്രവാസി മലയാളി ഒന്നായിരുന്നു, മനസ്സുകൊണ്ടും ശരീരം കൊണ്ടും. പ്രവാസി മലയാളിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്, വ്യക്തമായ ആദർശങ്ങളുണ്ട് , ചിന്താ ധാരകളുണ്ട് പക്ഷെ അവന്റെ സാമീപ്യം തീർക്കുന്ന ഇടങ്ങളിൽ അവൻ മലയാളി മാത്രമാണ്. മതമില്ലാത്ത ജാതി തീണ്ടാത്ത രാഷ്ട്രീയം പറയാത്ത മലയാളി. ആ മലയാളിയാണ് പ്രവാസലോകത്ത് കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതും.