മുംബൈയിൽ ജനിച്ചു വളരുന്ന കുട്ടികൾക്ക് മലയാളം പഠിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ഭാഷയും സംസ്കാരവും നില നിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ് പറഞ്ഞു. കുട്ടികൾക്ക് കേരളവുമായി ബന്ധം ഊട്ടിയുറപ്പിക്കാൻ ഭാഷ പ്രധാനപ്പെട്ടതാണെന്നും ഉമ്മൻ ഡേവിഡ് വ്യക്തമാക്കി.
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ രക്ഷിതാക്കൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ഡോ ഡേവിഡ് ചൂണ്ടിക്കാട്ടി. വീടാണ് ആദ്യ വിദ്യാലയമെന്നും മാതാപിതാക്കളാണ് ആദ്യ ഗുരുക്കളെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളിൽ വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയിൽ ആശങ്ക പങ്ക് വച്ച ഡോ ഉമ്മൻ ഡേവിഡ്, അവരിൽ സഹനശക്തി വളർത്തിയെടുക്കാൻ ചെറുപ്പം മുതൽ ശീലിപ്പിക്കണമെന്നും കുട്ടികൾക്ക് മാതാപിതാക്കൾ മാതൃകയായിരിക്കണമെന്നും സൂചിപ്പിച്ചു.
ലോക് കല്യാൺ മലയാളി അസോസിയേഷന്റെ പത്തൊമ്പതാമത് വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഹോളി ഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് സ്ഥാപക ഡയറക്ടർ.
ചടങ്ങിൽ സാഹിത്യകാരനും ജൈവ കൃഷി വക്താവും വ്യവസായിയുമായ ടി ജി വിജയകുമാറിനെ അക്ഷരശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.
ആദ്യ കാല മുംബൈ ജീവിതാനുഭവങ്ങൾ പങ്ക് വച്ച വിജയകുമാർ മാറിയ കാലത്തെ മലയാളി സമാജങ്ങളുടെ മികച്ച പ്രവർത്തനങ്ങളെ ശ്ലാഘിക്കാനും മറന്നില്ല.

അസോസിയേഷൻ പ്രസിഡന്റ് പി വിജയകുമാർ, സെക്രട്ടറി മുരളീധരൻ കെ കെ , ട്രഷറർ എൻ മധുസൂദനൻ, രാജേഷ് പണിക്കർ, ജി പ്രകാശ് എന്നിവർ വേദി പങ്കിട്ടു.
വനിതാ വിഭാഗം അവതരിപ്പിച്ച മെഗാ കൈകൊട്ടിക്കളിയും, മണിച്ചിത്രത്താഴ് സിനിമയെ ആസ്പദമാക്കി നൃത്താദ്ധ്യാപിക ശ്രുതികല ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരവും ശ്രദ്ധേയമായി.
സാംസ്കാരിക സമ്മേളനത്തിന് ശേഷം ഗാനമേളയും നാടൻപാട്ടുകളും മിമിക്രിയും കോർത്തിണക്കിയ സാരഥിയുടെ സംഗീത ഹാസ്യ വിരുന്നും അരങ്ങേറി. പ്രസാദ് ഷൊർണൂർ ചടങ്ങുകൾ നിയന്ത്രിച്ചു.